ശ്രീഹരിക്കോട്ടയിലെ 100-ാം വിക്ഷേപണം നൂറുമേനി വിജയം; എൻവിഎസ്-02 ഉപഗ്രഹം ഭ്രമണപഥത്തിൽ, ഐഎസ്ആര്‍ഒയ്ക്ക് അഭിമാനം

ശ്രീഹരിക്കോട്ടയിലെ 100-ാം വിക്ഷേപണം നൂറുമേനി വിജയം; എൻവിഎസ്-02 ഉപഗ്രഹം ഭ്രമണപഥത്തിൽ, ഐഎസ്ആര്‍ഒയ്ക്ക് അഭിമാനം

ശ്രീഹരിക്കോട്ട: ബഹിരാകാശ രംഗത്ത് പുതു ചരിത്രമെഴുതി ഐഎസ്ആര്‍ഒയും ഇന്ത്യയും. രാജ്യത്തിന്‍റെ അഭിമാനമായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്നുള്ള 100-ാം വിക്ഷേപണ ദൗത്യം ഇസ്രൊ വിജയത്തിലെത്തിച്ചു. ഇന്ന് രാവിലെ 6.23ന് രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് കുതിച്ചുയര്‍ന്ന ജിഎസ്എൽവി-എഫ്15 റോക്കറ്റ് രണ്ടാംതലമുറ ഗതിനിര്‍ണായ ഉപഗ്രഹമായ എൻവിഎസ്-2 വിജയകരമായി ഭ്രമണപഥത്തില്‍ വിന്യസിച്ചു. ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍ സംവിധാനമായ നാവിക് ശൃംഖലയുടെ ഭാഗമാണ് എന്‍വിഎസ്-02 സാറ്റ്‌ലൈറ്റ്. മലയാളിയായ തോമസ് കുര്യനായിരുന്നു GSLV-F15/NVS-02 മിഷന്‍ ഡയറക്ടര്‍. നൂറഴകില്‍ ശ്രീഹരിക്കോട്ട, ഐഎസ്ആര്‍ഒ

1979ലാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഇസ്രൊ ആദ്യ വിക്ഷേപണം നടത്തിയത്. അന്നത്തെ കന്നി ദൗത്യ സ്വപ്നങ്ങള്‍ 317-ാം സെക്കന്‍ഡില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അസ്തമിച്ചു. എന്നാല്‍ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കുതിച്ച ഐഎസ്ആര്‍ഒ നാല് വീതം എസ്എല്‍വി-3, എഎസ്എല്‍വി വിക്ഷേപണങ്ങളും, 62 പിഎസ്എല്‍വി വിക്ഷേപണങ്ങളും, 17 ജിഎസ്എല്‍വി വിക്ഷേപണങ്ങളും (ഇന്നത്തേത് ഉള്‍പ്പടെ), ഏഴ് എല്‍വിഎം-3 വിക്ഷേപണങ്ങളും, മൂന്ന് എസ്എസ്എല്‍വി വിക്ഷേപണങ്ങളും, ഓരോ ആര്‍എല്‍വി ഹെക്സ്, ടെസ്റ്റ് വെഹിക്കിള്‍ (ടിവി ഡി1), പാറ്റ് വിക്ഷേപണങ്ങളും ശ്രീഹരിക്കോട്ടയില്‍ നടത്തി വിജയഗാഥ രചിച്ചു.
ജിപിഎസിനെ വിറപ്പിക്കാന്‍ നാവിക്?

ഗതിനിര്‍ണയ രംഗത്ത് അമേരിക്കയുടെ ജിപിഎസിന് കനത്ത വെല്ലുവിളി സൃഷ്ടിക്കാന്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക നാവിഗേഷന്‍ സംവിധാനമാണ് ‘നാവിക്’ ( NaVIC). നാവിക് സിഗ്നലുകള്‍ പൊതുജനങ്ങള്‍ക്ക് മൊബൈല്‍ ഫോണില്‍ ലഭ്യമാക്കാന്‍ കഴിയുന്ന എല്‍1 ബാന്‍ഡിലുള്ള ഏഴ് നാവിഗേഷന്‍ സാറ്റ‌്‌ലൈറ്റുകളാണ് ഇസ്രൊ വിക്ഷേപിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഏഴെണ്ണത്തില്‍ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഇന്നത്തോടെ പൂര്‍ത്തിയായി. അമേരിക്കയുടെ ജിപിഎസിനെയും, റഷ്യയുടെ ഗ്‌ളാനോസിനെയും, ചൈനയുടെ ബേദൗയെയും, യൂറോപ്യന്‍ യൂണിയന്‍റെ ഗലീലിയെയും വെല്ലുന്ന നാവിഗേഷന്‍ സംവിധാനമാണ് ഐഎസ്ആര്‍ഒ അണിയിച്ചൊരുക്കുന്ന നാവിക്. എല്ലാത്തരം ഗതാഗത സംവിധാനങ്ങള്‍ക്കും ലൊക്കേഷന്‍ അധിഷ്ഠിത സേവനങ്ങള്‍ക്കും സര്‍വേകള്‍ക്കും നാവിക് ഗുണം ചെയ്യും.

പ്രിൻ്റ് മീഡിയയെ സംരക്ഷിക്കേണ്ടത്പ്രബുദ്ധമായ സമൂഹത്തിൻ്റെ ബാധ്യത – എൻ. പി. എ. എ

പ്രിൻ്റ് മീഡിയയെ സംരക്ഷിക്കേണ്ടത്പ്രബുദ്ധമായ സമൂഹത്തിൻ്റെ ബാധ്യത – എൻ. പി. എ. എ

കോഴിക്കോട് : പൊതു സമൂഹത്തെ ജനാധിപത്യ, സാമൂഹിക, സാംസ്കാരിക ബോധമുള്ളവരാക്കി നിലനിർത്തിയതിൽ ദിനപത്രങ്ങൾ നിർവ്വഹിച്ച പങ്ക് നിസ്തുലമാണെന്നും സാമൂഹ്യ മാധ്യമങ്ങളുടെ കാലത്തും ദിനപത്രങ്ങളുടെ മൂല്യങ്ങൾ തകരാതെ സംരക്ഷിക്കേണ്ടതുണ്ടെന്നും പ്രമുഖ മാധ്യമ പ്രവർത്തകൻ വിനു വി ജോസ് പറഞ്ഞു.

ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡൻ്റ് പി.കെ സത്താർ അധ്യക്ഷത വഹിച്ചു. അനൗപചാരിക വിദ്യാഭ്യാസത്തിൻ്റെ ഗേറ്റ് വേ ആയിരുന്നു പഴയ തലമുറക്ക് ദിനപത്രങ്ങളുടെ വായനയെന്നും പുതു തലമുറ ആ നല്ല ശീലം ഉപേക്ഷിച്ചിരിക്കുന്നത്
കാരണം വിദ്യാർത്ഥികളിൽ പോലും പൊതു വിജ്ഞാനം നന്നേ കുറയാൻ കാരണമായെന്നും മുഖ്യാതിഥിയായി സംസാരിച്ച മുൻമന്ത്രി അഹമ്മദ് ദേവർ കോവിൽ എം.എൽ.എ പറഞ്ഞു. സമ്മേളന ലോഗോ ഡിസൈനിംങ് മത്സര
വിജയിക്കുള്ള ആദരവ് കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് നിർവ്വഹിച്ചു. എൻ.പി.എ എ ദേശീയ വൈസ് പ്രസിഡന്റ് ഭഗവത് നാരായണൻ ചൗരസ്യ മുഖ്യ പ്രഭാഷണം നടത്തി. പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ , കോഴിക്കോട് കൗൺസിലർ നവ്യ ഹരിദാസ്, കർണ്ണാടക പത്രവിതരണ കൂട്ടായ്മ സംഘം പ്രിസിഡൻ്റ് ശംഭുലിംഗ , നിസരി സൈനുദ്ദീൻ, ഒ.സി ഹനീഫ, സി.പി അബ്ദുൽ വഹാബ്, സംസ്ഥാന ജന. സെക്രട്ടറി ചേക്കുട്ടി കരിപ്പൂർ, ട്രഷറർ പി.വി. അജീഷ്പ്രസംഗിച്ചു.

പത്ര ഏജൻ്റുമാരായി ദീർഘകാലം സേവനം ചെയ്തവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് സാംസ്കാരിക പരിപാടികൾ നടന്നു. പത്ര വായനക്ക് ഗ്രേസ് മാർക്ക് നൽകാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും
പത്ര ഏജൻ്റുമാർക്ക് ക്ഷേമനിധി ഏർപ്പെടുത്തണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
ആയിരങ്ങൾ പങ്കെടുത്ത പത്ര ഏജൻ്റുമാരുടെ റാലി സംഘടനയുടെ കരുത്ത് കാട്ടുന്നതായി. സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നും ഏജൻ്റുമാരും കുടുംബാംഗങ്ങളുമുൾപ്പെടെയുള്ളവരാണ്
പ്രകടനത്തിൽ അണിനിരന്നത്. നാസിക് ഡോളും, ചെണ്ട മേളവും, കൈകൊട്ടി കളിയും
പ്രകടനത്തിന് മാറ്റുകൂട്ടി.

ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ സംസ്ഥാന നേതാക്കളായ പി.കെ സത്താർ, ചേക്കുട്ടി കരിപ്പൂർ, പി.വി അജീഷ്, സി.പി അബ്ദുൽ വഹാബ്, സലീം രണ്ടത്താണി, രാമചന്ദ്രൻ നായർ, ടി.പി. ജനാർദ്ധൻ , ബാബു വർഗീസ്, അരുൺ നായർ, എം ഉണ്ണി കൃഷ്ണൻ നായർ, കെ.എ യാക്കൂബ് എന്നിവർ റാലിക്ക് നേതൃത്വം നൽകി.

പവന് 680 രൂപ കൂടി; സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍

പവന് 680 രൂപ കൂടി; സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 60,760 രൂപയാണ്. പവന് 680 രൂപയാണ് കൂടിയത്.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7,595 രൂപ. ഗ്രാമിന് 85 രൂപയാണ് കൂടിയത്. റെക്കോര്‍ഡ് ഉയരത്തില്‍ മാറ്റമില്ലാതെ രണ്ടു ദിവസം തുടര്‍ന്ന സ്വര്‍ണ വില കഴിഞ്ഞ രണ്ടു ദിവസമായി കുറഞ്ഞിരുന്നു. എങ്കിലും 60,000ന് മുകളില്‍ തന്നെ തുടര്‍ന്നു.

കഴിഞ്ഞയാഴ്ചയാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയിലെ ബാധിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

വനിതാ രത്നങ്ങള്‍ക്ക് ആദരം; 11 വനിതകള്‍ക്ക് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ ദേവി അവാര്‍ഡ് സമ്മാനിച്ചു

വനിതാ രത്നങ്ങള്‍ക്ക് ആദരം; 11 വനിതകള്‍ക്ക് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ ദേവി അവാര്‍ഡ് സമ്മാനിച്ചു

ചെന്നൈ: വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച 11 വനിതാ രത്നങ്ങളെ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് ദേവി അവാര്‍ഡ് നല്‍കി ആദരിച്ചു. ചെന്നൈ ഗ്രാന്‍ഡ് ചോള ഹോട്ടലാണ് 31-ാമത് ദേവി അവാര്‍ഡ് ദാന ചടങ്ങിന് വേദിയായത്.

ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്ന അപ്പോളോ ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. പ്രീത റെഡ്ഡി, വിവിധ മേഖലയില്‍ നേട്ടം കൈവരിച്ച സ്ത്രീകള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചാവ്‌ല, ഗ്രൂപ്പ് സിഇഒ ലക്ഷ്മി മേനോന്‍ എന്നിവര്‍ പങ്കെടുത്തു.

കര്‍ണാടക സംഗീതജ്ഞ സുധ രഘുനാഥന്‍, കവിയും എഴുത്തുകാരിയുമായ അരുന്ധതി സുബ്രഹ്മണ്യം, നര്‍ത്തകി ചിത്ര വിശ്വേശ്വരന്‍, വിദ്യാഭ്യാസ പ്രവര്‍ത്തക ഡോ. സുധ ശേഷായന്‍, സംഗീതജ്ഞ ഖദീജ റഹ്മാന്‍, വിദ്യാഭ്യാസ പ്രവര്‍ത്തക ഓമന തോമസ്, അര്‍ജുന അവാര്‍ഡ് ജേതാവായ പാരാലിംപിക് താരം ഗെര്‍ലിന്‍ അനിക, വ്യവസായി ഡോ. ലക്ഷ്മി വേണു, സോള്‍ഫ്രീ ഫൗണ്ടേഷന്‍ സഹസ്ഥാപക പ്രീതി ശ്രീനിവാസന്‍, സംരംഭകരായ രാജവള്ളി രാജീവ്, സുചിത്ര ബാലസുബ്രഹ്മണ്യന്‍ എന്നിവരാണ് അവാര്‍ഡ് സ്വീകരിച്ചവര്‍.

സഞ്ജു ഉള്‍പ്പെടെ ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി; മൂന്നാം ടി20യില്‍ ഇംഗ്ലണ്ടിന് 26 റണ്‍സ് ജയം

സഞ്ജു ഉള്‍പ്പെടെ ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി; മൂന്നാം ടി20യില്‍ ഇംഗ്ലണ്ടിന് 26 റണ്‍സ് ജയം

രാജ്‌കോട്ട്: മൂന്നാം ടി20യില്‍ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 26 റണ്‍സ് ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. 35 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

രണ്ടാം ഏകദിനത്തിലും സഞ്ജു സാംസണ്‍(3) മോശം പ്രകടനമാണ് കാഴ്ചവെച്ചത്. 14 പന്തില്‍ 24 റണ്‍സ് നേടിയ അഭിഷേക് ശര്‍മ, 7 പന്തില്‍ 14 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവ്, 14 പന്തില്‍ 18 റണ്‍സ് നേടിയ തിലക് വര്‍മ, 16 പന്തില്‍ 15 റണ്‍സ് നേടിയ അക്ഷര്‍ പട്ടേല്‍, 15 പന്തില്‍ 6 റണ്‍സ് നേടിയ വാഷിങ് ടണ്‍ സുന്ദര്‍, മുഹമ്മദ് ഷമി നാല് പന്തില്‍ 7, എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

നേരത്തെ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 171 റണ്‍സ് സ്‌കോര്‍ ചെയ്തത്. ബെന്‍ഡക്കറ്റിന്റെയും (51) ലിയാം ലിവിങ്സ്റ്റണിന്റെയും (43) വെടിക്കെട്ട് ബാറ്റിങ്ങാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്.

ഏഴ് റണ്‍സെടുക്കുന്നതിനിടെ ഒരു വിക്കറ്റ് നഷ്ടമായെങ്കിലും 83 ന് രണ്ട് എന്ന നിലയിലേക്ക് എത്തി. രണ്ടാം വിക്കറ്റില്‍ ജോസ് ബട്ലര്‍ (24)- ഡക്കറ്റ് സഖ്യം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ ഇരുവരുടെയും വിക്കറ്റ് നഷ്മായതോടെ 87 ന് മൂന്ന് എന്ന നിലയിലേക്ക് വീണു. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണതോടെ ഇംഗ്ലണ്ടിന്റെ സ്‌കോറിങ് വേഗം കുറഞ്ഞു. ലിവിങ്സ്റ്റോണിന് മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി അഞ്ചുവിക്കറ്റുകള്‍ വീഴ്ത്തി. ഹര്‍ദിക് പാണ്ഡ്യ രണ്ടും രവി ബിഷ്ണോയ് അകസര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

കുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് 14 മരണമെന്ന് റിപ്പോര്‍ട്ട്

കുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് 14 മരണമെന്ന് റിപ്പോര്‍ട്ട്

ലഖ്നൗ: മഹാ കുംഭമേളയില്‍ മൗനി അമാവാസി ചടങ്ങുകൾക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 14 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 50-ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ 1.30 ഓടെയായിരുന്നു അപകടം.

കനത്ത സുരക്ഷ ഒരുക്കിയിരുന്നെങ്കിലും പുലർച്ചെയോടെ വലിയ ജനത്തിരക്ക് ഉണ്ടായിരുന്നു. തിക്കിലും തിരക്കിലും ബാരിക്കേഡുകള്‍ തകര്‍ന്നാണ് അപകടം.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നിലവിലെ സാഹചര്യം വിലയിരുത്തി. അതേസമയം തിരക്കിനെ തുടര്‍ന്ന് അമൃത് സ്നാന ചടങ്ങുകൾ നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു.