ചോറ്റാനിക്കരയിലെ പോക്സോ അതിജീവിതയുടെ സംസ്കാരം ഇന്ന്

ചോറ്റാനിക്കരയിലെ പോക്സോ അതിജീവിതയുടെ സംസ്കാരം ഇന്ന്

കൊച്ചി: ചോറ്റാനിക്കരയില്‍ പോക്സോ അതിജീവിത മരിച്ച സംഭവത്തിൽ പ്രതി അനൂപിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഇൻസ്റ്റഗ്രാം വഴിയുള്ള പരിചയം മുതലെടുത്ത് പെൺകുട്ടിയിൽ നിന്ന് പണം തട്ടുകയും ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നു പ്രതി അനൂപിന്റെ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. അനൂപിന്റെ വാക്കുകൾ വിശ്വസിച്ച് അമ്മയോട് പോലും പെൺകുട്ടി തർക്കിച്ചിരുന്നു.

തന്റെ ക്രിമിനൽ പശ്ചാത്തലം മറച്ചു പിടിച്ചാണ് അനൂപ് പെൺകുട്ടിയുമായി അടുത്തത്. ആറ് ദിവസം വെന്‍റിലേറ്ററില്‍ കഴിഞ്ഞ ശേഷമാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. അതിക്രൂരനായിരുന്നു അനൂപ് എന്നാണ് പൊലീസ് പറയുന്നത്. ക്രിമിനല്‍ വാസനയുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അനൂപ് മുതലെടുപ്പ് മാത്രം ലക്ഷ്യമിട്ടാണ് പെൺകുട്ടിയുമായി സൗഹൃദം നടിച്ചതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.

പോസ്റ്റ്‍‍മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. വീട്ടിലെ പൊതുദർശനത്തിന് ശേഷം തൃപ്പുണിത്തുറ നടമേൽ മാർത്ത മറിയം പള്ളിയിലാണ് സംസ്കാരം. അനൂപിന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായ 19 കാരി ഇന്നലെയാണ് മരിച്ചത്.

മാന്നാറിൽ വൃദ്ധ ദമ്പതികൾ മരിച്ച സംഭവം‍‌; വീടിന് പെട്രോൾ ഒഴിച്ചു തീകൊളുത്തിയെന്ന് മകൻ

മാന്നാറിൽ വൃദ്ധ ദമ്പതികൾ മരിച്ച സംഭവം‍‌; വീടിന് പെട്രോൾ ഒഴിച്ചു തീകൊളുത്തിയെന്ന് മകൻ

ആലപ്പുഴ: മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവത്തിൽ മകൻ വിജയൻ കുറ്റം സമ്മതിച്ചതായി സൂചന. സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വീടിന് പെട്രോൾ ഒഴിച്ച് തീയിട്ടതാണെന്ന് വിജയൻ സമ്മതിച്ചു.

ഇന്ന് രാവിലെയാണ് ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92), ഭാര്യ ഭാരതി (90) എന്നിവരെയാണ് പുലർച്ചെ വീടിന് തീപിടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

ഇവർക്ക് അഞ്ച് മക്കളാണുള്ളത്. മൂന്നാമത്തെ മകനാണ് വിജയൻ. ഇയാൾ ഭാര്യയും മക്കളുമായി പിണങ്ങി കഴിയുകയാണ്. ഇടയ്ക്ക് രാഘവനും ഭാരതിയും താമസിക്കുന്ന വീട്ടിലേക്ക് എത്താറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കുകയും രാഘവനെ ക്രൂരമായി മർദിക്കുകയും ചെയ്തിരുന്നു.ഇതിൽ ഇവർ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. വിജയൻ മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കളും നാട്ടുകാരും പറയുന്നു.

ആലപ്പുഴയിൽ തെരുവ് നായ ആക്രമണം: വീട്ടമ്മയുടെ മുഖം കടിച്ചുപറിച്ചു

ആലപ്പുഴയിൽ തെരുവ് നായ ആക്രമണം: വീട്ടമ്മയുടെ മുഖം കടിച്ചുപറിച്ചു

ആലപ്പുഴ: വള്ളികുന്നത് തെരുവ് നായ‌യുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. പടയണിവെട്ടം, പള്ളിമുക്ക് പ്രദേശവാസികളായ ഗംഗാധരൻ, രാമചന്ദ്രൻ, മറിയാമ്മ, ഹരികുമാർ എന്നിവർക്കാണ് പരിക്കേറ്റത്. കടിയേറ്റ ഗംഗാധരൻ, രാമചന്ദ്രൻ എന്നിവരെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലും മുഖത്ത് ഗുരുതരമായി പരിക്കേറ്റ മറിയാമ്മ (60)യെ പരുമലയിലെ സ്വകാര്യാശുപത്രയിലും ഹരികുമാറിനെ കായംകുളം സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വീട്ടമ്മയുടെ മുഖവും തെരുവ് നായ കടിച്ചുപറിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. പേയുള്ള നായയാണ് കടിച്ചതെന്ന് നാട്ടുകാർ പറയുന്നു.

പണം സോക്‌സിനുള്ളില്‍; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയില്‍

പണം സോക്‌സിനുള്ളില്‍; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയില്‍

തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍. അതിരപ്പിള്ളി വില്ലേജ് ഓഫീസര്‍ കെ എല്‍ ജൂഡിനെയാണ് വിജിലന്‍സ് പിടികൂടിയത്. ആര്‍ഒആര്‍ സര്‍ട്ടിഫിക്കറ്റിനായി 3,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ വിജിലന്‍സ് സംഘത്തിന്റെ പിടിയിലായത്.

ഭൂമി വില്‍ക്കുന്നതിന് മുമ്പ് എടുക്കുന്ന റെക്കോഡ് ഓഫ് റൈറ്റ്‌സ് സര്‍ട്ടിഫിക്കറ്റ് (ആര്‍ഒആര്‍) നല്‍കുന്നതിനാണ് വില്ലേജ് ഓഫീസര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കി, അപേക്ഷകന്‍ വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വില്ലേജ് ഓഫീസറുടെ സോക്‌സിനുള്ളില്‍ നിന്നാണ് വിജിലന്‍സ് സംഘം പണം പിടിച്ചെടുത്തത്.

വില്ലേജ് ഓഫീസറുടെ പേരില്‍ നേരത്തേയും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. 2022ല്‍ കാസര്‍കോട് ജോലി ചെയ്യുന്നതിനിടെ കൈക്കൂലി വാങ്ങിയ കേസിലെ രണ്ടാം പ്രതിയാണ് ജൂഡ്. മാളയില്‍ ജോലി ചെയ്തപ്പോഴും ഇയാള്‍ക്കെതിരെ കൈക്കൂലി ആരോപണം ഉയര്‍ന്നിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ പീഡനത്തിന് ഇരയായ യുവതി മരിച്ചു

ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ പീഡനത്തിന് ഇരയായ യുവതി മരിച്ചു

കൊച്ചി: ചോറ്റാനിക്കരയില്‍ ആണ്‍സുഹൃത്തിന്റെ ക്രൂരമായ പീഡനനത്തിന് ഇരയായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആറുദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ആണ്‍സുഹൃത്ത് യുവതിയുടെ വീട്ടിലെത്തിയത്. തര്‍ക്കമുണ്ടായതിന്റെ പേരില്‍ ഇയാള്‍ യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെ തിരിച്ചുപോയി. അന്ന് ഉച്ചകഴിഞ്ഞാണ് പെണ്‍കുട്ടിയെ അവശയായ നിലയില്‍ കണ്ടെത്തിയത്. അര്‍ധനഗ്‌നയായ ശരീരമാസകലം ചതഞ്ഞ പാടുകളുമുണ്ടായിരുന്നു. തുടർന്ന് ചോറ്റാനിക്കര പൊലീസും ബന്ധുക്കളും ജനപ്രതിനിധിയും ചേർന്ന് തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

യുവതിയുടെ മാതാവിന്റെ പരാതിയിൽ യുവതിയുടെ സുഹൃത്തായ തലയോലപ്പറമ്പ് സ്വദേശി അനൂപ് അറസ്റ്റിലായിരുന്നു. പോക്സോ അതിജീവിത കൂടിയായ പെൺകുട്ടി ഇൻസ്റ്റ​ഗ്രാമിലൂടെയാണ് പ്രതിയുമായി സൗഹൃദത്തിലായത്. ഇടയ്ക്കിടയ്ക്ക് ഇയാൾ പെൺകുട്ടി താമസിച്ചിരുന്ന ചോറ്റാനിക്കരയിലെ വീട്ടിലെത്താറുണ്ടായിരുന്നു. അമ്മയുമായി അത്ര ചേർച്ചയിലായിരുന്നില്ല പെൺകുട്ടി. അമ്മ മറ്റൊരു ക്വാട്ടേഴ്സിലായിരുന്നു താമസം. പെൺകുട്ടി സാധാരണ വീട്ടിൽ തനിച്ചായിരുന്നു താമസം.

സംഭവദിവസം തർക്കമുണ്ടായതിന്റെ പേരിൽ ഇയാൾ പെൺകുട്ടിയെ ക്രൂരമായി പീഡിക്കുകയായിരുന്നു. പെൺകുട്ടിയുടെ തല ഇയാൾ ഭിത്തിയിലിടിക്കുകയും ശ്വാസം മുട്ടിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇയാൾ പെൺകുട്ടിയോട് ചത്തൂടേ എന്ന് ചോദിച്ചതായും പോലീസ് പറയുന്നു. ഇതിന് ശേഷമാണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. പെൺകുട്ടി ഷാളിൽ തൂങ്ങി മരണവെപ്രാളത്തിലായതോടെ ഇയാൾ ഷാൾ മുറിച്ചു. അതിന് ശേഷവും അനൂപ് പെൺകുട്ടിയെ ഉപദ്രവിച്ചതായും പിന്നീട് മരിച്ചെന്ന് കരുതി രക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് പറയുന്നു. പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

കുണ്ടറ ലൈംഗിക പീഡനം: മുത്തച്ഛന്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ വൈകീട്ട്

കുണ്ടറ ലൈംഗിക പീഡനം: മുത്തച്ഛന്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ വൈകീട്ട്

കൊല്ലം: കുണ്ടറയില്‍ പതിനൊന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുത്തച്ഛന്‍ കുറ്റക്കാരനാണെന്ന് കോടതി. കൊട്ടാരക്കര അതിവേഗ കോടതിയുടേതാണ് വിധി. പ്രതിയുടെ ശിക്ഷ ഉച്ചയ്ക്ക് ശേഷം കോടതി പ്രസ്താവിക്കും. പീഡനം സഹിക്കാനാവാതെ പെണ്‍കുട്ടി പിന്നീട് ആത്മഹത്യ ചെയ്തിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. എന്നാല്‍ പൊലീസ് ആദ്യഘട്ടത്തില്‍ ഇത് അവഗണിച്ചിരുന്നു. സംഭവം വിവാദമായതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. പീഡനത്തിന്റെ ഉത്തരവാദിത്തം കുട്ടിയുടെ പിതാവിന്റെ തലയില്‍ കെട്ടിവെക്കാനും മുത്തച്ഛന്‍ ശ്രമിച്ചിരുന്നു.

എന്തെങ്കിലും വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് വീട്ടുകാരെ പ്രതിയായ മുത്തച്ഛൻ ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടിയുടെ പിതാവ് മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് അടക്കം നല്‍കിയ പരാതിയെത്തുടര്‍ന്നാണ് വീണ്ടും അന്വേഷണം നടത്തിയത്. കൊല്ലം എസ്പിയുടേയും കൊട്ടാരക്കര ഡിവൈഎസ്പി ബി കൃഷ്ണകുമാറിന്റെയും ജാഗ്രതയോടെയുള്ള അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.

സംഭവത്തിൽ കുട്ടിയുടെ മുത്തച്ഛൻ വിക്ടറിന്റെ പങ്ക് പൊലീസിനു മുന്നിൽ വെളിപ്പെടുത്തിയത് പ്രതിയുടെ ഭാര്യയും ഇരയുടെ മുത്തശ്ശിയുമായ ലതാ മേരിയാണ്. എന്നാൽ വിക്ടർ പേരക്കുട്ടിയെ പീഡിപ്പിച്ചത് മുത്തശ്ശിയുടെ അറിവോടെയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് ലതാമേരിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.