കാട്ടിറച്ചി കടത്തിയെന്ന് യുവാവിനെതിരെ കള്ളക്കേസ്; വനം വകുപ്പ് ഉദ്യോ​ഗസ്ഥരെ വിചാരണ ചെയ്യാൻ അനുമതി

കാട്ടിറച്ചി കടത്തിയെന്ന് യുവാവിനെതിരെ കള്ളക്കേസ്; വനം വകുപ്പ് ഉദ്യോ​ഗസ്ഥരെ വിചാരണ ചെയ്യാൻ അനുമതി

തൊടുപുഴ: ഇടുക്കി കണ്ണംപടിയിൽ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ വനം വകുപ്പ് ഉദ്യോ​ഗസ്ഥരെ വിചാരണ ചെയ്യാൻ സർക്കാർ അനുമതി. ഇ​ടു​ക്കി മു​ൻ വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ബി രാഹുൽ, മു​ൻ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എന്നിവരു​ൾ​പ്പെ​ടെ പ​ത്ത് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ചാ​ര​ണ ചെ​യ്യാ​നാ​ണ് അ​നു​മ​തി.

ക​ണ്ണം​പ​ടി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സ​രു​ൺ സ​ജി​യെ​യാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ട്ടി​റ​ച്ചി ക​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യ​ത്. 2022 സെ​പ്റ്റം​ബ​ർ 20 നാണ് സം​ഭ​വം. ന​ട​പ​ടി വി​വാ​ദ​മാ​യ​തോ​ടെ സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​പ്ര​കാ​രം വ​നം​വ​കു​പ്പ് സി​സി​എ​ഫ് നീ​തു ല​ക്ഷ്മി അ​ന്വേ​ഷ​ണം ന​ട​ത്തി. കേ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും പി​ടി​ച്ചെ​ടു​ത്ത മാം​സം വ​ന്യ​ജീ​വി​യു​ടേ​ത​ല്ല​ന്നും ക​ണ്ടെ​ത്തി.

ഇ​തോ​ടെ മു​ൻ ഇ​ടു​ക്കി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ബി രാ​ഹു​ൽ, കി​ഴു​കാ​നം സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ടി ​അ​നി​ൽ കു​മാ​ർ ഉ​ൾപ്പെടെ ഒ​ൻ​പ​തു ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡു ചെ​യ്തു. സ​രു​ണി​ന്‍റെ പ​രാ​തി​യി​ൽ 13 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് എ​തി​രെ പ​ട്ടി​ക ജാ​തി പ​ട്ടി​ക വ​ർ​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മ പ്ര​കാ​രം പൊ​ലീ​സ് കേ​സെ​ടു​ത്തു. സ​രു​ൺ സ​ജി​ക്കെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്ത ക​ള്ള​ക്കേ​സ് വ​നം വ​കു​പ്പു പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തു.

കേ​സി​ൽ ബി ​രാ​ഹു​ൽ ഒ​ഴി​കെ​യു​ള്ള എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും അ​റ​സ്റ്റി​ലാ​കു​ക​യും റി​മാ​ൻ​ഡി​ൽ ക​ഴി​യേ​ണ്ടി വ​രി​ക​യും ചെ​യ്തു. മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും പ​ട്ടി​ക ജാ​തി പ​ട്ടി​ക വ​ർ​ഗ ക​മ്മീ​ഷ​നും സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ടു. സ​രു​ൺ സ​ജി​യു​ടെ കു​ടും​ബ​വും ഉ​ള്ളാ​ട മ​ഹാ​സ​ഭ​യും ന​ട​ത്തി​യ സ​മ​ര​ത്തെ തു​ട​ർ​ന്ന് പ്ര​തി​ക​ളാ​യ വ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് എ​തി​രെ പൊ​ലീ​സ് കു​റ്റ​പ​ത്രം ത​യ്യാ​റാ​ക്കി.

2024 ജ​നു​വ​രി​യി​ൽ പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി തേ​ടി പൊ​ലീ​സ് സ​ർ​ക്കാ​രി​ന് ക​ത്ത് ന​ൽ​കി. എ​ന്നാ​ൽ പ്ര​തി​ക​ളു​ടെ സ്വാ​ധീ​നം മൂ​ലം ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. അധികം വൈകാതെ പൊ​ലീ​സ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കും.

എംവി ജയരാജന്‍ വീണ്ടും കണ്ണൂര്‍ ജില്ലാ സെക്രട്ടറി

എംവി ജയരാജന്‍ വീണ്ടും കണ്ണൂര്‍ ജില്ലാ സെക്രട്ടറി

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എംവി ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. തളിപ്പറമ്പില്‍ ചേര്‍ന്ന ജില്ലാ സമ്മേളനമാണ് ജയരാജനെ തെരഞ്ഞെടുത്തത്. മൂന്നാം തവണയാണ് ജയരാജന്‍ സെക്രട്ടറിയാകുന്നത്. 50അംഗ ജില്ലാ കമ്മിറ്റിയില്‍ പതിനൊന്നുപേര്‍ പുതുമുഖങ്ങളാണ്

എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, എംവി നികേഷ് കുമാര്‍ എന്നിവര്‍ ജില്ലാ കമ്മിറ്റിയിലെത്തി. നികേഷ് കുമാര്‍ നേരത്തേ ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു.

2019ല്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി പി ജയരാജന്‍ ഒഴിഞ്ഞപ്പോഴാണ് എംവി ജയരാജന് ജില്ലാ സെക്രട്ടറിയായത്. 2021ലെ ജില്ലാ സമ്മേളനത്തില്‍ വീണ്ടും സെക്രട്ടറിയായി.

എടക്കാട് മണ്ഡലത്തില്‍നിന്ന് രണ്ടുതവണ എംഎല്‍എയായ ജയരാജന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി, പരിയാരം സഹകരണ മെഡിക്കല്‍ കോളജ് ചെയര്‍മാന്‍, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി, ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍, ഇലക്ട്രിസിറ്റി ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നെങ്കിലും പരാജയപ്പെട്ടു.

ജില്ലാകമ്മിറ്റി അംഗങ്ങള്‍: എം വി ജയരാജന്‍, എം പ്രകാശന്‍, എം സുരേന്ദ്രന്‍, കാരായി രാജന്‍, ടികെ ഗോവിന്ദന്‍, പിവി ഗോപിനാഥ്, പി ഹരീന്ദ്രന്‍, പി പുരുഷോത്തമന്‍, എന്‍ സുകന്യ, സി സത്യപാലന്‍, കെവി സുമേഷ്, ടിഐ മധുസൂദനന്‍, പി സന്തോഷ്, എം കരുണാകരന്‍, പികെ ശ്യാമള, കെ സന്തോഷ്, എം വിജിന്‍, എം ഷാജര്‍, പികെ ശബരീഷ്‌കുമാര്‍, കെ മനോഹരന്‍, എംസി പവിത്രന്‍, കെ ധനഞ്ജയന്‍, വികെ സനോജ്, എംവി സരള, എന്‍വി ചന്ദ്രബാബു, ബിനോയ്കുര്യന്‍, സിവി ശശീന്ദ്രന്‍, കെ പത്മനാഭന്‍, അഡ്വ. എം രാജന്‍, കെഇ കുഞ്ഞബ്ദുള്ള, കെ ശശിധരന്‍, കെസി ഹരികൃഷ്ണന്‍, എംകെ മുരളി, കെ ബാബുരാജ്, പി ശശിധരന്‍, ടി ഷബ്ന, പെി സുധാകരന്‍, കെവി സക്കീര്‍ ഹുസൈന്‍, സാജന്‍ കെ ജോസഫ്

പുതുമുഖങ്ങള്‍: വി കുഞ്ഞികൃഷ്ണന്‍, എംവി നികേഷ്‌കുമാര്‍, കെ അനുശ്രീ, പി ഗോവിന്ദന്‍, കെപിവി പ്രീത, എന്‍ അനില്‍കുമാര്‍, സിഎം കൃഷ്ണന്‍, മുഹമ്മദ് അഫ്സല്‍, സരിന്‍ ശശി, കെ ജനാര്‍ദ്ദനന്‍, സികെ രമേശന്‍

‘കോടതി കുറ്റക്കാരനെന്ന് കണ്ടെത്തട്ടെ’; മുകേഷിനെ ന്യായീകരിച്ച് വനിത കമ്മീഷന്‍

‘കോടതി കുറ്റക്കാരനെന്ന് കണ്ടെത്തട്ടെ’; മുകേഷിനെ ന്യായീകരിച്ച് വനിത കമ്മീഷന്‍

കണ്ണൂര്‍: മുകേഷ് എംഎല്‍എക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും തള്ളിപ്പറയാന്‍ തയാറാകാതെ സിപിഎം വനിതാ നേതാക്കള്‍. വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി അടക്കമാണ് മുകേഷിനെ പിന്തുണച്ചു രംഗത്തെത്തിയിരിക്കുന്നത്. ധാര്‍മികമായി രാജിവെക്കണോ എന്നത് മുകേഷിന് തീരുമാനിക്കാമെന്നും നിയമപരമായി രാജിവയ്ക്കേണ്ടതില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു

കോടതി രണ്ടുവര്‍ഷത്തിലധികം ശിക്ഷിച്ചാല്‍ മാത്രം എംഎല്‍എ സ്ഥാനം രാജിവച്ചാല്‍ മതിയെന്ന് പി സതീദേവി പ്രതികരിച്ചു. കോടതിയില്‍ വിചാരണ നടക്കണം. കുറ്റക്കാരനാണെന്ന് കണ്ടെത്തണം. അതിനുശേഷമേ ഇത്തരം ചര്‍ച്ചകളുടെ ആവശ്യമുള്ളൂ. ധാര്‍മികത ഓരോര്‍ത്തര്‍ക്കും ഓരാന്നാണ്. ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് രാജിവയ്ക്കണോ എന്ന മുകേഷാണ് തീരുമാനിക്കേണ്ടതെന്നും സതീദേവി പറഞ്ഞു.

കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ മുകേഷിനെ സംരക്ഷിക്കില്ലെന്ന് മുതിര്‍ന്ന നേതാവ് പികെ ശ്രീമതി പറഞ്ഞു. മുകേഷ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടില്ല. അങ്ങനെ കണ്ടെത്തിയാല്‍ ഇരക്കൊപ്പം തന്നെ പാര്‍ട്ടിയും സര്‍ക്കാരും നില്‍ക്കും. കുറ്റവാളികളെ സംരക്ഷിക്കില്ല. അതുവരെ ഈ ചര്‍ച്ചകളുടെ ആവശ്യമില്ലെന്നും ശ്രീമതി പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് മുകേഷ് എംഎല്‍എയ്‌ക്കെതിരായ ബലാത്സംഗ കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മുകേഷിനെതിരായ ഡിജിറ്റല്‍, സാഹചര്യ തെളിവുകള്‍ അടക്കം അടങ്ങുന്നതാണ് കുറ്റപത്രം. പരാതിക്കാരിയുമായി മുകേഷ് നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും, ഇമെയില്‍ സന്ദേശങ്ങളും തെളിവുകളായിട്ടുണ്ട്.

മൂലമറ്റത്ത് മൃതദേഹം കണ്ടെത്തിയത് കൊലപാതകം, മരിച്ചത് മേലുകാവ് സ്വദേശി

മൂലമറ്റത്ത് മൃതദേഹം കണ്ടെത്തിയത് കൊലപാതകം, മരിച്ചത് മേലുകാവ് സ്വദേശി

തൊടുപുഴ: മൂലമറ്റത്ത് തേക്കിന്‍ തോട്ടത്തില്‍ കണ്ടെത്തിയ മൃതദേഹം ഇടുക്കി മേലുകാവ് സ്വദേശി സാജന്‍ സാമുവലിന്റേതാണെന്ന് തിരിച്ചറിഞ്ഞു. സാജന്റെ മരണം കൊലപാതകമാണെന്നാണ് പൊലീസ് നിഗമനം. എട്ടംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് സൂചിപ്പിച്ചു. ഇതില്‍ ആറു പേര്‍ പിടിയിലായതായാണ് സൂചന.

ഇന്നലെയാണ് മൂലമറ്റം തേക്കുംകൂപ്പ് മൃതദേഹം പായയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തുന്നത്. കഴിഞ്ഞ 30 നാണ് സാജന്‍ സാമുവലിനെ കാണാതാകുന്നത്. മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലുള്ളതിനാല്‍ ഔദ്യോഗിക സ്ഥിരീകരണത്തിനായി ഡിഎന്‍എ പരിശോധന നടത്തും. അതേസമയം മൃതദേഹം സാജന്റേതാണെന്ന നിഗമനത്തിലാണ് പൊലീസിന്റെ അന്വേഷണം മുന്നോട്ടു പോകുന്നത്.

എട്ടുപേരടങ്ങുന്ന സംഘമാണ് സാജനെ കൊലപ്പെടുത്തിയത്. മൂലമറ്റത്തെ മറ്റൊരിടത്തുവെച്ചാണ് കൃത്യം നടന്നത്. ഉറങ്ങിക്കിടന്ന സാജനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. കാപ്പ ഉള്‍പ്പെടെ ചുമത്തപ്പെട്ടിട്ടുള്ള, ക്രിമിനല്‍ പശ്ചാത്തലം ഉള്ള വ്യക്തിയാണ് സാജന്‍ സാമുവല്‍. 30 ഓളം ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

ഓട്ടോറിക്ഷയിലാണ് മൃതദേഹം തേക്കിന്‍കൂപ്പിലെത്തിച്ചത്. പന്നിയിറച്ചി ഉപേക്ഷിക്കാനാണെന്ന് പറഞ്ഞാണ് ഓട്ടോയില്‍ പൊതിഞ്ഞുകെട്ടിയ മൃതദേഹം കയറ്റുന്നത്. ആദ്യം വിസമ്മതിച്ച ഓട്ടോ ഡ്രൈവര്‍, പ്രതികള്‍ ഏറെ നിര്‍ബന്ധിച്ചതോടെയാണ് കയറ്റാന്‍ അനുവദിച്ചത്. പിന്നീട് സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ കാഞ്ഞാര്‍ പൊലീസ് എസ്‌ഐയെ വിവരം അറിയിച്ചിരുന്നു. എസ്‌ഐ തുടര്‍ന്ന് സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ഇന്നലെ ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജീര്‍ണാവസ്ഥയിലായ മൃതദേഹം കണ്ടെത്തുന്നത്. സാജന്‍ തങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നെന്നും, അതിന് തിരിച്ചടിയായാണ് അയാളെ കൊലപ്പെടുത്തിയതെന്നുമാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞതെന്നാണ് വിവരം. എന്നാല്‍ പ്രതികള്‍ പറയുന്ന കാരണം പൂര്‍ണമായി മുഖവിലയ്‌ക്കെടുക്കാനാകില്ലെന്നും, വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് സൂചിപ്പിച്ചു.

സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം ഇന്ന് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം ഇന്ന് സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം ഇന്ന് സ്വർണവില കുറഞ്ഞു. പവന് 320 രൂപയാണ് കുറഞ്ഞത് ഇതോടെ സ്വർണവില സർവ്വകാല റെക്കോർഡിൽ നിന്നും താഴെയിറങ്ങി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 61,640 രൂപയാണ്. അന്താരാഷ്ട്ര സ്വർണ്ണവില 2782 ഡോളറിലാണ്.

രൂപയുടെ വിനിമയ നിരക്ക് 87.17 രൂപയാണ്.കഴിഞ്ഞ ഒരാഴ്ചകൊണ്ട് 1,880 രൂപയാണ് സ്വർണത്തിനു വർദ്ധിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ ആയിരുന്നു ഇതുവരെ വ്യാപാരം. സ്വർണവില കുറഞ്ഞത് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നുണ്ട്. സംസ്ഥാനത്ത് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയുമടക്കം 67000 രൂപയോളം നൽകേണ്ടി വരും. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,705 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6365 രൂപയാണ്. സ്വർണത്തിന്റെ വില കുറഞ്ഞെങ്കിലും വെള്ളിയുടെ വിലയിൽ ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില കുത്തനെ ഉയർന്നിട്ടുണ്ട്. മൂന്ന് രൂപയുടെ വലിയ മുന്നേറ്റമാണ് ഉണ്ടായത്. ഇതോടെ വിപണി വില ഗ്രാമിന് 104 രൂപയായിട്ടുണ്ട്.

കെഎസ്ആര്‍ടിസിയില്‍ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് ഇന്നുമുതല്‍

കെഎസ്ആര്‍ടിസിയില്‍ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് ഇന്നുമുതല്‍

തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്കിലേക്ക്. ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടിഡിഎഫ്) ആണ് പണിമുടക്ക് പ്രഖ്യാപിച്ചത്. കെഎസ്ആര്‍ടിസി സിഎംഡി ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി. പണിമുടക്ക് ഒഴിവാക്കാന്‍ സിഎംഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാതെ പണിമുടക്കില്‍നിന്നു പിന്മാറില്ലെന്നു ടിഡിഎഫ് നേതൃത്വം അറിയിച്ചു.

ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യുക, 31 ശതമാനം ഡിഎ കുടിശിക അനുവദിക്കുക, ദേശസാല്‍കൃത റൂട്ടുകളുടെ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. എല്ലാ മാസവും അഞ്ചിന് മുന്‍പ് നല്‍കുമെന്ന് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും ശമ്പളം നല്‍കുന്നത് മാസം പകുതിയോടെയാണെന്ന് ടിഡിഎഫ് നേതൃത്വം ആരോപിച്ചു. ഇതാണ് സമരത്തിന്റെ പ്രധാന കാരണമെന്നും അവര്‍ വ്യക്തമാക്കി.

പണിമുടക്കിനെ കര്‍ശനമായി നേരിടാനാണു മാനേജ്‌മെന്റിന് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. പണിമുടക്ക് ദിവസം ഓഫിസര്‍മാര്‍ ജോലിയിലുണ്ടാകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സിവില്‍ സര്‍ജന്റെ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫിസര്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ അവധി അനുവദിക്കരുതെന്നും നിര്‍ദേശിച്ചു. താല്‍ക്കാലിക ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സര്‍വീസുകള്‍ നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്.