പൂന്തോട്ടവും കളിക്കളവും പഠനമുറിയും, ‘സ്മാര്‍ട്ട് അങ്കണവാടികള്‍’; സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

പൂന്തോട്ടവും കളിക്കളവും പഠനമുറിയും, ‘സ്മാര്‍ട്ട് അങ്കണവാടികള്‍’; സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തനസജ്ജമായ 30 സ്മാര്‍ട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം പെരുങ്കടവിള ഒറ്റശേഖരമംഗലം കുരവറ 60-ാം നമ്പര്‍ അങ്കണവാടി കേന്ദ്രീകരിച്ച് ജനാര്‍ദനപുരം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും.

സംസ്ഥാനത്താകെ 117 സ്മാര്‍ട്ട് അങ്കണവാടികള്‍ ഇതിനകം യാഥാര്‍ഥ്യമായിട്ടുണ്ട്. പഠനമുറി, വിശ്രമമുറി, ഭക്ഷണ മുറി, അടുക്കള, സ്റ്റോര്‍ റൂം, പ്ലേ ഏരിയ, ഹാള്‍, പൂന്തോട്ടം തുടങ്ങിയ സൗകര്യങ്ങളുണ്ട്. അങ്കണവാടികളില്‍ എത്തിച്ചേരുന്ന കൂഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ വികസനത്തിന് ശിശു സൗഹൃദപരമാക്കുന്നതിന്റെ ഭാഗമായാണ് അങ്കണവാടികളെ സ്മാര്‍ട്ട് അങ്കണവാടികളാക്കിയതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിലവില്‍ 189 സ്മാര്‍ട്ട് അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനായി അനുമതി നല്‍കിയിട്ടുള്ളതില്‍ 87 അങ്കണവാടികളുടെ ഉദ്ഘാടനം കഴിഞ്ഞിട്ടുണ്ട്. ഇത് കൂടാതെ 30 സ്മാര്‍ട്ട് അങ്കണവാടികളാണ് ഇപ്പോള്‍ പ്രവര്‍ത്തനസജ്ജമായത്. ഇതോടെ 117 സ്മാര്‍ട്ട് അങ്കണവാടികള്‍ യാഥാര്‍ത്ഥ്യമായി. ബാക്കിയുള്ളവയുടെ നിര്‍മ്മാണം പുരോഗമിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇ

തലപ്പൊക്ക മത്സരം നടത്താൻ പാടില്ല, പാപ്പാൻമാർ മദ്യപിച്ചാൽ പിടിവീഴും; ആന എഴുന്നള്ളിപ്പിന് നിർദേശങ്ങൾ

തലപ്പൊക്ക മത്സരം നടത്താൻ പാടില്ല, പാപ്പാൻമാർ മദ്യപിച്ചാൽ പിടിവീഴും; ആന എഴുന്നള്ളിപ്പിന് നിർദേശങ്ങൾ

കൊച്ചി: എറണാകുളം ജില്ലയിൽ ഉത്സവാഘോഷ പരിപാടികളോടനുബന്ധിച്ച് ആന എഴുന്നള്ളിപ്പിനുള്ള നിർദേശങ്ങൾ പുറത്ത്. ആന എഴുന്നള്ളിപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ല കലക്ടർ ചെയർമാനായും ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ കൺവീനറുമായിട്ടുള്ള നാട്ടാന പരിപാലന ചട്ടപ്രകാരമുള്ള ജില്ല മോണിറ്ററിങ് കമ്മിറ്റി യോഗം ചേർന്നു. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വിവിധ തീരുമാനങ്ങൾ യോഗത്തിലുണ്ടായി.

ഉത്സവങ്ങളിൽ ആന എഴുന്നള്ളിപ്പിനിടെ പാപ്പാന്മാർ മദ്യപിക്കുന്ന സാഹചര്യങ്ങളും ആനകളുടെ മറവിൽ ലഹരി ഉപയോഗം വർദ്ധിക്കുന്ന സാഹചര്യങ്ങളും പരിശോധിക്കാൻ ജില്ല പൊലീസ് കമ്മീഷണർക്ക് കത്ത് നൽകുവാൻ യോഗത്തിൽ തീരുമാനിച്ചു. കേരള ഹൈക്കോടതിയുടെ നിർദേശ പ്രകാരം എഴുന്നള്ളിപ്പുകളിൽ ആനകൾ തമ്മിലുള്ള ഏറ്റവും കുറഞ്ഞ അകലം 1.50 മീറ്റർ ആയിരിക്കണം. സ്ഥലപരിധിക്കനുസരിച്ച് അകലം കൂട്ടാവുന്നതാണ്.

ആനകളെ എഴുന്നള്ളിക്കുമ്പോൾ ആനകളുടെ അടുത്ത് നിന്ന് ജനങ്ങൾ നിൽക്കുന്നിടത്തേക്ക് മുന്നിൽ നിന്നും പിന്നിൽ നിന്നും ഏറ്റവും കുറഞ്ഞത് 3 മീറ്റർ അകലം പാലിക്കണമെന്നും ഈ സ്ഥലം ബാരിക്കേഡ് പോലുള്ള വസ്തുക്കൾ കൊണ്ട് വേർതിരിക്കണമെന്നും തീരുമാനിച്ചു. നാട്ടാന പരിപാലന മോണിറ്ററിങ് കമ്മിറ്റി തീരുമാന പ്രകാരം ആനകളുടെ തലപ്പൊക്ക മത്സരം നടത്തുവാൻ പാടില്ലെന്ന കർശന നിർദേശം നൽകിയിട്ടുണ്ട്.

ചെറായി ഗൗരീശ്വര ക്ഷേത്രം, വൈപ്പിൻ മല്ലികാർജ്ജുന ക്ഷേത്രം, ചക്കുമരശ്ശേരി ശ്രീ കുമാരമംഗലം ക്ഷേത്രം എന്നീ ക്ഷേത്ര ഭാരവാഹികൾക്ക് ഇതു സംബന്ധിച്ച് നിർദേശം നൽകിയ വിവരം യോഗം അംഗീകരിച്ചു. മത്സര സ്വഭാവത്തോടെ ചടങ്ങ് നടത്തിയാൽ കേസ് രജിസ്റ്റർ ചെയ്ത് നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കും എന്നും ക്ഷേത്രം ഭാരവാഹികളെ ബോധ്യപ്പെടുത്തി.

ഉത്സവ രജിസ്ട്രേഷൻ ഇല്ലാത്ത എടത്തല ഊരക്കാട് ബാല സുബ്രഹ്മണ്യസ്വാമി ക്ഷേത്ര അപേക്ഷയും, ആനകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള ചെറായി ഗൗരീശ്വര ക്ഷേത്ര ഭാരവാഹികളുടെ അപേക്ഷകളും യോഗം നിരസിച്ചു. ആന എഴുന്നള്ളിപ്പിന് പരിശോധനയ്ക്ക് നിലവിൽ ഫീസ് അടച്ച ക്ഷേത്രങ്ങളിൽ 4 അംഗ വെറ്റിനറി ഡോക്ടർമാരുടെ സംഘത്തെ അയയ്ക്കാറുണ്ട് എന്ന ചീഫ് വെറ്റിനറി ഓഫീസറുടെ മറുപടി യോഗം അംഗീകരിച്ചു.

നാട്ടാനകൾ ജില്ല മാറി പോകുന്ന വിവരവും, ഡേറ്റാ ബുക്കിലെ പേര് തന്നെ ആനകളുടെ ലോക്കറ്റുകളിൽ വേണമെന്ന വിവരവും ആന ഉടമസ്ഥരെ കത്ത് മുഖാന്തിരം അറിയിക്കും. എറണാകുളത്തപ്പൻ ശിവക്ഷേത്രത്തിൽ കമ്മിറ്റി അംഗങ്ങൾ സന്ദർശനം നടത്തി സ്ഥല പരിശോധന നടത്തുന്നതിനും യോഗം തീരുമാനിച്ചു.

റോഡ് നിർമ്മാണ സ്ഥലത്ത് ബാരിക്കേഡ് ഇല്ല, ബൈക്ക് തോട്ടില്‍ വീണു; യുവാവിന് ദാരുണാന്ത്യം

റോഡ് നിർമ്മാണ സ്ഥലത്ത് ബാരിക്കേഡ് ഇല്ല, ബൈക്ക് തോട്ടില്‍ വീണു; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: ചേവരമ്പലം ബൈപ്പാസില്‍ ഫുഡ് ഡെലിവറി ജീവനക്കാരനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉമ്മളത്തൂര്‍ സ്വദേശി മിഥുനാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ റോഡിനു സമീപത്തെ തോട്ടില്‍ അതിഥി തൊഴിലാളിയാണ് ബൈക്കും മൃതദേഹവും ആദ്യം കണ്ടത്. ഇയാള്‍ നാട്ടുകാരെ വിമറിയിക്കുകയും പിന്നാലെ പൊലീസ് സ്ഥലത്തെത്തുകയും ചെയ്യുകയായിരുന്നു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.

റോഡ് പണി പുരോഗമിക്കുന്നതിനു സമീപത്താണ് അപകടം. ഞായറാഴ്ച രാത്രി ഫുഡ് ഡെലിവറിക്കായി പോകുമ്പോള്‍ അപകടത്തില്‍ പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. വെളിച്ചക്കുറവും മുന്നറിയിപ്പ് ബോര്‍ഡില്ലാത്തതും ബാരിക്കേഡ് വെക്കാത്തതും അപകടത്തിനു കാരണമാകാമെന്നും നാട്ടുകാര്‍ പറഞ്ഞു. രാത്രിയില്‍ ലോറി ഉള്‍പ്പെടെ റോഡരികില്‍ നിര്‍ത്തിയിടുന്നതും കാഴ്ച മറയ്ക്കുന്നുണ്ട്.

ഏറ്റുമാനൂരില്‍ തട്ടുകടയിലുണ്ടായ തര്‍ക്കം; പൊലീസുകാരന്‍ കൊല്ലപ്പെട്ടു

ഏറ്റുമാനൂരില്‍ തട്ടുകടയിലുണ്ടായ തര്‍ക്കം; പൊലീസുകാരന്‍ കൊല്ലപ്പെട്ടു

കോട്ടയം: ഏറ്റുമാനൂരില്‍ ബാറിന് മുന്നിലെ തട്ടുകടയില്‍ ഉണ്ടായ തര്‍ക്കത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഡ്രൈവര്‍ ശ്യാം പ്രസാദ് ആണ് മരിച്ചത്. സംഭവത്തില്‍ പെരുമ്പായിക്കാട് സ്വദേശി ജിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജിബിന്‍ നിരവധി കേസുകളില്‍ പ്രതിയാണ്.

ഇന്ന് പുലര്‍ച്ചെ രണ്ടുമണിക്കാണ് സംഭവം. തട്ടുകടയില്‍ ജിബിന്‍ വഴക്ക് ഉണ്ടാക്കുന്നത് കണ്ട് ശ്യാം പ്രസാദ് ചോദ്യം ചെയ്യുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷത്തിലാണ് ശ്യാം പ്രസാദ് മരിച്ചത്.

ശ്യാം പ്രസാദ് ഡ്യൂട്ടിയില്‍ ആയിരുന്നില്ല. സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്യാം പ്രസാദിനെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ ആണ് ആശുപത്രിയില്‍ എത്തിച്ചത്. അതിനിടെ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഏറ്റുമാനൂര്‍ പൊലീസ് ജിബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചികിത്സയിലിരിക്കെ ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

പടയപ്പ മദപ്പാടിൽ; ആനയെ നിരീക്ഷിക്കാൻ പ്രത്യേക സംഘം

പടയപ്പ മദപ്പാടിൽ; ആനയെ നിരീക്ഷിക്കാൻ പ്രത്യേക സംഘം

മൂന്നാർ: കാട്ടാന പടയപ്പ മദപ്പാടിലെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. ഇടത് ചെവിക്ക് സമീപമാണ് മദപ്പാട് കണ്ടെത്തിയത്. വനം വകുപ്പ് അധികൃതർ ആനയുടെ ചിത്രങ്ങൾ പകർത്തി വെറ്ററിനറി ഡോക്ടർക്ക് നൽകിയിരുന്നു. ഇതോടെ ‍ഡോക്ടറാണ് മദപ്പാട് സ്ഥിരീകരിച്ചത്. ആനയെ നിരീക്ഷിക്കാൻ പ്രത്യേക വാച്ചർമാരെ ഏർപ്പെടുത്തി.

കഴിഞ്ഞവര്‍ഷം ഫെബ്രുവരി പകുതിയോടെയാണ് പടയപ്പ മദപ്പാട് ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്. മദപ്പാട് തുടങ്ങിയാൽ പടയപ്പ അക്രമാസക്തനാകുന്നത് പതിവാണ്. കഴിഞ്ഞ വർഷം നിരവധി വീടുകളും വാഹനങ്ങളും ആന തകര്‍ത്തിരുന്നു.

ഏറെനാളായി പടയപ്പ ഉള്‍ക്കാട്ടിലേക്ക് പിന്‍വാങ്ങാതെ ജനവാസ മേഖലയില്‍ തുടരുകയാണ്. വനം വകുപ്പിന്റെ ആര്‍ആര്‍ടി സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്. ഇതിനുപുറമേയാണ് പ്രത്യേക വാച്ചര്‍മാരെ ഏര്‍പ്പെടുത്തിയതെന്ന് മൂന്നാര്‍ റേഞ്ച് ഓഫീസര്‍ എസ് ബിജു അറിയിച്ചു.

മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടും; സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടും; സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ( തിങ്കളാഴ്ച) ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയേക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. അതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

ജാഗ്രതാ നിർദേശങ്ങൾ:

പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ളാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

വിദ്യാർഥികളുടെ കാര്യത്തിൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകൾ 11 am മുതൽ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക.

പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതൽ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.

യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യിൽ വെള്ളം കരുതുക.

നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.

കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കുടിവെള്ളം കയ്യിൽ കരുതുക.

അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക