by Midhun HP News | Feb 12, 2025 | Latest News, കേരളം
തൃശൂര്‍: വെള്ളത്തിനടിയില്‍ 30 മീറ്റര്‍ വരെ ആഴത്തില്‍ ഡൈവ് ചെയ്യാനും വിവിധതരം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനുമുള്ള പരിശീലനം നേടിയ പതിനേഴു മിടുമിടുക്കിമാര്‍ ഇനി അഗ്നിരക്ഷാ സേനയുടെ ഭാഗം. ഇന്ത്യയിലെ ആദ്യ വനിതാ സ്‌കൂബാ ടീമാണ് പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്.
ഗാനെറ്റ്സ് എന്ന പേരുള്ള സ്‌കൂബാടീം തൃശൂര്‍ രാമവര്‍മപുരത്തെ ഫയര്‍ അക്കാദമിയിലെ നീന്തല്‍ക്കുളത്തില്‍ നടത്തിയ പ്രകടനത്തിന് സാക്ഷ്യം വഹിച്ചത് മുഖ്യമന്ത്രിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളുമാണ്. വെള്ളത്തിനടിയിലുള്ള വിവിധ ഡൈവിങ് സ്‌കില്ലുകള്‍, രക്ഷാപ്രവര്‍ത്തന രീതികള്‍ എന്നിവയില്‍ ഇവര്‍ വിദഗ്ധര്‍. അഗ്നി രക്ഷാസേനയുടെ ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞവര്‍ഷം നിയമിതരായ 100 ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വനിതാ ഓഫീസര്‍മാരിലെ സാഹസികത ഇഷ്ടപ്പെടുന്ന ഓഫീസര്‍മാര്‍ക്കാണ് സ്‌കൂബ ഡൈവിങ്ങില്‍ പരിശീലനം നല്‍കിയത്.
ഫോര്‍ട്ടുകൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജലസുരക്ഷ വിദഗ്ധ പരിശീലനകേന്ദ്രത്തിലായിരുന്നു പരിശീലനം. അഗ്നി രക്ഷാ സേനയുടെ പുരുഷ സ്‌കൂബാ ഡൈവര്‍മാര്‍ക്കൊപ്പം എല്ലാ ജില്ലകളിലും ഇനി ഇവരുടെ സേവനവും ലഭിക്കും. മുഖ്യമന്ത്രി അംഗങ്ങള്‍ക്ക് ബാഡ്ജും വിതരണം ചെയ്തു.
ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം കേരളത്തില്‍ പ്രതിവര്‍ഷം ആയിരത്തിലധികം പേര്‍ ജലാശയ അപകടങ്ങളില്‍ മരിക്കുന്നുണ്ട്. സംസ്ഥാനത്ത് റോഡ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അപകടമുണ്ടാകുന്നത് ജലാശയങ്ങളിലാണ്. ഇത് കണക്കിലെടുത്താണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജലസുരക്ഷ വിദഗ്ധ പരിശീലന കേന്ദ്രം ആരംഭിച്ചതെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. പിഎസ് സേതു പാര്‍വതി, അപര്‍ണകൃഷ്ണന്‍, ശ്രുതി ആര്‍രാജു, കെ അപര്‍ണ, അമേയ രാജ്, നീതു നെല്‍സണ്‍, ആര്യ സുരേഷ്, സിമില്‍ ജോസ്, സ്നേഹ ദിനേഷ്, നിഷിദ റഷീദ്, കെഎന്‍ നിത്യ, എം അനുശ്രീ, കെഎം ഗീതുമോള്‍, അഷിത കെ സുനില്‍, സിഎസ് ജെന്‍സ, ഡി സ്വാതി കൃഷ്ണ, പിഎല്‍ ശ്രീഷ്മ എന്നിവരാണ് 17 അംഗ സ്‌കൂബാ വനിതാ ടീമിലുള്ളത്
by Midhun HP News | Feb 12, 2025 | Latest News, കേരളം
കൊച്ചി: അഭിനേതാക്കളുടെ പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സിനിമ സംഘടനകള്‍ തമ്മിലുള്ള പോര് മുറുകുന്നു. നാഥനില്ലാക്കളരിയെന്ന പരാമര്‍ശത്തില്‍ അതൃപ്തി രേഖപ്പെടുത്തികൊണ്ട് നിർമാതാക്കളുടെ സംഘടനയ്ക്ക് അമ്മ സംഘടന കത്തയച്ചു. അമ്മ സംഘടനക്ക് നാഥനില്ലെന്ന പരാമർശം തെറ്റായിപ്പോയെന്നും നിർമാതാക്കൾ ഖേദം പ്രകടിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
അഭിനേതാക്കളുടെ വര്‍ധിച്ച പ്രതിഫലം മൂലം സിനിമ മേഖലയിലുണ്ടായ പ്രതിസന്ധി ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം നിർമാതാക്കളുടെ സംഘടന അമ്മ ഒഴികെയുള്ള മറ്റു സിനിമ സംഘടനകളുടെ യോഗം വിളിച്ചിരുന്നു. ഇതിലാണ് വിവാദ പരാമർശം ഉണ്ടായത്. താരങ്ങളുടെ പ്രതിഫലം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി പല തവണ അമ്മ സംഘടനയ്ക്ക് കത്ത് അയച്ചെങ്കിലും സംഘടന പ്രതികരിച്ചില്ലെന്നും അതിപ്പോൾ നാഥനില്ലാക്കളരിയായെന്നുമായിരുന്നു യോഗത്തിൽ പറഞ്ഞത്.
സിനിമ നിർമാണ ചിലവ് വർധന തുടങ്ങിയ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിലും അമ്മ പരാജയപ്പെട്ടുവെന്ന് യോഗത്തിൽ പറഞ്ഞു. ഇത് ചർച്ചയായതോടെയാണ് അമ്മ സംഘടന പ്രതിഷേധ കത്ത് അയക്കാൻ തീരുമാനിച്ചത്. അമ്മ സംഘടന ഇപ്പോൾ തിരിച്ചുവരവിൻ്റെ പാതയിലാണെന്നും സംഘടനയെ നാഥനില്ലാ കളരിയെന്ന് വിശേഷിപ്പിച്ചതിൽ പ്രതിഷേധിക്കുന്നുവെന്നും ഇതിൽ ഖേദം പ്രകടിപ്പിക്കണമെന്നും അഡ്ഹോക് കമ്മിറ്റിയുടെ പേരിലുള്ള കത്തിൽ ആവശ്യപ്പെട്ടു. മറുപടി നൽകിയില്ലെങ്കിൽ തുടർനടപടിയിലേക്ക് കടക്കുമെന്നും കത്തിൽ പറയുന്നു.
അതേസമയം സംസ്ഥാനത്ത് ജൂൺ ഒന്നു മുതൽ സിനിമാ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. സിനിമ സംഘടനകളുടെ സംയുക്തയോഗത്തിലാണ് തീരുമാനം. ജിഎസ്ടിക്കൊപ്പമുള്ള വിനോദ നികുതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണം, താരങ്ങള്‍ വലിയ പ്രതിഫലം കുറയ്ക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഘടനകൾ സമരത്തിലേക്ക് കടക്കുന്നത്. താരങ്ങളുടെ പ്രതിഫലം അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി നിർമാതാക്കളുടെ സംഘടന നേരത്തെ രംഗത്തെത്തിയിരുന്നു.
by Midhun HP News | Feb 12, 2025 | Latest News, കേരളം
മുംബൈ: സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ ഒഴിവാക്കി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് ടീമില്‍ നിന്നും ബുമ്രയെ ഒഴിവാക്കിയത്. പകരമായി യുവതാരം ഹര്‍ഷിദ് റാണയെ ടീമില്‍ ഉള്‍പ്പെടുത്തി. ബുമ്രയുടെ അസാന്നിധ്യം ഇന്ത്യക്ക് വലിയ തിരിച്ചടിയായി.
ഈ മാസം പത്തൊന്‍പതിനാണ് ചാംപ്യന്‍സ് ട്രോഫി മത്സരം ആരംഭിക്കുന്നത്. പാകിസ്ഥാനാണ് വേദിയെങ്കിലും ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണ് നടക്കുക. ആദ്യം പ്രഖ്യാപിച്ച ടീമില്‍ നിന്ന് യശസ്വി ജയ്‌സ്‌വാളിനെ ഒഴിവാക്കി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ഉള്‍പ്പെടുത്തി. ഇംഗ്ലണ്ടിനെതിരെയാ ടി20 മത്സരത്തിലെ മികച്ച പ്രകടനമാണ് വരുണ്‍ ചക്രവര്‍ത്തിക്ക് തുണയായത്.
അടുത്തിടെ മാത്രം രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ ഹര്‍ഷിത് റാണ ടെസ്റ്റ്, ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ അരങ്ങേറ്റത്തില്‍ മൂന്നു വിക്കറ്റെടുത്ത ആദ്യ ഇന്ത്യന്‍ താരമാണ്. രാജ്യാന്തര ക്രിക്കറ്റില്‍ രണ്ടു വീതം ടെസ്റ്റും ഏകദിനവും ഒരു ടി20 മത്സരവും മാത്രമാണ് റാണ കളിച്ചിട്ടുള്ളത്. 15 അംഗ ടീമിനു പുറത്തായെങ്കിലും യശസ്വിയെ മുഹമ്മദ് സിറാജ്, ശിവം ദുബെ എന്നിവര്‍ക്കൊപ്പം നോണ്‍ ട്രാവലിങ് സബ്സ്റ്റിറ്റിയൂട്ടായി ഉള്‍പ്പെടുത്തി.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ, വരുണ്‍ ചക്രവര്‍ത്തി.
by Midhun HP News | Feb 12, 2025 | Latest News, കേരളം
ന്യൂഡല്‍ഹി: ജൂനിയര്‍ അസോസിയേറ്റ്സ് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്‍ഡ് സെയില്‍സ്) നിയമനത്തിനായുള്ള പ്രിലിമിനറി പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ പുറത്തുവിട്ടു. ക്ലര്‍ക്ക് നിയമനത്തിനായുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്കായി അപേക്ഷിച്ചവര്‍ക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ sbi.co.in. ല്‍ പ്രവേശിച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഹോംപേജില്‍ കരിയേഴ്‌സ് ലിങ്കില്‍ ക്ലിക്ക് ചെയ്ത് മുന്നോട്ടുപോകാന്‍ കഴിയുന്ന തരത്തിലാണ് സൗകര്യം. സ്‌ക്രീനില്‍ തെളിയുന്ന എസ്ബിഐ ക്ലര്‍ക്ക് പ്രിലിമിനറി അഡ്മിറ്റ് കാര്‍ഡില്‍ ക്ലിക്ക് ചെയ്ത ശേഷം ലോഗിന്‍ വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ചെയ്താല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നവിധമാണ് ക്രമീകരണം.
14,191 ഒഴിവുകളിലേക്കുള്ള പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 22, 27, 28, മാര്‍ച്ച് 1 തീയതികളിലാണ് നടക്കുക. ഓണ്‍ലൈന്‍ പ്രിലിമിനറി പരീക്ഷയില്‍ ആകെ 100 മാര്‍ക്കുള്ള 100 ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളാണ് ഉണ്ടാവുക. പരീക്ഷയുടെ ദൈര്‍ഘ്യം ഒരു മണിക്കൂറാണ്. ഇംഗ്ലീഷ് ഭാഷ – 30 ചോദ്യങ്ങള്‍, 30 മാര്‍ക്ക്, 20 മിനിറ്റ്, ന്യൂമറിക്കല്‍ എബിലിറ്റി ടെസ്റ്റ് – 35 ചോദ്യങ്ങള്‍, 35 മാര്‍ക്ക്, 20 മിനിറ്റ്, റീസണിങ് എബിലിറ്റി ടെസ്റ്റ്- 35 ചോദ്യങ്ങള്‍, 35 മാര്‍ക്ക്, 20 മിനിറ്റ് എന്ന തരത്തിലാണ് പരീക്ഷ. ഓരോ തെറ്റായ ഉത്തരത്തിനും ഒരു ചോദ്യത്തിന് അനുവദിച്ചിരിക്കുന്ന മാര്‍ക്കിന്റെ നാലിലൊന്ന് (1/4) കുറയ്ക്കുന്ന തരത്തില്‍ നെഗറ്റീവ് മാര്‍ക്ക് ഉണ്ട്.
ഒഴിവുകളുടെ എണ്ണത്തിന്റെ ഏകദേശം 10 മടങ്ങ് പേരെ മെയിന്‍ പരീക്ഷയ്ക്കായി തെരഞ്ഞെടുക്കും. ക്ലര്‍ക്ക് മെയിന്‍ പരീക്ഷയില്‍ 200 മാര്‍ക്കുള്ള 190 ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. ആകെ 2 മണിക്കൂര്‍ 40 മിനിറ്റ് നീണ്ടുനില്‍ക്കുന്നതാണ് പരീക്ഷ.
by Midhun HP News | Feb 12, 2025 | Latest News, കേരളം
കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 560 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64000ല്‍ താഴെ എത്തി. 65000 കടന്നും സ്വര്‍ണവില കുതിക്കുമെന്ന പ്രവചനങ്ങള്‍ക്കിടെയാണ് ഇന്നത്തെ ഇടിവ്. 63,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. 7940 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഒരാഴ്ചയ്ക്കിടെ ഏകദേശം മൂവായിരത്തോളം രൂപ വര്‍ധിച്ച ശേഷമാണ് ഇന്നത്തെ ഇടിവ്. ഇന്നലെ തുടക്കത്തില്‍ സ്വര്‍ണവില ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചെങ്കിലും ഉച്ചയോടെ 400 രൂപയാണ് താഴ്ന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെ ഇടിവ്. കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്.
by Midhun HP News | Feb 12, 2025 | Latest News, കേരളം
കൊച്ചി: തൊഴില്‍ പീഡനത്തെത്തുടര്‍ന്ന് പരാതി നല്‍കിയ കയര്‍ ബോര്‍ഡ് ഓഫീസിലെ ജീവനക്കാരി ജോളി മധുവിന്റെ എഴുതി പൂര്‍ത്തിയാക്കാത്ത കത്ത് പുറത്ത്. കത്ത് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ജോളി ബോധരഹിതയാവുകയായിരുന്നു. തലയിലെ രക്തസ്വാവത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ജോളി മരിച്ചത്.
ജോളി എഴുതി പൂര്‍ത്തിയാക്കാത്ത കത്തിലെ വരികള്‍ ഇങ്ങനെയാണ്, ” എനിക്ക് പേടിയാണ്. ചെയര്‍മാനോട് സംസാരിക്കാന്‍ എനിക്കു ധൈര്യമില്ല. പരസ്യമായി മാപ്പു പറയണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് തൊഴില്‍ സ്ഥലത്ത് പീഡനം നേരിടേണ്ടി വന്നയാളാണു ഞാന്‍’.
”എന്റെ ജീവിതത്തിനും ആരോഗ്യത്തിനും അത് ഭീഷണിയായി. അതു കൊണ്ടു ഞാന്‍ നിങ്ങളോട് കരുണയ്ക്കായി യാചിക്കുകയാണ്. എന്റെ വിഷമം മനസ്സിലാക്കി, ഇതില്‍ നിന്നു കരകയറാന്‍ എനിക്കു കുറച്ചു സമയം തരൂ ” ഇംഗ്ലീഷിലുള്ള, മുഴുമിപ്പിക്കാത്ത കത്തിലെ വരികളാണിത്.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കയര്‍ ബോര്‍ഡിലെ ജീവനക്കാരിയാണ് ജോളി മധു. ജോലിസ്ഥലത്തെ മാനസിക പീഡനത്തെത്തുടര്‍ന്ന് ഇവര്‍ പരാതി നല്‍കിയിരുന്നു. കാന്‍സര്‍ അതിജീവിതയും വിധവയുമായ ജോളി സ്ഥാപനത്തില്‍ നിരന്തരം മാനസിക പീഡനത്തിന് ഇരയായെന്ന് കുടുംബം ആരോപിച്ചിരുന്നു. കയര്‍ ബോര്‍ഡ് ഓഫീസ് ചെയര്‍മാന്‍, സെക്രട്ടറി, അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ് എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം. തൊഴില്‍ പീഡനത്തിനെതിരെ ജോളി നിരവധി പരാതി നല്‍കിയെങ്കിലും അവയെല്ലാം അവഗണിക്കപ്പെട്ടു. കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജയെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നുവെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചിരുന്നു.
Recent Comments