കടുത്ത ചൂട്: സംസ്ഥാനത്ത് ജോലി സമയം പുനഃക്രമീകരിച്ചു

കടുത്ത ചൂട്: സംസ്ഥാനത്ത് ജോലി സമയം പുനഃക്രമീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍. വെയിലത്ത് ജോലിയെടുക്കുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ വിശ്രമം അനുവദിക്കണമെന്ന് ലേബര്‍ കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നു. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഫെബ്രുവരി 11 മുതല്‍ മെയ് 10 വരെയാണ് തൊഴില്‍ സമയത്തില്‍ നിയന്ത്രണം. തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ വിശ്രമം അനുവദിച്ച് ജോലിസമയം രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം ഏഴുമണി വരെയുള്ള സമയത്തിനുള്ളില്‍ എട്ടു മണിക്കൂറായി നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന തരത്തിലും പുനഃക്രമീകരിച്ചതായും ഉത്തരവില്‍ പറയുന്നു.

സമുദ്രനിരപ്പില്‍ നിന്ന് 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി. പുനഃക്രമീകരിച്ച തൊഴില്‍സമയം അനുസരിച്ചാണ് തൊഴിലാളികള്‍ ജോലി ചെയ്യുന്നത് എന്ന് ഉറപ്പാക്കാന്‍ പരിശോധന നടത്തുന്നതാണെന്നും ലേബര്‍ കമ്മീഷണര്‍ ഉത്തരവില്‍ വ്യക്തമാക്കി.

മാർച്ച് ഒന്ന് മുതൽ ആർസി ബുക്കുകൾ ഡിജിറ്റലാകും

മാർച്ച് ഒന്ന് മുതൽ ആർസി ബുക്കുകൾ ഡിജിറ്റലാകും

തിരുവനന്തപുരം: സംസ്ഥാനത്ത് മാര്‍ച്ച് ഒന്ന് മുതൽ വാഹനങ്ങളുടെ ആര്‍സി ബുക്കുകള്‍ പൂര്‍ണമായും ഡിജിറ്റലാകും. ആര്‍സി ബുക്കുകള്‍ പ്രിന്‍റ് എടുത്ത് നൽകുന്നതിന് പകരമാണ് ഡിജിറ്റലായി നൽകുന്നത്. വാഹനം വാങ്ങി മണിക്കൂറുകള്‍ക്കുള്ളിൽ രജിസ്ട്രേഷൻ പൂര്‍ത്തിയാക്കി പരിവാഹൻ വെബ്സൈറ്റിൽ നിന്നും ആര്‍സി ബുക്ക് ഡൗണ്‍ലോഡ് ചെയ്യാനാകും.മാര്‍ച്ച് ഒന്ന് മുതൽ ആര്‍സി ബുക്കുകള്‍ ഡിജിറ്റലാകുന്നതോടെ പ്രത്യേക നിര്‍ദേശങ്ങളും ഗതാഗത വകുപ്പ് നൽകുന്നുണ്ട്. ഫെബ്രുവരി മാസത്തിനുള്ളിൽ എല്ലാ വാഹന ഉടമകളും ആര്‍സി ബുക്കുമായി ഫോണ്‍ നമ്പറുകള്‍ ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും ഗതാഗത കമ്മീഷണര്‍ എച്ച് നാഗരാജു പറഞ്ഞു. ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പറുകളാണ് നൽകേണ്ടതെന്നും ഓൺലൈൻ വഴി സ്വന്തമായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ നമ്പറുകല്‍ അപ്ഡേറ്റ് ചെയ്യാമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.

പത്തുവയസ്സുകാരിയെ ബലമായി പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചു; 16 കാരന്‍ അടക്കം രണ്ടുപേര്‍ പിടിയില്‍

പത്തുവയസ്സുകാരിയെ ബലമായി പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചു; 16 കാരന്‍ അടക്കം രണ്ടുപേര്‍ പിടിയില്‍

പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ പത്തുവയസ്സുകാരിയെ ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. കേസില്‍ സമീപവാസിയായ 16 വയസ്സുകാരന്‍ ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശിയാണ് പിടിയിലായ ഒരാള്‍.

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വായ പൊത്തിപ്പിടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. കൂട്ടുകാരികള്‍ക്കൊപ്പം കുട്ടി നില്‍ക്കുമ്പോഴായിരുന്നു കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുന്നത്. പെണ്‍കുട്ടിക്ക് പരിചയമുള്ളവരാണ് പ്രതികളെന്ന് ഡിവൈഎസ്പി സന്തോഷ് പറഞ്ഞു. ആളൊഴിഞ്ഞ വീട്ടില്‍ വെച്ചായിരുന്നു കുട്ടിയെ ഉപദ്രവിച്ചത്. പെണ്‍കുട്ടി താമസിക്കുന്ന സ്ഥലത്ത് ഒരു ചടങ്ങിന് വന്നതാണ് എറണാകുളം സ്വദേശിയായ പ്രതി. ചടങ്ങിന് ശേഷമാണ് ഈ സംഭവം ഉണ്ടായതെന്നും പൊലീസ് പറഞ്ഞു.

പീഡനത്തിനിരയായ പെണ്‍കുട്ടിയാണ് വിവരം വീട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ പീഡനത്തിന് ഇരയായതായി കണ്ടെത്തി. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ റിമാന്‍ഡ് ചെയ്തു.

കെവി അബ്ദുള്‍ ഖാദര്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി

കെവി അബ്ദുള്‍ ഖാദര്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി

തൃശൂര്‍: കെവി അബ്ദുള്‍ ഖാദര്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി. കുന്നംകുളത്ത് ചേര്‍ന്ന ജില്ലാ സമ്മേളനമാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. യുവജന രംഗത്ത്കൂടി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ കെവി അബ്ദുള്‍ ഖാദര്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും എല്‍ഡിഎഫ് ജില്ലാ കണ്‍വീനറുമാണ്. പ്രവാസി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രവാസി ക്ഷേമബോര്‍ഡ് ചെയര്‍മാനുമാണ്.

2006 മുതല്‍ 2021വരെ ഗുരുവായൂര്‍ എംഎല്‍എയായിരുന്നു. 1991 മുതല്‍ സിപിഎം ചാവക്കാട് ഏരിയ കമ്മറ്റിയംഗമാണ്. 1997 മുതല്‍ പാര്‍ടി ഏരിയ സെക്രട്ടറിയായി. തുടര്‍ന്ന് ജില്ലാ കമ്മറ്റിയംഗമായും സക്രട്ടേറിയറ്റ് അംഗമായും മാറി. മത്സ്യതൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) ജില്ലാ പ്രസിഡന്റ്, ബീഡി വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡിവൈഎഫ്‌ഐ ജില്ല പ്രസിഡന്റ്, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1997 ജൂൂലൈയില്‍ ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ നടന്ന 14-ാം ലോക യുവജന സമ്മേളനത്തില്‍ ഡിവൈഎഫ്‌ഐ പ്രതിനിധി സംഘാംഗമായി പങ്കെടുത്തു. റഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

വീട്ടിലെ ശുചിമുറിയില്‍ കൂറ്റന്‍ രാജവെമ്പാല; സുരക്ഷിതമായി പിടികൂടി

വീട്ടിലെ ശുചിമുറിയില്‍ കൂറ്റന്‍ രാജവെമ്പാല; സുരക്ഷിതമായി പിടികൂടി

കൊച്ചി: കോതമംഗലത്ത് വീടിന്റെ ശുചിമുറിയില്‍ നിന്ന് കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. പുന്നേക്കാട് കൊണ്ടിമറ്റം സ്വദേശിയുടെ വീട്ടിലെ ശുചിമുറിയില്‍ നിന്നാണ് രാജവെമ്പാലയെ വനപാലകര്‍ പിടികൂടിയത്. ഇന്നലെ വൈകിട്ടാണ് വീട്ടുകാര്‍ ശുചിമുറിയില്‍ പാമ്പിനെ കണ്ടത്.

പാമ്പിന്റെ ശീല്‍ക്കാര ശബ്ദം കേട്ടതോടെയാണ് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. കുളിമുറിയില്‍ കൂറ്റന്‍ പാമ്പിനെ കണ്ടതോടെ ഉടന്‍ തന്നെ പുന്നേക്കാട് വനം വകുപ്പ് ഓഫീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പാമ്പുപിടിത്ത വിദഗ്ധനുമായി എത്തിയ വനപാലക സംഘം ഏറെ നേരത്തെ ശ്രമത്തിനുശേഷം സുരക്ഷിതമായി പാമ്പിനെ പിടികൂടുകയായിരുന്നു.

പിടികൂടിയ പാമ്പിന് പതിനഞ്ച് അടിയിലേറെ നീളമുണ്ട്. പുന്നേക്കാട് വനമേഖലയുടെ സമീപത്താണ് ഈ വീട്. ചൂട് കാലമായതിനാല്‍ തണുപ്പ് തേടിയാവാം പാമ്പ് എത്തിയതെന്നാണ് നിഗമനം. പിടികൂടിയ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടില്‍ തുറന്നു വിട്ടു.

ഓട്ടം വിളിച്ച കുടുംബത്തെ ആക്ഷേപിച്ചെന്ന് പരാതി; പിന്നാലെ ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

ഓട്ടം വിളിച്ച കുടുംബത്തെ ആക്ഷേപിച്ചെന്ന് പരാതി; പിന്നാലെ ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കൊച്ചി: ഓട്ടം വിളിച്ച കുടുംബത്തെ ആക്ഷേപിച്ച ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കോഴിക്കോട് നിന്നെത്തിയ കുടുംബത്തിനാണ് കൊച്ചിയിലെ ഓട്ടോ ഡ്രൈവറിൽ നിന്ന് ദുരനുഭവം നേരിട്ടത്. പുല്ലേപടി ദാറുൽ ഉലൂം സ്കൂളിൽ ഓർഫനേജ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ വാർഷിക സം​ഗമത്തിൽ പങ്കെടുക്കാനെത്തിയ കുടുംബമാണ് ഓട്ടോ ഡ്രൈവറുടെ ആക്ഷേപത്തിന് ഇരയായത്.

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുല്ലേപടിയിലേക്ക് നിരക്ക് ചോദിച്ചപ്പോൾ 100 രൂപ ആകുമെന്ന് പറഞ്ഞ ഡ്രൈവറോട് ഇത് കൂടുതൽ അല്ലേയെന്ന് ചോദിച്ചതാണ് പ്രകോപനത്തിന് കാരണമായത്. 100 രൂപ തരാമെങ്കിൽ കയറിയാൽ മതിയെന്നും മറ്റും പറഞ്ഞ് ഇയാൾ ആക്ഷേപിക്കുകയായിരുന്നു. മറ്റൊരു ഓട്ടോക്കാരനെ സമീപിച്ചപ്പോൾ 80 രൂപ പറഞ്ഞു.

അതിൽ കയറി പുല്ലേപടിയിലെത്തിയപ്പോൾ മീറ്ററിൽ 46 രൂപയാണ് കണ്ടതെങ്കിലും 80 രൂപ കൊടുക്കേണ്ടി വന്നു. ഓട്ടോക്കാരുടെ പെരുമാറ്റത്തെക്കുറിച്ച് ​ഗതാ​ഗത മന്ത്രിക്ക് ഇ മെയിലിൽ പരാതി അയച്ചതിനെ തുടർന്നാണ് നടപടി. മന്ത്രി ആർടിഒ ടി എം ജേഴ്സന് പരാതി കൈമാറി. അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എംപി സുനിൽകുമാർ നടത്തിയ അന്വേഷണത്തിൽ സംഭവം ശരിയാണെന്ന് ബോധ്യപ്പെട്ടതോടെ ഓട്ടോ ഡ്രൈവർ ചെല്ലാനം സ്വദേശി പികെ സോളിയെ ആർടി ഓഫീസിൽ വിളിച്ചു വരുത്തി.

സംഭവ ദിവസം തന്റെ ഓട്ടോ സർവീസ് നടത്തിയിട്ടില്ലെന്നായിരുന്നു ഡ്രൈവറുടെ ആദ്യ നിലപാട്. പരാതിക്കാരനെ വിഡിയോ കോളിൽ വിളിച്ച എഎംവിഐ ഓട്ടോ ഡ്രൈവറെ കാണിച്ചപ്പോൾ ഈ ഡ്രൈവർ തന്നെയാണെന്ന് പരാതിക്കാരൻ പറഞ്ഞതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാളുടെ ലൈസൻ‌സ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ​ഗതാ​ഗത നിയമ ബോധവത്ക്കരണ ക്ലാസിൽ പങ്കെടുക്കാനും നിർ​ദേശിച്ചു.