by Midhun HP News | Feb 4, 2025 | Latest News, കേരളം
അബുദാബി: യുഎഇയില്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് ഭാഗ്യം. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി ആഷിക് പടിഞ്ഞാറത്തി(39)നാണ് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 25 ദശലക്ഷം ദിര്‍ഹം സമ്മാനം ലഭിച്ചത്. ഏകദേശം 59 കോടിയോളം ഇന്ത്യന്‍ രൂപയാണിത്. ഇന്നലെ അബുദാബിയില്‍ നടന്ന 271-ാമത്തെ നറുക്കെടുപ്പിലായിരുന്നു ഭാഗ്യം.
ജനുവരി 29നായിരുന്നു ആഷിഖ് സമ്മാനാര്‍ഹായ ടിക്കറ്റ് ആഷിക് വാങ്ങിയത്. ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വണ്‍ ഓഫര്‍ വഴിയായിരുന്നു ടിക്കറ്റ് വാങ്ങിയത്.രണ്ട് ടിക്കറ്റ് വാങ്ങിയപ്പോള്‍ സൗജന്യമായി ഒന്ന് ലഭിച്ചു. അതിലാണ് ഭാഗ്യം തുണച്ചത്. സമ്മാനം ലഭിച്ചത് ഇപ്പോഴും വിശ്വസിക്കനായിട്ടില്ലെന്ന് പറയുകയാണ് ആഷിക്.
ആഷിക് എടുത്ത 456808 എന്ന നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. 19 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന ആഷിഖ് ഒറ്റയ്ക്ക് തന്നെയായിരുന്നു ടിക്കറ്റെടുത്തത്. കഴിഞ്ഞ 10 വര്‍ഷമായി താന്‍ ഭാഗ്യ പരീക്ഷണം നടത്തിവരികയായിരുന്നുവെന്ന് ഇദ്ദേഹം പറഞ്ഞു. കുറഞ്ഞത് 100 ടിക്കറ്റെങ്കിലും എടുത്തിട്ടുണ്ടാകുമെന്നും ആഷിക് പറഞ്ഞു.
ബിഗ് ടിക്കറ്റ് അധികൃതരില്‍ നിന്നും ഫോണ്‍ വരുന്ന സമയത്ത് കോഴിക്കോടുള്ള വീട്ടുകാരോട് സംസാരിക്കുകയായിരുന്നു ഞാന്‍. ഞാന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ജോലി ചെയ്യുന്ന ആളാണ്. അതുകൊണ്ട് തന്നെ കോള്‍ വന്നപ്പോള്‍ ഇത് തട്ടിപ്പാണോയെന്നായിരുന്നു ആദ്യ സംശയമെന്നും ആഷിക് പറഞ്ഞു.
by Midhun HP News | Feb 4, 2025 | Latest News, കേരളം
തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പിന്റെ ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റി. പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ് ശ്രീജിത്തിനാണ് പകരം ചുമതല നല്‍കിയത്. ബോഡി ബില്‍ഡിങ്ങ് താരങ്ങളെ സിവില്‍ പൊലീസ് ഓഫീസര്‍മാരായി നിയമിക്കാനുള്ള സർക്കാർ നീക്കം വിവാദമായിരുന്നു.
പൊലീസ് സേനയിലെ കായികമേഖലയിലെ റിക്രൂട്ട്‌മെന്റ് അടക്കമുള്ള കാര്യങ്ങള്‍ നോക്കിയത് എം ആര്‍ അജിത് കുമാറാണ്. ഏതെങ്കിലും നാഷണല്‍ മീറ്റിലോ, കോമണ്‍വെല്‍ത്ത് ഗെയിംസിലോ ഒക്കെ മെഡല്‍ നേടിയവരെയാണ് സാധാരണ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ നിയമിച്ചിരുന്നത്. എന്നാല്‍ അടുത്തിടെ ഒരു ബോഡി ബില്‍ഡിങ് താരത്തെ ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ നിയമിക്കാനുള്ള തീരുമാനം ഏറെ ചര്‍ച്ചയായിരുന്നു.
കണ്ണൂര്‍ സ്വദേശിയായ ഒരു വോളിബോള്‍ താരത്തെക്കൂടി പൊലീസില്‍ നിയമിക്കാന്‍ സമ്മര്‍ദ്ദം ശക്തമായിരുന്നു. എന്നാല്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ ഇതിന് തയ്യാറായില്ല. സമ്മര്‍ദ്ദം ശക്തമായതോടെ അജിത് കുമാര്‍ അവധിയില്‍ പോയി. പിന്നീട് സര്‍വീസില്‍ തിരികെ കയറിയപ്പോള്‍ കായിക ചുമതല തന്നില്‍ നിന്നും മാറ്റണമെന്ന് എഡിജിപി അജിത് കുമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.
ഇതേത്തുടര്‍ന്നാണ് എഡിജിപി എസ് ശ്രീജിത്തിന് പൊലീസിലെ കായിക വകുപ്പിന്റെ ചുമതല നല്‍കിയത്. അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണങ്ങളെ തുടര്‍ന്ന് എഡിജിപി എം ആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയിരുന്നു. തുടര്‍ന്ന് പൊലീസ് ബറ്റാലിയന്റെ ചുമതല അജിത് കുമാറിന് നല്‍കുകയായിരുന്നു.
by Midhun HP News | Feb 4, 2025 | Latest News, കേരളം
ദുബായ്: ഡോളറുമായുള്ള വിനിമയ നിരക്കിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഗർഫ് കറൻസികൾക്ക് മൂല്യം അതിവേഗം ഉയർന്നു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയത്. ഒരു യുഎഇ ദിർഹത്തിന് 23.75 രൂപയാണ് ഇന്നലെ ലഭിച്ചത്. ഞായറാഴ്ച 23.55 രൂപയായിരുന്നു.
ഗർഫ് കറൻസിയുടെ മൂല്യം വർധിച്ചതോടെ നാട്ടിലേക്ക് പണം അയക്കുന്നവരുടെ തിരക്ക് കൂടി. 1000 ദിർഹം അയക്കുന്നവർക്ക് നാട്ടിൽ 23,750 രൂപ ലഭിക്കും. ഖത്തർ റിയാൽ 23.89 രൂപ, ബഹ്റൈൻ ദിനാർ 231.09 രൂപ, കുവൈത്ത് ദിനാർ 281.89 രൂപ, ഒമാൻ റിയാൽ 226.32 രൂപ, സൗദി റിയാൽ 23.23 രൂപ എന്നിങ്ങനെയാണ് വിനിമയ നിരക്ക്.
യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപ ഉൾപ്പെടെ നിരവധി കറൻസുകളുടെ വില ഇടിഞ്ഞു. രൂപയുടെ റെക്കോർഡ് താഴ്ചയിൽ ഡോളർ 87.62 രൂപയെന്ന നിലയിലെത്തി. നിരക്ക് 87 ഭേദിക്കുന്നത് ഇത് ആദ്യമായാണ്. രൂപയുടെ തകർച്ച നേരിടാൻ റിസർവ് ബാങ്ക് വേണ്ടത് ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി തുഹിൻ കാന്ത പാണ്ഡെ പറഞ്ഞു.
by Midhun HP News | Feb 4, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിർമിച്ച റോഡുകളിൽ ടോൾ പിരിക്കാൻ സർക്കാർ നീക്കം. 50 കോടിയ്ക്കു മുകളിൽ തുക ചെലവായ റോഡിനും പാലത്തിനുമാണ് ടോൾ പരിഗണനയിലുള്ളത്. കിഫ്ബിയുടെ ശുപാർശ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന നിയമ, ധന മന്ത്രിമാർ പങ്കെടുത്ത യോഗം അംഗീകരിച്ചു.
മലയോര, തീരദേശ ഹൈവേകൾ ഉൾപ്പെടെ കഫ്ബി ഫണ്ടിലാണ് നിർമിക്കുന്നത്. റോഡ് ഉൾപ്പെടെയുള്ള പശ്ചാത്തല വികസന മേഖലയിൽ നിന്നു വരുമാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ കേരളത്തിൽ ദേശീയ പാതയിൽ മാത്രമാണ് ടോൾ പിരിവുള്ളത്.
നടപ്പാക്കുന്ന പദ്ധതികളിൽ നിന്നു വരുമാനമില്ലെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ കിഫ്ബി വായ്പകളെല്ലാം സംസ്ഥാന സർക്കാരിന്റെ വായ്പാ പരിധിയിലാണ് ഉൾപ്പെടുത്തുന്നത്. ഇതോടെയാണ് ടോൾ ചുമത്തി വരുമാനമുണ്ടാക്കാൻ സർക്കാർ ഒരുങ്ങുന്നത്.
നിലവിൽ 1117 പദ്ധതികളാണ് കിഫ്ബി ഏറ്റെടുത്തിട്ടുള്ളത്. ഇതിൽ ഉൾപ്പെട്ടിട്ടുള്ള 500 റോഡുകളിൽ 30 ശതമാനം പദ്ധതികൾ 50 കോടിയ്ക്കു മുകളിൽ മുതൽമുടക്കുള്ളതാണ്.
by Midhun HP News | Feb 4, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും സര്‍വകാല റെക്കോര്‍ഡിട്ടു. പവന് 840 രൂപ ഉയര്‍ന്ന സ്വര്‍ണം ആദ്യമായി 62,000 കടന്നു. 62,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
ഒരു ഗ്രാം സ്വര്‍ണത്തിന് 105 രൂപയാണ് ഉയര്‍ന്നത്. ഗ്രാമിന്റെ വില 7810 രൂപ.
കഴിഞ്ഞ മാസം 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. തുടര്‍ന്നു കുതിപ്പു തുടര്‍ന്ന വില 62,000 കടക്കുമെന്ന ഘട്ടത്തില്‍ ഇന്നലെ തിരിച്ചിറങ്ങിയിരുന്നു.
അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ സാമ്പത്തിക രംഗത്തുണ്ടായ അനിശ്ചിതത്വം സ്വര്‍ണത്തിനു കരുത്തു കൂട്ടിയെന്നാണ് ധനകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നത്. കൂടുതല്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് അവര്‍ പറയുന്നു.
by Midhun HP News | Feb 4, 2025 | Latest News, കേരളം
സൂറത്ത്: വരന്റെ വീട്ടുകാര്‍ക്കൊപ്പമെത്തിയവര്‍ക്ക് ഭക്ഷണം ലഭിക്കാതെ വന്നതോടെ വിവാഹം മുടങ്ങി. തുടര്‍ന്ന് ദമ്പതികള്‍ വരണമാല്യം ചാര്‍ത്തിയത് പൊലീസ് സ്റ്റേഷനില്‍ വച്ച്. ഗുജറാത്തിലെ സൂറത്തില്‍ ഫെബ്രുവരി രണ്ടിനാണ് സംഭവം. വിവാഹ ചടങ്ങുകള്‍ എതാണ്ട് പൂര്‍ത്തിയായ സമയത്താണ് വരന്റെ വീട്ടുകാരായ എത്തിയ എല്ലാവര്‍ക്കും ഭക്ഷണം ഇല്ലെന്നറിഞ്ഞത്. ഇതോടെ വരന്റെ പിതാവ് വിവാഹം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വിവാഹത്തിന് തയ്യാറാണെന്ന് വരന്‍ അറിയിച്ചിട്ടും പിതാവ് മകനെ മാല ചാര്‍ത്താന്‍ അനുവദിച്ചില്ല. തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; ബിഹാറില്‍ നിന്നുള്ള രാഹുല്‍ പ്രമോദ് മഹ്‌തോയും അഞ്ജലി കുമാരിയും ലക്ഷ്മി ഹാളില്‍ വിവാഹിതരാകേണ്ടതായിരുന്നു. വിവാഹ മണ്ഡപത്തില്‍, ബന്ധുക്കള്‍ക്കും അതിഥികള്‍ക്കും വിളമ്പേണ്ട ഭക്ഷണത്തില്‍ കുറവുണ്ടെന്നാരോപിച്ച് വരന്റെ കുടുംബം പെട്ടെന്ന് വിവാഹ ചടങ്ങ് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. ആചാരപ്രകാരം മാല കൈമാറ്റം മാത്രമാണ് അവശേഷിച്ചിരുന്നത്. ഭക്ഷണക്കുറവിനെ ചൊല്ലി ഇരുകുടുംബങ്ങളും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് വരന്റെ പിതാവ് അറിയിച്ചു. തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ സ്റ്റേഷനില്‍ എത്തുകയായിരുന്നു.
വിവാഹത്തിന് മെഹ്‌തോ തയ്യാറാണെന്നും അവന്റെ കുടുംബമാണ് വിവാഹത്തിന് തടസ്സം നില്‍ക്കുന്നതെന്നും വധു സ്‌റ്റേഷന്‍ ഓഫീസറെ അറിയിച്ചു. തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിനായി വരന്റെ വീട്ടുകാരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹമണ്ഡപത്തില്‍ വീണ്ടും ബഹളമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സ്റ്റേഷനില്‍ വച്ച് വിവാഹം കഴിക്കാന്‍ അനുവദിക്കുകയായിരുന്നു. ഒരു സ്ത്രീയുടെ ഭാവി കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും തങ്ങളുടെ ഇടപെടല്‍ അവരെ ഒരുമിപ്പിക്കാന്‍ സഹായകമായെന്നും പൊലീസ് പറഞ്ഞു.
Recent Comments