by Midhun HP News | Feb 14, 2025 | Latest News, കേരളം
പെരുമാതുറ: പെരുമാതുറ വലിയ പള്ളിക്ക് സമീപം കശാലയ്ക്കകം വീട്ടിൽ അബ്ദുൽ റഷീദിന്റെ മകൻ റിയാസ്.എ.ആർ (55) നിര്യാതനായി. സി.ഐ.ടി.യു പെരുമാതുറ ഹാർബർ യൂണിയൻ മുൻ കൺവീനറാണ്.
മാതാവ്: റഫീക്ക
ഭാര്യ: സമീറ
മക്കൾ: ഹസനുൽ ബന്ന, ഹസനുൽ ഹുദൈബി
by Midhun HP News | Feb 14, 2025 | Latest News, കേരളം
നവോത്ഥാന കേരളം സൃഷ്ടിച്ച ചരിത്ര പുരുഷൻമാരുടെ ഓർമ്മകൾ പുതുതലമുറയുമായി പങ്കുവയ്ക്കാൻ എസ്.എഫ്.ഐ പ്രവർത്തകർ ഒത്തുകൂടി. എസ്എഫ്ഐ 35 മത്തെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്
എസ്എഫ്ഐ അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയാണ് സ്മൃതി പഥങ്ങളിലൂടെ പരിപാടി സംഘടിപ്പിച്ചത്.
നവോത്ഥാന കേരളത്തിലെ നായകന്മാരെയും അവരുടെ സംഭാവനകളെയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന പരിപാടിക്ക് മഹാകവി കുമാരനാശാന്റെ ജന്മസ്ഥലമായ കായിക്കരയിൽനിന്നും തുടക്കമായി.
കുമാരനാശാൻ്റെ ജന്മഭൂമിയിൽ ജാതി മര തൈ നട്ട് കൊണ്ട് നെടുംങ്ങണ്ട ശ്രീനാരായണ ബി എഡ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ഡോ പി. ഷീബ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി പ്രസിഡന്റ് മിഥുൻ എം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.പ്രവീൺ ചന്ദ്ര, മത്സ്യ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ആർ. ജെറാൾഡ്, ഗ്രാമപഞ്ചായത്ത് അംഗം സജി സുന്ദർ, അഭിഷേക്ബിജു, അഖിൽ, അഭിഷേക് എന്നിവർ സംസാരിച്ചു. കാശിക്സനൽ സ്വാഗതവും ആഷിക്ക് നന്ദിയും രേഖപ്പെടുത്തി.
by Midhun HP News | Feb 14, 2025 | Latest News, കേരളം
ഹൃദയത്തില്‍ അടച്ചു പൂട്ടി സൂക്ഷിച്ചിരുന്ന പല പ്രണയങ്ങളും പുറംലോകം കാണുന്ന ദിനമാണ് ഫെബ്രുവരി 14. പുറത്തേക്ക് ചാടി പുറപ്പെടുന്നതിന് മുന്‍പ് ഡ്രസിന്‍റെ നിറം ഒന്നു കൂടി കണ്ണാടിയില്‍ നോക്കി ഉറപ്പിക്കും. പ്രണയത്തിന്‍റെ ചുവന്ന ലൈറ്റ് കത്തിക്കാന്‍ റോസാപ്പൂക്കളും ചോക്ലേറ്റും റെഡി. ഹാപ്പി വാലന്‍റൈന്‍സ് ഡേ… പ്രായഭേദമില്ലാതെ പ്രണയം ആഘോഷിക്കുന്ന ദിനം.
ഫെബ്രുവരി ഏഴ് തുടങ്ങുന്ന റോസ് ഡേ മുതല്‍ കിസ് ഡേ വരെ നീണ്ടു കിടക്കുന്ന ഒരാഴ്ചത്തെ ആഘോഷങ്ങള്‍ക്ക് ശേഷമാണ് വാലന്‍റൈന്‍സ് ഡേ. ഓരോ വര്‍ഷവും വാലന്‍റൈന്‍ വീക്ക് വ്യത്യസ്തമാക്കിയും കളര്‍ഫുള്‍ ആക്കിയും കാമിതാക്കള്‍ ആ ദിനങ്ങള്‍ മധുരമുള്ളതാക്കുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വാലന്‍റൈന്‍സ് ഡേ ഈ കാണുന്ന പൊലിമയില്‍ ആഘോഷിക്കാന്‍ തുടങ്ങിയട്ട് ഒരുപാടൊന്നും ആയിട്ടില്ലെന്നാണ് ചരിത്രം പറയുന്നത്.
ചരിത്രം
വാലന്റൈന്‍സ് ഡേയുടെ ഉത്ഭവത്തെ കുറിച്ച് പല കഥകളുമുണ്ട്. അതില്‍ ഏറ്റവും പ്രചാരത്തിലുള്ളത് റോമന്‍ ആഘോഷമായ ലൂപര്‍കാലിയയുമായി ബന്ധപ്പെട്ടാണ്. വസന്തത്തിന്റെ വരവിനെ അടയാളപ്പെടുത്താന്‍ ഫെബ്രുവരിയുടെ മധ്യകാലത്താണ് ലൂപര്‍കാലിയ ആഘോഷിക്കുന്നത്. അവിവാഹിതരായ പുരുഷന്മാരും സ്ത്രീകളും ജോടിയായി എത്തുന്ന വിശേഷ ചടങ്ങും ഈ ആഘോഷവുമായി ബന്ധപ്പെട്ടു നടന്നിരുന്നു. പിന്നീട് അഞ്ചാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ഈ ആഘോഷം ക്രൈസ്തവ ആഘോഷമായി കാണാനാവില്ലെന്ന് ചൂണ്ടിക്കാട്ടി പോപ്പ് ഗെലാസിയസ് ഒന്നാമന്‍ ഫെബ്രുവരി 14 സെന്റ്-വാലന്റൈന്‍സ് ദിനം ആയി പ്രഖ്യാപിച്ചു. എന്നാല്‍ അതിനും ഏറെക്കാലത്തിന് ശേഷമാണ് അത് പ്രണയവുമായി ബന്ധപ്പെട്ട ദിനമായി മാറിയത്.
ആരാണ് സെന്‍റ് വാലന്‍റൈന്‍?
ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലൻന്റൈൻ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്. വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ല എന്നും ചക്രവർത്തിക്ക് തോന്നി. അതിനാൽ ചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലൻന്റൈൻ, പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു. ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തിൽ ആയി.
ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെൺകുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ വിധിച്ചു. തലവെട്ടാൻ കൊണ്ടുപോകുന്നതിനുമുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതി ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലൻന്റൈന്റെ ഓർമയ്ക്കായി ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം ആഘോഷിക്കാൻ തുടങ്ങിയതെന്നും പറയുന്നു. 14-ാം നൂറ്റാണ്ട് മുതലാണ് വാലന്‍റൈന്‍സ് ദിനം പ്രണയ ദിനമായി ആഘോഷിച്ചു തുടങ്ങിയത്.
പ്രണയത്തിന്‍റെ ചിഹ്നം
റോമന്‍ പുരാണങ്ങള്‍ പ്രകാരം പ്രണയത്തിന്റെയും സൗന്ദര്യത്തിന്റെ ദേവതയായ വീനസിന്റെ മകന്‍ ക്യുപിഡിനെ പ്രണയത്തിന്റെ മാലാഖയായി വിശ്വസിച്ചിരുന്നു. അവന്റെ അമ്പും വില്ലും ഹൃദയങ്ങളെ തുളച്ചുകയറുന്നതും പ്രണയം നിറയ്ക്കുന്നതിന്റെയും പ്രതീകമായി. കാലക്രമേണ ക്യുപിഡ് വാലന്റൈന്‍സ് ദിനത്തിന്റെ ഒരു ജനപ്രിയ ചിഹ്നമായി മാറി.
ചോസറിന്റെ കവിത
14ാം നൂറ്റാണ്ടില്‍ കവി ജെഫ്രി ചോസര്‍ എഴുതിയ “പാര്‍ലമെന്റ് ഓഫ് ഫോള്‍സ്” എന്ന കവിതയിലാണ് ആദ്യമായി പ്രണയിക്കുന്നവര്‍ക്കുവേണ്ടി ഒരു ദിനം, വാലന്റൈന്‍സ് ഡേ എന്ന ആശയം ഉത്ഭവിച്ചതെന്നാണ് കരുതപ്പെടുന്നത്. വസന്തകാലം തുടങ്ങിയപ്പോള്‍ തങ്ങളുടെ ഇണകളെ കണ്ടെത്താന്‍ സെയിന്റ് വാലന്റൈന്‍സ് ഡേയില്‍ ഒരു കൂട്ടം പക്ഷികള്‍ ഒത്തുചേര്‍ന്നതിനെക്കുറിച്ച് ചോസര്‍ കവിതയില്‍ പറയുന്നുണ്ട്.
by Midhun HP News | Feb 14, 2025 | Latest News, കേരളം
ആലപ്പുഴ: സഹപാഠിയായ 16കാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്ലസ് ടു വിദ്യാർഥി അറസ്റ്റിൽ. ആലപ്പുഴയിലാണ് സംഭവം. എഎൻ പുരം സ്വദേശി ശ്രീശങ്കർ (18) ആണ് പിടിയിലായത്. അസൈൻമെന്റ് എഴുതാൻ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് ശ്രീശങ്കർ 16കാരിയെ വീട്ടിലെത്തിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നു പൊലീസ് എത്തി കൗമാരക്കാരനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
എയർ ഗൺ ചൂണ്ടി സഹൃത്തിനെ ഭീഷണിപ്പെടുത്തിയതിനും മർദ്ദിച്ചതിനും ഇയാൾക്കെതിരെ മാസങ്ങൾക്ക് മുൻപ് കേസെടുത്തിരുന്നു. അന്ന് പ്രായപൂർത്തിയാകാത്തതിനെ തുടർന്നു താക്കീത് നൽകി വിട്ടയച്ചു.
by Midhun HP News | Feb 14, 2025 | Latest News, കേരളം
തൃശൂര്‍: യുവാവ് വലിച്ചെറിഞ്ഞ മാലിന്യം തിരികെ വീട്ടിലെത്തിച്ച്, പിഴയീടാക്കി കുന്നംകുളം നഗരസഭ. കുന്നംകുളം നഗരസഭയുടെ പട്ടാമ്പി മെയിന്‍ റോഡില്‍ മൃഗാശുപത്രിക്ക് സമീപം ഐടിഐ ഉദ്യോഗസ്ഥനായ യുവാവ് വലിച്ചെറിഞ്ഞ മാലിന്യമാണ് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ തിരിച്ച് വീട്ടിലെത്തിച്ച് നല്‍കി പിഴ ഈടാക്കിയത്.
ശുചീകരണ പ്രവര്‍ത്തനം നടത്തുന്നതിനിടെ കുന്നംകുളം നഗരസഭാ ശുചീകരണ വിഭാഗം ജീവനക്കാരനായ പ്രസാദിനാണ് റോഡരികില്‍നിന്ന് പ്രത്യേക പെട്ടിയിലാക്കി പാക്ക് ചെയ്ത നിലയില്‍ മാലിന്യം ലഭിച്ചത്. ആരോഗ്യ വിഭാഗത്തെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്‌ലി പി ജോണ്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം എസ് ഷീബ, പി പി വിഷ്ണു എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
ഭക്ഷണ ശീതളപാനീയ അവശിഷ്ടങ്ങളാണ് ഭംഗിയായി പൊതിഞ്ഞ് പാക്ക് ചെയ്ത് റോഡില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയത്. മാലിന്യത്തില്‍നിന്ന് ലഭിച്ച മേല്‍വിലാസം ഉള്‍പ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ മാലിന്യം നിക്ഷേപിച്ച വ്യക്തിയെ ഫോണില്‍ ബന്ധപ്പെട്ടു. കൊറിയര്‍ ഉണ്ടന്ന് പറഞ്ഞാണ് നഗരസഭ ആരോഗ്യ വിഭാഗം വ്യക്തിയെ ബന്ധപ്പെട്ടത്. ലൊക്കേഷന്‍ അയച്ചു തന്നതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തിയുടെ വീട് കണ്ടെത്തി. കൊറിയര്‍ ഉണ്ടെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ ചെറുമകനെ വിളിച്ചുവരുത്തി. അപ്പോഴാണ് ബാംഗ്ലൂര്‍ ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന കുന്നംകുളം കണിയാമ്പല്‍ സ്വദേശിയാണ് മാലിന്യം റോഡരികില്‍ തള്ളിയതെന്ന് കണ്ടെത്തിയത്.
ഉദ്യോഗസ്ഥര്‍ സ്‌നേഹപൂര്‍വം യുവാവ് റോഡില്‍ വലിച്ചെറിഞ്ഞ മാലിന്യ പാക്കറ്റ് തിരികെ ഏല്‍പ്പിച്ചു. നോട്ടീസ് നല്‍കിയതോടെ പലതരം ന്യായവാദങ്ങളും പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് 5000 രൂപ പിഴയും ഈടാക്കി. ഇതോടെയാണ് മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇത്തരത്തില്‍ പണികിട്ടുമെന്ന് യുവാവിന് മനസിലായത്.
നായയെ മൃഗാശുപത്രിയില്‍ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുവന്നപ്പോഴാണ് ആരുമറിയാതെ മാലിന്യ പാക്കറ്റ് റോഡില്‍ നിക്ഷേപിച്ചത്. ചെയ്ത പ്രവൃത്തിയില്‍ കുറ്റബോധം അനുഭവപ്പെട്ട യുവാവിന്റെ അഭ്യര്‍ഥന മാനിച്ച് നഗരസഭ യുവാവിന്റെ പേര് പുറത്ത് വിട്ടില്ല.
by Midhun HP News | Feb 13, 2025 | Latest News, കേരളം
കൊച്ചി: പാലാരിവട്ടം സംസ്‌കാര ജങ്ഷനില്‍ നടുറോഡില്‍ കത്തിയുമായി പരാക്രമം കാണിച്ച യുവാവും യുവതിയും അറസ്റ്റില്‍. പാലാരിവട്ടം സ്വദേശി പ്രവീണും കോഴിക്കോട് സ്വദേശി റെസ്‌ലിനുമാണ് പിടിയിലായത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് ഇവര്‍ കാത്തികാട്ടി നാട്ടുകാരെ ആക്രമിച്ചതും ഭീഷണിപ്പെടുത്തിയതും. ഇത് തടയാനെത്തിയ പൊലീസ് വാഹനം ഇരുവരും ചേര്‍ന്ന് അടിച്ചു തകര്‍ത്തു.
ഇരുവരും മദ്യലഹരിയിലായിരുന്നെന്ന് പാലാരിവട്ടം പൊലീസ് പറഞ്ഞു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതായും പൊലീസ് വാഹനത്തിന് കേടുപാടുകള്‍ വരുത്തിയതായും പൊലീസ് പറഞ്ഞു. രാത്രി പന്ത്രണ്ടരയോടെ സംസ്‌കാര ജങ്ഷന് സമീപത്തുവച്ച് പ്രവീണും റെസ്‌ലിനും ചേര്‍ന്ന് വഴിയാത്രക്കാരെ ആക്രമിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തകയും ചെയ്തതറിഞ്ഞാണ് സ്ഥലത്തെത്തിയത്. 23കാരിയായ റെസ്‌ലിനെ പിടികൂടുമ്പോള്‍ വനിതാ പൊലീസ് ഉണ്ടെങ്കിലേ കസ്റ്റഡിയിലെടുക്കാനാവൂ എന്ന് പറഞ്ഞ് തര്‍ക്കമായി. അതിനിടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ കൊണ്ട് യുവതി പൊലീസ് വാഹനത്തിന്റെ ചില്ല് അടിച്ചു തകര്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
യുവതിയുടെ ആക്രമണത്തില്‍ കാറിന് പതിനയ്യായിരം രൂപയുടെ നാശനഷ്ടമുണ്ടായതായും പൊലീസ് പറഞ്ഞു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തതെന്ന് പൊലീസ് പറഞ്ഞു.
Recent Comments