by Midhun HP News | Dec 20, 2024 | Latest News, കേരളം
കോഴിക്കോട്: വടകരയില്‍ വാഹനമിടിച്ച് ഒന്‍പത് വയസുകാരി കോമയിലായ സംഭവത്തില്‍ പ്രതി ഷെജീലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഊർജിതമാക്കി പൊലീസ്. ഷജീലിനായി അന്വേഷണ സംഘം ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൾ സെഷൻസ് കോടതി തള്ളിയതോടെയാണ് നാട്ടിലേക്ക് എത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നടപടിയിലേക്ക് പൊലീസ് കടന്നത്.
സ്റ്റേഷൻ ജാമ്യം കിട്ടാവുന്ന കേസിൽ എന്തിന് മുൻകൂർ ജാമ്യമെന്ന നിലപാടിലാണ് ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷ പൊലീസ് തള്ളിയത്. ഈ സാഹചര്യത്തിൽ പൊലീസിന് മുന്നിൽ ഹാജരാവുകയാണ് പ്രതിക്ക് മുന്നിലുള്ള വഴി. അല്ലെങ്കിൽ മേൽക്കോടതിയെ സമീപിക്കണം. വടകര ചോറോട് നടന്ന അപകടത്തില്‍ തലശ്ശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസിനുസമീപം താമസിക്കുന്ന 62-കാരി പുത്തലത്ത് ബേബി മരിക്കുകയും മകളുടെ മകള്‍ ഒന്‍പത് വയസ്സുകാരി ദൃഷാന ഗുരുതരമായി പരിക്കേറ്റ് കോമയിലാവുകയും ചെയ്ത സംഭവത്തിലെ പ്രതിയാണ് ഷെജീല്‍.
കേസില്‍ മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഷെജീല്‍ ആണ് വാഹനമോടിച്ചിരുന്നത് എന്ന് പൊലീസ് കണ്ടെത്തിയത്. ദൃഷാനയുടെ മുത്തശ്ശി അപകടത്തില്‍ മരിച്ചിരുന്നു. അപകടം ഉണ്ടാക്കിയിട്ടും നിർത്താതെ വാഹനമോടിച്ചു, അപകട വിവരം മറച്ചുവെച്ച് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് പണം തട്ടി തുടങ്ങിയ കാര്യങ്ങളാണ് ജാമ്യത്തെ എതിർത്തുകൊണ്ട് പൊലീസ് കോടതിയിൽ ഉന്നയിച്ചത്.
by Midhun HP News | Dec 20, 2024 | Latest News, കേരളം
പാലക്കാട്: വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ സുഹൃത്തുക്കളുടെ ജീവൻ രക്ഷിച്ച് അഞ്ചാം ക്ലാസ് വിദ്യാർഥി. കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ മുഹമ്മദ് സിദാനാണ് അവസരോചിതമായ ഇടപെടലിലൂടെ സുഹൃത്തുക്കളുടെ ജീവൻ രക്ഷിച്ചത്.
ബുധനാഴ്ച രാവിലെ പരീക്ഷയ്ക്കായി സ്കൂളിലേക്കു പോകുന്ന വഴിയാണ് അപകടമുണ്ടായത്. സിദാനൊപ്പം സുഹൃത്തുക്കളായ മുഹമ്മദ് റാജിഹും ഷഹജാസും ഉണ്ടായിരുന്നു. റാജിഹ് തട്ടിക്കളിച്ചിരുന്ന പ്ലാസ്റ്റിക് ബോട്ടിൽ തൊട്ടടുത്ത പറമ്പിലേക്ക് വീണു. ഇത് എടുക്കാനായി മതിലിൽ കയറി പറമ്പിലേക്ക് ഇറങ്ങുന്നതിനിടെ കാൽവഴുതിയപ്പോൾ പിടിച്ചതു തൊട്ടടുത്തുള്ള വൈദ്യുതിത്തൂണിൽ. ഫ്യൂസ് കാരിയറിന്റെ ഇടയിൽ കൈകുടുങ്ങി റാജിഹിന് ഷോക്കടിക്കുകയായിരുന്നു.
താഴേക്കു തൂങ്ങിക്കിടന്നു പിടയുന്നതു കണ്ട് കാലിൽ പിടിച്ചു വലിക്കാൻ ശ്രമിച്ചതോടെ ഷഹജാസിനും ചെറിയതോതിൽ ഷോക്കേറ്റു. ഇതോടെയാണ് റാജിഹിനു ഷോക്കേറ്റതാണെന്ന് ഇവർ അറിയുന്നത്. ഉടൻ തന്നെ മുഹമ്മദ് സിദാൻ തൊട്ടടുത്തു കണ്ട ഉണങ്ങിയ കമ്പുകൊണ്ട് റാജിഹിനെ തട്ടിമാറ്റുകയായിരുന്നു. കൈകളിലും മുഖത്തും മറ്റും പൊള്ളലേറ്റ റാജിഹിനെ ഉടൻ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലും പിന്നീട് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു ചികിത്സനൽകി.
by Midhun HP News | Dec 20, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 240 രൂപയാണ്കുറഞ്ഞത്. 56,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 7040 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. തുടര്‍ന്ന് വില ഉയരുന്നതാണ് കണ്ടത്.
11ന് 58,280 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്. ഒന്‍പതുദിവസത്തിനിടെ രണ്ടായിരത്തോളം രൂപയാണ് കുറഞ്ഞത്.
by Midhun HP News | Dec 20, 2024 | Latest News, കേരളം
തിരുവനന്തപുരം: ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മന്ത്രി ശിവൻകുട്ടിയുടെ നിർദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
തട്ടിപ്പ്, വിശ്വാസ വഞ്ചന ഉൾപ്പടെ 7 വകുപ്പുകൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പത്താം ക്ലാസ് ഇംഗ്ലീഷ്, പ്ലസ് വൺ കണക്ക് അർധവാർഷിക പരീക്ഷകളുടെ ചോദ്യങ്ങളാണ് പരീക്ഷയ്‌ക്കു മുമ്പ് യു ട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടത്. ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു.
ചോദ്യപേപ്പര്‍ ചോര്‍ച്ച അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം എം എസ് സൊല്യൂഷന്‍സുള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ സ്ഥാപനങ്ങളുമായി സഹകരിച്ചിരുന്ന അധ്യാപകരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവരില്‍ നിന്നും മൊഴിയെടുക്കാനാണ് തീരുമാനം. അതിനിടെ, എംഎസ് സൊല്യൂഷന്‍സിലെ ക്ലാസുകളില്‍ അശ്ലീല പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന പരാതിയില്‍ കൊടുവള്ളി പൊലീസ് അന്വേഷണം തുടങ്ങി.
by Midhun HP News | Dec 20, 2024 | Latest News, കേരളം
തിരുവനന്തപുരം: ക്രിസ്‌മസ്, പുതുവത്സര തിരക്ക് പ്രമാണിച്ച് അധികമായി അന്തർസംസ്ഥാന സർവീസ് നടത്താൻ കെഎസ്‌ആർടിസി. ബംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ നഗരങ്ങളിലേക്കുള്ള 48 സ്ഥിരം സർവീസുകൾക്ക് പുറമേയാണ് അധിക സർവീസുകൾ ഏർപ്പെടുത്തുന്നത്. ഇതിനായി 38 ബസ് അനുവദിച്ചു. 34 ബസ് ബംഗളൂരുവിലേക്കും നാല് ബസ് ചെന്നൈയിലേക്കും സർവീസ് നടത്തും.
ശബരിമല സ്പെഷൽ അന്തർസംസ്ഥാന സർവീസുകൾക്ക് പുറമെയാണ് പുതിയ ബസുകൾ. കെഎസ്‌ആർടിസി വെബ്‌സൈറ്റ് വഴിയും ആപ് മുഖേനയും ടിക്കറ്റുകൾ റിസർവ് ചെയ്യാം. കേരളത്തിനുള്ളിൽ യാത്രാ തിരക്ക് കുറയ്ക്കാൻ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ റൂട്ടിലും അധിക സർവിസുകൾ സജ്ജമാക്കാൻ മന്ത്രി ഗണേഷ് കുമാർ നിർദേശം നൽകി. ഇതിനായി 24 ബസുകൂടി അധികമായി ക്രമീകരിച്ചു.
നാല് ലോഫ്ലോർ, 4 മിന്നൽ, 3 ഡീലക്സ് 5 സൂപ്പർഫാസ്റ്റ് ബസുകൾ അടക്കം 16 ബസുകൾ ഉപയോഗിച്ച് തിരുവനന്തപുരത്ത് നിന്നും കണ്ണൂർ , കോഴിക്കോട് റൂട്ടിൽ അഡീഷണൽ സർവീസ് നടത്തും. കൊട്ടാരക്കര – കോഴിക്കോട്, അടൂർ – കോഴിക്കോട്, കുമളി – കോഴിക്കോട്, എറണാകുളം – കണ്ണൂർ, എറണാകുളം – കോഴിക്കോട് റൂട്ടിലും കൊല്ലം, കൊട്ടാരക്കര, കോട്ടയം, തൃശൂർ, കോഴിക്കോട് തുടങ്ങിയ ഡിപ്പോകളിൽ നിന്നും തിരക്ക് അനുസരിച്ച് ഫാസ്‌റ്റ് പാസഞ്ചർ സർവീസുകളും ക്രമീകരിക്കും.
by Midhun HP News | Dec 20, 2024 | Latest News, കേരളം
തിരുവനന്തപുരം: കൺസ്യൂമർഫെഡ് ക്രിസ്മസ് – പുതുവത്സര വിപണി തിങ്കളാഴ്‌ച ആരംഭിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിലും മറ്റ് ഉൽപ്പന്നങ്ങൾ 10 മുതൽ 40 ശതമാനം വരെ വിലക്കുറവിലും വിപണിയിലൂടെ ലഭിക്കും. ജനുവരി ഒന്നുവരെ നടക്കുന്ന വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ ഏറ്റുമാനൂരിൽ നിർവഹിച്ചു.
1601 രൂപയുടെ കിറ്റ് 1082 രൂപയ്ക്ക് ആണ് നൽകുന്നത്. ക്രിസ്‌മസ് ആഘോഷത്തിനുള്ള ബിരിയാണി അരി, ഡാൽഡ, ആട്ട, മൈദ, റവ, അരിപ്പൊടി, സേമിയ, പാലട, അരിയട, തേയില, ചുവന്നുള്ളി, സവാള തുടങ്ങിയവ വിൽപ്പന കേന്ദ്രങ്ങളിൽ ലഭ്യമാകും. സർക്കാർ നിശ്‌ചയിച്ച വിലയിലാകും സബ്‌സിഡി ഇനങ്ങൾ വിൽക്കുക.
സാധാരണക്കാർക്ക് ആശ്വാസം പകരാനും പൊതുവിപണിയിലെ വില നിയന്ത്രിക്കാനും, ഗുണമേന്മ ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുമെന്ന് കൺസ്യൂമർ ഫെഡ് അറിയിച്ചു. 170 വിപണന കേന്ദ്രങ്ങളിലൂടെയാണ് വിൽപ്പന നടത്തുക. ക്രിസ്മസ് – പുതുവത്സര വിപണിയിൽ കൺസ്യൂമർഫെഡ് 25 കോടിയുടെ സബ്സിഡി ഇനങ്ങളുടെയും 50 കോടിയുടെ നോൺ സബ്സിഡി സാധനങ്ങളുടെയും ഉൾപ്പെടെ 75 കോടി രൂപയുടെ വിൽപ്പനയാണ് ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ പറഞ്ഞു.
Recent Comments