ജൂലൈ മാസത്തിലെ മഴ ഇതല്ലന്നേ! പെയ്യുന്ന അളവില്‍ വലിയ കുറവ്

ജൂലൈ മാസത്തിലെ മഴ ഇതല്ലന്നേ! പെയ്യുന്ന അളവില്‍ വലിയ കുറവ്

കൊച്ചി: കാലവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കേണ്ട ജൂലൈ മാസത്തില്‍ പെയ്യേണ്ട മഴയുടെ അളവില്‍ വലിയ കുറവ്. ശരാശരി പരിശോധിച്ചാല്‍ 34% മഴ കുറവാണ്. എല്‍നിനോയുടെ സ്വാധീനം മൂലമുള്ള മഴക്കുറവ് കാര്‍ഷിക മേഖലയെ ഉള്‍പ്പെടെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യമാണുള്ളത്.

സംസ്ഥാനത്ത് 12 ജില്ലകളിലും ലഭിക്കേണ്ട മഴയുടെ അളവ് ശരാശരിയേക്കാള്‍ കുറവാണ്. കോട്ടയം,തിരുവനന്തപുരം ജില്ലകളില്‍ മാത്രമാണ് മഴ സാധാരണ നിലയിലുള്ളത്. എറണാകുളം മുതല്‍ വടക്കോട്ടാണ് മഴ കൂടുതല്‍ ലഭിക്കുന്നത്. വടക്കന്‍ മലബാറില്‍ ഇന്ന് ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചെങ്കിലും മറ്റിടങ്ങളിലെല്ലാം നേരിയ മഴ മാത്രമാണ് ലഭിക്കുന്നത്.

കാലാവസ്ഥാ വിഭാഗം പറയുന്നത്, ഇടവേളകളോടെ ഒറ്റപ്പെട്ട മഴ ലഭിക്കുമെന്നാണ്. വടക്കന്‍ ജില്ലകളില്‍ ഭേദപ്പെട്ട മഴ ലഭിക്കുന്നുണ്ടെങ്കിലും ആകെ മഴയുടെ അളവ് കുറഞ്ഞു തന്നെയാണ്. വരും ദിവസങ്ങളില്‍ മഴ കുറയുമെന്നതിനാല്‍ നാളെ മുതല്‍ മുന്നറിയിപ്പുണ്ടാകില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.

ആയിരം കോടിയുടെ മയക്കുമരുന്ന്, മലയാളികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

ആയിരം കോടിയുടെ മയക്കുമരുന്ന്, മലയാളികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

ദൽഹി: ആയിരം കോടിയുടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മലയാളികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 1000 കോടിയലധികം രൂപ വില വരുന്ന 12 കോടി മയക്കുമരുന്ന് ഗുളികകൾ (ട്രാമഡോൾ)ആണ് ഡൽഹിയിൽ പിടികൂടിയത്. സംഭവത്തിൽ മലയാളി സൂത്രധാരൻമാർ ഉൾപ്പെടെ 3 പേർ അറസ്റ്റിലായി. രാജ്യത്ത് മയക്കുമരുന്ന് ഗുളികകൾ പിടികൂടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ വേട്ടയാണിത്. തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാർ, മലപ്പുറം സ്വദേശി ഫിർദോസ് എന്നിവരെ കൊച്ചി ഇടപ്പള്ളിയിൽ നിന്നു സെൻട്രൽ ബ്യൂറോ ഓഫ് നർകോട്ടിക്സ് (സിബിഎൻ) പിടികൂടി. കേസിൽ ഉൾപ്പെട്ട ബംഗളൂരു ആസ്ഥാനമായുള്ള കമ്പനിയുടെ ഡയറക്ടറെ ബംഗളൂരുവിൽ നിന്നു മുൻപ് അറസ്റ്റ് ചെയ്തിരുന്നു.

ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രം നൽകുന്ന ശക്തമായ വേദനസംഹാരിയാണ് ട്രാമഡോൾ. ഡൽഹിയിലെ ഒരു വെയർഹൗസിൽ സൂക്ഷിച്ചിരുന്ന 30,000 കിലോ തൂക്കം വരുന്ന ട്രാമഡോളാണ് സിബിഎൻ സംഘം പിടിച്ചെടുത്തത്. സംഘർഷ മേഖലകളിൽ ലഹരി മരുന്നായാണ് ഇവ ഉപയോഗിക്കുന്നത്. പിടിയിലായ മൂന്ന് പ്രതികൾക്കെതിരേയും 1985ലെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കേന്ദ്ര ധനമന്ത്രാലയത്തിലെ റവന്യൂ വകുപ്പിന് കീഴിലുള്ള ഏജൻസിയായ സെൻട്രൽ ബ്യൂറോ ഓഫ് നർകോട്ടിക്സ് നടത്തിവരുന്ന ‘ഓപ്പറേഷൻ വജ്ര’ ദൗത്യത്തിന്റെ ഭാഗമായാണ് വൻ ലഹരിവേട്ട നടന്നത്. ജൂലൈ 10നും 20നും ഇടയിൽ ഗ്വാളിയോറിലെ സിബിഎൻ പ്രിവന്റീവ് സംഘം ബംഗളൂരു, ഡൽഹി, കൊച്ചി എന്നിവിടങ്ങളിലെ ഡിആർഐ കേന്ദ്രങ്ങളുടെ സഹകരണത്തോടെ നടത്തിയ തിരച്ചിലിലാണ് പ്രതികൾ കുടുങ്ങിയത്.

ആഫ്രിക്കൻ രാജ്യമായ ഗ്വിനിയ- ബിസാവുവിലേക്ക് കയറ്റി അയക്കാൻ എന്ന വ്യാജേന രേഖകൾ ഉണ്ടാക്കി ലഹരി ശേഖരം ലിബിയയിലേക്ക് വഴിതിരിച്ചുവിടാനായിരുന്നു പ്രതികളുടെ പദ്ധതി. അന്താരാഷ്ട്ര നർകോട്ടിക്സ് കൺട്രോൾ ബോർഡുമായും ഗ്വിനിയ- ബിസാവുവിലെ അധികാരികളുമായും ഏകോപിപ്പിച്ച് സിബിഎൻ നടത്തിയ അന്വേഷണത്തിലാണ് ലക്ഷ്യസ്ഥാനം വ്യാജമാണെന്ന് തെളിഞ്ഞത്.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ച മലയാളികളെക്കുറിച്ച് സൂചന ലഭിച്ചത്. കേസിൽ കൂടുതൽ അന്താരാഷ്ട്ര ബന്ധങ്ങൾ ഉണ്ടോയെന്ന് കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.

സയന്‍സ് ബിരുദമുണ്ടോ? ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ ആകാം; തുടക്ക ശമ്പളം 43,400 രൂപ

സയന്‍സ് ബിരുദമുണ്ടോ? ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ ആകാം; തുടക്ക ശമ്പളം 43,400 രൂപ

കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസില്‍ സ്റ്റേഷന്‍ ഓഫീസര്‍ (ട്രെയിനി) തസ്തികയിലേക്ക് കേരള പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. നിലവില്‍ ഒരൊഴിവ് മാത്രമാണുള്ളതെങ്കിലും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ വരുന്ന ഒഴിവുകളെല്ലാം ഇതിലേക്ക് പരിഗണിക്കും. ശമ്പള സ്‌കെയില്‍: 43,400 – 91,200 രൂപ. ഇതിനു പുറമെ മറ്റ് ആനുകൂല്യങ്ങളും ഉണ്ടായിരിക്കും.

യോഗ്യത

വിദ്യാഭ്യാസ യോഗ്യത:ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള സയന്‍സ് ബിരുദം. കെമിസ്ട്രി (രസതന്ത്രം) ഐച്ഛിക വിഷയമായി പഠിച്ചവര്‍ക്ക് മുന്‍ഗണന നല്‍കും. സ്‌പോര്‍ട്‌സ് മേഖലയില്‍ മികച്ച കഴിവ തെളിയിച്ചവര്‍ക്കും എന്‍സിസി (A, B, C), സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് (SPC) സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും വെയിറ്റേജ് മാര്‍ക്ക് ലഭിക്കുന്നതാണ്.

പ്രായപരിധി: 20 – 35 വയസ്സ് (02.01.1991നും 01.01.2006നും ഇടയില്‍ ജനിച്ചവരായിരിക്കണം). SC/ST, OBC ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പില്‍ ക്ലര്‍ക്ക് ആയി ജോലി ചെയ്യുന്നവര്‍ക്ക് ഉയര്‍ന്ന പ്രായപരിധി 43 വയസ്സാണ്.

ശാരീരിക യോഗ്യതകള്‍: ഉയരം: പൊതുവിഭാഗത്തിന് കുറഞ്ഞത് 165 സെ.മീ; SC/ST വിഭാഗത്തിന് 160 സെ.മീ. ഭാരം: പൊതുവിഭാഗത്തിന് 50 കി.ഗ്രാം; SC/ST വിഭാഗത്തിന് 48 കി.ഗ്രാം. നെഞ്ചളവ്: 81 സെ.മീ (കുറഞ്ഞത് 5 സെ.മീ വികാസം); SC/ST വിഭാഗത്തിന് 76 സെ.മീ (കുറഞ്ഞത് 5 സെ.മീ വികാസം).

കാഴ്ചശക്തി: കണ്ണട ഇല്ലാതെ 6/6 (Distant Vision) കാഴ്ച ശക്തി ഉണ്ടായിരിക്കണം. (മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്).

ശ്രദ്ധിക്കുക: ഭിന്നശേഷിക്കാര്‍ക്കും വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല.

തെരഞ്ഞെടുപ്പ് രീതി: എഴുത്തുപരീക്ഷ/OMR/ഓണ്‍ലൈന്‍ പരീക്ഷ, കായികക്ഷമതാ പരീക്ഷ (Physical Efficiency Test – 8 ഇനങ്ങളില്‍ കുറഞ്ഞത് 5 എണ്ണത്തില്‍ യോഗ്യത നേടണം) എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

അപേക്ഷ: കേരള പിഎസ്‌സിയുടെ ‘ഒറ്റത്തവണ രജിസ്‌ട്രേഷന്‍’ പ്രൊഫൈലിലൂടെ നേരിട്ട് അപേക്ഷിക്കാം. കാറ്റഗറി നമ്പര്‍: 047/2026. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുമായി www.keralapsc.gov.in സന്ദര്‍ശിക്കുക. അവസാന തീയതി: 2026 ഓഗസ്റ്റ് 05

ഐടിഐ കഴിഞ്ഞവർക്ക് ഗൾഫിൽ സൗജന്യ നിയമനം; 40 സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ ഒഴിവുകൾ

ഐടിഐ കഴിഞ്ഞവർക്ക് ഗൾഫിൽ സൗജന്യ നിയമനം; 40 സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ ഒഴിവുകൾ

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് (ODEPC) മുഖേന യു.എ.ഇയിലേക്ക് സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അകെ 40 ഒഴിവുകളാണ് ഉള്ളത്. ഐ.ടി.ഐ യോഗ്യതയുള്ള ടെക്നീഷ്യൻമാർക്ക് ആണ് അവസരം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. പ്രവൃത്തി പരിചയം അനുസരിച്ചാണ് ശമ്പളം നിശ്ചയിക്കുന്നത്.

ഒഴിവ് വിശദാംശങ്ങൾ
തസ്തിക: സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ
ജോലി സ്ഥലം: യുഎഇ
ഒഴിവുകൾ: 40
യോഗ്യത: ITI
പ്രവൃത്തിപരിചയം: കുറഞ്ഞത് 2 വർഷം

ത്രിപുര ഡിജിപി അനുരാഗ് ധങ്കര്‍ പൊലീസ് ആസ്ഥാനത്ത് മരിച്ച നിലയില്‍

ത്രിപുര ഡിജിപി അനുരാഗ് ധങ്കര്‍ പൊലീസ് ആസ്ഥാനത്ത് മരിച്ച നിലയില്‍

അഗര്‍ത്തല: ത്രിപുര പൊലീസ് മേധാവി അനുരാഗ് ധങ്കറിനെ പൊലീസ് ആസ്ഥാനത്ത് മരിച്ച നിലയില്‍ കണ്ടെത്തി. 1994 ബാച്ച് ഐപിഎസ് ഓഫീസര്‍ ആണ്. ധങ്കറിന്റെ മരണ കാരണം എന്താണെന്ന് വ്യക്തമല്ല.

അതേസമയം അനുരാഗ് ധങ്കര്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. തന്റെ സ്വന്തം സര്‍വീസ് പിസ്റ്റള്‍ ഉപയോഗിച്ച് ധങ്കര്‍ സ്വയം വെടിവെച്ചതായാണ് കരുതപ്പെടുന്നത്.

ഉടന്‍ തന്നെ ധങ്കറിനെ അഗര്‍ത്തലയിലെ ഗോവിന്ദ് വല്ലഭ് പന്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. 2025 മെയ് മാസത്തിലാണ് അനുരാഗ് ധങ്കര്‍ ത്രിപുര ഡിജിപിയായി ചുമതലയേറ്റത്.

ഡിജിപിയാകുന്നതിന് മുമ്പ് ത്രിപുര പൊലീസില്‍ നിരവധി സുപ്രധാന പദവികളില്‍ അനുരാഗ് ധങ്കര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ സിബിഐയിലും ബിഎസ്എഫിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കോറോഹെല്‍ത്ത് കൂട്ടപിരിച്ചുവിടല്‍: ജീവനക്കാര്‍ക്ക് 5 മാസത്തെ മുഴുവന്‍ ശമ്പളം കൂടി, എക്‌സിപീരിയന്‍സ് സര്‍ട്ടിഫിക്കറ്റും നല്‍കുമെന്ന് മന്ത്രി

കോറോഹെല്‍ത്ത് കൂട്ടപിരിച്ചുവിടല്‍: ജീവനക്കാര്‍ക്ക് 5 മാസത്തെ മുഴുവന്‍ ശമ്പളം കൂടി, എക്‌സിപീരിയന്‍സ് സര്‍ട്ടിഫിക്കറ്റും നല്‍കുമെന്ന് മന്ത്രി

തിരുവനന്തപുരം: കോറോഹെല്‍ത്ത് കൂട്ടപിരിച്ചു വിടലില്‍ കമ്പനി അധികൃതരുമായി ഇന്നു നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണ. തൊഴിലാളികള്‍ക്ക് നേരത്തെ നല്‍കാമെന്ന് പറഞ്ഞ രണ്ടു മാസത്തെ കൂടാതെ, അഞ്ചു മാസത്തെ മുഴുവന്‍ ശമ്പളവും കമ്പനി നല്‍കും. അടുത്ത ഞായറാഴ്ചയ്ക്കകം ആ തുക നല്‍കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളതെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.

പിരിച്ചുവിടപ്പെടുന്ന തൊഴിലാളികള്‍ക്ക് വീണ്ടും മറ്റൊരു സ്ഥാപനത്തില്‍ ജോലി ലഭിക്കുന്നത് ബുദ്ധിമുട്ടാകാറുണ്ട്. അതു പരിഗണിച്ച് പിരിച്ചു വിടപ്പെട്ട എല്ലാ ജീവനക്കാര്‍ക്കും എക്‌സിപീരിയന്‍സ് സര്‍ട്ടിഫിക്കറ്റും റിലീവിങ്ങ് ലെറ്റേഴ്‌സും മറ്റ് ആവശ്യമായ എല്ലാ രേഖകളും നല്‍കാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് ഭാവിയില്‍ തൊഴില്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാകുന്ന ഒരു മോശം പരാമര്‍ശങ്ങളും ഇല്ലാത്ത സര്‍ട്ടിഫിക്കറ്റാകും നല്‍കുകയെന്നും മന്ത്രി പറഞ്ഞു.

വേറൊരു കമ്പനിയില്‍ തൊഴിലാളികള്‍ ജോലിക്ക് ചെല്ലുമ്പോള്‍ മുമ്പ് പ്രവര്‍ത്തിച്ച സ്ഥാപനത്തില്‍ ഒരു വെരിഫിക്കേഷന്‍ നടത്തി വരാറുണ്ട്. അത്തരം സന്ദര്‍ഭത്തില്‍ തൊഴിലാളികള്‍ക്ക് ദോഷകരമാകുന്ന ഒരു സമീപനവും ഉണ്ടാകില്ലെന്നും കോറോ ഹെല്‍ത്ത് കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഫോം 16 ലും പേ സ്ലിപ്പിലും എല്ലാ എംപ്ലോയിസിനും ഫുള്‍ ആന്റ് ഫൈനല്‍ സെറ്റില്‍മെന്റ് കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ജീവനക്കാരുടെ താല്‍പ്പര്യം കണക്കിലെടുത്ത് സര്‍ക്കാരും ട്രേഡ് യൂണിയന്‍ നേതാക്കളും എല്ലാം ചേര്‍ന്ന് കമ്പനി അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായതെന്നും മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.