by Midhun HP News | Jan 30, 2025 | Latest News, കേരളം
കൊച്ചി: ചോറ്റാനിക്കരയില്‍ ആണ്‍സുഹൃത്തില്‍ നിന്നും ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. പെണ്‍കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്. തലയ്‌ക്കേറ്റ ക്ഷതമാണ് കൂടുതല്‍ ഗുരുതരമായിട്ടുള്ളത്. പെണ്‍കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് ആശുപത്രി അധികൃതര്‍ സൂചിപ്പിക്കുന്നത്.
സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയുടെ സുഹൃത്തായ തലയോലപ്പറമ്പ് സ്വദേശി അനൂപിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. ബലാത്സംഗ കേസും ചുമത്തിയിട്ടുണ്ട്. അനൂപിനെ ഇന്ന് വീണ്ടും പൊലീസ് വിശദമായി ചോദ്യം ചെയ്യും.
അനൂപ് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിറയെ ഇടിച്ചതിന്റെ പാടുകളുണ്ട്. മറ്റൊരാളുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടെന്ന സംശയത്താലായിരുന്നു ഉപദ്രവം. പെണ്‍കുട്ടിയുടെ വീട്ടിലെത്തുമ്പോള്‍ അനൂപ് ലഹരി ഉപയോഗിച്ചിരുന്നില്ല. പെണ്‍കുട്ടിയെ ലഹരിക്ക് അടിമയാക്കിയിരുന്നതായി പ്രതി പൊലീസിന് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. മർദ്ദനത്തിനൊടുവിൽ അനൂപ് പെൺകുട്ടിയുടെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചുവെന്നാണ് പൊലീസിന്റെ നിഗമനം. തര്‍ക്കത്തെത്തുടർന്ന് പെൺകുട്ടി സ്വയം ഷാള്‍ ഉപയോഗിച്ച് കഴുത്തിന് കുരുക്കിടുകയായിരുന്നുവെന്നാണ് അനൂപ് പൊലീസിനോട് പറഞ്ഞത്. പെൺകുട്ടിക്ക് ദേഹോപദ്രവമേട്ടിട്ടുണ്ടെന്നും അമ്മയുടെ പരാതിയിലാണ് അനൂപിനെതിരെ ബലാത്സംഗം, വധശ്രമ കേസുകൾ ചുമത്തിയതെന്നും പൊലീസ് പറഞ്ഞു. ലഹരി കേസിലെ പ്രതിയാണ് 24കാരനായ അനൂപ് എന്ന് പൊലീസ് വ്യക്തമാക്കി.
by Midhun HP News | Jan 30, 2025 | Latest News, കേരളം
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ആലത്തൂർ സബ് ജയിലിൽ അടച്ചു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനായി അടുത്ത ദിവസം അപേക്ഷ നൽകുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ചെയ്തത് തെറ്റാണെന്നും നൂറു വർഷം വേണമെങ്കിലും ശിക്ഷിച്ചോളൂവെന്നുമാണ് ചെന്താമര കോടതിയിൽ പറഞ്ഞത്.
ആലത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കിയപ്പോഴായിരുന്നു ചെന്താമരയുടെ പ്രതികരണം. കൊലപാതകം നടത്തിയത് തനിച്ചാണ്. തന്റെ ജീവിതം തകർത്തതുകൊണ്ടാണ് അതു ചെയ്തത്. എത്രയും വേഗം ശിക്ഷ നടപ്പാക്കണം. ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല. പൊലീസ് ഉപദ്രവിച്ചിട്ടില്ല. എൻജിനീയറായ മകളുടെയും മരുമകന്റെയും മുന്നിൽ മുഖം കാണിക്കാനാവില്ലെന്നും പ്രതി കോടതിയെ അറിയിച്ചു.
പ്രതി ചെന്താമര മനസ്താപമില്ലാത്ത കുറ്റവാളിയാണെന്നാണ് പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നത്. പദ്ധതി കൃത്യമായി നടപ്പാക്കിയതിന്‍റെ സന്തോഷത്തിലാണ് പ്രതി. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കൊല നടത്തുന്നതിന് കൊടുവാള്‍ വാങ്ങിയിരുന്നു. മുൻവൈരാഗ്യം വെച്ച് ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണ്. വീട്ടിൽ വിഷക്കുപ്പി വച്ച് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പ്രതി ശ്രമം നടത്തി. ചെന്താമര പുറത്തിറങ്ങിയാൽ ഒരു പ്രദേശത്തിന് മുഴുവൻ ഭീഷണിയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
by Midhun HP News | Jan 30, 2025 | Latest News, കേരളം
കൊച്ചി: കൊച്ചി വിമാനത്താവളത്തെ കണക്ട് ചെയ്ത് മെട്രോ മൂന്നാം ഘട്ടത്തില്‍ ആലുവയില്‍ നിന്ന് അങ്കമാലിയിലേക്ക് സര്‍വീസ് നീട്ടുക എന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കാനുള്ള പ്രാരംഭനടപടികള്‍ക്ക് തുടക്കം. ഡിപിആര്‍ തയ്യാറാക്കാന്‍ കെഎംആര്‍എല്‍ കണ്‍സള്‍ട്ടന്‍സികളില്‍നിന്ന് ടെണ്ടര്‍ ക്ഷണിച്ചു.
കൊച്ചിയില്‍ മെട്രോ ആരംഭിച്ചപ്പോള്‍ത്തന്നെ വിമാനത്താവളത്തിലേക്ക് നീട്ടണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. വിമാനത്താവളത്തിലേക്കുള്ള യാത്രാസൗകര്യത്തിനുപുറമേ നെടുമ്പാശേരി, അങ്കമാലി പ്രദേശങ്ങളിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും. പ്രാദേശിക വികസനത്തിനും പാത നീട്ടിയാല്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
മൂന്നാം ഘട്ടവുമായി ബന്ധപ്പെട്ട് ആറുമാസത്തിനുള്ളില്‍ ഡിപിആര്‍ സമര്‍പ്പിക്കണം. സാമ്പത്തികമായി ഏറ്റവും അനുയോജ്യവും കാര്യക്ഷമവുമായ പദ്ധതി തയ്യാറാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി എലിവേറ്റഡ്, ഭൂഗര്‍ഭ പാതകളാണോ രണ്ടുംചേര്‍ന്നതാണോ സാമ്പത്തികമായി കൂടുതല്‍ അഭികാമ്യമെന്ന് കണ്ടെത്താനും ഡിപിആര്‍ തയ്യാറാക്കാനുമാണ് കെഎംആര്‍എല്‍ നിര്‍ദേശം. ഏറ്റെടുക്കേണ്ട സ്ഥലവും മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ എണ്ണവും പരമാവധി കുറയ്ക്കണമെന്നും നിര്‍ദേശിച്ചു. ഫെബ്രുവരി 10 മുതല്‍ 17 വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം. 19ന് ടെണ്ടര്‍ തുറക്കും.
നിലവിലെ പാതയുമായി ബന്ധമില്ലാതെ, സ്വതന്ത്രപാതയായി പദ്ധതി നടപ്പാക്കാനുള്ള സാധ്യത പഠിച്ച് പ്രത്യേകം റിപ്പോര്‍ട്ട് നല്‍കണം. ആലുവ- അങ്കമാലി പാത ഭാവിയില്‍ ഗിഫ്റ്റ് സിറ്റി പ്രദേശത്തേക്ക് നീട്ടുന്നതുസംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനും നിര്‍ദേശമുണ്ട്. പാതയുടെ ദൈര്‍ഘ്യം, സ്റ്റേഷനുകളുടെയും യാത്രക്കാരുടെയും എണ്ണം, സ്ഥലം ഏറ്റെടുക്കാനുള്ള ചെലവ്, സമയം തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ചാകും ഡിപിആര്‍ തയ്യാറാക്കുക. ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയശേഷം രണ്ടാംഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് കെഎംആര്‍എല്‍. ജെഎല്‍എന്‍ സ്റ്റേഡിയം മുതല്‍ ഇന്‍ഫോ പാര്‍ക്ക് വരെയുള്ള രണ്ടാം ഘട്ട നിര്‍മാണം പുരോഗമിക്കുകയാണ്. ഇതിനുപിന്നാലെയാണ് മെട്രോ അങ്കമാലിയിലേക്ക് നീട്ടാനുള്ള നടപടി ആരംഭിച്ചത്.
by Midhun HP News | Jan 30, 2025 | Latest News, കേരളം
കൊച്ചി: സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കി നല്‍കാന്‍ 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍. കൊച്ചി കോര്‍പ്പറേഷനിലെ 16-ാം സര്‍ക്കിള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അഖില്‍ ജിഷ്ണു ആണ് വിജിലന്‍സിന്റെ പിടിയിലായത്. പാല്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നടത്തുന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കി നല്‍കുന്നതിനായാണ് അഖില്‍ കൈക്കൂലി വാങ്ങിയത്.
പരാതിക്കാരനായ കടക്കാരന്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കി നല്‍കാനായി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ലൈസന്‍സ് പുതുക്കാന്‍ അഖില്‍ ജിഷ്ണു പണം ആവശ്യപ്പെട്ടു. ഇക്കാര്യം പരാതിക്കാന്‍ വിജിലന്‍സില്‍ അറിയിച്ചു. തുടര്‍ന്നാണ് വിജിലന്‍സ് സംഘം പ്രതിയെ പിടികൂടുന്നത്. ആലുവ എന്‍എഡി റോഡ് കൊടികുത്തിമല ജുമാ മസ്ജിദിന് സമീപത്ത് ബുധന്‍ വൈകിട്ട് പരാതിക്കാരനില്‍നിന്ന് പണം കൈപ്പറ്റാനെത്തിയപ്പോഴാണ് പെരിന്തല്‍മണ്ണ സ്വദേശിയായ ഇയാളെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
വിജിലന്‍സ് പറഞ്ഞതനുസരിച്ച് കച്ചവടക്കാരന്‍ പണം നല്‍കാമെന്ന് അഖിലിനെ അറിയിച്ചു. ഇതുപ്രകാരം പണം വാങ്ങാനായി അഖില്‍ ബൈക്കിലെത്തി. തുടര്‍ന്ന് പണം കൈമാറി. വിജിലന്‍സ് നല്‍കിയ ഫിനോഫ്തിലിന്‍ പുരട്ടിയ നോട്ടുകളാണ് കടക്കാരന്‍ അഖിലിന് കൈമാറിയത്. പിന്നാലെ വിജിലന്‍സ് എത്തി അഖിലിനെ കൈയ്യോടെ പിടികൂടുകയായിരുന്നു. വിജിലന്‍സ് മധ്യമേഖല എസ്പി എസ് ശശിധരന്റെ നിര്‍ദ്ദേശപ്രകാരം വിജിലന്‍സ് എറണാകുളം യൂണിറ്റ് ഡിവൈഎസ്പി ജി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
by Midhun HP News | Jan 30, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോര്‍ഡ് തിരുത്തി കുതിക്കുന്നു. ഇന്ന് പവന് 120 രൂപയാണ് വര്‍ധിച്ചത്. 60,880 രൂപയായി ഉയര്‍ന്ന് 61,000 കടന്നും കുതിക്കുമെന്ന സൂചനയാണ് നല്‍കിയത്. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 7610 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞയാഴ്ചയാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു സ്വര്‍ണവില. 30 ദിവസത്തിനിടെ 3600 രൂപയാണ് വര്‍ധിച്ചത്.
by Midhun HP News | Jan 30, 2025 | Latest News, കേരളം
തിരുവനന്തപുരം: തിരുവനന്തപുരത്ത് മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവാണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം വീടിന് സമീപമുള്ള കിണറ്റില്‍ നിന്നാണ് കണ്ടെത്തിയത്. ബാലരാമപുരം കോട്ടുല്‍കാല്‍ക്കോണത്താണ് സംഭവം.
ഇന്ന് രാവിലെ മകളെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മാതാവിന്റെ സഹോദരന് സംഭവത്തില്‍ ബന്ധമുണ്ടോയെന്ന സംശയം ബന്ധുക്കള്‍ക്കുണ്ട്. ഇക്കാര്യം ഇവര്‍ പൊലീസിനെ അറിയിച്ചിരുന്നു.
Recent Comments