കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് അഖിലയും അതുല്യയും; സുധാകരന്റെയും ലക്ഷ്മിയുടെയും മൃതദേഹം സംസ്‌കരിച്ചു

കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് അഖിലയും അതുല്യയും; സുധാകരന്റെയും ലക്ഷ്മിയുടെയും മൃതദേഹം സംസ്‌കരിച്ചു

പാലക്കാട്: നെന്മാറയിലെ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമര അതിക്രൂരമായി കൊലപ്പെടുത്തിയ സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹം സംസ്‌കരിച്ചു. സുധാകരന്റെ മൃതദേഹം എലവഞ്ചേരി പഞ്ചായത്ത് ശ്മശാനത്തിലും ലക്ഷ്മിയുടെ മൃതദേഹം നെന്മാറ പഞ്ചായത്ത് ശ്മശാനത്തിലുമാണ് സംസ്‌കരിച്ചത്. മതപരമായ ചടങ്ങുകളോടെയായിരുന്നു സംസ്‌കാരം.

പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ സങ്കടം സഹിക്കാനാകാതെ മക്കളും ബന്ധുക്കളും വിങ്ങിപ്പൊട്ടി. കരഞ്ഞുതളര്‍ന്ന പെണ്‍മക്കള്‍ അഖിലയെയും അതുല്യയെയും ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും നിസ്സഹായരായി. നൂറ് കണക്കിനാളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി വീട്ടിലെത്തിയത്.

അതേസമയം, കൊലപാതകം നടത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രതി ചെന്താമരയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞില്ല. 125 പൊലീസുകാരാണ് പ്രതിക്കായി തിരച്ചില്‍ നടത്തുന്നത്. അതിനിടെ ചെന്താമരക്ഷന്റെ ഒരു സിം ഓണായതായും റിപ്പോര്‍ട്ടുകളുണ്ട്. കോഴിക്കോട് തിരുവമ്പാടിയിലാണ് സിം ലൊക്കേഷന്‍ കാണിക്കുന്നത്. തിരുവമ്പാടി കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം തുടങ്ങി. നേരത്തെ തിരുവമ്പാടിയിലെ ക്വാറിയില്‍ ചെന്താമര സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്നു.

കൊലപാതക ശേഷം മുമ്പ് പ്രതി കഴിഞ്ഞിരുന്ന പോത്തുണ്ടി, നെല്ലിയാമ്പതി മലയടിവാരങ്ങളിലും അരിച്ചുപെറുക്കി തിരഞ്ഞെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തിരച്ചിലിനായി നാട്ടുകാരുടെ സേവനവും പൊലീസ് തേടിയിട്ടുണ്ട്.

5 വര്‍ഷം മുമ്പാണ് ചെന്താമരയ്ക്ക് കൊല്ലപ്പെട്ടവരുടെ കുടുംബത്തോടുള്ള പകയും വൈരാഗ്യവും തുടങ്ങിയത്. 2019 ല്‍ സജിതയെ കൊലപ്പെടുത്തിയിട്ടും കലിയടങ്ങാതെ പ്രതി ഇന്നലെ ഭര്‍ത്താവ് സുധാകരനെയും ഭര്‍ത്യമാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തുകയായിരുന്നു.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

കേരള കയറ്റുമതി പ്രോത്സാഹന നയം 2025 മന്ത്രിസഭായോഗം അംഗീകരിച്ചു

പ്രകൃതിവിഭവങ്ങള്‍, വൈദഗ്ധ്യമുള്ള തൊഴില്‍ ശക്തി, സാംസ്കാരിക പൈതൃകം, പുരോഗമനപരമായ ബിസിനസ്സ്‌ അന്തരീക്ഷം എന്നിവയുടെ സവിശേഷമായ സമ്മിശ്രണം കൊണ്ട്‌, ആഗോള കയറ്റുമതി രംഗത്ത്‌ കേരളത്തെ ഒരു പ്രമുഖ കയറ്റുമതി കേന്ദ്രമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ്‌ കയറ്റുമതി പ്രോത്സാഹന നയം രൂപീകരിക്കുന്നത്. സംസ്ഥാനത്തെ കയറ്റുമതിക്കാര്‍ക്ക്‌ അവസരങ്ങള്‍ മുതലെടുക്കാനും പുതിയ പങ്കാളിത്തങ്ങളില്‍ ഏര്‍പ്പെടുന്നതിനും ആഗോളതലത്തില്‍ തങ്ങളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തുന്നതിനും അവസരമൊരുക്കും. ആത്യന്തികമായി സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും സമൃദ്ധിക്കും സംഭാവന നല്‍കുന്നത്‌ ലക്ഷ്യമിട്ടാണ്‌ നയരൂപീകരണം.

നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നു: വിവിധ മേഖലകളിലുള്ള ഗവേഷണങ്ങളെ പ്രോത്സാഹിപ്പിച്ച്‌ നൂതന സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിനും, വ്യവസായം, അക്കാദമിക്‌ സ്ഥാപനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയ്ക്കിടയിലുള്ള സഹകരണം നുഗമമാക്കുന്നതിനും കയറ്റുമതി പ്രോത്സാഹനനയം ലക്ഷ്യമിടുന്നു. ഇതുവഴി നൂതനമായ സംഭംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ആഗോള വിപണി ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന അത്യാധുനിക ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വികസനത്തിന്‌ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കും.

സാമ്പത്തിക പ്രോത്സാഹനങ്ങള്‍:

കയറ്റുമതി ഇന്‍ഫ്രാസ്ട്രക്ചര്‍ പിന്തുണ: കോള്‍ഡ്‌ സ്റ്റോറേജ്‌ യൂണിറ്റുകള്‍, വെയര്‍ഹൗയസിംഗ്‌, ലോജിസ്റ്റിക്‌സ്‌ തുടങ്ങിയ കയറ്റുമതി അധിഷ്ഠിത അടിസ്ഥാന സകര്യങ്ങൾ സ്ഥാപിക്കുന്നതിന്‌ കയറ്റുമതിക്കാര്‍ക്ക്‌ 1 കോടി രൂപയായി പരിമിതപ്പെടുത്തിയിട്ടുള്ള ഇന്‍ഫ്രാസ്മക്ചര്‍ നിക്ഷേപത്തിന്റെ 25% ഒറ്റത്തവണ സബ്സിഡി നല്‍കും. കേന്ദ്രങ്ങള്‍, ടെസ്റ്റിംഗ്‌ ലബോറട്ടറികള്‍. ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ട്രേഡ്‌ ഇന്‍ഫ്രാസ്മക്ചര്‍ ഫോര്‍ എക്‌സ്‌പോര്‍ട്ട്‌ സ്കീമിന് കീഴിലുള്ള സഹായം ലഭ്യമാക്കുന്നതിലെ വിടവ്‌ നികത്തുന്നതിനുള്ള മാര്‍ഗമായി ഇത്‌ സംസ്ഥാനത്തിനകത്തെ സ്ഥാപനങ്ങള്‍ക്ക്‌ നല്‍കും.

കയറ്റുമതി വിറ്റുവരവ്‌ അടിസ്ഥാനമാക്കിയുള്ള ഇന്‍സെന്‍റീവ്: സംസ്ഥാനത്ത്‌ നിന്ന്‌ കയറ്റുമതി ചെയ്യുന്ന യൂണിറ്റുകള്‍ക്ക്‌ 3 വര്‍ഷത്തേക്ക്‌ സൗജന്യ ഫ്രീ ഓണ്‍ബോര്‍ഡ്‌ മൂല്യത്തിന്‍റെ (FOB) 1% ഇൻസെന്‍റീവ്‌ നൽകും.

ലോജിസ്റ്റിക്സ്‌ സഹായം: തുറമുഖങ്ങളിലെ ഗതാഗത ചാര്‍ജുകള്‍, ഹാന്‍ഡ്ലിംഗ്‌ ചാര്‍ജുകള്‍ മുതലായവ ഉള്‍പ്പെടെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള ലോജിസ്റ്റിക്‌ ചെലവുകളുടെ 50% റീഇംബേഴ്‌സ്‌ മെന്‍റ്‌, സ്ഥാപനത്തിന്റെ ആദ്യ കയറ്റുമതി തീയതി മുതല്‍ 5 വര്‍ഷത്തേക്ക്‌ പ്രതിവര്‍ഷം യൂണിറ്റിന്‌ 15 ലക്ഷം എന്ന പരിധി.

കയറ്റുമതി വിപണന സഹായം: ദേശീയ അന്തര്‍ദേശീയ വ്യാപാര മേളകള്‍, എക്സിബിഷനുകള്‍, ബയര്‍-സെല്ലര്‍ മീറ്റുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നതിന്‌ കയറ്റുമതിക്കാര്‍ക്ക്‌ അവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്‌ പ്രതിവര്‍ഷം 2 ലക്ഷം രൂപ പരിധിയില്‍ 75% റീഇംബേഴ്സ്മെന്‍റ്‌ വഴി സബ്സിഡികള്‍ നല്‍കും.

ഹൈക്കോടതി പ്ലീഡര്‍മാരുടെ വേതനം പരിഷ്ക്കരിച്ചു

ഹൈക്കോടതിയിലെ ഗവൺമെൻറ് സ്പെഷ്യൽ പ്ലീഡർ, സീനിയർ ഗവൺമെൻറ് പ്ലീഡർ, ഗവൺമെൻ്റ് പ്ലീഡർ എന്നിവരുടെ മാസവേതനം പരിഷ്ക്കരിച്ചു. യഥാക്രമം 1,50,000, 1,40,000, 1,25,000 എന്ന നിരക്കിൽ വർദ്ധിപ്പിക്കും.
വർദ്ധനവിന് 2022 ജനുവരി ഒന്ന് മുതല്‍ പ്രാബല്യം നൽകി കുടിശ്ശിക അനുവദിക്കും.

അഡ്വക്കേറ്റ് ജനലിന്റെ ഫീസ്, അലവൻസ് എന്നിവയും അഡീഷണൽ അഡ്വക്കേറ്റ്സ് ജനറൽ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ, അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ, സ്റ്റേറ്റ് അറ്റോർണി എന്നിവരുടെ ഫീസ്, അലവൻസ് എന്നിവയും പരിഷ്‌കരിക്കും.

റീട്ടെയ്നർ ഫീസ് – 2,50,000, അലവൻസ് – 50,000, സുപ്രീംകോടതി മുമ്പാകെ ഹാജരാകുന്നതിന് – 60,000, ഹൈക്കോടതി ഡിവിഷൻബെഞ്ച് മുമ്പാകെ ഹാജരാകുന്നതിന് – 15,000, ഹൈക്കോടതി സിംഗിൾ ബെഞ്ച് മുമ്പാകെ ഹാജരാകുന്നതിന് -7500 എന്നിങ്ങനെയാണിത്.

കായികതാരങ്ങള്‍ക്ക് നിയമനം
കായികതാരങ്ങളായ ചിത്തരേഷ് നടേശനും, ഷിനു ചൊവ്വക്കും ആംഡ് പോലീസ് ബറ്റാലിയനിൽ ആംഡ് പോലീസ് ഇൻസ്പെക്ടറുടെ രണ്ട് സൂപ്പർന്യൂമററി തസ്തികകൾ സൃഷ്ടിച്ച് നിയമനം നൽകും. ബറ്റാലിയനിൽ അടുത്ത് ഉണ്ടാകുന്ന ആംഡ് പോലീസ് ഇൻസ്പെക്ടറുടെ രണ്ട് റെഗുലർ ഒഴിവുകളിൽ അവരുടെ നിയമനം ക്രമീകരിക്കും.

തസ്തിക

കേരള സ്റ്റേറ്റ് ഓർഗൻ & ടിഷ്യു ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷനിൽ ഒരു കൺസൾട്ടൻ്റ് ട്രാൻസ്‌പ്ലാൻ്റ് കോ-ഓർഡിനേർ തസ്തിക സൃഷ്ടിക്കും. ഒരു ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തിക ദിവസവേതനാടിസ്ഥാനത്തിൽ അനുവദിക്കും.

കരാർ അടിസ്ഥാനത്തിൽ നിയമിക്കും

മുൻ സംസ്ഥാന ഇലക്ട്രിസിറ്റി അപ്പലേറ്റ് അതോറിറ്റിയായിരുന്ന ബി.രാധാകൃഷ്ണനെ കേരള സംസ്ഥാന ഇലക്ട്രിസിറ്റി അപ്പലേറ്റ് അതോറിറ്റിയായി 2 വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കും.

‘വിധികര്‍ത്താവിനെ എസ്എഫ്‌ഐക്കാര്‍ തടഞ്ഞുവച്ചു, ബാത്ത്‌റൂമില്‍ പോകാന്‍ നാപ്കിന്‍ കാണിക്കേണ്ടി വന്നു’

‘വിധികര്‍ത്താവിനെ എസ്എഫ്‌ഐക്കാര്‍ തടഞ്ഞുവച്ചു, ബാത്ത്‌റൂമില്‍ പോകാന്‍ നാപ്കിന്‍ കാണിക്കേണ്ടി വന്നു’

തൃശൂര്‍: കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവത്തില്‍ എസ്എഫ്‌ഐ വിധികര്‍ത്താക്കളെ കയ്യേറ്റം ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ നിധിന്‍ ഫാത്തിമ. പ്രചരിക്കുന്നത് ഒരുഭാഗത്തിന്റെ വീഡിയോ മാത്രമെന്നും നിതിന്‍ ഫാത്തിമ മാധ്യമങ്ങളോട് പറഞ്ഞു.

എട്ടുവര്‍ഷങ്ങള്‍ക്കിപ്പുറം യൂണിയന്‍ നഷ്ടമായതിന്റെ അരിശം തീര്‍ക്കുകയായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകരെന്ന് നിതിന്‍ ഫാത്തിമ ആരോപിച്ചു. ഇത്തവണ യൂണിയന്‍ എംഎസ്എഫ് – കെഎസ് യു സഖ്യം പിടിച്ചതോടെ കലോത്സവം നടാത്താന്‍ കഴിയാത്തതിന്റെ അമര്‍ഷം അവര്‍ക്കുണ്ടായിരുന്നു. കലോത്സവം തുടങ്ങി ആദ്യദിവസം മുതല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളണ്ടിയര്‍മാരെയും സംഘാടകരെയും പ്രകോപിപ്പിച്ചിരുന്നതായും ഫാത്തിമ പറഞ്ഞു.

കലോത്സവം കലക്കാന്‍ എസ്എഫ്‌ഐക്കാര്‍ നേരത്തെ പദ്ധതിയിട്ടതിന്റെ ഭാഗമായാണ് പെണ്‍കുട്ടികളായ വളണ്ടിയര്‍മാരെയും വിധികര്‍ത്താക്കളെ അക്രമിക്കുകയും പൂട്ടിയിടുകയും ചെയ്തത്. ഒരു വനിത വിധികര്‍ത്താവിനെ ബാത്ത്‌റൂമില്‍ പോകാന്‍ അനുവദിക്കാതെ തടഞ്ഞവച്ചു. അവസാനം പിരീഡ്‌സ് ആണെന്ന് പറഞ്ഞ് നാപ്കിന്‍ കാണിച്ചപ്പോള്‍ മാത്രമാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അവരെ ബാത്ത്‌റൂമിലേക്ക് കടത്തിവിട്ടതെന്നും നിധിന്‍ ഫാത്തിമ പറഞ്ഞു. വിധി കര്‍ത്താക്കളെ ഇടിക്കട്ടകൊണ്ട് അടിച്ചപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് കെഎസ് യു പ്രവര്‍ത്തകര്‍ ചെയ്തത്. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ ഒരുഭാഗത്തിന്റെത് മാത്രമാണെന്നും നിതിന്‍ ഫാത്തിമ പറഞ്ഞു.

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കാറിലും ബൈക്കിലും പിന്തുടര്‍ന്ന് ആക്രമിച്ചെന്ന് പരിക്കേറ്റ കെഎസ് യു പ്രവര്‍ത്തകരെ ആംബലുന്‍സില്‍ ആശുപത്രിയിലെത്തിച്ച ഡ്രൈവര്‍ വൈഭവ് പറഞ്ഞു. പ്രാണരക്ഷാര്‍ഥമാണ് സ്റ്റേഷനിലേക്ക് ഓടിച്ചകയറ്റിയതെന്നും വൈഭവ് പറഞ്ഞു.

മാള ഹോളി ഗ്രേസ് കോളജില്‍ നടന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി സോണ്‍ കലോത്സവത്തിനിടെ ഇന്നു പുലര്‍ച്ചെയായിരുന്നു കെഎസ് യു – എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ ഇരുവിഭാഗം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. സാരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്എഫ്ഐ കേരള വര്‍മ്മ കോളജ് യൂണിറ്റ് പ്രസിഡന്റ് ആശിഷിന്റെ നില ഗുരുതരമാണ്.

മത്സരങ്ങള്‍ വൈകുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ആരംഭിച്ചത്. തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. വിദ്യാര്‍ഥികള്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടി. ഇതിന്റെ വീഡിയദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചു. ഇരുവിഭാഗത്തിലുമായി 15ഓളം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരെ ചാലക്കുടിയിലെയും മാളയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

അതേസമയം പരുക്കേറ്റ കെഎസ് യു വിദ്യാര്‍ഥികളുമായി പോയ ആംബുലന്‍സ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. ആംബുലന്‍സിന്റെ മുന്‍വശത്തെ ഗ്ലാസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. വാഹനത്തിന്റെ മുന്‍സീറ്റിലുണ്ടായിരുന്ന കെഎസ് യു പ്രവര്‍ത്തകരായ ആദിത്യന്‍, ഗോകുല്‍ എന്നിവര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് ഡി സോണ്‍ കലോത്സവം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.

ജൂനാ അഖാഡയുടെ ആദ്യ മലയാളി മഹാമണ്ഡലേശ്വരായി സ്വാമി ആനന്ദവനം ഭാരതി

ജൂനാ അഖാഡയുടെ ആദ്യ മലയാളി മഹാമണ്ഡലേശ്വരായി സ്വാമി ആനന്ദവനം ഭാരതി

പ്രയാഗ് രാജ് : ഭാരതത്തിലെ ഏറ്റവും പ്രാചീനവും വലുതുമായ നാഗാ സന്യാസി സമൂഹമായ ശ്രീ പംച് ദശനാം ജൂനാ അഖാഡയുടെ മഹാമണ്ഡലേശ്വരായി സ്വാമി ആനന്ദവനം ഭാരതിയെ വാഴിച്ചു. പ്രയാഗ് രാജ് മഹാകുംഭമേളാനഗരിയില്‍ അഖാഡയുടെ സഭാപതി മഹന്ത് പ്രേംഗിരി മഹാരാജിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ജൂനാപീഠാധീശ്വര്‍ ആചാര്യ മഹാമണ്ഡലേശ്വര്‍ സ്വാമി അവധേശാനന്ദഗിരി മഹാരാജ് അഭിഷേകച്ചടങ്ങുകള്‍ നിര്‍വ്വഹിച്ചു.

കേരളത്തില്‍ നിന്നുള്ള ആദ്യ മഹാ മണ്ഡലേശ്വരാണ് സ്വാമി ആനന്ദവനം ഭാരതി. അമ്പത് വര്‍ഷം മുമ്പ് സ്വാമി കാശികാനന്ദഗിരി മഹാരാജ് അടക്കമുള്ള മൂന്നു മലയാളികള്‍ നിരഞ്ജിനി അഖാഡയുടെ മഹാമണ്ഡലേശ്വര്‍ പദവിയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ അവരുടെ ആശ്രമവും പ്രവര്‍ത്തന കേന്ദ്രവും കാശിയും ഋഷികേശും ഒക്കെയായിരുന്നു. ജൂനാ അഖാഡയുടെ കേരള ശാഖയായ കാളികാപീഠാധീശ്വരും കേരളത്തിലെ ആദ്യ ആശ്രമമായ കൊട്ടാരക്കര അവധൂതാശ്രമത്തിലെ ഉത്തരാധികാരിയുമാണ് സ്വാമി ആനന്ദവനം ഭാരതി.

ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി അഖാഡയുടെ പ്രവര്‍ത്തനങ്ങളെ നയിക്കുക എന്ന ദൗത്യമാണ് മഹാമണ്ഡലേശ്വര്‍ക്കുള്ളത്. ധര്‍മ്മപ്രചരണത്തിനും ധര്‍മ്മസംരക്ഷണത്തിനുമായുള്ള അഖാഡയുടെ പ്രവര്‍ത്തനങ്ങള്‍ കേരളം കേന്ദ്രമാക്കി ദക്ഷിണ ഭാരതത്തിലുടനീളം വ്യാപിപ്പിക്കാനുള്ള നിയോഗമായാണ് ഈ സ്ഥാനത്തെ കാണുന്നതെന്ന് മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി പറഞ്ഞു.

കുംഭമേളയില്‍ മലയാളികളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിന് സ്വാമിയുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ശ്രീശങ്കരജന്മഭൂമിയില്‍ നിന്നും മേളയിലെ ആദ്യ ഔദ്യോഗിക പങ്കാളിത്തം എന്ന നിലയില്‍ സ്വാമി ഒരുക്കിയ ശിബിരത്തിലേക്ക് നൂറുകണക്കിന് പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. കാളികാ പീഠത്തിന്റേയും അവധൂതാശ്രമത്തിന്റേയും പേരിലുള്ള ശിബിരത്തില്‍ പൗര്‍ണ്ണമിക്കാവിന്റേയും എച്ച്ആര്‍ഡിഎസിന്റേയും സഹകരണത്തോടെയാണ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. പ്രതിദിനം അമ്പതോളം പേര്‍ക്ക് താമസ സൗകര്യവും അന്നദാനവും എന്‍എന്‍എ ആയുര്‍വേദ നഴ്‌സിങ്ങ് ഹോമും സ്വസ്തിക ആയുര്‍വേദ ഫൗണ്ടേഷനും ചേര്‍ന്നുള്ള സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ശിബിരത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

നെന്മാറയിൽ കൊല്ലപ്പെട്ട സുധാകരന്റെയും ലക്ഷ്മിയുടെയും ഇൻ‌ക്വസ്റ്റ് റിപ്പോർട്ട് പുറത്ത്

നെന്മാറയിൽ കൊല്ലപ്പെട്ട സുധാകരന്റെയും ലക്ഷ്മിയുടെയും ഇൻ‌ക്വസ്റ്റ് റിപ്പോർട്ട് പുറത്ത്

പാലക്കാട്: നെന്മാറയിൽ കൊല്ലപ്പെട്ട സുധാകരന്റെയും ലക്ഷ്മിയുടെയും ഇൻ‌ക്വസ്റ്റ് റിപ്പോർട്ട് പുറത്ത്. സുധാകരന് ശരീരത്തിൽ എട്ട് വെട്ടുകൾ ഉണ്ട്. കയ്യിലും കാലിലും കഴുത്തിലും തലയിലുമാണ് വെട്ടേറ്റിട്ടുള്ളത്. വലത് കൈ അറ്റു നീങ്ങിയിട്ടുണ്ട്. കഴുത്തിന് പിറകിലേറ്റ വെട്ടാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

സുധാകരന്റെ അമ്മ ലക്ഷ്മിയുടെ ശരീരത്തിൽ 12 വെട്ടുകളാണുള്ളത്. ലക്ഷ്മിയുടെ നെറ്റിക്ക് മുകളിൽ ആഴത്തിലുള്ള വെട്ടേറ്റു. കണ്ണിൽ നിന്നും ചെവി വരെ നീളുന്ന ആഴത്തിലുള്ള മുറിവാണ് മരണത്തിന് കാരണമായത്. കൊല്ലപ്പെട്ട സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. സുധാകരന്റെ സഹോദരിയുടെ തേവർമണിയിലെ വീട്ടിലേക്ക് കൊണ്ടുവരുന്ന മൃതദേഹം ചടങ്ങുകൾക്ക് ശേഷം വക്കാവ് ശ്മശാനത്തിൽ സംസ്കരിക്കും.

കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതി ചെന്താമരയ്ക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചിൽ നടത്തുന്നത്.100 പൊലീസുകാരെ ഉപയോ​ഗിച്ച് നെല്ലിയാമ്പതി മല കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്താൻ മുങ്ങൽ വിദ​ഗ്ധരുടെ സേവനവും പൊലീസ് തേടിയിട്ടുണ്ട്.

നെന്മാറ ഇരട്ടക്കൊല: പ്രതിക്കായി വ്യാപക തിരച്ചിൽ

നെന്മാറ ഇരട്ടക്കൊല: പ്രതിക്കായി വ്യാപക തിരച്ചിൽ

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയ്ക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഏഴുപേരടങ്ങുന്ന 4 ടീമുകളാണ് പരിശോധന നടത്തുന്നത്. കൊലപാതക ശേഷം മുമ്പ് പ്രതി കഴിഞ്ഞിരുന്ന പോത്തുണ്ടി, നെല്ലിയാമ്പതി മലയടിവാരങ്ങളിലും തിരച്ചിൽ വ്യാപിപ്പിക്കും. തിരച്ചിലിനായി നാട്ടുകാരുടെ സേവനവും പൊലീസ് തേടിയിട്ടുണ്ട്.

പ്രതിക്കായി തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മലയടിവാരത്തിലാണ് ഒളിവിൽ കഴിയുന്നതെങ്കിൽ, വിശന്നാൽ ഭക്ഷണത്തിനായി ചെന്താമര പുറത്തിറങ്ങിയേക്കുമെന്നാണ് പൊലീസ് കരുതുന്നത്. പ്രതിയുടെ വീട്ടിൽ നിന്നും പാതി ഉപയോഗിച്ച വിഷക്കുപ്പി കണ്ടെത്തിയതിനാൽ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

കൊല്ലപ്പെട്ട സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. സുധാകരന്റെ സഹോദരിയുടെ തേവർമണിയിലെ വീട്ടിലേക്ക് കൊണ്ടുവരുന്ന മൃതദേഹം ചടങ്ങുകൾക്ക് ശേഷം വക്കാവ് ശ്മശാനത്തിൽ സംസ്കരിക്കും. 5 വർഷം മുമ്പാണ് ചെന്താമരയ്ക്ക് കൊല്ലപ്പെട്ടവരുടെ കുടുംബത്തോടുള്ള പകയും വൈരാഗ്യവും തുടങ്ങിയത്. 2019 ൽ സജിതയെ കൊലപ്പെടുത്തിയിട്ടും കലിയടങ്ങാതെ പ്രതി ഇന്നലെ ഭർത്താവ് സുധാകരനെയും ഭർത്യമാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തുകയായിരുന്നു.