by Midhun HP News | Jan 29, 2025 | Latest News, കേരളം
ചെന്നൈ: വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച 11 വനിതാ രത്നങ്ങളെ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് ദേവി അവാര്‍ഡ് നല്‍കി ആദരിച്ചു. ചെന്നൈ ഗ്രാന്‍ഡ് ചോള ഹോട്ടലാണ് 31-ാമത് ദേവി അവാര്‍ഡ് ദാന ചടങ്ങിന് വേദിയായത്.
ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്ന അപ്പോളോ ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. പ്രീത റെഡ്ഡി, വിവിധ മേഖലയില്‍ നേട്ടം കൈവരിച്ച സ്ത്രീകള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചാവ്‌ല, ഗ്രൂപ്പ് സിഇഒ ലക്ഷ്മി മേനോന്‍ എന്നിവര്‍ പങ്കെടുത്തു.
കര്‍ണാടക സംഗീതജ്ഞ സുധ രഘുനാഥന്‍, കവിയും എഴുത്തുകാരിയുമായ അരുന്ധതി സുബ്രഹ്മണ്യം, നര്‍ത്തകി ചിത്ര വിശ്വേശ്വരന്‍, വിദ്യാഭ്യാസ പ്രവര്‍ത്തക ഡോ. സുധ ശേഷായന്‍, സംഗീതജ്ഞ ഖദീജ റഹ്മാന്‍, വിദ്യാഭ്യാസ പ്രവര്‍ത്തക ഓമന തോമസ്, അര്‍ജുന അവാര്‍ഡ് ജേതാവായ പാരാലിംപിക് താരം ഗെര്‍ലിന്‍ അനിക, വ്യവസായി ഡോ. ലക്ഷ്മി വേണു, സോള്‍ഫ്രീ ഫൗണ്ടേഷന്‍ സഹസ്ഥാപക പ്രീതി ശ്രീനിവാസന്‍, സംരംഭകരായ രാജവള്ളി രാജീവ്, സുചിത്ര ബാലസുബ്രഹ്മണ്യന്‍ എന്നിവരാണ് അവാര്‍ഡ് സ്വീകരിച്ചവര്‍.
by Midhun HP News | Jan 29, 2025 | Latest News, കേരളം
രാജ്‌കോട്ട്: മൂന്നാം ടി20യില്‍ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 26 റണ്‍സ് ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. 35 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
രണ്ടാം ഏകദിനത്തിലും സഞ്ജു സാംസണ്‍(3) മോശം പ്രകടനമാണ് കാഴ്ചവെച്ചത്. 14 പന്തില്‍ 24 റണ്‍സ് നേടിയ അഭിഷേക് ശര്‍മ, 7 പന്തില്‍ 14 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവ്, 14 പന്തില്‍ 18 റണ്‍സ് നേടിയ തിലക് വര്‍മ, 16 പന്തില്‍ 15 റണ്‍സ് നേടിയ അക്ഷര്‍ പട്ടേല്‍, 15 പന്തില്‍ 6 റണ്‍സ് നേടിയ വാഷിങ് ടണ്‍ സുന്ദര്‍, മുഹമ്മദ് ഷമി നാല് പന്തില്‍ 7, എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
നേരത്തെ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 171 റണ്‍സ് സ്‌കോര്‍ ചെയ്തത്. ബെന്‍ഡക്കറ്റിന്റെയും (51) ലിയാം ലിവിങ്സ്റ്റണിന്റെയും (43) വെടിക്കെട്ട് ബാറ്റിങ്ങാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്.
ഏഴ് റണ്‍സെടുക്കുന്നതിനിടെ ഒരു വിക്കറ്റ് നഷ്ടമായെങ്കിലും 83 ന് രണ്ട് എന്ന നിലയിലേക്ക് എത്തി. രണ്ടാം വിക്കറ്റില്‍ ജോസ് ബട്ലര്‍ (24)- ഡക്കറ്റ് സഖ്യം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ ഇരുവരുടെയും വിക്കറ്റ് നഷ്മായതോടെ 87 ന് മൂന്ന് എന്ന നിലയിലേക്ക് വീണു. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണതോടെ ഇംഗ്ലണ്ടിന്റെ സ്‌കോറിങ് വേഗം കുറഞ്ഞു. ലിവിങ്സ്റ്റോണിന് മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി അഞ്ചുവിക്കറ്റുകള്‍ വീഴ്ത്തി. ഹര്‍ദിക് പാണ്ഡ്യ രണ്ടും രവി ബിഷ്ണോയ് അകസര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
by Midhun HP News | Jan 29, 2025 | Latest News, കേരളം
ലഖ്നൗ: മഹാ കുംഭമേളയില്‍ മൗനി അമാവാസി ചടങ്ങുകൾക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 14 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 50-ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ 1.30 ഓടെയായിരുന്നു അപകടം.
കനത്ത സുരക്ഷ ഒരുക്കിയിരുന്നെങ്കിലും പുലർച്ചെയോടെ വലിയ ജനത്തിരക്ക് ഉണ്ടായിരുന്നു. തിക്കിലും തിരക്കിലും ബാരിക്കേഡുകള്‍ തകര്‍ന്നാണ് അപകടം.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നിലവിലെ സാഹചര്യം വിലയിരുത്തി. അതേസമയം തിരക്കിനെ തുടര്‍ന്ന് അമൃത് സ്നാന ചടങ്ങുകൾ നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു.
by Midhun HP News | Jan 29, 2025 | Latest News, കേരളം
തിരുവനന്തപുരം : സംസ്ഥാനത്ത് എല്ലാ ബസുകളിലും കാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവ്. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ, സ്കൂൾ ബസുകൾ എന്നിവയ്ക്കാണ് ഉത്തരവ് ബാധകമാകുന്നത്. ബസിൻ്റെ മുൻവശം, പിൻവശം, അകംഭാഗം കാണുന്ന രീതിയിൽ മൂന്ന് കാമറകളാണ് സ്ഥാപിക്കേണ്ടത്.
മാർച്ച് 31ന് മുൻപ് കാമറ സ്ഥാപിക്കണമെന്നാണ് നിർദേശം. ഡ്രൈവർ ഉറങ്ങി പോകുന്നത് പരിശോധിക്കാനുള്ള അലാറം കാമറയും ഘടിപ്പിക്കാൻ നിർദ്ദേശമുണ്ട്. ഓട്ടോ റിക്ഷകളിൽ മീറ്റർ ഇടാതെയാണ് ഓടുന്നതെങ്കിൽ യാത്രയ്ക്ക് പണം നൽകേണ്ട എന്ന സ്റ്റിക്കറും പതിപ്പിക്കണമെന്നും ഉത്തരവ്
by Midhun HP News | Jan 29, 2025 | Latest News, കേരളം
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പൊലീസ് പിടിയില്‍. പ്രതിയുടെ ഭാഗത്ത് നിന്ന് പ്രകോപനമൊന്നും ഉണ്ടായില്ല. പ്രതി അവശനിലയിലാണെന്നും പാലക്കാട് എസ്പി അജിത് കുമാര്‍ പറഞ്ഞു.
പ്രതി പോത്തുണ്ടി മേഖലയില്‍നിന്ന് പിടിയിലായതായാണ് സൂചന. ഈ ഭാഗത്ത് ഇയാളെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടത്തിയത്. പോത്തുണ്ടിയില്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ മട്ടായി മേഖലയില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്നാണ് വിവരം.
by Midhun HP News | Jan 28, 2025 | Latest News, കേരളം
കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാഗാന്ധി പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തിന് ഇരയായ രാധയുടെ വീട് സന്ദര്‍ശിച്ചു. അര മണിക്കൂറോളം പ്രിയങ്ക രാധയുടെ വീട്ടുകാര്‍ക്കൊപ്പം ചിലവഴിച്ചു. വീട്ടുകാരെ ആശ്വസിപ്പിച്ചശേഷമാണ് പ്രിയങ്ക വീട്ടില്‍ നിന്നും മടങ്ങിയത്.
കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, ടി സിദ്ദിഖ് എംഎല്‍എ തുടങ്ങിയവര്‍ പ്രിയങ്കയെ അനുഗമിച്ചിരുന്നു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്.
വയനാട്ടിലെത്തിയ പ്രിയങ്കാഗാന്ധിയെ സിപിഎം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. വന്യജീവി ശല്യം രൂക്ഷമായിട്ടും വയനാട്ടിലെ എംപി എത്താന്‍ വൈകിയതിലായിരുന്നു പ്രതിഷേധം. പ്രിയങ്ക ഗാന്ധികലക്ടറേറ്റില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും പ്രിയങ്ക പങ്കെടുക്കും. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന മലയോര ജാഥയില്‍ മേപ്പാടിയില്‍ നടക്കുന്ന പൊതുയോഗത്തിൽ പ്രിയങ്ക പ്രസംഗിക്കും. സന്ദർശനം പൂർത്തിയാക്കി ഇന്നു തന്നെ പ്രിയങ്കാഗാന്ധി ഡൽഹിക്ക് മടങ്ങും.
Recent Comments