by Midhun HP News | Feb 9, 2025 | Latest News, കേരളം
തൃശൂര്‍: വാഹനത്തില്‍ ലഹരമരുന്ന് കടത്തിയ സംഭവത്തില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. കയ്പമംഗലം മതിലകത്ത് വീട്ടില്‍ ഫരീദ്(25), ചെന്ത്രാപ്പിന്നി ഈസ്റ്റ് പുതിയായിക്കാരന്‍ വീട്ടില്‍ സാബിത്ത്(21) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 13 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
രഹസ്യവിവരത്തെ തുടര്‍ന്ന് വാഹന പരിശോധന നടത്തിയപ്പോള്‍ റിയര്‍ വ്യൂ മിററിന്റെ ഉള്ളില്‍ കടലാസില്‍ പൊതിഞ്ഞു സീപ് ലോക്ക് കവറില്‍ സൂക്ഷിച്ചിരുന്ന നിലയില്‍ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. പ്രതികളില്‍ ഒരാളായ സാബിതിന് മുമ്പ് മയക്കുമരുന്ന് ഉപയോഗിച്ചതിന് കയ്പമംഗലം പൊലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്.
ബംഗളൂരുവില്‍ നിന്നും റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ബിസിനസ്സിന്റെ മറവില്‍ വസ്ത്രങ്ങള്‍ വാങ്ങിക്കുവാന്‍ എന്ന വ്യാജേനയാണ് എഡിഎംഎ എത്തിക്കുന്നത്. ഇവര്‍ ആര്‍ക്കൊക്കെയാണ് ലഹരിമരുന്ന് വില്‍പന നടത്തിയതെന്നും, എവിടെ നിന്നാണ് ലഹരി മരുന്ന് കിട്ടിയതെന്നും, ലഹരി മരുന്ന് വാങ്ങുന്നതിന് പ്രതികള്‍ക്ക് ആരൊക്കെയാണ് സാമ്പത്തിക സഹായം ചെയ്യുന്നതെന്നും പൊലിസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
തൃശൂര്‍ റൂറല്‍ ജില്ലാ പൊലിസ് മേധാവി ആ.കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡിവൈഎസ്പിമാരായ വി. കെ.രാജു, ഉല്ലാസ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കയ്പമംഗലം പൊലിസ് സ്റ്റേഷന്‍ ഐഎസ്എച്ചഒ ബിജു കെ ആര്‍, എസ്‌ഐ സൂരജ്, എസ്‌ഐ ഷൈന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
by Midhun HP News | Feb 9, 2025 | Latest News, കേരളം
130-ാമത് മാരാമണ്‍ കണ്‍വെന്‍ഷന് കോഴഞ്ചേരി മാരാമണ്‍ മണല്‍പ്പുറത്ത് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് രണ്ട് മണിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമ്മേളനത്തിനാണ് പമ്പ മണപ്പുറത്ത് തുടക്കമാകുന്നത്.
ഉച്ചയ്ക്ക് രണ്ടരയ്ക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന യോഗത്തില്‍ വിദേശത്ത് നിന്നു ഉള്‍പ്പെടെയുള്ള സുവിശേഷകര്‍ പങ്കെടുക്കും. പൂര്‍ണമായും ഹരിത പ്രോട്ടോകോള്‍ പാലിച്ചാണ് കണ്‍വെന്‍ഷന്‍ നടക്കുക.
വിശ്വാസികള്‍ക്ക് കണ്‍വെന്‍ഷനുകളിലേക്ക് എത്തുവാന്‍ കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസ് നടത്തുന്നുണ്ട്.
by Midhun HP News | Feb 8, 2025 | Latest News, കേരളം
തൃശൂര്‍: കേരള ശാസ്ത്ര കോണ്‍ഗ്രസിന് തൃശ്ശൂര്‍ വെള്ളാനിക്കര കാര്‍ഷിക സര്‍വകലാശാല ആസ്ഥാനത്ത് ഉജ്ജ്വല തുടക്കം. ഡിജിറ്റല്‍ വിളക്ക് തെളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ 37-ാംശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെക്കാലം കൊണ്ട് കേരളത്തിന്റെ ശാസ്ത്ര സാങ്കേതിക പുരോഗതിക്ക് ആവശ്യമായ സംഭാവനകള്‍ നല്‍കുന്ന പ്രധാനപ്പെട്ട പരിപാടിയായി കേരള ശാസ്ത്ര കോണ്‍ഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
നാടിന്റെ പുരോഗതിക്ക് വേണ്ട സംഭാവനകള്‍ കൊണ്ടുമാത്രമല്ല, രാജ്യത്തിനാകെ മാതൃകയാകുന്ന ചര്‍ച്ചകള്‍ എന്നിവ കൊണ്ടും ഈ ശാസ്ത്ര കോണ്‍ഗ്രസ് ശ്രദ്ധേയമാണ്. ശാസ്ത്രവും അന്ധവിശ്വാസവും തമ്മിലുള്ള വേര്‍തിരിവ് ഇല്ലാതാക്കി അന്ധവിശ്വാസങ്ങളെ ശാസ്ത്രത്തിനു മേല്‍ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്ന ഈ കാലത്ത് അതിനെതിരെ ശാസ്ത്രീയതയിലൂന്നിയ ചെറുത്തുനില്‍പ്പ് നടത്തുന്നുവെന്നതാണ് സയന്‍സ് കോണ്‍ഗ്രസിന്റെ മറ്റൊരു പ്രാധാന്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശാസ്ത്രവും അന്ധവിശ്വാസവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഇല്ലാതാകുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഈ അടുത്ത കാലത്ത് ഒരു ഐഐടിയുടെ ഡയറക്ടര്‍ നടത്തിയ പ്രസംഗം. ശാസ്ത്രവിരുദ്ധത പ്രചരിപ്പിക്കുന്ന തരത്തിലാണ് അദ്ദേഹം സംസാരിച്ചത്. ശാസ്ത്ര വികാസത്തിനായുള്ള നമ്മുടെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഫണ്ട് പോലും അന്ധവിശ്വാസത്തിലധിഷ്ഠിതമായ കാര്യങ്ങള്‍ നീക്കാനായി വിഴിതിരിച്ചുവിടുന്നു. സയന്‍സ് കോണ്‍ഗ്രസുകളില്‍ ശാസ്ത്രജ്ഞരാണോ അവരുടെ വേഷമിട്ട വര്‍ഗ്ഗീയപുനരുജ്ജീവന വാദക്കാരാണോ എത്തുന്നതെന്നത് പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവിശ്യപ്പെട്ടു.
ശാസ്ത്രം പഠിച്ച ആളുകളെ കൊണ്ടുതന്നെ അശാസ്ത്രീയത പ്രചരിപ്പിക്കാനുള്ള വേദിയായി ദേശീയ സയന്‍സ് കോണ്‍ഗ്രസ് മാറിയെന്നത് രാജ്യത്തെ സ്‌നേഹിക്കുന്നവര്‍ എല്ലാവരും ചിന്തിക്കേണ്ട കാര്യമാണ്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് നമ്മളാല്‍ കഴിയുംവിധമുള്ള കാര്യങ്ങള്‍ ചെയ്ത് കേരളം മുന്നോട്ടുപോവുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. 2050-ഓടെ കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിദേശ രാജ്യങ്ങളിലുള്ള ശാസ്ത്ര പ്രതിഭകളുടെ സാന്നിധ്യം നമ്മുടെ ഗവേക്ഷണ സ്ഥാപനങ്ങളില്‍ ഉറപ്പാക്കുന്നുണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള സംസ്ഥാന യുവ ശാസ്ത്ര പുരസ്‌കാരത്തിനും മുഖ്യമന്ത്രിയുടെ ഗോള്‍ഡ് മെഡലിനും അര്‍ഹരായ ഡോ. വൃന്ദ മുകുന്ദന്‍, ഡോ. വി.എസ് ഹരീഷ് എന്നിവര്‍ക്ക് ശാസ്ത്ര കോണ്‍ഗ്രസ് വേദിയില്‍ മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിച്ചു.
ശാസ്ത്രം തൃണവത്കരിക്കപ്പെടുകയും അന്ധവിശ്വാസവും അയിത്ത അനാചാരങ്ങളും ജാതിവ്യവസ്ഥകളും തിരിച്ചുകൊണ്ടുവരികയും ചെയ്യുന്ന വിധത്തിലുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിനുവേണ്ടി ഒരുകൂട്ടര്‍ സദാ പ്രയത്‌നിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിതെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രത്തെ നിരാകരിക്കുകയെന്നത് ചരിത്രകാലം മുതല്‍ സമൂഹത്തില്‍ തുടര്‍ന്നുവന്നിരുന്നതായി നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ അന്നെല്ലാം സാമൂഹ്യ അവസ്ഥയെല്ലാം മാറ്റിക്കൊണ്ട് ശാസ്ത്രം അതിവേഗം വളര്‍ന്നുകഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രൊഫ. കെ പി സുധീര്‍ അധ്യക്ഷത വഹിച്ചു. ശാസ്ത്ര കോണ്‍ഗ്രസിന്റെ ചെയര്‍പേഴ്സണ്‍ പ്രൊഫ. എം കെ ജയരാജ് ശാസ്ത്ര കോണ്‍ഗ്രസിനെക്കുറിച്ച് വിശദീകരിച്ചു. കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറും കാര്‍ഷിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ. ബി അശോക്, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെംബര്‍ സെക്രട്ടറി ഡോ. എ. സാബു സ്വാഗതവും കേരള വനഗവേഷണ സ്ഥാപനം ഡയറക്ടര്‍ ഡോ. സി.എസ് കണ്ണന്‍ വാര്യര്‍ നന്ദിയും പറഞ്ഞു. 2023 ലെ കേരള ശാസ്ത്രപുരസ്‌കാരം ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ എസ്. സോമനാഥിന് നല്‍കുമെന്ന് ശാസ്ത്ര കോണ്‍ഗ്രസ് വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. സമയവും വേദിയും പിന്നീട് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
by Midhun HP News | Feb 8, 2025 | Latest News, കേരളം
കണിയാപുരം: ‘ധർമ്മസമരത്തിന്റെ വിദ്യാർത്ഥി കാലം’ എന്ന പ്രമേയത്തിൽ വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന കേരള സ്റ്റുഡന്റ്സ് കോൺഫറൻസിന്റെ പ്രചരണാർത്ഥം വിസ്ഡം സ്റ്റുഡന്റ്സ് കണിയാപുരം മണ്ഡലം കമ്മിറ്റി ബാലസമ്മേളനം സംഘടിപ്പിച്ചു.
പള്ളിനട എൻ.ഐ.സി ഹാളിൽ നടന്ന ബാലസമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ വൈസ് പ്രസിഡന്റ് മൂസ കരിച്ചാറ ഉദ്ഘാടനം ചെയ്തു. ഒന്ന് മുതൽ ആറ് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായാണ് ബാലാസമ്മേളനം സംഘടിപ്പിച്ചത്. വിസ്ഡം സ്റ്റുഡന്റ്സ് ജില്ലാ സെക്രട്ടറി അൽ ഫഹദ് പൂന്തുറ, അബ്ദുല്ല അണ്ടൂർക്കോണം, അൽ അമീൻ തിരുമല, ഹുസൈൻ കണിയാപുരം, നിസാർ കരിച്ചാറ, അഹ്‌മദ് ജാസിർ, ഷഹനാസ് കണിയാപുരം, ഉസൈർ മുട്ടപ്പലം തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. 2025 മെയ് 11 ന് പെരിന്തൽമണ്ണയിലാണ് കേരള സ്റ്റുഡന്റ്സ് കോൺഫറൻസ് നടക്കുന്നത്.
by Midhun HP News | Feb 8, 2025 | Latest News, കേരളം
കൊടുങ്ങല്ലൂർ: മകൾ അനന്തലക്ഷ്മിയുടെ ഡബിൾ ബെല്ലിൽ ബസ് മുന്നോട്ടെടുത്ത് ഷൈന്‍. കൊടുങ്ങല്ലൂർ – കോട്ടപ്പുറം റൂട്ടിൽ ഓടുന്ന രാമപ്രിയ എന്ന ബസിലെ ഡ്രൈവറും കണ്ടക്ടറും യഥാർഥ ജീവിതത്തിൽ അച്ഛനും മകളുമാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായി അച്ഛന്‍റെ ബസിലെ കണ്ടക്ടറായി ജോലി ചെയ്യുകയാണ് എംകോം വിദ്യാര്‍ഥിയായ അനന്തലക്ഷ്മി.
പുലര്‍ച്ചെ 5.30ന് ജോലിക്ക് കയറിയാല്‍ രാത്രി 8.30 നാണ് തിരിച്ചെത്തുക. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ അച്ഛനൊപ്പം ബസില്‍ പോകുമായിരുന്നു. ആദ്യമൊക്കെ കൊടുങ്ങല്ലൂരിൽ നിന്ന് പറവൂർ വരെ ബസിൽ ബാഗ് പിടിച്ചാണ് തുടങ്ങിയത്. കോവിഡിനെ തുടര്‍ന്ന് ജീവനക്കാരെ കിട്ടാതെ വന്നതോടെ അനന്തലക്ഷ്മി കണ്ടക്ടര്‍ ലൈസന്‍സ് എടുത്തു അതോടെ മുഴുവന്‍ സമയ കണ്ടക്ടറായി.
അച്ഛനും മകളും വൈറലായതോടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരിട്ടെത്തി ആശംസിച്ചതിന്‍റെ സന്തോഷത്തിലാണ് ഇരുവരെയും. ബസില്‍ കേന്ദ്ര മന്ത്രി യാത്ര ചെയ്തു. കോട്ടപ്പുറം പള്ളിയിലേയ്ക്ക് ഫാദർ വർഗ്ഗീസ് താണിയത്ത് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പാവങ്ങൾക്കുള്ള 40 ഭവനങ്ങളുടെ താക്കോൽദാനത്തിന് എത്തിയതാണ് മന്ത്രി. അനന്ത ലക്ഷ്മിയുടെ അമ്മ കൊടുങ്ങല്ലൂർ മുനിസിപ്പൽ 43-ാം വാർഡ് ഗുരുദേവ നഗർ കൗൺസിലറാണ്. മൂന്നു മക്കളിൽ മൂത്ത പെൺകുട്ടിയാണ് കണ്ടക്ടറായ അനന്തലക്ഷ്മി. ലക്ഷ്മി പാർവ്വതി, ദേവ നന്ദ എന്നിവരാണ് മറ്റ് മക്കൾ.
by Midhun HP News | Feb 8, 2025 | Latest News, കേരളം
മഹാ കുംഭമേളയിൽ പങ്കെടുത്ത് നടൻ ജയസൂര്യ. ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം ചെയ്യുന്ന ചിത്രങ്ങൾ ജയസൂര്യ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പമാണ് നടൻ കുംഭമേളയ്ക്ക് എത്തിയത്. ‘മഹാകുംഭ് 2025 ഓം’ എന്നാണ് ചിത്രങ്ങൾക്കൊപ്പം ജയസൂര്യ കുറിച്ചിരിക്കുന്നത്.
പ്രയാഗ് രാജിൽ നിന്നുള്ള മറ്റു ചിത്രങ്ങളും ജയസൂര്യ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടി സംയുക്തയും കുംഭമേളയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. സംയുക്ത തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതും. നിരവധി ബോളിവുഡ് താരങ്ങളും കുംഭമേളയിൽ പങ്കെടുത്ത ചിത്രങ്ങൾ പങ്കുവച്ചിരുന്നു.
ബോളിവുഡ് നടൻ രാജ്കുമാർ റാവുവും ഭാര്യ പത്രലേഖയും കുംഭമേളയിൽ കഴിഞ്ഞ ദിവസം എത്തിയിരുന്നു. അതേസമയം കത്തനാർ ആണ് ജയസൂര്യയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം. റോജിൻ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Recent Comments