by Midhun HP News | Feb 13, 2025 | Latest News, കേരളം
കൊച്ചി: ഇന്നലെ സഡന്‍ ബ്രേക്കിട്ട സ്വര്‍ണവില വീണ്ടും കുതിപ്പിന്റെ സൂചന നല്‍കി മുന്നേറി. ഇന്ന് 320 രൂപയാണ് വര്‍ധിച്ചത്. 63,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപ കൂടി 7980 രൂപയായി.
റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇന്നലെ 560 രൂപ കുറഞ്ഞതോടെയാണ് 64000ല്‍ താഴെ പോയത്. ഒരാഴ്ചയ്ക്കിടെ ഏകദേശം മൂവായിരത്തോളം രൂപ വര്‍ധിച്ച ശേഷമാണ് ഇന്നലെ ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്.
by Midhun HP News | Feb 13, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ പകല്‍ 11 മണിമുതല്‍ 3 മണി വരെ നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കേണ്ടതാണ്.
പരമാവധി ശുദ്ധജലം കുടിക്കുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയും വളരെ നല്ലതാണ്.
വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ളാസ്മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാഹാളുകളില്‍ കുടിവെള്ളം ഉറപ്പാക്കണം.ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം.
by Midhun HP News | Feb 12, 2025 | Latest News, കേരളം
നടി തൃഷയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. തൃഷ തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. തന്റെ അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും അതുവരെ അക്കൗണ്ടിൽ നിന്ന് വരുന്ന പോസ്റ്റുകൾ തന്റേതല്ലെന്നും നടി മുന്നറിയിപ്പ് നൽകി.
2017 ലും എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തതിനെത്തുടർന്ന് തൃഷ സോഷ്യൽ മീഡിയയിൽ നിന്ന് ചെറിയ ബ്രേക്ക് എടുത്തിരുന്നു. പിന്നീട് എക്സ് അക്കൗണ്ട് താല്ക്കാലികമായി നടി ഡീ ആക്ടിവേറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഏറെ നാളുകൾ കഴിഞ്ഞാണ് തൃഷ എക്സിൽ സജീവമായത്. അജിത്തിനൊപ്പമെത്തിയ വിടാമുയർച്ചിയാണ് തൃഷയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. വിടാമുയർച്ചി ഇപ്പോഴും തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മലയാളത്തിൽ ടൊവിനോയ്ക്കൊപ്പം ഐഡന്റിറ്റി എന്ന ചിത്രത്തിലും തൃഷ അഭിനയിച്ചിരുന്നു.
by Midhun HP News | Feb 12, 2025 | Latest News, കേരളം
തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വലിയ മല സ്വദേശി ആദിൽ മുഹമ്മദാണ് ഇന്ന് രാവിലെ മരിച്ചത്. കഴിഞ്ഞ നാലിന് രാത്രി നെടുമങ്ങാട് വലിയ മലയിൽ ആയിരുന്നു അപകടം. അമിത വേഗത്തിലെത്തിയ ബൈക്ക് ഓട്ടോയ്ക്ക് പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ആദിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബൈക്കിൻ്റെ പിൻസീറ്റിലായിരുന്നു അപകട സമയത്ത് ആദിൽ. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ മറിഞ്ഞ് നാല് യാത്രക്കാർക്കും പരുക്കേറ്റിരുന്നു.
by Midhun HP News | Feb 12, 2025 | Latest News, കേരളം
ദ്രാവിഡ മുന്നേറ്റ കഴകം നേതൃത്വത്തില്‍ കമലഹാസന്‍ രാജ്യസഭയിലെത്താനുള്ള സാധ്യത തെളിയുന്നു. ഇന്ന് രാവിലെ ഡി.എം.കെ. മന്ത്രി ശേഖര്‍ ബാബു കമലഹാസനെ കണ്ട് രാജ്യസഭാ സീറ്റ് നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിക്കഴിഞ്ഞു.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിര്‍ദേശപ്രകാരമാണീ നടപടി. ജൂലൈയില്‍ ഒഴിവ് വരുന്ന ആറു സീറ്റുകളില്‍ ഒന്ന് നല്‍കാനാണ് ഡി.എം.കെയുടെ തീരുമാനം. ആറെണ്ണത്തില്‍, കുറഞ്ഞത് നാല് സീറ്റിലെങ്കിലും അനായാസം വിജയിക്കാന്‍ ഡി.എം.കെക്ക് കഴിയും. അഞ്ച് രാജ്യസഭ സീറ്റ് വരെ സ്വന്തമാക്കാന്‍ കഴിയുമെന്നാണ് ഡി.എം.കെ കണക്ക് കൂട്ടല്‍.കമലഹാസന്‍ മത്സരിക്കാന്‍ തന്നെയാണ് സാധ്യത. ഇതിലൂടെ കമലഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മൈയത്തിനെ ഒപ്പം നിര്‍ത്താമെന്ന കണക്ക് കൂട്ടലിലാണ് ഡി.എം.കെ. വരുന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ താര പ്രചാരകനായി കമലഹാസനെ ഉയര്‍ത്തികാണിക്കാനും ആലോചനയുണ്ട്.
കേന്ദ്ര സര്‍ക്കാറിനോട് സന്ധിയില്ലാതെ പോരാടുന്ന കമലഹാസന്റെ സാന്നിധ്യം ഏറെ ഗുണം ചെയ്യുമെന്നാണ് സ്റ്റാലിന്റെ കണക്ക് കൂട്ടല്‍. മുന്‍പ് കോയമ്പത്തൂരില്‍ മത്സരിക്കാനുള്ള താല്‍പര്യം കമലഹാസന്‍ ഡി.എം.കെ നേതൃത്വത്തോട് പ്രകടിപ്പിച്ചിരുന്നു. ഇതിനിടെ, നേരത്തെ തന്നെ ഡി.എം.കെ. സീറ്റ് ഉറപ്പ് നല്‍കിയതാണെന്ന് മക്കള്‍ നീതി മൈയം വക്താക്കള്‍ പറയുന്നു.
by Midhun HP News | Feb 12, 2025 | Latest News, കേരളം
പാരീസ്: വിഡി സവര്‍ക്കറുടെ ഓര്‍മ്മകള്‍ നിലനില്‍ക്കുന്ന ഫ്രാന്‍സിലെ മാര്‍സേയില്‍ സ്വാതന്ത്ര്യസമര സേനാനിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫ്രഞ്ച് സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ദക്ഷിണ ഫ്രാന്‍സിലെ മാര്‍സേയില്‍ മോദി എത്തിയത്.
മാര്‍സേയിലില്‍ എത്തിയതിന് ശേഷം വിഡി സവര്‍ക്കറിനെയും ഇന്ത്യയുടെ സ്വാതന്ത്ര്യസമരവുമായുള്ള ഈ നഗരത്തിന്റെ ബന്ധത്തെയും അനുസ്മരിച്ച നരേന്ദ്ര മോദി, സവര്‍ക്കറുടെ ധൈര്യം തലമുറകളെ പ്രചോദിപ്പിക്കുമെന്ന് എക്‌സില്‍ കുറിച്ചു. ‘ഞാന്‍ മാര്‍സേയില്‍ എത്തി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍, ഈ നഗരത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. മഹാനായ വീര്‍ സവര്‍ക്കര്‍ ധീരമായി രക്ഷപ്പെടാന്‍ ശ്രമിച്ചത് ഇവിടെയാണ്. മാര്‍സേയിലെ ജനങ്ങള്‍ക്കും അദ്ദേഹത്തെ ബ്രിട്ടീഷ് കസ്റ്റഡിയിലേക്ക് അയയ്ക്കരുതെന്ന് ആവശ്യപ്പെട്ട അക്കാലത്തെ ഫ്രഞ്ച് പ്രവര്‍ത്തകര്‍ക്കും ഞാന്‍ നന്ദി പറയുന്നു. വീര്‍ സവര്‍ക്കറുടെ ധൈര്യം തലമുറകളെ പ്രചോദിപ്പിക്കും’- മോദിയുടെ വാക്കുകള്‍.
മാര്‍സേയില്‍ എത്തിയ പ്രധാനമന്ത്രിക്ക് ഇന്ത്യന്‍ പ്രവാസികളില്‍ നിന്ന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. മാര്‍സേയില്‍ പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാകുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു. ഒന്നാമത്തെയും രണ്ടാമത്തെയും ലോകമഹായുദ്ധങ്ങളില്‍ രക്തസാക്ഷിത്വം വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് മോദി ആദരാഞ്ജലിയും അര്‍പ്പിക്കും.
ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകാലത്ത്, 1910 ജൂലൈ 8നാണ് സവര്‍ക്കര്‍ തടവില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത്. വിചാരണയ്ക്കായി ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനിടെ, ബ്രിട്ടീഷ് കപ്പലായ മൊറിയയില്‍ നിന്ന് രക്ഷപ്പെട്ട് കരയിലേക്ക് നീന്തി കയറിയെങ്കിലും ഫ്രഞ്ച് അധികൃതര്‍ പിടികൂടി സവര്‍ക്കറെ ബ്രിട്ടീഷുകാര്‍ക്ക് കൈമാറുകയായിരുന്നു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ സെല്ലുലാര്‍ ജയിലില്‍ ജീവപര്യന്തം തടവിന് സവര്‍ക്കറെ ശിക്ഷിച്ചതോടെ ഇത് വലിയ നയതന്ത്ര വിവാദത്തിനും കാരണമായി. മോദിയുടെ ആറാമത്തെ ഫ്രഞ്ച് സന്ദര്‍ശനമാണിത്. ഫ്രാന്‍സില്‍ നിന്ന് മോദി യുഎസിലേക്ക് പോകും.
Recent Comments