by Midhun HP News | Jan 29, 2025 | Latest News, കേരളം
ചിറയിൻകീഴ് : അന്തരിച്ച പ്രമുഖ നടനും ഭരത് അവാർഡ് ജേതാവും ചിറയിൻകീഴ് സ്വദേശിയുമായ ഭരത് ഗോപിയുടെ പതിനേഴാമത് ചരമ വാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ് ചിറയിൻകീഴ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്‌മൃതി സദസ്സ് സംഘടിപ്പിച്ചു.
ചിറയിൻകീഴ് ശാർക്കര ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടി കോൺഗ്രസ് ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡന്റ് കെ.ആർ.അഭയൻ ഉദ്ഘാടനം ചെയ്തു. ശാർക്കര മണ്ഡലം പ്രസിഡന്റ് മോനി ശാർക്കര അധ്യക്ഷനായി.
ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പുതുക്കരി പ്രസന്നൻ, കോൺഗ്രസ്സ് ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് സുനിൽ പെരുമാതുറ, കൂന്തള്ളൂർ മണ്ഡലം പ്രസിഡന്റ് ബിജു കിഴുവിലം, കിഴുവിലം മണ്ഡലം പ്രസിഡന്റ് കടയറ ജയചന്ദ്രൻ, ബ്ലോക്ക് ഭാരവാഹികളായ സുരേഷ്കുമാർ, ഷാനവാസ്, രാധാകൃഷ്ണൻ, അശോകൻ, കൃഷ്ണകുമാർ, അഭിലാഷ്, നൗഷാദ് കിഴുവിലം, താഹ, ബിനോയ് എസ് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
by Midhun HP News | Jan 29, 2025 | Latest News, കേരളം
റോഡില്‍ ‘വേല’ കാണിച്ചാല്‍ ഇനി ഗാന്ധിഭവനില്‍ ‘വേല’ ചെയ്യേണ്ടി വരും. ഗതാഗതവകുപ്പ് ആരംഭിച്ച സന്മാര്‍ഗ്ഗ പരിശീലന കേന്ദ്രo പത്തനാപുരം ഗാന്ധിഭവനില്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. റോഡ് അപകടങ്ങളുടെ ശിക്ഷാനടപടികള്‍ മാതൃകാപരമാക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം.അശ്രദ്ധയും അഹംഭാവവുമാണ് റോഡില്‍ അപകടകരമായി വാഹനമോടിക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഓരോത്തരുടേയും ഉള്ളില്‍ കിടക്കുന്ന ഞാന്‍ എന്ന ഭാവം മാറിയാല്‍ത്തന്നെ അന്‍പതു ശതമാനത്തോളം റോഡപകടങ്ങളും കുറയുമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി. ഇത്തരക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കുന്നതിന്റെ ഭാഗമാണ് പുതിയ പദ്ധതിയെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. വണ്ടിയുടെ പുറത്തിരുന്ന് യാത്ര ചെയ്യുകയും ഡാന്‍സ് കളിക്കുകയുമൊക്കെ ചെയ്തപ്പോള്‍ അതൊരു തെറ്റായ നടപടിയാണെന്ന് തോന്നി. പക്ഷേ കുഞ്ഞുങ്ങളല്ലെ. നമുക്കവരെ ശിക്ഷിക്കുന്നതിന് ഒരു മര്യാദയൊക്കെയുണ്ട്. അതിനാണ് പുതിയ പരിപാടി – അദ്ദേഹം വ്യക്തമാക്കി.വാഹനം ഓടിക്കുന്നത് മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ വേണ്ടിയല്ലെന്നും മന്ത്രിയുടെ ഓര്‍മ്മപ്പെടുത്തല്‍.മോട്ടോര്‍വാഹന നിയമങ്ങള്‍ ലംഘിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയും ചെറുപ്പക്കാരെയും പത്തനാപുരം ഗാന്ധിഭവനില്‍ എത്തിച്ച് നിശ്ചിതകാലം താമസിച്ചു സന്‍മാര്‍ഗ്ഗ പരിശീലനം നല്‍കും. ഗാന്ധിഭവന്‍ ചെയര്‍പേഴ്സണ്‍ ഷാഹിദാ കമാല്‍ അദ്ധ്യക്ഷയായ ചടങ്ങില്‍ ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ സ്വാഗതം പറഞ്ഞു.ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു ചക്കിലം,അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും കെ.എസ്.ആര്‍.ടി.സി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പി.എസ്. പ്രമോജ് ശങ്കര്‍ ,തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. ഗാന്ധിഭവന്‍ വൈസ് ചെയര്‍മാന്‍ പി.എസ്. അമല്‍രാജ് നന്ദി പറഞ്ഞു.
by Midhun HP News | Jan 29, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. രാവിലെ 11 മണി മുതൽ വൈകിട്ട് മൂന്ന് വരെയുളള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്നും നിർദ്ദേശമുണ്ട്. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരാനും ശ്രദ്ധിക്കണം.
സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.
പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്‌ളാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകൾ 11 am മുതൽ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക.
പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതൽ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യിൽ വെള്ളം കരുതുക.
നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.
കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കുടിവെള്ളം കയ്യിൽ കരുതുക.
അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
കാലാവസ്ഥാ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
by Midhun HP News | Jan 29, 2025 | Latest News, കേരളം
ജിമ്മുകളിൽ നിന്നും പിടിച്ചെടുത്ത മരുന്നുകളിൽ പല രോഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകളും ഉൾപ്പെടും. തൃശൂരിലെ ഒരു ജിം ട്രെയിനറുടെ വീട്ടിൽ നിന്ന് വൻതോതിലുള്ള മരുന്ന് ശേഖരം വകുപ്പിലെ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. പിടിച്ചെടുത്ത മരുന്നുകൾ എല്ലാം തന്നെ സ്റ്റിറോയ്ഡുകൾ അടങ്ങിയവയാണ്. ഡോക്ടറുടെ കുറിപ്പടി പ്രകാരം മാത്രം കഴിക്കേണ്ട മരുന്നുകളാണ് ഇവ. ഇത്തരം മരുന്നുകൾ അംഗീകൃത ഫാർമസികൾക്ക് മാത്രമേ വിൽക്കാൻ അധികാരമുള്ളൂ. ഇത്തരത്തിലുള്ള മരുന്നുകളുടെ ഉപയോഗം കൊണ്ട് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
ജിമ്മുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ ശക്തമാക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. മന്ത്രിയുടെ നിർദേശ പ്രകാരം യുവജനങ്ങളിൽ ഇത്തരത്തിലുള്ള മരുന്നുകളുടെ ദൂഷ്യഫലങ്ങളെപ്പറ്റി ബോധവത്ക്കരണം നൽകാനായി അവബോധ ക്ലാസുകൾ നടത്താനും വകുപ്പ് തീരുമാനമെടുത്തിട്ടുണ്ട്.
by Midhun HP News | Jan 29, 2025 | Latest News, കേരളം
തിരുവനന്തപുരം നഗരത്തിന്റെ മുഖം മാറാനൊരുങ്ങുന്നു. തിരുവനന്തപുരം നഗരത്തിലും മെഡിക്കല്‍ കോളേജ് പരിസരങ്ങളും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഇനി കൂടുതല്‍ സിംപിളാകും. കോര്‍പ്പറേഷന്റെ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ ഒഴിവറിയാനും പാര്‍ക്കിങ് ബുക്ക് ചെയ്യാനും ആപ്പിലൂടെ സൗകര്യമൊരുക്കുകയാണ് അധികൃതര്‍.
സ്മാര്‍ട്ട് ട്രിവാന്‍ഡ്രം ആപ്പിലാണ് പാര്‍ക്കിങ്ങിന്റെ പുതിയ സംവിധാനം കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് തങ്ങളുടെ അടുത്തുള്ള പാര്‍ക്കിങ് സംവിധാനം അറിയുവാനും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനായി ആപ്പില്‍ മുന്‍കൂട്ടി ബുക്കിങ് നടത്താനും സാധിക്കും.കോര്‍പ്പറേഷന്റെ തമ്പാനൂര്‍, പാളയം, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ മള്‍ട്ടിലെവല്‍ പാര്‍ക്കിങ്ങും കിഴക്കേക്കോട്ട ഗാന്ധിപാര്‍ക്ക്, പുത്തരിക്കണ്ടം മൈതാനം എന്നിവിടങ്ങളിലെ പാര്‍ക്കിങ് സംവിധാനങ്ങള്‍ എന്നിവയാണ് ആദ്യഘട്ടമെന്ന നിലയില്‍ ആപ്പില്‍ ഉള്‍പ്പെടുത്തുക.
നഗരത്തില്‍ പാര്‍ക്കിങ് ബുദ്ധിമുട്ട് ഒഴിവാക്കാനും അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് തടയാനും പുതിയ സംവിധാനം ഉപകാരപ്പെടും. രണ്ടാം ഘട്ടത്തില്‍ റോഡുകളിലെ പാര്‍ക്കിങ് സ്ഥലങ്ങളില്‍ സെന്‍സറുകള്‍ സ്ഥാപിച്ച് ആപ്പില്‍ ഉള്‍പ്പെടുത്തും.
by Midhun HP News | Jan 29, 2025 | Latest News, കേരളം
കുന്നത്തൂർ സബ് ആർ ടി ഓഫീസിൻ പരിധിയിൽ യാത്ര ചെയ്ത KL04 AH 5423 എന്ന നമ്പറിലുള്ള വാഹനത്തിന് 25/1/25 ൽ ഇ ചലാൻ തയ്യാറാക്കിയതിനെ തുടർന്ന് വാഹനത്തിൻ്റെ റെജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ ഉള്ള നമ്പറിലേക്ക് മെസേജ് പോവുകയും. വാഹന ഉടമ പരിശോധന നടത്തിയ എംവിഐ മുഹമ്മദ് സുജീറിനെ ബന്ധപ്പെടുകയും തൻ്റെ വാഹനം ആ വഴി പോയില്ല എന്നറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ വാഹനത്തിൻ്റെ മുൻകാല ചലാനുകളും എ ഐ ക്യാമറയിൽ പതിഞ്ഞ ഫോട്ടോകളും വിശദമായി പരിശോധിച്ച് സമീപ പ്രദേശങ്ങളിൽ നിന്ന് ഉള്ള വ്യക്തികളിൽ നിന്ന് ഓടിച്ച ആളിനെ തിരിച്ചറിയുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് ഈ വാഹനത്തിൻ്റെ ചേസിസ് നമ്പർ വച്ച് നടത്തിയ അന്വേഷണത്തിൽ നമ്പർ വ്യാജമാണെന്നും പ്രസ്തുത വാഹനം ഒരു വർഷം മുൻപ് കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും മോഷണം പോയ കൊല്ലം സ്വദേശിയുടേത് ആണെന്നും മനസ്സിലായി. വാഹനം തുടർ നടപടികൾക്കായി ശൂരനാട് പോലീസിന് കൈമാറി.
കൃത്യമായ മൊബൈൽ നമ്പർ റെജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ അപ്ഡേറ്റ് ചെയ്തതിനാൽ യഥാർത്ഥ ഉടമസ്ഥൻ വലിയ പ്രശ്നങ്ങളിൽ നിന്ന് ഒഴിവായി.
Recent Comments