ഹണി റോസിന്റെ പരാതി; രാഹുല്‍ ഈശ്വറിനെതിരെ കേസ് എടുത്തിട്ടില്ലെന്ന് പൊലീസ്

ഹണി റോസിന്റെ പരാതി; രാഹുല്‍ ഈശ്വറിനെതിരെ കേസ് എടുത്തിട്ടില്ലെന്ന് പൊലീസ്

കൊച്ചി: നടി ഹണി റോസ് നല്‍കിയ അധിക്ഷേപ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസ് എടുത്തിട്ടില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍. കേസില്‍ പ്രാഥമിക അന്വേഷണം നടക്കുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് പൊലീസ് ഇക്കാര്യം കോടതിയെ അറിയിച്ചത്. പരാതി പ്രകാരം കേസെടുക്കാനുളള വകുപ്പുകളില്ലെന്നും വിശദമായ നിയമോപദേശം തേടുമെന്നും പൊലീസ് നടിയെ അറിയിച്ചിരുന്നു. നടിക്ക് കോടതി വഴി പരാതി നല്‍കാമെന്നും കൊച്ചി പൊലീസ് വ്യക്തമാക്കിയിരുന്നു.

ബോബി ചെമ്മണൂരിനെതിരായ പരാതിയില്‍ ഹണി റോസിനെ വിമര്‍ശിച്ച് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കവെ രാഹുല്‍ നടത്തിയ പരാമര്‍ശങ്ങളിലാണ് ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്. നടിയുടെ വസ്ത്രധാരണത്തെയടക്കം വിമര്‍ശിച്ച് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയിരുന്നു. ഇതിന് ചുവടുപിടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ഹണി റോസിനെതിരെ വ്യാപക പ്രചാരണമുണ്ടായി. ഇത് ചൂണ്ടിക്കാണിച്ചാണ് ഹണി റോസ് നിയമ നടപടിയുമായി മുന്നോട്ട് പോയത്. അതേസമയം ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ വാദം. ഹണിക്കെതിരായ പരാമര്‍ശങ്ങളില്‍ തൃശൂര്‍ സ്വദേശിയും രാഹുലിനെതിരെ പരാതി നല്‍കിയിരുന്നു.

ഹണി റോസിനെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ സംസ്ഥാന യുവജന കമ്മിഷന്‍ കേസെടുത്തിരുന്നു. സ്ത്രീത്വത്തെ നിരന്തരമായി വാര്‍ത്ത ചാനലുകളിലൂടെ അപമാനിക്കുകയും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് ‘ദിശ’ എന്ന സംഘടന നല്‍കിയ പരാതിയിലായിരുന്നു നടപടി.

ടിക്കറ്റ് എടുക്കാത്തതിനെച്ചൊല്ലി തര്‍ക്കം; ഐലന്‍ഡ് എക്‌സ്പ്രസില്‍ കത്തിക്കുത്ത്

ടിക്കറ്റ് എടുക്കാത്തതിനെച്ചൊല്ലി തര്‍ക്കം; ഐലന്‍ഡ് എക്‌സ്പ്രസില്‍ കത്തിക്കുത്ത്

തൃശൂര്‍: കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസില്‍ കത്തിക്കുത്ത്. തൃശൂരിനും ഒല്ലുരിനും ഇടയില്‍ വെച്ചായിരുന്നു സംഭവം. ബംഗളൂരുവില്‍ നിന്നും കായംകുളത്തേക്ക് കയറിയ യുവാക്കള്‍ തമ്മിലാണ് കത്തിക്കുത്ത് ഉണ്ടായത്.

ഇവര്‍ ടിക്കറ്റ് എടുത്തത് പാലക്കാട് വരെയാണ്. പരിശോധനയെത്തുടര്‍ന്ന് ടിടിഇ ഇവരില്‍ നിന്നും പിഴ ഈടാക്കി. ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലി യുവാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ യുവാക്കളില്‍ ഒരാള്‍ ആക്രമിക്കുകയായിരുന്നു. പ്രതിയെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു.

സ്വര്‍ണ വിലയില്‍ ഇടിവ്, 60,000ന് മുകളില്‍ തന്നെ

സ്വര്‍ണ വിലയില്‍ ഇടിവ്, 60,000ന് മുകളില്‍ തന്നെ

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുറവ്. പവന് 240 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 60,080 രൂപ. ഗ്രാമിന് 30 രൂപ താഴ്ന്ന് 7510 ആയി.

റെക്കോര്‍ഡ് ഉയരത്തില്‍ മാറ്റമില്ലാതെ രണ്ടു ദിവസം തുടര്‍ന്ന സ്വര്‍ണ വില ഇന്നലെ 120 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ചയാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്.

രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയിലെ ബാധിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍

നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി….കടുവയുടെ വയറ്റിൽ രാധയുടെ

നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി….കടുവയുടെ വയറ്റിൽ രാധയുടെ

വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. ഇന്ന് രാവിലെയാണ് വീടിന് സമീപത്ത് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. രാധയെ കൊന്ന അതേ കടുവ തന്നെയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മൽ, മുടി എന്നിവ കടുവയുടെ വയറ്റിൽ നിന്നും കണ്ടെത്തി. മരണകാരണം കടുവയുടെ കഴുത്തിലുണ്ടായ മുറിവെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നി​ഗമനം. കടുവയുടെ കഴുത്തിൽ ഏറ്റുമുട്ടലിൽ സംഭവിച്ച നാല് മുറിവുകൾ ഉണ്ടായിരുന്നു. ഉൾവനത്തിൽ വെച്ച് മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയപ്പോൾ ഉണ്ടായ മുറിവെന്നാണ് നി​ഗമനം. ഇന്നലെയുണ്ടായ ഏറ്റമുട്ടലിലാണ് കടുവയ്ക്ക് പരിക്കേറ്റത്. ഈ മുറിവുകൾ മരണകാരണമായെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ പറ‍ഞ്ഞു.

റേഷന്‍ സമരം പിന്‍വലിച്ചു; ഇന്നുതന്നെ കടകള്‍ തുറക്കും, നാളെ മുതല്‍ സാധാരണ നിലയില്‍

റേഷന്‍ സമരം പിന്‍വലിച്ചു; ഇന്നുതന്നെ കടകള്‍ തുറക്കും, നാളെ മുതല്‍ സാധാരണ നിലയില്‍

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി റേഷന്‍ വ്യാപാരികള്‍ നടത്തിയ റേഷന്‍ സമരം പിന്‍വലിച്ചു. ഭക്ഷ്യമന്ത്രി ജി ആര്‍ അനിലുമായി സമരസമിതി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അഞ്ച് സംഘടനകളും സമരം പൂര്‍ണമായി പിന്‍വലിച്ചെന്ന് മന്ത്രി ജി ആര്‍ അനില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നുതന്നെ പരമാവധി റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. നാളെ മുതല്‍ സാധാരണനിലയില്‍ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

കമ്മീഷന്‍ വര്‍ധന അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റേഷന്‍ വ്യാപാരികള്‍ ഇന്നുമുതല്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. തുടര്‍ന്ന് ഉച്ചക്കഴിഞ്ഞ് മന്ത്രി ജി ആര്‍ അനിലുമായി സമരസമിതി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. ഓരോ മാസത്തെയും കമ്മീഷന്‍ അടുത്തമാസം പത്തിനും പതിനഞ്ചിനും ഇടയില്‍ നല്‍കണമെന്നതായിരുന്നു ഒരു പ്രധാന ആവശ്യം.

ധനവകുപ്പുമായി ആലോചിച്ച് കമ്മീഷന്‍ സമയത്ത് നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ഉറപ്പുനല്‍കി. കമ്മീഷന്‍ സമയത്ത് നല്‍കാന്‍ കഴിയാതിരുന്നത് സാങ്കേതികം മാത്രമായിരുന്നു. ഇത് പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കി. കൂടാതെ കമ്മീഷന്‍ വര്‍ധന സംബന്ധിച്ച് മാര്‍ച്ച് മുതല്‍ ചര്‍ച്ച തുടങ്ങുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിക്കാന്‍ സമരസമിതി തീരുമാനിക്കുകയായിരുന്നുവെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു.

സിം പ്രവര്‍ത്തനരഹിതമാകാതിരിക്കാൻ ഇനി 20 രൂപ മാത്രം മതി

സിം പ്രവര്‍ത്തനരഹിതമാകാതിരിക്കാൻ ഇനി 20 രൂപ മാത്രം മതി

മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ആശ്വാസവുമായി ടെലികോം റെഗുലേറ്ററി അതോരിറ്റി ഓഫ് ഇന്ത്യ. ദീര്‍ഘകാലമായി ഉപയോഗിക്കാതിരിക്കുന്ന പ്രീപെയ്ഡ് സിം കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങളില്‍ ട്രായ് വ്യക്തത വരുത്തി.

മിനിമം ബാലന്‍സുണ്ടെങ്കില്‍ സിം പ്രവര്‍ത്തനരഹിതമാക്കുന്നത് തടയുന്നത് സംബന്ധിച്ച നിയന്ത്രണം ട്രായ് മുന്നോട്ടുവച്ചിട്ട് പത്തുവര്‍ഷത്തില്‍ കൂടുതലായിട്ടുണ്ട്. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ആയ 20 രൂപ നിലനിര്‍ത്തി സിം ഉപയോക്താക്കള്‍ക്ക് സിം സജീവമായി നിര്‍ത്താന്‍ സാധിക്കും. നേരത്തേ സിം സജീവമായി നിലനിര്‍ത്തുന്നതിനായി ഒരു നിശ്ചിത തുകയ്ക്ക്(ഏകദേശം 199 രൂപ) ഉപയോക്താക്കള്‍ സിം റീച്ചാര്‍ജ് ചെയ്യേണ്ടതുണ്ടായിരുന്നു. എന്നാല്‍ ഈ നിയമം അത്തരത്തില്‍ തുടര്‍ച്ചയായി റീച്ചാര്‍ജ് ചെയ്യേണ്ടതിന്റെ ആവശ്യകതയില്ലെന്ന് വ്യക്തമാക്കുന്നതാണ്.

▪️എന്താണ് ട്രായുടെ 20 രൂപ നിയമം..?

നിങ്ങള്‍ സിം കാര്‍ഡ് 90 ദിവസത്തേക്ക് കോള്‍, മെസേജ്, ഡേറ്റ, മറ്റു ആവശ്യങ്ങള്‍ എന്നിവയ്ക്കായി ഉപയോഗിക്കുന്നില്ലെങ്കില്‍ സിം പ്രവര്‍ത്തന രഹിതമാകും.
എന്നിരുന്നാലും നിങ്ങളുടെ അക്കൗണ്ടില്‍ 20 രൂപയില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ 90 ദിവസത്തിന് ശേഷം ഈ 20 രൂപ നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് സ്വയമേവ കുറയ്ക്കുകയും സിം അടുത്ത 30 ദിവസത്തേക്ക് കൂടി പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യും.
നിങ്ങളുടെ ഫോണില്‍ 20 രൂപയുടെ ബാലന്‍സ് ഉള്ളിടത്തോളം കാലം ഇത് തുടര്‍ന്നുപോകും.
നിങ്ങളുടെ ബാലന്‍സ് 20ല്‍ കുറയുന്നതോടെ സിം സ്വാഭാവികമായി പ്രവര്‍ത്തനരഹിതമാകുകയും ചെയ്യും. അഥവാ പ്രവര്‍ത്തനരഹിതമാവുകയാണെങ്കില്‍ 15 ദിവസങ്ങള്‍ക്കുള്ളില്‍ 20 രൂപ റീച്ചാര്‍ജ് ചെയ്തുകൊണ്ട് വീണ്ടും സിം പ്രവര്‍ത്തനക്ഷമമാക്കുന്നതിന് സാധിക്കും.

ഔദ്യോഗിക ആവശ്യത്തിനും വ്യക്തിഗത ആവശ്യത്തിനും രണ്ടു മൊബൈല്‍ നമ്പറുകള്‍ ഉപയോഗിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ നിയന്ത്രണം വളരെയധികം പ്രയോജനം ചെയ്യും. ഇത് പ്രീപെയ്ഡ് കണക്ഷനുകള്‍ക്ക് മാത്രമാണ് ബാധകമാവുക.