മോർച്ചറിയിൽ നിന്നും നാടകീയമായി തിരികെ ജീവിതത്തിലേക്ക്; പവിത്രൻ മരണത്തിന് കീഴടങ്ങി

മോർച്ചറിയിൽ നിന്നും നാടകീയമായി തിരികെ ജീവിതത്തിലേക്ക്; പവിത്രൻ മരണത്തിന് കീഴടങ്ങി

കണ്ണൂർ: മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്റെ തുടിപ്പ് കണ്ടെത്തിയ കണ്ണൂർ കൂത്തുപറമ്പ് സ്വദേശി പവിത്രൻ (67) മരിച്ചു. ശ്വാസകോശ രോഗത്തിന് ചികിത്സയിലായിരുന്നു. കൂത്തുപറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. ജനുവരി 13ന് കണ്ണൂരിലെ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ആശുപത്രി ജീവനക്കാർ ജീവനുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു.

ഗുരുതരമായ ശ്വാസകോശരോഗത്തെ തുടർന്ന് മം​ഗളൂരു ഹെഗ്ഡെ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്ന പവിത്രൻ മരിച്ചെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബന്ധുക്കൾ പവിത്രനുമായി നാട്ടിലെത്തിയത്. സംസ്കാര ചടങ്ങുകൾക്കുള്ള ഏർപ്പാടും നടത്തിയിരുന്നു. പ്രാദേശിക ജനപ്രതിനിധിയുടെ കത്ത് പ്രകാരം പിറ്റേന്ന് സംസ്കാരം നടത്തുന്നതിനായി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.‌

മോർച്ചറിയിൽ നിന്ന് ആശുപത്രി ജീവനക്കാർ പവിത്രനിൽ ജീവന്റെ തുടിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞ് തിരികെ തീവ്രപരിചരണ വിഭാ​ഗത്തിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് 11 ദിവസത്തെ ചികിത്സക്ക് ശേഷം ആരോഗ്യം ഭേദമായി ആശുപത്രി വിട്ടിരുന്നു. അതിനിടയിലാണ് ഇന്ന് മരണം സംഭവിച്ചത്.എകെജി ആശുപത്രിയിലെ ഡോക്ടർ പൂർണിമ റാവുവിൻ്റെ ചികിത്സയ്ക്ക് ശേഷം ജനുവരി 24ന് ആണ് പവിത്രൻ ആശുപത്രി വിട്ടത്. വീട്ടിൽ കഴിയുന്നതിനിടെ ആരോ​ഗ്യ നില വഷളായതിനെ തുടർന്ന് മരിക്കുകയായിരുന്നു. പവിത്രൻ്റെ അത്ഭുതകരമായ തിരിച്ചുവരവ് മാധ്യമങ്ങളിൽ വലിയ വാർത്തയായി മാറിയിരുന്നു.

കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യയെ കണ്ടെത്തി

കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യയെ കണ്ടെത്തി

കല്‍പ്പറ്റ: വയനാട് നൂല്‍പ്പുഴ ഉന്നതിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യ ചന്ദ്രികയെ കണ്ടെത്തി. മാനുവിനെ കാട്ടാന ആക്രമിച്ചതിന് സമീപത്തായിട്ടാണ് ചന്ദ്രികയെ കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തിന് പിന്നാലെ ചന്ദ്രികയെ കാണാതായതിനെത്തുടര്‍ന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും രാവിലെ മുതല്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു.

തമിഴ്‌നാട് വെള്ളരിനഗര്‍ നിവാസിയാണ് കൊല്ലപ്പെട്ട മാനു. നൂല്‍പ്പുഴ കാപ്പാട് നഗറിലെ ബന്ധു വീട്ടില്‍ വിരുന്നിന് എത്തിയതാണ് മാനുവും ഭാര്യയും. ഇവര്‍ക്ക് മൂന്നു കുട്ടികളുണ്ട്. വെള്ളരിനഗറില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയാണ് കാപ്പാട് നഗര്‍. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി വരുമ്പോഴായിരുന്നു ദമ്പതികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്.

വയലിലാണ് മനുവിന്റെ മൃതദേഹം കണ്ടെത്തിയത്. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയെങ്കിലും, മൃതദേഹം മാറ്റാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല. തുടര്‍ച്ചയായി വന്യജീവി ആക്രമണം ഉണ്ടായിട്ടും ഫലപ്രദമായ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം. ജില്ലാ കലക്ടര്‍ സ്ഥലത്തെത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.കഴിഞ്ഞ ജൂലൈയിലും നൂല്‍പ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ മൂന്നു ജീവനുകളാണ് കാട്ടാനയുടെ ആക്രമണത്തില്‍ പൊലിഞ്ഞത്. രണ്ടു മാസത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഒമ്പതു പേരാണ്. ഉള്‍ക്കാട്ടില്‍ പോയവരാണ് അപകടത്തില്‍പ്പെട്ടതെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. സര്‍ക്കാര്‍ നല്‍കേണ്ട എല്ലാ സഹായവും നല്‍കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

പാതിവില തട്ടിപ്പില്‍ കൂടുതല്‍ കേസുകള്‍; അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

പാതിവില തട്ടിപ്പില്‍ കൂടുതല്‍ കേസുകള്‍; അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

കൊച്ചി: പാതിവില തട്ടിപ്പു കേസില്‍ പ്രതി അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് അനന്തുവിനെ പൊലീസ് ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. അതേസമയം തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നിലവിലെ അന്വേഷണ സംഘങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയാണ്.

പാതിവില തട്ടിപ്പില്‍ ആദ്യഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്ത 34 കേസുകള്‍ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എഡിജിപി എച്ച്. വെങ്കിടേഷിന്റെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ 11 സംഘങ്ങളായാണ് അന്വേഷിക്കുന്നത്. പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാനായിരുന്ന കെ എന്‍ ആനന്ദ കുമാര്‍, അനന്തു കൃഷ്ണന്‍ എന്നിവര്‍ക്കെതിരെ കോഴിക്കോട് ഫറോഖിലും കേസെടുത്തു. കേരള ഗ്രാമ നിര്‍മ്മാണ സെക്രട്ടറിയുടെ പരാതിയിലാണ് കേസെടുത്തത്. 918 ആളുകളില്‍ നിന്നായി 6.32 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. സ്‌കൂട്ടര്‍ പകുതി വിലയില്‍ നല്‍കാമെന്നും ലാപ്‌ടോപും മറ്റു വീട്ടുപകരണങ്ങളും നല്‍കാമെന്നായിരുന്നു വാഗ്ദാനം.

കെ എൻ ആനന്ദകുമാറിനെ വിശ്വസിച്ചാണ് പണം നൽകിയതെന്ന വെളിപ്പെടുത്തലുമായി ഇടുക്കിയിലെ സീഡ് സൊസൈറ്റി അംഗങ്ങൾ രംഗത്തെത്തി. പാതിവില തട്ടിപ്പിന്‍റെ തുടക്ക കാലങ്ങളിൽ ഇടുക്കിയിൽ നടന്ന പല യോഗങ്ങളിലും ആനന്ദകുമാർ പങ്കെടുത്തിരുന്നതായും ഇവർ പറയുന്നു. ഇടുക്കിയിലെ വണ്ടൻമേട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൂന്നു കോടിയുടെ തട്ടിപ്പിൽ ആനന്ദകുമാറാണ് ഒന്നാം പ്രതി. അനന്തു കൃഷ്ണൻ, ഷീബ തുടങ്ങിയവരും പ്രതികളാണ്.

കുതിപ്പ് തുടര്‍ന്ന് സ്വര്‍ണ വില, പവന്‍ 64,000 കടന്നു; ഇന്നു കൂടിയത് 640 രൂപ

കുതിപ്പ് തുടര്‍ന്ന് സ്വര്‍ണ വില, പവന്‍ 64,000 കടന്നു; ഇന്നു കൂടിയത് 640 രൂപ

കൊച്ചി: സ്വര്‍ണ വിലയില്‍ പുതിയ റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു. പവന് 640 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,480 രൂപ. ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 8060 ആയി. ഫെബ്രുവരിയില്‍ മാത്രം 2520 രൂപയാണ് പവന് വര്‍ധിച്ചത്.

കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്നു മുന്നേറുന്ന പവന്‍ അടുത്ത സൈക്കോളജിക്കല്‍ മാര്‍ക്ക് ആയ 65,000ല്‍ അതിവേഗം എത്തുമെന്നാണ് വിപണി വൃത്തങ്ങളുടെ പ്രവചനം.രാജ്യാന്തര വിപണിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്.

ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി : ആയിരങ്ങൾക്ക് ആശ്വാസം!

കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്ന ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി. 1968 ലെ നിയമം ഭേദഗതി ചെയ്തു കൊണ്ടാണ് 2024 ലെ നികുതി വസൂലാക്കൽ (ഭേദഗതി) ബിൽ കേരള നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയത്. ഇനി കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കി വിടാനാവില്ല.

കേരളത്തിലെ ഏതൊരു ബാങ്കിനും, ധനകാര്യ സ്ഥാപനത്തിനും, ഇതര വകുപ്പുകൾക്കും വീടും, സ്ഥലവും കെട്ടിടവും , വസ്തുവും ജപ്തി ചെയ്ത് കൊണ്ട് ഒരു കുടുംബത്തെയും തെരുവിൽ തള്ളുന്ന കണ്ണിൽ ചോരയില്ലാത്ത പ്രവർത്തി ഇനി മുതൽ ചെയ്യാൻ കഴിയില്ല.

കേരളത്തിലെ സഹകരണ ബാങ്കുകൾ, ദേശ സാത്കൃത ബാങ്കുകൾ, ഷെഡ്യൂൾഡ് ബാങ്കുകൾ, കൊമേഴ്സ്യൽ ബാങ്കുകൾ തുടങ്ങിയവയുടെ എല്ലാ തരം ജപ്തി നടപടികളിലും കേരള സർക്കാരിന് ഇടപെടാൻ പൂർണ്ണ അധികാരം നൽകുന്ന ജപ്തി വിരുദ്ധ നിയമമാണ് നിയമസഭ പാസാക്കിയത്. 1968 ലെ 87 സെക്ഷനുകൾ അടങ്ങിയ നിയമമാണ് കേരള നിയമസഭ ഭേദഗതി ചെയ്തത്.

𝐑𝐞𝐯𝐞𝐧𝐮𝐞 𝐑𝐞𝐜𝐨𝐯𝐞𝐫𝐲 𝐏𝐫𝐨𝐜𝐞𝐞𝐝𝐢𝐧𝐠𝐬

എല്ലാ തരം ജപ്തി നടപടികളിലും ഇടപെടാനും, സ്റ്റേ നൽകുവാനും, മൊറട്ടോറിയം പ്രഖ്യാപിക്കാനും സർക്കാരിന് പുതിയ ജപ്തി വിരുദ്ധ ബിൽ അധികാരവും, അവകാശവും നൽകുന്നുണ്ട്.
25000 രൂപ വരെ തഹസിൽദാർ, ഒരു ലക്ഷം രൂപ വരെ ജില്ലാ കളക്ടർ, അഞ്ച് ലക്ഷം രൂപ വരെ റവന്യൂ വകുപ്പ് മന്ത്രി, പത്ത് ലക്ഷം രൂപ വരെ ധന കാര്യ വകുപ്പ് മന്ത്രി, ഇരുപത് ലക്ഷം രൂപ വരെ കേരള മുഖ്യമന്ത്രി, ഇരുപത് ലക്ഷം രൂപക്ക് മുകളിൽ കേരള സർക്കാർ എന്നീ അധികാര കേന്ദ്രങ്ങൾക്ക് ജപ്തി നടപടികൾ തടയുവാനും, ഗഡുക്കൾ നൽകി സാവകാശം അനുവദിച്ചു നൽകാനും, ജപ്തി നടപടികളിൽ മൊറട്ടോറിയം പ്രഖ്യാപിക്കാനും സാധിക്കും.

ജപ്തി വസ്തു ഉടമക്ക് വിൽക്കാം

ജപ്തി ചെയ്ത വീട്, ഭൂമി, കെട്ടിടം, വസ്തു ഇനി മുതൽ ഉടമക്ക് വിൽക്കാം, ഉടമ മരിക്കുകയാണെങ്കിൽ അവകാശികൾക്ക് വിൽക്കാം.
ജപ്തി വസ്തുവിൻ്റെ ഉടമയും, വാങ്ങുന്ന ആളും നിശ്ചിത ഫോറത്തിൽ ജില്ലാ കളക്ടർക്ക് അപേക്ഷ നൽകണം. ഈ രീതിയിൽ നൽകുന്ന അപേക്ഷയിൽ ജപ്തി വസ്തു വിൽപന രജിസ്ട്രേഷൻ ജില്ലാ കളക്ടർ ചെയ്ത് നൽകണം. ജപ്തി വിരുദ്ധ ബിൽ വ്യവസ്ഥ ചെയ്യുന്നു.

പലിശ കുറച്ച് നൽകണം

12 ശതമാനം വരുന്ന പലിശ ഒൻപത് ശതമാനമായി കുറച്ച് നൽകാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു.

ജപ്തി ചെയ്ത വീട്, ഭൂമി, കെട്ടിടം , വസ്തു ഉടമക്ക് തിരിച്ച് എടുക്കാം

ജപ്തി ചെയ്യപ്പെട്ട വീട്, ഭൂമി, കെട്ടിടം, വസ്തു ഉടമക്ക്, അവകാശികൾക്ക് തിരിച്ച് എടുക്കാൻ ജപ്തി വിരുദ്ധ ബിൽ വ്യവസ്ഥ ചെയ്യുന്നു. ജപ്തി വസ്തുവിൻ്റെ പണം ഗഡുക്കളായി നൽകി കൊണ്ട് വസ്തു തിരിച്ചെടുക്കാം.

ജപ്തി വസ്തു ഒരു രൂപക്ക് സർക്കാരിന് ഏറ്റെടുത്ത് ഉടമക്ക് തിരിച്ച് നൽകാം

ലേലത്തിൽ പോകാത്ത വീട്, ഭൂമി, കെട്ടിടം, വസ്തു (ബോട്ട് ഇൻ ലാൻ്റ്) ഒരു രൂപ പ്രതിഫലം നൽകി ജപ്തി വസ്തു സർക്കാരിന് ഏറ്റെടുക്കാൻ ജപ്തി വിരുദ്ധ ബിൽ സർക്കാരിന് അധികാരം നൽകുന്നു. ഈ വിധം ഏറ്റെടുക്കുന്ന ജപ്തി വസ്തു ഉടമക്കോ, ഉടമ മരിച്ചാൽ അവകാശികൾക്കോ സർക്കാർ അഞ്ച് വർഷത്തിനുള്ളിൽ തിരിച്ച് നൽകണം. പണം ഗഡുക്കളായി നൽകാൻ സാവകാശം നൽകുകയും വേണം.
അഞ്ച് വർഷത്തിനുള്ളിൽ ഇത്തരം ജപ്തി വസ്തു ഉടമക്ക് അല്ലാതെ മറ്റൊരാൾക്കും സർക്കാർ കൈമാറ്റം ചെയ്യാൻ പാടില്ല. സർക്കാരിൻ്റെ പൊതു ആവശ്യങ്ങൾക്ക് ഈ വസ്തു ഏറ്റെടുക്കാൻ പാടില്ല. ഒരു തരത്തിലുമുള്ള രൂപ മാറ്റവും വസ്തുവിൽ വരുത്താൻ ഒരിക്കലും പാടില്ല. ജപ്തി വിരുദ്ധ നിയമം കർശനമായി അനുശാസിക്കുന്നു.

യുഎഇയിൽ നൂറിലധികം സ്റ്റാഫ്‌ നഴ്‌സ് ഒഴിവുകള്‍; നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേക്ക് അപേക്ഷിക്കാം

യുഎഇയിൽ നൂറിലധികം സ്റ്റാഫ്‌ നഴ്‌സ് ഒഴിവുകള്‍; നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേക്ക് അപേക്ഷിക്കാം

അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ (യു.എ.ഇ.) അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ സേവനമേഖലയിലെ പ്രമുഖ സ്വകാര്യസ്ഥാപനത്തിലേയ്ക്ക് നൂറിലധികം സ്റ്റാഫ് നഴ്‌സ് (പുരുഷന്‍) ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന റിക്രൂട്ട്‌മെന്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നഴ്‌സിങില്‍ ബി.എസ്‌സി, പോസ്റ്റ് ബി.എസ്‌സി വിദ്യാഭ്യാസയോഗ്യതയും എമര്‍ജന്‍സി/കാഷ്വാലിറ്റി അല്ലെങ്കില്‍ ഐ.സി.യു സ്‌പെഷ്യാലിറ്റിയില്‍ കുറഞ്ഞത് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. ബി.എല്‍.എസ്. (ബേസിക് ലൈഫ് സപ്പോര്‍ട്ട്), എ.സി.എല്‍.എസ്. (അഡ്വാന്‍സ്ഡ് കാര്‍ഡിയോവാസ്‌കുലര്‍ ലൈഫ് സപ്പോര്‍ട്ട്), മെഡിക്കല്‍ നഴ്‌സിങ് പ്രാക്ടീസിങ് യോഗ്യതയും വേണം. വിശദമായ CVയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം www.norkaroots.org www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് 2025 ഫെബ്രുവരി 18-നകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അറിയിച്ചു.

അബുദാബി ആരോഗ്യവകുപ്പിന്റെ (DOH) മെഡിക്കല്‍ പ്രാക്ടിസിങ് ലൈസന്‍സ് (രജിസ്‌ട്രേഡ് നഴ്‌സ്) ഉളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അല്ലാത്തവര്‍ നിയമന ഉത്തരവ് ലഭിച്ച് 90 ദിവസത്തിനകം പ്രസ്തുത യോഗ്യത നേടണം. അബുദാബിയിലെ വിവിധ മെയിന്‍ലാന്‍ഡ് ക്ലിനിക്കുകള്‍ (ആഴ്ചയില്‍ ഒരുദിവസം അവധി) ഇന്‍ഡസ്ട്രിയല്‍ റിമോട്ട് സൈറ്റ്, ഓണ്‍ഷോര്‍ (മരുഭൂമി) പ്രദേശം, ഓഫ്‌ഷോര്‍, ബാര്‍ജ്/ദ്വീപുകളിലെ ക്ലിനിക്കുകളില്‍ (ജലാശയത്തിലുളള പ്രദേശങ്ങള്‍) സൈക്കിള്‍ റോട്ടേഷന്‍ വ്യവസ്ഥയില്‍ പരമാവധി 120 ദിവസംവരെ ജോലിയും 28 ദിവസത്തെ അവധിയും ലഭിക്കും. 5,000 ദിര്‍ഹം ശമ്പളവും ഷെയേര്‍ഡ് ബാച്ചിലര്‍ താമസം, സൗജന്യ ഭക്ഷണം അല്ലെങ്കില്‍ പാചകം ചെയ്യുന്നതിനുളള സൗകര്യം, ആരോഗ്യ ഇന്‍ഷുറന്‍സ്, അവധി ആനുകൂല്യങ്ങള്‍, രണ്ടു വര്‍ഷത്തിലൊരിക്കല്‍ നാട്ടിലേക്കുളള വിമാനടിക്കറ്റ് ആനുകൂല്യങ്ങള്‍ എന്നിവയും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും. ഫോണ്‍: 0471-2770536, 539540577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍നിന്ന്) +91-8802012345 (വിദേശത്തുനിന്ന്, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.