by Midhun HP News | Feb 2, 2025 | Latest News, കേരളം
തൊടുപുഴ: ഇടുക്കി മൂലമറ്റത്ത് പായയില്‍ കെട്ടിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ തേക്കിന്‍കൂപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരികയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്. നാട്ടുകാരാണ് പായയില്‍ കെട്ടിയ നിലയില്‍ മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ആളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. കോട്ടയം മേലുകാവ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട മിസിങ് കേസുമായി ബന്ധപ്പെട്ട ആളാണോ മരിച്ചയാള്‍ എന്ന സംശയം പൊലീസിന് ഉണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കുകയുള്ളൂ എന്നും പൊലീസ് പറയുന്നു. കൊലപാതക സാധ്യത ഉള്‍പ്പെടെയുള്ള കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാക്കുമെന്നും പൊലീസ് പറയുന്നു.
by Midhun HP News | Feb 2, 2025 | Latest News, കേരളം
കൊച്ചി: മുകേഷ് എംഎല്‍എക്കെതിരായ ബലാത്സംഗ കേസില്‍ പ്രത്യേക അന്വേഷണസംഘം(എസ്‌ഐടി) കുറ്റപത്രം സമര്‍പ്പിച്ചു. ആലുവ സ്വദേശിയുടെ മൊഴിപ്രകാരമുള്ള കുറ്റം തെളിഞ്ഞുവെന്നും മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്നുമാണ് കുറ്റപത്രം പറയുന്നത്. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടിതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
മുകേഷ് പരാതിക്കാരിയുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളും, ഇമെയില്‍ സന്ദേശങ്ങളും തെളിവുകളായി ലഭിച്ചിട്ടുണ്ട്. കൂടാതെ സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും എസ്‌ഐടി വ്യക്തമാക്കി.
പീഡനത്തിന് പുറമേ ലൈംഗികാതിക്രമത്തിന്റെ വകുപ്പും മുകേഷിനെതിരെ ചുമത്തിയിട്ടുണ്ട്. താരസംഘടനയായ അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് മുകേഷ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ആലുവ സ്വദേശിയുടെ പരാതിയില്‍ മരട് പൊലീസാണ് കേസടുത്തത്.
by Midhun HP News | Feb 1, 2025 | Latest News, കേരളം
ന്യൂഡല്‍ഹി: ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിനായി കേന്ദ്ര ബജറ്റില്‍ വന്‍ പ്രഖ്യാപനങ്ങള്‍. മഖാന ബോര്‍ഡ്, പ്രത്യേക കനാല്‍ പദ്ധതി, ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട്, പട്ന ഐഐടിയുടെ അടിസ്ഥാന സൗകര്യം വിപുലപ്പെടുത്തല്‍ തുടങ്ങി നിരവധി പദ്ധതികളാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ദേശീയ ജനാധിപത്യ സഖ്യം ഭരിക്കുന്ന ബിഹാറില്‍ ഈ വര്‍ഷം അവസാനത്തോടെയാകും തെരഞ്ഞെടുപ്പ് നടക്കുക. പട്‌ന വിമാനത്താവളം നവീകരിക്കല്‍. പുതിയ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട്, പുതിയ ഫുഡ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, എന്റര്‍പ്രണര്‍ഷിപ്പ ആന്‍ഡ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ സംസ്ഥാനത്ത് സ്ഥാപിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനത്തില്‍ പറയുന്നു.
മിതിലാഞ്ചല്‍ മേഖലയിലെ അരലക്ഷം ഹെക്ടര്‍ ഭൂമിക്ക് പ്രയോജനം ചെയ്യാനായി വെസ്റ്റേണ്‍ കോസി കനാല്‍ പദ്ധതിക്കായി പ്രത്യേക സാമ്പത്തിക സഹായം നല്‍കുമെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. അഞ്ച് ഐഐടികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തുമെന്നും ബജറ്റില്‍ പറയുന്നു. ബിഹാറിനായി നിരവധി പ്രഖ്യാപനങ്ങളുള്ള ബജറ്റിനെ എല്‍ജെപി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാന്‍ അഭിനന്ദിച്ചു. ബിഹാറില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി, എന്റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് മാനേജ്‌മെന്റ് സ്ഥാപിക്കല്‍ തുടങ്ങിയവ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുമെന്ന് പാസ്വാന്‍ പറഞ്ഞു.
ബിഹാറില്‍ മഖാന ബോര്‍ഡ് സ്ഥാപിക്കാനുള്ള തീരുമാനത്തെ ജെഡിയു നേതാക്കള്‍ സ്വാഗതം ചെയ്തു. ഇത് കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും പുതിയ അവസരങ്ങള്‍ തുറക്കുമെന്ന് ജെഡിയു സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് ഝാ പറഞ്ഞു. ഈ സംരംഭം ഉല്‍പാദനം, സംസ്‌കരണം, മൂല്യവര്‍ധനവ്, വിപണനം എന്നിവ വര്‍ദ്ധിപ്പിക്കുകയും മിഥിലയിലും ബിഹാറിലും സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണമാകുകയും ചെയ്യുമെന്നും സഞ്ജയ് ഝാ പറഞ്ഞു.
ബിഹാറിന് വാരിക്കോരി നല്‍കിയപ്പോള്‍ ഇത്തവണയും കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ തഴഞ്ഞു. കേരളം കേന്ദ്ര ബജറ്റില്‍ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. വയനാടിന് 2,000 കോടിയുടെ പാക്കേജും രാജ്യത്തിന്റെ അഭിമാന പദ്ധതി എന്ന നിലയില്‍ വിഴിഞ്ഞം തുറമുഖത്തിന് 5,000 കോടിയും ചോദിച്ചിരുന്നു. വായ്പ പരിധി പ്രവാസി സംരക്ഷണ പദ്ധതികള്‍ക്കായി 300 കോടിയും റബര്‍ താങ്ങുവില 250 രൂപയായി നിലനിര്‍ത്തുന്നതിന് 1,000 കോടിയും ചോദിച്ചിരുന്നെങ്കിലും ബജറ്റില്‍ കേരളത്തിനായി യാതൊരു പ്രഖ്യാപനവും ഇല്ല.
by Midhun HP News | Feb 1, 2025 | Latest News, കേരളം
ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടര്‍ വില കുറച്ചു. വാണിജ്യ സിലിണ്ടറിന്റെ വില ഏഴ് രൂപയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ നിരക്കാണ് കുറച്ചത്. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി.
വിലകുറച്ചതോടെ ഡല്‍ഹിയില്‍, 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ ചില്ലറ വില്‍പ്പന വില ഇന്ന് മുതല്‍ 1797 രൂപയാണ്. അതേസമയം ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല.
വിമാന ഇന്ധനവില കൂട്ടി
വിമാന ഇന്ധനവില 5.6 ശതമാനം വര്‍ധിപ്പിച്ചു. ഒരു കിലോലിറ്റര്‍ വിമാന ഇന്ധനവിലയില്‍ 5078 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. രാജ്യതലസ്ഥാനത്ത് ഒരു കിലോലിറ്റര്‍ വിമാനഇന്ധന വില 95,533 രൂപയായി ഉയര്‍ന്നു. ജനുവരിയില്‍ വിമാന ഇന്ധനവില 1.5 ശതമാനം കുറച്ചിരുന്നു. വിമാന ഇന്ധനവിലയിലെ കുത്തനെയുള്ള വര്‍ധന വിമാന ടിക്കറ്റ് വില വര്‍ധിക്കാന്‍ കാരണമാകുമോ എന്ന ആശങ്കയിലാണ് യാത്രക്കാര്‍.
by Midhun HP News | Feb 1, 2025 | Latest News, കേരളം
കോട്ടയം വിവാഹത്തിന് ശേഷം നവവധുവിനെ കബളിപ്പിച്ചു യുവാവ് കടന്നു കളഞ്ഞതായി പരാതി. റാന്നി സ്വദേശിയായ യുവാവിനെതിരെയാണ് വധുവിന്റെ വീട്ടുകാർ കടുത്തുരുത്തി പൊലീസിൽ പരാതി നൽകിയത്. ജനുവരി 23ന് ആയിരുന്നു ഇവരുടെ വിവാഹം. അടുത്തദിവസം വധുവിനെ അവരുടെ വീട്ടിലാക്കിയ ശേഷം വരൻ കടന്നു കളഞ്ഞെന്നാണു പരാതി.
പിന്നീട് അന്വേഷിച്ചപ്പോൾ വിദേശത്തേക്കു കടന്നതായി മനസിലായെന്നു പരാതിയിൽ പറയുന്നു. വിവാഹസമയത്ത് സ്വർണം കൈക്കലാക്കിയെന്നും സേവ് ദ് ഡേറ്റിന്റെ മറവിൽ കുമരകത്തെത്തിച്ച് ഉപദ്രവിച്ചതായും പരാതിയിലുണ്ട്.
പെൺകുട്ടിയെക്കുറിച്ചു സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നെന്നും ആരോപണമുണ്ട്. ഗാർഹിക പീഡനത്തിന് ഉൾപ്പെടെ പൊലീസ് യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിന്റെ ദുരൂഹത അഴിയുകയുള്ളൂവെന്നു പൊലീസ് അറിയിച്ചു.
by Midhun HP News | Feb 1, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് തിരുത്തിയുള്ള സ്വര്‍ണ വില കുതിപ്പ് തുടരുന്നു. 62,000ലേക്കാണ് സ്വര്‍ണവില നീങ്ങുന്നത്. ഇന്ന് 120 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 61,960 രൂപയായി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 7745 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞയാഴ്ചയാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു സ്വര്‍ണവില. ഒരു മാസത്തിനിടെ ഏകദേശം 4800 രൂപയാണ് വര്‍ധിച്ചത്.
Recent Comments