ശരീരത്തില്‍ കോമ്പസു കൊണ്ട് കുത്തി, പരിക്കുകളില്‍ ലോഷന്‍ പുരട്ടി; നഴ്‌സിങ് കോളജിലെ റാഗിങ്ങിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍

ശരീരത്തില്‍ കോമ്പസു കൊണ്ട് കുത്തി, പരിക്കുകളില്‍ ലോഷന്‍ പുരട്ടി; നഴ്‌സിങ് കോളജിലെ റാഗിങ്ങിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍

കോട്ടയം: കോട്ടയത്തെ സര്‍ക്കാര്‍ നഴ്‌സിങ് കോളജ് ഹോസ്റ്റലില്‍ നടന്ന ക്രൂര റാഗിങ്ങിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഹോസ്റ്റലില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ കട്ടിലില്‍ കെട്ടിയിട്ട് ശരീരത്തില്‍ കോമ്പസ് കൊണ്ടു കുത്തി മുറിവേല്‍പ്പിക്കുകയും, പരിക്കുകളില്‍ ലോഷന്‍ പുരട്ടുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. വണ്‍, ടൂ, ത്രീ, ഫോര്‍ എന്നുപറഞ്ഞ് ശരീരത്തില്‍ കോമ്പസു കൊണ്ട് കുത്തുമ്പോള്‍ വിദ്യാര്‍ത്ഥി വേദന കൊണ്ട് അലറിക്കരയുന്നതും ദൃശ്യങ്ങളിലുണ്ട്.

വിദ്യാര്‍ത്ഥി വേദന കൊണ്ട് കരയുമ്പോള്‍ സീനിയര്‍ വിദ്യാര്‍ത്ഥികളായ പ്രതികള്‍ പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. വിദ്യാര്‍ത്ഥി കരഞ്ഞു നിലവിളിക്കുമ്പോള്‍ വായിലും കണ്ണിലും ലോഷന്‍ ഒഴിക്കുന്നു. വിദ്യാര്‍ത്ഥി കരയുന്നതിനിടെ ‘ഞാന്‍ വട്ടം വരയ്ക്കാം’ എന്നുപറഞ്ഞ് പ്രതികളിലൊരാള്‍ ഡിവൈഡര്‍ കൊണ്ട് വിദ്യാര്‍ത്ഥിയുടെ വയറില്‍ കുത്തി മുറിവേല്‍പ്പിക്കുന്നതും വീഡിയോയില്‍ കാണാം.

ജൂനിയര്‍ വിദ്യാര്‍ത്ഥിയുടെ സ്വകാര്യഭാഗത്ത് വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബലുകള്‍ അടുക്കിവെച്ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വിദ്യാര്‍ത്ഥി വേദനകൊണ്ട് നിലവിളിക്കുമ്പോള്‍ പ്രതികള്‍ അട്ടഹസിക്കുന്നതും ‘സെക്സി ബോഡി’യെന്ന് പറഞ്ഞ് അവഹേളിക്കുന്നതും വീഡിയോയിലുണ്ട്. റാഗിങ്ങിനിടെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തു വന്നത്. മൂന്നുമാസത്തോളമാണ് ഇവര്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ഉപദ്രവിച്ചത്.

ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തതിന് കോട്ടയം നഴ്‌സിങ് കോളജിലെ അഞ്ചു വിദ്യാര്‍ത്ഥികളെയാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. സീനിയര്‍ വിദ്യാര്‍ത്ഥികളായ കോട്ടയം വാളകം സ്വദേശി സാമുവല്‍ ജോണ്‍സണ്‍ (20), മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ് (22), വയനാട് നടവയല്‍ സ്വദേശി ജീവ (18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജില്‍ ജിത്ത് (20), കോട്ടയം കോരുത്തോട് സ്വദേശി വിവേക് (21) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ അഞ്ചുപ്രതികളെയും റിമാന്‍ഡ് ചെയ്തിരുന്നു. പ്രതികളിലൊരാള്‍ ഇടതു സംഘടനയായ കെജിഎസ്എന്‍എയുടെ ഭാരവാഹിയാണ്. കേസില്‍ അറസ്റ്റിലായതിന് പിന്നാലെ പ്രതികളെ കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇവരെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കി. സംഭവം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതായി നഴ്സിങ് കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. സമഗ്ര അന്വേഷണം നടത്തി വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചേര്‍ത്തലയിലെ സജിയുടെ മരണം: തലയ്ക്ക് പിന്നില്‍ ക്ഷതം, തലയോട്ടിയില്‍ പൊട്ടല്‍; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

ചേര്‍ത്തലയിലെ സജിയുടെ മരണം: തലയ്ക്ക് പിന്നില്‍ ക്ഷതം, തലയോട്ടിയില്‍ പൊട്ടല്‍; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

ആലപ്പുഴ: ചേര്‍ത്തലയിലെ വീട്ടമ്മ സജിയുടെ മരണകാരണം തലയ്ക്ക് പിന്നിലേറ്റ ക്ഷതമെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തല്‍. സജിയുടെ തലയോട്ടിയില്‍ പൊട്ടലുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അമ്മയെ അച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മകള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തിയത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സജി വെന്റിലേറ്ററില്‍ ഒരു മാസത്തോളം ചികിത്സയിലായിരുന്നു. ഞായറാഴ്ചയാണ് യുവതി മരിച്ചത്. തുടര്‍ന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ സംസ്‌കരിക്കുകയായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചതിനാല്‍ നേരത്തെ പോസ്റ്റ് മോര്‍ട്ടം നടത്തിയിരുന്നില്ല.

മകള്‍ പരാതി നല്‍കിയതോടെ സജിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തുകയായിരുന്നു. മകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സജിയുടെ ഭര്‍ത്താവ് സോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നിലവില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നത്.

പോസ്റ്റ്മോർട്ടത്തിലെ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ ഭർത്താവ് സോണിക്കെതിരെ മറ്റ് കുറ്റങ്ങൾ ചുമത്തുന്ന കാര്യത്തിൽ പൊലീസ് ഉടന്‍ തീരുമാനമെടുക്കും. ചേർത്തല മുട്ടം സ്വദേശിയായ വി സി സജിയെ കഴിഞ്ഞ മാസം എട്ടിനാണ് തലയ്ക്ക് ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീടിനകത്ത് കോണിപ്പടിയിൽ കാൽ വഴുതി വീണ് പരിക്കേറ്റതാണെന്നായിരുന്നു ആശുപത്രിയിൽ പറഞ്ഞിരുന്നത്.

സംസ്ക്കാര ചടങ്ങുകൾക്ക് ശേഷമാണ് പത്തൊൻപതുകാരിയായ മകൾ അമ്മയെ അച്ഛൻ സോണി മർദ്ദിച്ചിരുന്ന കാര്യം ബന്ധുക്കളോട് പറഞ്ഞത്. തല ഭിത്തിയിൽ പിടിച്ചു ഇടിച്ച് ക്രൂരമായി മർദിച്ചുവെന്നാണ് മകൾ പരാതിയിൽ പറയുന്നത്. സോണിയുടെ സ്ത്രീസൗഹൃദങ്ങൾ ചോദ്യം ചെയ്തതിനായിരുന്നു ക്രൂരമർദ്ദനം. അച്ഛനു പലരുമായും ബന്ധമുണ്ടായിരുന്നു. അതിലൊക്കെയുള്ള ദേഷ്യമാണ് മദ്യപിച്ചു വന്ന് തന്നോടും അമ്മയോടും തീർത്തിരുന്നത്. അച്ഛൻ പലതവണ കത്തിയെടുത്ത് കുത്താൻ വന്നിട്ടുണ്ടെന്നും മകൾ വെളിപ്പെടുത്തിയിരുന്നു. വീണ്ടും കത്തിയുമായെത്തി അച്ഛൻ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് മകൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.

കോടഞ്ചേരി-കക്കാടംപൊയില്‍ ആദ്യറീച്ചിന്റെ ഉദ്ഘാടനം ശനിയാഴ്ച

കോടഞ്ചേരി-കക്കാടംപൊയില്‍ ആദ്യറീച്ചിന്റെ ഉദ്ഘാടനം ശനിയാഴ്ച

കോഴിക്കോട്: സംസ്ഥാനത്ത് മലയോര മേഖലയില്‍ താമസിക്കുന്നവരുടെ സഞ്ചാരം കൂടുതല്‍ സുഗമമാക്കാന്‍ ലക്ഷ്യമിട്ട് പണിയുന്ന മലയോര പാതയിലെ കോഴിക്കോട് ജില്ലയിലെ ആദ്യത്തെ പൂര്‍ത്തീകരിച്ച റീച്ച് ആയ കോടഞ്ചേരി-കക്കാടംപൊയില്‍ റോഡ് ശനിയാഴ്ച ഗതാഗതത്തിനായി തുറന്നുകൊടുക്കും. കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസ് ഗ്രൗണ്ടില്‍ 34.3 കിലോമീറ്റര്‍ ദൂരം വരുന്ന പാത മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

195 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ റോഡിന് 12 മീറ്റര്‍ വീതിയുണ്ട്. റോഡിന്റെ ഇരുവശത്തും ഡ്രെയിനേജ് സംവിധാനം, ഭൂഗര്‍ഭ കേബിളുകള്‍ക്കും പൈപ്പുകള്‍ക്കുമുള്ള സൗകര്യങ്ങള്‍, സോളാര്‍ ലൈറ്റുകള്‍, സിഗ്‌നല്‍ സംവിധാനം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഈ പാതയിലെ പ്രമുഖ സ്ട്രീറ്റുകളില്‍ ബസ് സ്റ്റോപ്പുകള്‍, കോണ്‍ക്രീറ്റ് നടപ്പാതകള്‍, ഗാര്‍ഡ് റെയിലുകള്‍ എന്നിവയുമുണ്ട്. കൂടരഞ്ഞിയിലെ കൂമ്പാറ, വീട്ടിപ്പാറ എന്നിവിടങ്ങളിലെ രണ്ട് പാലങ്ങളും റോഡിന്റെ ഭാഗമാണ്.

ശനിയാഴ്ച ഉച്ചക്കഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.’ഈ റോഡിന്റെ വികസനത്തിന്റെ അടുത്ത ഘട്ടം കക്കാടംപൊയില്‍ മുതല്‍ നിലമ്പൂര്‍ വരെയാണ്. കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കോടഞ്ചേരി-കക്കാടംപൊയില്‍ റോഡ് പുല്ലൂരാംപാറയില്‍ വെച്ച് തിരുവമ്പാടി-മരിപ്പുഴ റോഡില്‍ ചേരുന്നു. ഇത് നിര്‍ദ്ദിഷ്ട ആനക്കാംപൊയില്‍-കല്ലാടി-മേപ്പാടി തുരങ്ക പാതയിലേക്ക് നയിക്കുന്നു,’- കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് പറഞ്ഞു.

മലയോര ഹൈവേ അഥവാ സംസ്ഥാന പാത 59 കാസര്‍കോടിലെ നന്ദരപടവ് മുതല്‍ തിരുവനന്തപുരത്തെ പാറശ്ശാല വരെ നീളുന്നു. തിരുവമ്പാടി നിയോജകമണ്ഡലത്തിലെ മൂന്ന് റീച്ചുകളിലാണ് ഹൈവേയുടെ നിര്‍മ്മാണം നടക്കുന്നത്. അതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയതാണ് ഇപ്പോള്‍ തുറന്നുകൊടുക്കാന്‍ പോകുന്നത്. ജില്ലയിലെ മലയോര പ്രദേശങ്ങളിലെ കാര്‍ഷിക മേഖലയ്ക്ക് ഈ റോഡ് വലിയ ഉത്തേജനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

കക്കാടംപൊയില്‍, മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ നടക്കുന്ന എലന്തുകടവിലെ ഇരുവഞ്ഞിപ്പുഴ, തുഷാരഗിരി വെള്ളച്ചാട്ടങ്ങള്‍ എന്നിവയെ ബന്ധിപ്പിക്കുന്ന റോഡ് ടൂറിസത്തിനും ഗുണം ചെയ്യും. ഊരാളുങ്കല്‍ ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിര്‍മ്മിച്ച റീച്ചിനായി ഭൂമി വിട്ടുകൊടുത്തവര്‍ക്കായി സംരക്ഷണ ഭിത്തികള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

ആലപ്പുഴ ഒഴികെ 13 ജില്ലകളിലൂടെ കടന്നുപോകുന്ന മലയോര ഹൈവേ കേരളത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സംസ്ഥാന പാതയാണ്. 54 റീച്ചുകളിലെ പ്രവൃത്തികള്‍ക്ക് കിഫ്ബി സാമ്പത്തിക സഹായം നല്‍കുന്നു. ഹൈവേയുടെ 793.68 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിന് 3,593 കോടി രൂപ കിഫ്ബി അംഗീകരിച്ചിട്ടുണ്ട്.

506.73 കിലോമീറ്റര്‍ റോഡ് പ്രവൃത്തിക്ക് സാങ്കേതിക അനുമതി ലഭിച്ചെങ്കിലും 481.13 കിലോമീറ്ററിന്റെ പ്രവൃത്തി കരാര്‍ ആയിട്ടുണ്ട്. ഇതുവരെ, 1,288 കോടി രൂപ ചെലവില്‍ 166.08 കിലോമീറ്റര്‍ മലയോര ഹൈവേ പൂര്‍ത്തിയായി. 2025 ഡിസംബറോടെ ഏകദേശം 250 കിലോമീറ്റര്‍ പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ചോറ്റാനിക്കരയില്‍ യുവതി മരിച്ച സംഭവം; ആണ്‍ സുഹൃത്തിനെതിരെ നരഹത്യാക്കുറ്റം

ചോറ്റാനിക്കരയില്‍ യുവതി മരിച്ച സംഭവം; ആണ്‍ സുഹൃത്തിനെതിരെ നരഹത്യാക്കുറ്റം

കൊച്ചി: ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ ക്രൂരമായ പീഡനത്തിന് ഇരയായി യുവതി മരിച്ച സംഭവത്തില്‍ പ്രതി അനൂപിനെതിരെ കുറ്റകരമായ നരഹത്യ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈദ്യസഹായം നിഷേധിച്ചത് മരണത്തിലേക്ക് നയിച്ചെന്നും പൊലീസ് പറയുന്നു

കഴിഞ്ഞ ദിവസം പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യല്‍ ഉള്‍പ്പടെ പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രതിക്കെതിരെ കുറ്റകരമായ നരഹത്യ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്തത്. റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. നേരത്തെ പ്രതിക്കെതിരെ ബലാത്സംഗം, വധശ്രമം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിന്നത്. പ്രതി അനൂപ് യുവതിയെ ക്രൂരമായി മര്‍ദിച്ചിരുന്നെന്നും ലൈംഗിക പീഡനത്തിനിരയാക്കിയതായും പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.

ജനുവരി 26നു വൈകിട്ടാണു പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ വീടിനുള്ളില്‍ ഉറുമ്പരിച്ച നിലയില്‍ ബന്ധുക്കള്‍ കണ്ടെത്തിയത്. തലയിലും മുഖത്തും ഗുരുതരമായി ക്ഷതമേറ്റിരുന്നു. കഴുത്തില്‍ കയര്‍ മുറുകിയ പാടുണ്ടായിരുന്നു. കയ്യിലും മുറിവേറ്റിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍, പെണ്‍കുട്ടിയുടെ അടുപ്പക്കാരനായ അനൂപിനെ കണ്ടതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അനൂപിന്റെ സംശയരോഗം മൂലം ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ പതിവായിരുന്നു. ലൈംഗികമായി ഉപദ്രവിച്ചെന്നും ചുറ്റിക കൊണ്ടടക്കം ആക്രമിച്ചെന്നും പ്രതി പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു.

അതിക്രമം സഹിക്കാനാവാതെ പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. ഫാനില്‍ കെട്ടിത്തൂങ്ങിയ പെണ്‍കുട്ടി പിടയുന്നതു കണ്ടു പ്രതി ഷാള്‍ മുറിച്ചു താഴെയിട്ടു. പെണ്‍കുട്ടി ബഹളമുണ്ടാക്കിയപ്പോഴാണു പ്രതി ബലം പ്രയോഗിച്ചു വായ പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചത്. ഇതിനിടെ പെണ്‍കുട്ടി ബോധരഹിതയായപ്പോള്‍ മരിച്ചെന്നു കരുതി ഇയാള്‍ സ്ഥലം വിടുകയായിരുന്നു.

കടബാധ്യത തീര്‍ക്കാന്‍ എടിഎം കുത്തിത്തുറന്ന് കവര്‍ച്ചയ്ക്ക് ശ്രമം; പോളിടെക്‌നിക് ബിരുദധാരി പിടിയില്‍

കടബാധ്യത തീര്‍ക്കാന്‍ എടിഎം കുത്തിത്തുറന്ന് കവര്‍ച്ചയ്ക്ക് ശ്രമം; പോളിടെക്‌നിക് ബിരുദധാരി പിടിയില്‍

കോഴിക്കോട്: കോഴിക്കോട് പറമ്പില്‍ കടവില്‍ എടിഎം കുത്തി തുറന്നു കവര്‍ച്ച നടത്താനുള്ള ശ്രമത്തിനിടെ യുവാവ് പിടിയില്‍. മലപ്പുറം സ്വദേശി വിജേഷ് (38) ആണ് ചേവായൂര്‍ പൊലീസിന്റെ പിടിയിലായത്. പുലര്‍ച്ചെ 2.30ന് പൊലീസ് പട്രോളിങ്ങിനിടെയാണ് സംഭവം.

ഹിറ്റാച്ചിയുടെ എ ടി എം കുത്തിത്തുറക്കാനായിരുന്നു ശ്രമം. പട്രോളിങ് നടത്തുന്നതിനിടെ, എടിഎമ്മിന്റെ ഷട്ടര്‍ താഴ്ത്തിയ നിലയിലും, ഉള്ളില്‍ വെളിച്ചവും ആളനക്കവും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പൊലീസ് പരിശോധനയ്ക്ക് മുതിര്‍ന്നത്. എടിഎമ്മിന് പുറത്ത് ഗ്യാസ് കട്ടറും പൊലീസ് ശ്രദ്ധിച്ചിരുന്നു.

ഷട്ടര്‍ തുറക്കാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ അകത്തുള്ള യുവാവ് ഭീഷണിപ്പെടുത്തി. ഇതു വകവെക്കാതെ ഷട്ടര്‍ ബലമായി തുറന്ന പൊലീസ് മോഷ്ടാവിനെ ബലമായി കീഴ്‌പ്പെടുത്തി. പോളിടെക്‌നിക് ബിരുദധാരിയായ യുവാവ് സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് മോഷണത്തിനിറങ്ങിയതെന്നാണ് പൊലീസ് പറയുന്നത്.

മഞ്ചാടി ’25  ദ്വിദിന പഠന ക്യാമ്പ് സമാപിച്ചു

മഞ്ചാടി ’25 ദ്വിദിന പഠന ക്യാമ്പ് സമാപിച്ചു

തോന്നയ്ക്കൽ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ 2024-’25 അധ്യയന വർഷത്തെ ദ്വിദിനപഠനക്യാമ്പ് ഫെബ്രുവരി 8, 9 തീയതികളിൽ നടന്നു. ബിഗ് ബോസ് താരവും അധ്യാപകനുമായ മണികണ്ഠൻ തോന്നയ്ക്കൽ ഉദ്ഘാടനം ചെയ്ത പഠനക്യാമ്പിൽ പി.ടി.എ പ്രസിഡൻ്റ് ഇ.നസീർ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സുജിത്ത്. എസ് സ്വാഗതം പറഞ്ഞു.

പി.ടി.എ വൈസ് പ്രസിഡൻ്റ് തോന്നയ്ക്കൽ രാജേന്ദ്രൻ, എസ്.എം.സി ചെയർമാൻ സി.ജയകുമാർ, പി.ടി.എ അംഗങ്ങളായ എസ്.കെ സുജി, എസ്.എം.സി അംഗങ്ങളായ സാഗർഖാൻ. എസ്. എ , വിനയ്. എം. എസ്,സീനിയർ അസിസ്റ്റൻ്റുമാരായ ബിന്ദു. എൽ. എസ് , കല കരുണാകരൻ, സ്റ്റാഫ് സെക്രട്ടറിമാരായ ബീന.എസ്, സരിത ആർ.എസ്, എസ്.ആർ.ജി കൺവീനർമാരായ ഡോ.ദിവ്യ. എൽ, അശ്വതി എസ്.ആർ എന്നിവർ ആശംസകൾ നേർന്നു.

ക്യാമ്പ്കോർഡിനേറ്റർ മഹേഷ് കുമാർ. എം നന്ദി പറഞ്ഞു. വിവിധ വിദ്യാലയങ്ങളിലെ അറുപതോളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. ഡോ. അൽ മുനീറ. ജെ യുടെ മഞ്ഞുരുക്കലോടെ ആരംഭിച്ച ക്യാമ്പിൽ നാടകക്കളരി ക്ലാസുകൾ നയിച്ചത് സതീഷ്.ജി.നായർ ആണ്. തുടർന്ന് അനുശ്രീ വി.പി കുട്ടികൾക്ക് ഗ്ലാസ് പെയിൻ്റിംഗ് പരിചയപ്പെടുത്തി.

തുടർന്ന് കൃഷി അനുഭവങ്ങൾ നേരിട്ടറിയാൻ കുട്ടികൾ പിരപ്പമൺ കാട് പാടശേഖരത്തിലേക്ക് പഠനയാത്ര നടത്തി. അടുത്ത ദിവസം രാവിലെ കുട്ടികൾ തങ്ങളുടെ ക്യാമ്പ് അനുഭവങ്ങൾ പങ്കുവച്ച് ആരംഭിച്ച ക്യാമ്പിൽ ആദ്യം രമേശൻ. എസ് യോഗ ക്ലാസ് നൽകി. തുടർന്ന് നടന്ന ശാസ്ത്രകൗതുകം ക്ലാസിൽ കുട്ടികൾ വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്തു. തുടർന്ന് നിർമ്മിത ബുദ്ധി ക്ലാസുകൾ നീതു. എം കുട്ടികൾക്ക് നൽകി.

ഉച്ചക്ക് ശേഷം സൈജു. എസ് നാടൻപാട്ടിൻ്റെ നവ്യാനുഭവങ്ങൾ കുട്ടികൾക്ക് നൽകി ശേഷം നമ്മുടെ ദേശത്ത് അന്യം നിന്നുപോയ നാടൻ കളികൾ കുട്ടികൾ പരിചയപ്പെട്ടു ക്യാമ്പിൻ്റെ സമാപന സമ്മേളനം പി.ടി.എ പ്രസിഡൻ്റ് ഇ. നസീർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ സുജിത്. എസ് അദ്ധ്യക്ഷനായിരുന്നു. ചടങ്ങിൽ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പി.ടി.എ അംഗങ്ങൾ, എസ്.എം.സി ഭാരവാഹികൾ, സ്റ്റാഫ് സെക്രട്ടറിമാർ എസ്.ആർ.ജി കൺവീനർമാർ എന്നിവർ ക്യാമ്പിന് ആശംസകൾ നേർന്നു. ക്യാമ്പ് കോഡിനേറ്റർ ദേവി. എസ് നന്ദി പ്രകാശിപ്പിച്ചു.