ബിഗ് ടിക്കറ്റില്‍ മലയാളിക്ക് ‘സമ്മാനപ്പെരുമഴ’; ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സമ്മാനം, 15 മില്യണ്‍ ദിര്‍ഹം പാക് സ്വദേശിക്ക്

ബിഗ് ടിക്കറ്റില്‍ മലയാളിക്ക് ‘സമ്മാനപ്പെരുമഴ’; ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സമ്മാനം, 15 മില്യണ്‍ ദിര്‍ഹം പാക് സ്വദേശിക്ക്

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാര്‍ നേടി പ്രവാസി മലയാളി. ഷാര്‍ജയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന വിനേഷ് രവീന്ദ്രനാഥനാ(55)ണ് സമ്മാനം അടിച്ചത്. അതേസമയം സെപ്റ്റംബറിലെ ലൈവ് നറുക്കെടുപ്പില്‍ പാകിസ്ഥാന്‍ സ്വദേശി ഹൗക്കത്ത് അഫ്താബ് 15 മില്യണ്‍( (ഏകദേശം 38 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസ് നേടി,

ദുബൈയില്‍ താമസിക്കുന്ന വിനേഷ് രവീന്ദ്രനാഥ് എടുത്ത 035787 എന്ന ടിക്കറ്റ് നമ്പറിനാണ് ഭാഗ്യം തുണച്ചത്. 30 വര്‍ഷമായി യുഎഇയില്‍ പ്രവാസിയായ വിനേഷ് എല്ലാ മാസവും മുടങ്ങാതെ ബിഗ് ടിക്കറ്റ് എടുത്തിരുന്നു. തനിച്ചും കൂട്ടുകാര്‍ക്കൊപ്പവുമാണ് ടിക്കറ്റെടുത്തിരുന്നത്. ഭാര്യയും മകളും മകനുമടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. ഫോണില്‍ വിളിച്ചാണ് വിജയിച്ച വിവരമറിയിച്ചതെങ്കിലും ആദ്യം ഇത് വിശ്വസിക്കാന്‍ വിനേഷിന് സാധിച്ചില്ല. പിന്നീട് മകന്‍ യൂട്യൂബില്‍ തത്സമയ നറുക്കെടുപ്പ് കണ്ടാണ് ലാന്‍ഡ് റോവര്‍ സമ്മാനം ലഭിച്ച കാര്യം ഉറപ്പിച്ചത്.

245556 എന്ന ടിക്കറ്റിനാണ് പാക് സ്വദേശിക്ക് ഭാഗ്യം അടിച്ചത്. പതിനഞ്ച് വര്‍ഷമായി ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കുന്ന 64-കാരനായ വ്യവസായി ഷൗക്കത്ത് അഫ്താബ് ഇത്തവണ ഒറ്റയ്ക്ക് എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. യാത്രയിലായിരുന്നപ്പോഴാണ് തനിക്ക് സമ്മാനം ലഭിച്ച ഫോണ്‍കോള്‍ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

അഞ്ച് വിജയികള്‍ക്ക് 100,000 ദിര്‍ഹം വീതം സമ്മാനം

ഇന്ത്യക്കാരനായ സന്ദീപ്കുമാര്‍ നാനേര, ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് റഫീഖില്‍ ഇസ്ലാം അഹമ്മദ് മീഹ് താലുക്ദര്‍, ഷാര്‍ജയില്‍ താമസിക്കുന്ന മുല്ലപ്പള്ളി പ്രവീണ്‍ ബാബു, ഇന്ത്യന്‍ പ്രവാസിയും ദുബൈയില്‍ താമസിക്കുന്ന സുരേഷ് കുമാര്‍, ദുബൈയില്‍ താമസിക്കുന്ന ഷിബ്ലിന്‍ സര്‍ഫാസ് എന്നിവരാണ് വിജയികള്‍.

40 പുത്തൻ വിമാനങ്ങൾക്ക് ഓർഡർ നൽകി മലയാളിയുടെ വിമാനക്കമ്പനി; മുടക്കുന്നത് 9400 കോടി

40 പുത്തൻ വിമാനങ്ങൾക്ക് ഓർഡർ നൽകി മലയാളിയുടെ വിമാനക്കമ്പനി; മുടക്കുന്നത് 9400 കോടി

കൊച്ചി: മലയാളിയുടെ ഉടമസ്ഥതയിലുള്ള ‘ഫ്ലൈ91‘ വിമാനക്കമ്പനി 40 പുതിയ വിമാനങ്ങൾ വാങ്ങുന്നുവെന്ന് റിപ്പോർട്ട്. 9400 കോടി മുടക്കിയാണ് കമ്പനി ഇത്രയും വിമാനങ്ങൾ ഒറ്റയടിയ്ക്ക് വാങ്ങുന്നത്. പുതിയ എടിആർ 72–600 ടർബോപ്രോപ്പ് വിമാനങ്ങൾക്കുള്ള മെഗാ ഓർഡറാണ് കമ്പനി നൽകിയത് എന്നാണ് വിവരം. ഒരു പ്രാദേശിക എയർലൈൻ കമ്പനി ഇത്രയധികം എടിആർ വിമാനങ്ങൾക്ക് ഒരുമിച്ച് ഓർഡർ നൽകുന്നത് ലോകത്ത് ആദ്യമാണ്. ചെലവുകുറഞ്ഞ ആഭ്യന്തര വിമാന സർവീസുകൾ സദ്ധ്യമാക്കുന്ന കമ്പനിയാണ് ഫ്ലൈ91.

കുന്നംകുളത്ത് കുടുംബവേരുകളുള്ള മനോജ് ചാക്കോയാണ് കമ്പനിയുടെ ഉടമ. ഗോവ കേന്ദ്രമായി 2024ലാണ് കമ്പനി സർവീസ് ആരംഭിച്ചത്. വ്യോമയാന രംഗത്ത് 30 വർഷത്തെ അനുഭവപരിചയമുള്ള ആളാണ് മനോജ് ചാക്കോ. ഗോവ, ഹൈദരാബാദ് എന്നിവയാണ് നിലവിൽ ഫ്ലൈ91 ബേസുകൾ. മലയാളിയുടെ ഉടമസ്ഥതയിലുള്ള ഏക വിമാനക്കമ്പനിയെന്ന സവിശേഷതയും ഫ്ലൈ91നുണ്ട്.

നിലവിൽ 6 വിമാനങ്ങളാണുള്ളത് ഫ്ലൈ91ന് ഉള്ളത്. 40 പുതിയ വിമാനങ്ങളടക്കം ഏതാനും വർഷങ്ങൾക്കുള്ളിൽ 60 വിമാനങ്ങളുള്ള കമ്പനിയായി വളരാനാണ് ലക്ഷ്യമിടുന്നത്. ഏകദേശം 100 കോടി ഡോളറിന്റേതാണ് എടിആർ കമ്പനിയുമായുള്ള ഡീൽ. അടുത്ത വർഷം അവസാനത്തോടെ പുത്തൻ വിമാനങ്ങൾ ഓരോന്നായി എത്തിത്തുടങ്ങും. അതുവരെയുള്ള വിപുലീകരണത്തിനായി ഇതിനു പുറമേ 6 മുതൽ 8 വരെ വിമാനങ്ങൾ കൂടി ലീസിനെടുക്കാൻ പദ്ധതിയുണ്ട്. രാജ്യത്തെ ഒട്ടേറെ ടിയർ–2, ടിയർ–3 നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാനാണ് നീക്കം. കേരളത്തിൽ കൊച്ചിക്കു പുറമേ കണ്ണൂരും പരിഗണനയിലുണ്ട്.

കമ്പനി തുടങ്ങി വെറും രണ്ടര വർഷത്തിനുള്ളിലാണ് നിർണായക വിപുലീകരണത്തിന് ഒരുങ്ങുന്നത്. ഇതിനകം 15,000 വിമാനസർവീസുകൾ കമ്പനി നടത്തിക്കഴിഞ്ഞു. 6 വിമാനങ്ങൾ ഉപയോഗിച്ച് 12 നഗരങ്ങളിലേക്ക് പ്രതിവാരം 280 സർവീസുകളാണ് നടത്തുന്നത്. കൊച്ചി– അഗത്തി ദ്വീപ് സർവീസിനു പുറമേ ഹുബ്ബള്ളി, ബംഗളൂരു, രാജ്മുണ്ഡ്രി, വിജയവാഡ, ജൽഗാവ്, പുനെ, സിന്ദുദുർഗ്, സോലാപുർ, ഹൈദരാബാദ് എന്നിവയടക്കം 12 നഗരങ്ങളെയാണ് നിലവിൽ ബന്ധിപ്പിക്കുന്നത്. അടുത്ത ആഴ്ച തിരുപ്പതിയിലേക്കും സർവീസ് ആരംഭിക്കും.

മെഗാ ഡീൽ ഒപ്പിടുന്നതിനായി എടിആർ കമ്പനിയുടെ സിഇഒ നദാലി ടർണാഡ് ലോഡും ചീഫ് കൊമേർഷ്യൽ ഓഫീസർ അലെക്സിസ് വിഡലും ഡൽഹിയിലെത്തിയിരുന്നു. വ്യോമയാന മന്ത്രാലയത്തിൽ നടന്ന ചടങ്ങിന് കേന്ദ്ര വ്യോമയാനമന്ത്രി കെ റാം മോഹൻ നായിഡുവും സാക്ഷ്യം വഹിച്ചു. 72 പേരെ വഹിക്കാവുന്ന എടിആർ 72–600 മോഡൽ വിമാനങ്ങളാണ് ഫ്ലൈ91 ഉപയോഗിക്കുന്നത്. ഇന്ത്യയുടെ ടെലിഫോൺ കോഡ് ആയ 91 സൂചിപ്പിച്ചാണു കമ്പനിക്കു പേരിട്ടിരിക്കുന്നത്.

നിയന്ത്രണരേഖയ്ക്ക് മുകളിലുള്ള വ്യോമാക്രമണത്തിനിടെ പാകിസ്ഥാന്റെ എഫ് 16 യുദ്ധവിമാനം വെടിവെച്ചിട്ടതിന് വീരചക്ര ലഭിച്ച യുദ്ധവിമാന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റന്‍ അഭിനന്ദന്‍ വര്‍ധമാന്‍ വ്യോമസേന വിട്ട് കഴിഞ്ഞ ദിവസം ഫ്ലൈ91 വിമാനക്കമ്പനിയുടെ പൈലറ്റായി ചുമതലയേറ്റിരുന്നു. പിന്നാലെയാണ് കമ്പനി പുതിയ 40 വിമാനങ്ങൾ വാങ്ങുന്നുവെന്ന വാർത്ത പുറത്തു വന്നത്.

ലോക്കപ്പ് പൂട്ടാന്‍ മറന്നു, മോഷണക്കേസ് പ്രതി സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു

ലോക്കപ്പ് പൂട്ടാന്‍ മറന്നു, മോഷണക്കേസ് പ്രതി സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു

കൊല്ലം : ഡ്യൂട്ടിയിലുണ്ടായിരുന്ന പാറാവുകാരന്‍ ലോക്കപ്പ് പൂട്ടാന്‍ മറന്നതിനെത്തുടര്‍ന്ന് മോഷണക്കേസ് പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു. കൊല്ലം കുണ്ടറ പൊലീസ് സ്റ്റേഷനിലാണ് സംഭവം. എഴുകോണ്‍ പുത്തന്‍നട വൈജിത്ത് ഭവനില്‍ വൈജേഷ് (23) ആണ് പൊലീസിനെ കബളിപ്പിച്ചു കടന്നുകളഞ്ഞത്.

നാന്തിരിക്കലില്‍ നിര്‍മാണം നടക്കുന്ന വീടിന്റെ വയറിങ്, പ്ലംബിങ് സാമഗ്രികള്‍ മുറിച്ചുകടത്തിയ കേസിലാണ് വൈജേഷ് പിടിയിലായത്. മുറിക്കാനുള്ള ഉപകരണങ്ങള്‍ വാടകയ്‌ക്കെടുത്ത കടയില്‍ അവ തിരികെ നല്‍കാന്‍ ചൊവ്വാഴ്ച രാത്രി എത്തിയപ്പോള്‍ പ്രതിയെ വീട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസിന് ഏല്‍പ്പിക്കുകയായിരുന്നു.

വൈദ്യപരിശോധനയ്ക്കുശേഷം രാത്രി 11-ന് കുണ്ടറ സ്റ്റേഷനില്‍ എത്തിച്ചു. രണ്ട് പോലീസുകാര്‍ മാത്രമാണ് ഈസമയം ഡ്യൂട്ടിയിലുണ്ടായിരുന്നത്. ലോക്കപ്പില്‍ക്കിടന്ന് ഉറങ്ങിപ്പോയ പ്രതി വെളുപ്പിന് ഒന്നരയോടെ ഉണര്‍ന്നു. നോക്കിയപ്പോള്‍ ലോക്കപ്പ് പൂട്ടിയിട്ടില്ലെന്ന് മനസ്സിലായി. തുടര്‍ന്ന് വാതില്‍ തുറന്ന് പുറത്തിറങ്ങി മതില്‍ചാടി രക്ഷപ്പെട്ടു. പ്രതിക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 960 രൂപ കൂടി

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 960 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 960 രൂപയാണ് വര്‍ധിച്ചത്. 1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

രണ്ടുദിവസത്തിനിടെ 3600 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്നലെ മുതലാണ് തിരിച്ച് കയറി തുടങ്ങിയത്. പവന് ഒറ്റയടിക്ക് 2440 രൂപയാണ് ഇന്നലെ വര്‍ധിച്ചത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില ഉയര്‍ന്ന് നില്‍ക്കുകയാണ്. എന്നാല്‍ ഡോളര്‍ ദുര്‍ബലമായതും അമേരിക്കന്‍ ട്രഷറി ബോണ്ട് യീല്‍ഡ് കുറഞ്ഞതുമാണ് സ്വര്‍ണ വില ഉയരാന്‍ കാരണം. പണപ്പെരുപ്പ ഭീഷണി മറികടക്കാന്‍ അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് ഉയര്‍ത്തുമോ എന്ന് ആശങ്കയോടെ ഉറ്റുനോക്കുകയാണ് നിക്ഷേപകര്‍. പലിശനിരക്ക് ഉയര്‍ത്തുന്നത് സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയ്ക്കാന്‍ ഇടയാക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

കേരളത്തിലെ ആകാശത്ത് ഇന്ന് ‘ബഹിരാകാശ നിലയം’ കാണാം!

കേരളത്തിലെ ആകാശത്ത് ഇന്ന് ‘ബഹിരാകാശ നിലയം’ കാണാം!

ആകാശക്കാഴ്ചകളില്‍ കമ്പക്കാരായ മലയാളികള്‍ക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) നഗ്നനേത്രം കൊണ്ടുകാണാന്‍ അവസരം. വെള്ളിയാഴ്ച കേരളത്തിലെ ആകാശത്ത് നിലയം ദൃശ്യമാകാന്‍ സാധ്യതയുണ്ട്. തെളിഞ്ഞ ആകാശമാണെങ്കില്‍ നഗ്നനേത്രങ്ങള്‍ കൊണ്ടുതന്നെ കാണാനാകും. വൈകീട്ട് 7.40 മുതല്‍ 7.55 വരെയുള്ള സമയത്താണ് ഈ ആകാശക്കാഴ്ചയ്ക്കു സാധ്യത.

മിന്നിമറയാത്ത വളരെ വേഗത്തില്‍ സഞ്ചരിക്കുന്ന, തെക്കു- പടിഞ്ഞാറന്‍ ആകാശത്തു നിന്നു വടക്കു- കിഴക്കോട്ടു നീങ്ങുന്ന തരത്തിലുള്ള പ്രകാശബിന്ദുവാണ് തിരിച്ചറിയാനുള്ള പ്രധാന സൂചന.

നിലയം കേരളത്തിനു മുകളിലൂടെ കടന്നുപോകുമ്പോള്‍ മലയാളിയായ ആദ്യ ബഹിരാകാശ സഞ്ചാരി അനില്‍ മേനോന്‍ അതിലുണ്ടെന്നതാണ് അഭിമാനം. നാസാശാസ്ത്രജ്ഞനായ അനില്‍ ഉള്‍പ്പെടെ ഏഴ് സഞ്ചാരികളാണ് ഇപ്പോള്‍ നിലയത്തിലുള്ളത്.

ഭൂമിയില്‍ നിന്നു 400 കിലോമീറ്റര്‍ ഉയരത്തില്‍ മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗത്തിലാണ് നിലയത്തിന്റെ സഞ്ചാരം. ഒരു ദിവസം ഏകദേശം 16 തവണ നിലയം ഭൂമിയെ വലംവയ്ക്കുന്നു. 90 മിനിറ്റാണ് പരിക്രമണ സമയം.

പാലക്കാട് മെഡിക്കൽ കോളജിലെ ഹൗസ് സർജന്മാരുടെ സമരം വിജയത്തിലേക്ക്; സൂപ്രണ്ടും ആർഎംഒയും രാജിവെച്ചു

പാലക്കാട് മെഡിക്കൽ കോളജിലെ ഹൗസ് സർജന്മാരുടെ സമരം വിജയത്തിലേക്ക്; സൂപ്രണ്ടും ആർഎംഒയും രാജിവെച്ചു

പാലക്കാട്: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ഭരണപരമായ വീഴ്ചകളും ചൂണ്ടിക്കാട്ടി പാലക്കാട് മെഡിക്കൽ കോളജിൽ ഹൗസ് സർജന്മാർ നടത്തിവന്ന അനിശ്ചിതകാല സമരം വിജയകരമായ ഒത്തുതീർപ്പിലേക്ക്. സമരത്തിന്റെ മൂന്നാം നാൾ മെഡിക്കൽ കോളജ് ഡയറക്ടർ നേരിട്ടെത്തി നടത്തിയ സമവായ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാനുള്ള അനുകൂല സാഹചര്യം തെളിഞ്ഞതെന്ന് സമരത്തിന് നേതൃത്വം നൽകിയ ഡോ. ഫെബിൻ അറിയിച്ചു. ആശുപത്രിയിലുണ്ടായത് ഭരണപരമായ തകരാറാണെന്ന് വിലയിരുത്തിയ ഡയറക്ടർ ഉൾപ്പെടെയുള്ള ഉന്നത അധികാരികൾ തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച പരസ്യമായി സമ്മതിച്ചതായി വിദ്യാർത്ഥി പ്രതിനിധികൾ വ്യക്തമാക്കി.

മെഡിക്കൽ കോളജിന്റെ പ്രവർത്തനത്തിൽ വീഴ്ച വരുത്തിയതിന് ഉത്തരവാദികളായ മെഡിക്കൽ സൂപ്രണ്ട്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട്, ആർഎംഒ , എആർഎംഒ എന്നിവർ തങ്ങളുടെ രാജിക്കത്ത് കൈമാറി. ഇവരുടെ രാജി ഡയറക്ടർ സ്വീകരിക്കുകയും തുടർനടപടികൾക്കായി സർക്കാരിലേക്ക് സമർപ്പിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ രാജി കൊണ്ടുമാത്രം പ്രശ്നങ്ങൾ പൂർണ്ണമായി പരിഹരിക്കപ്പെടില്ലെങ്കിലും, ജനങ്ങളുടെ മുന്നിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ തുറന്നുകാട്ടാൻ ഇത് അനിവാര്യമായിരുന്നുവെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി.

മെഡിക്കൽ കോളേജ് സംവിധാനങ്ങളുടെ പ്രവർത്തനം വിലയിരുത്താൻ വിദ്യാർത്ഥികളുടെയും ഹൗസ് സർജന്മാരുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കുമെന്ന് ഡയറക്ടർ ഉറപ്പുനൽകി. ഈ സമിതി പ്രതിദിനം യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.അത്യാഹിത വിഭാഗത്തിലും ഫാർമസിയിലും അത്യാവശ്യ മരുന്നുകളുടെയും ഉപകരണങ്ങളുടെയും കുറവ് മൂന്ന് ദിവസത്തിനകം പരിഹരിക്കും.പ്രവർത്തനരഹിതമായ എക്സ്-റേ മെഷീന്റെ ബാറ്ററി അടിയന്തരമായി മാറ്റിവെക്കും.ലാബ് അസിസ്റ്റന്റ്, എക്സ്-റേ-ലാബ് ടെക്നീഷ്യൻ തുടങ്ങിയ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ ഉടൻ നിയമനം നടത്താൻ മന്ത്രിതലത്തിൽ അടിയന്തര ഇടപെടൽ നടത്തും.ഇതുസംബന്ധിച്ച് ഡയറക്ടർ ഒപ്പിട്ട ഉറപ്പുകളുടെ പകർപ്പ് സമരക്കാർക്ക് കൈമാറിയിട്ടുണ്ട്.

ആരോഗ്യമന്ത്രിയുടെ ഇടപെടലോടെയാണ് മൂന്നാം നാളിൽ മാനേജ്‌മെന്റ് ചർച്ചയ്ക്ക് തയ്യാറായതെന്ന് ഡോക്ടർമാർ പറഞ്ഞു. സമരത്തിൽ ഇടപെട്ട വി.കെ. ശ്രീകണ്ഠൻ എം.പിയുടെ സദുദ്ദേശത്തെ മാനിക്കുന്നുവെങ്കിലും, സമരം നടത്തുന്നത് രാഷ്ട്രീയ പാർട്ടികളാണെന്ന തെറ്റിദ്ധാരണ അദ്ദേഹത്തിനുണ്ടായതാണ് തുടക്കത്തിൽ ആശയക്കുഴപ്പമുണ്ടാക്കിയത്. സമരം നടത്തുന്നത് ഹൗസ് സർജൻസ് അസോസിയേഷനാണെന്നും ഇതിന് യാതൊരുവിധ രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ലെന്നും ഡോ. ഫെബിൻ വ്യക്തമാക്കി.