നെന്മാറയില്‍ കൊലക്കേസ് പ്രതി അമ്മയെയും മകനെയും വെട്ടിക്കൊന്നു

നെന്മാറയില്‍ കൊലക്കേസ് പ്രതി അമ്മയെയും മകനെയും വെട്ടിക്കൊന്നു

പാലക്കാട്: നെന്മാറയില്‍ കൊലക്കേസ് പ്രതി അമ്മയെയും മകനെയും വെട്ടിക്കൊന്നു. പോത്തുണ്ടി സ്വദേശി സുധാകരനും (58) അമ്മ ലക്ഷ്മിയുമാണ് (76) മരിച്ചത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ ആയിരുന്ന ചെന്താമര എന്ന 58കാരന്‍ ആണ് ഇരുവരെയും കൊലപ്പെടുത്തിയത്.

ഇന്ന് രാവിലെയാണ് സംഭവം. അയല്‍വാസി കൂടിയായ ചെന്താമര വീടിന് മുന്നില്‍ വച്ചാണ് ഇരുവരെയും ആക്രമിച്ചത്. കേസില്‍ ജയിലില്‍ ആയിരുന്ന ചെന്താമര അടുത്തിടെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത് എന്നാണ് പൊലീസ് പറയുന്നത്.

വാക്ക് തര്‍ക്കം, വ്യക്തി വൈരാഗ്യം എന്നിവ മൂലമാണ് കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യയെ പ്രതി വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രതി ജാമ്യത്തില്‍ ഇറങ്ങിയത്. ഇതിന് പിന്നാലെയാണ് ഇരട്ടകൊലപാതകം. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ചെന്താമരനെ അന്വേഷണത്തിന് ഒടുവില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

‘ആശുപത്രി മുറിയില്‍ നിന്ന് അച്ഛമ്മയുടെ പിറന്നാള്‍ ആശംസകള്‍’; ഹൃദയം തൊടുന്ന കുറിപ്പുമായി ഉമാ തോമസ്

‘ആശുപത്രി മുറിയില്‍ നിന്ന് അച്ഛമ്മയുടെ പിറന്നാള്‍ ആശംസകള്‍’; ഹൃദയം തൊടുന്ന കുറിപ്പുമായി ഉമാ തോമസ്

കലൂരില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യംവച്ച് നടത്തിയ നൃത്തപരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ ഉമാ തോമസ് എംഎല്‍എ പയ്യെ സുഖം പ്രാപിച്ചുവരികയാണ്. നീണ്ട ആശുപത്രിവാസക്കാലത്ത് തന്റെ മണ്ഡലത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും കേരളത്തിലെ ജനകീയ പ്രശ്‌നങ്ങളെക്കുറിച്ചും ഉമാ തോമസ് ഫേസ്ബുക്കിലൂടെ സംസാരിക്കാറുണ്ട്. ഉമാ തോമസുമായി ബന്ധപ്പെട്ട വാര്‍ത്തകളും ആശുപത്രിയില്‍ നിന്നുള്ള ഓരോ കുറിപ്പുകളും ചിത്രങ്ങളും വളരെ ആകാംഷയോടെയും പ്രാര്‍ത്ഥനകളോടെയുമാണ് ജനങ്ങള്‍ ഏറ്റെടുക്കാറുള്ളത്. അത്യപകടത്തെ അതിജീവിച്ചെങ്കിലും ആശുപത്രിയിലിങ്ങനെ കിടക്കുമ്പോള്‍ തനിക്ക് വ്യക്തിപരമായുണ്ടാകുന്ന ചില കുഞ്ഞ് വലിയ നഷ്ടങ്ങളെക്കുറിച്ച് പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ എഴുതുകയാണ് ഉമാ തോമസ്. കുഞ്ഞുമക്കളുടെ ഒന്നാം പിറന്നാളിന് അവര്‍ക്കരികില്‍ എത്താന്‍ കഴിയാതെ പോയ ഒരു അച്ഛമ്മയുടെ സങ്കടച്ഛായയുള്ള ഹൃദര്‍ശസ്പര്‍ശിയായ കുറിപ്പ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

മകന്റെ കുഞ്ഞുങ്ങളായ ഹേസലിന്റേയും എവ്‌ലിന്റേയും ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനെ കുറിച്ചാണ് ഉമാ തോമസിന്റെ പോസ്റ്റ്. ആശുപത്രി മുറിയില്‍ നിന്ന് മാലാഖകുഞ്ഞുങ്ങള്‍ക്ക് ദീര്‍ഘായുസ്സും സന്തോഷവും നേരുന്നതായി ഉമാ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഉമാ തോമസിന്റെ കുറിപ്പ് വായിക്കാം:

Hazel, Evlyn..
എന്റെ പ്രിയപ്പെട്ട കുഞ്ഞു മാലാഖമാര്‍
ഹെയ്‌സലിന്റെയും, എവിലിന്റെയും ഒന്നാം പിറന്നാളാണ് ഇന്ന്..
ഒന്നാം പിറന്നാള്‍ ആയതുകൊണ്ട് തന്നെ ആഴ്ചകള്‍ക്കും, മാസങ്ങള്‍ക്കും മുന്നേ ഞങ്ങള്‍ ഒരുപാട് പ്ലാന്‍ ചെയ്തു വച്ചിരുന്നതായിരുന്നു ജന്മദിനാഘോഷം ഏറ്റവും ഹൃദയംഗമായി നടത്തുന്നതിന്.
പക്ഷേ ഈശ്വരന്റെ ആഗ്രഹം മറ്റൊന്നായിപ്പോയി.
എങ്കിലും വലിയൊരു ആപത്തില്‍ നിന്നും ഈശ്വരന്‍ ഇത്രമേല്‍ രക്ഷിച്ചത് തന്നെ, എന്തൊക്കെയോ ദൗത്യങ്ങള്‍ ചെയ്യാന്‍ ബാക്കി വച്ചതുകൊണ്ടാകാം എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

പി.ടി. യുടെ അസാന്നിധ്യവും ഈ പിറന്നാള്‍ ദിനത്തിലെ സങ്കടകരമായ മറ്റൊരു കാര്യം കൂടിയാണ്..
പി.ടി ഉണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ നാല് പേരുംകൂടി ഒരുമിച്ചു പിറന്നാള്‍ ആഘോഷിക്കുന്നതിനു കാഞ്ഞങ്ങാട് എത്തേണ്ടതായിരുന്നു.

ഈ പിറന്നാള്‍ ദിനത്തില്‍ നിങ്ങളുടെ കുഞ്ഞുപരിമളവും പുഞ്ചിരിയും എന്നെ ചുറ്റിപ്പറ്റിയില്ലെങ്കില്‍ പോലും, എന്റെ മനസ്സിന്റെ ഓരോ കോണിലും നിങ്ങള്‍ എപ്പോഴും ഉണ്ടാകും..
നിങ്ങള്‍ക്ക് ലോകത്തെ എല്ലാ സന്തോഷങ്ങളും കിട്ടാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു..
ഇന്നു നിങ്ങളുടെ സന്തോഷ ദിനത്തില്‍ എനിക്ക് നിങ്ങളുടെ അടുത്തെത്താന്‍ കഴിയാത്തിന്റെ വേദന ചെറുതല്ല..
എങ്കിലും ഈ ആശുപത്രി മുറിയില്‍ നിന്നും എന്റെ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും നേരുകയാണ്..

വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്കേറ്റു

വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്കേറ്റു

തൃശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്കേറ്റു. തേയില തോട്ടം തൊഴിലാളി അന്നലക്ഷ്മി എന്ന 67 കാരിക്കാണ് പരിക്കേറ്റത്. മാനമ്പിള്ളി ഫോറസ്റ്റ് റിസര്‍വിന് കീഴിലുള്ള ഇടിആര്‍ എസ്റ്റേറ്റില്‍ വെച്ചായിരുന്നു സംഭവം.

ഇവിടെ 12 വീടുകള്‍ അടങ്ങിയ ലായം ഉണ്ടായിരുന്നു. ഇവിടേക്കാണ് കാട്ടാന എത്തിയത്. രാത്രി ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയപ്പോള്‍ അന്നലക്ഷ്മിയെ, ആന തുമ്പിക്കൈ കൊണ്ട് തട്ടി വീഴ്ത്തി കാല്‍ ചവിട്ടി ഒടിച്ചുവെന്നാണ് വിവരം. മറ്റു വീടുകളിലെ ആളുകള്‍ ഉണര്‍ന്ന് ബഹളം വെച്ചതിനെത്തുടര്‍ന്നാണ് കാട്ടാന പിന്‍വാങ്ങിയത്. അന്നലക്ഷ്മിയെ വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് മാറ്റി. അന്നലക്ഷ്മിയുടെ ഇടുപ്പെല്ലിനും സാരമായ പരിക്കേറ്റിട്ടുണ്ട്.

സംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്നുമുതല്‍ പ്രാബല്യത്തില്‍

സംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്നുമുതല്‍ പ്രാബല്യത്തില്‍

സംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്നുമുതല്‍ പ്രാബല്യത്തില്‍. പത്ത് രൂപ മുതല്‍ 50 രൂപ വരെയാണ് വിവിധ ബ്രാന്‍ഡുകള്‍ക്ക് വില കൂട്ടിയത്.

62 കമ്പനികളുടെ 341 ബ്രാന്‍ഡുകള്‍ക്കാണ് ഇന്ന് മുതല്‍ പുതിയ വില. പുതുക്കിയ മദ്യവില വിവരപ്പട്ടിക ബെവ്‌കൊ പുറത്തിറക്കി. 999 രൂപ വരെയുള്ള മദ്യത്തിന് 20 രൂപയും, ആയിരത്തിനു മുകളില്‍ 40 രൂപയുമാണ് കൂട്ടിയത്. അതേസമയം വില കുറയ്ക്കാനും തീരുമാനമുണ്ട്. 45 കമ്പനികളുടെ 107 ബ്രാന്റുകള്‍ക്കാണ് വില കുറയുക. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനും ബിയറിനും വൈനിനും വിലവര്‍ധിപ്പിച്ചിട്ടുണ്ട്. ബെവ്‌കോ നിയന്ത്രണത്തില്‍ ഉല്‍പ്പാദിപ്പിച്ച് വില്‍ക്കുന്ന ജവാന്‍ റം വില 640 രൂപയില്‍ നിന്ന് 650 ആയി ഉയര്‍ത്തി. ബിയറുകള്‍ക്ക് 20 രൂപവരെ വിലകൂടി. പ്രീമിയം ബ്രാന്‍ഡികള്‍ക്ക് 130 രൂപവരെ കൂടിയിട്ടുണ്ട്.

15 മാസത്തിനുശേഷമാണ് മദ്യത്തിന്റെ വില വര്‍ധന. 2022 നവംബറില്‍ മദ്യത്തിന്റെ വില്‍പ്പന നികുതി ശതമാനം വര്‍ധിപ്പിച്ചിരുന്നു. 2023-24 ബഡ്ജറ്റില്‍ സെസും ഏര്‍പ്പെടുത്തിയിരുന്നു. ബെവ്‌കോയും മദ്യകമ്പനികളും തമ്മിലുള്ള റേറ്റ് കോണ്‍ട്രാക്ട് അനുസരിച്ചാണ് മദ്യവില നിശ്ചയിക്കുന്നത്. ഓരോ വര്‍ഷവും വിലവര്‍ധന കമ്പനികള്‍ ആവശ്യപ്പെടാറുണ്ട്. ചില വര്‍ഷങ്ങളില്‍ വിലകൂട്ടി നല്‍കും.

മദ്യത്തിന്റെ ഉത്പാദനത്തിന് ചെലവ് കൂടിയെന്ന മദ്യക്കമ്പനികളുടെ ആവശ്യം ന്യായമാണെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചാണ് ബെവ്‌കോ മദ്യവില കൂട്ടിയത്. എഥനോള്‍ വില കൂടിയതാണ് മദ്യവില കൂടാന്‍ കാരണമായി പറയുന്നത്. ഇതേ എഥനോള്‍ ഉല്‍പ്പാദിപ്പിക്കാനാണ് പാലക്കാട് ബ്രൂവറിക്ക് അനുമതി നല്‍കിയത്. പാലക്കാട് ബ്രൂവറി തുടങ്ങി എഥനോള്‍ ഉല്‍പ്പാദിപ്പിക്കാനായാല്‍ സംസ്ഥാനത്ത് മദ്യവിലയിലും ഇത് പ്രതിഫലിക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം.

ഗുരുവായൂർ ക്ഷേത്രം നട നേരത്തെ അടയ്ക്കും

ഗുരുവായൂർ ക്ഷേത്രം നട നേരത്തെ അടയ്ക്കും

തൃശൂർ: ഗുരുവായൂർ ക്ഷേത്ര ശ്രീകോവിലിലെ പുരാതന ചുമർച്ചിത്രങ്ങൾ പാരമ്പര്യ തനിമയും ശൈലിയും നിലനിർത്തിക്കൊണ്ട് നവീകരിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നതിനാൽ ഉച്ചയ്ക്ക് ക്ഷേത്രം നട നേരത്തെ അടയ്ക്കും. ഉച്ചപ്പൂജ കഴിഞ്ഞ് ക്ഷേത്രം നട അടച്ചതിനു ശേഷമാണ് നവീകരണം.

ശ്രീകോവിൽ നവീകരണ പ്രവൃത്തികൾ പൂർത്തിയാകുന്നതുവരെ ഉച്ചയ്ക്ക് 1.30 ന് ക്ഷേത്രം നട അടയ്ക്കും. എന്നാൽ ശനി, ഞായർ ദിവസങ്ങളിലും പൊതു അവധി ദിനങ്ങളിലും പതിവ് പോലെ ക്ഷേത്രം നട 3.30 ന് തുറക്കും. ഉത്സവത്തിന് മുൻപേ ക്ഷേത്രം ശ്രീകോവിൽ ചുമർച്ചിത്രങ്ങളുടെ നവീകരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.

കനത്ത ചൂടിന് ആശ്വാസം, മഴ വീണ്ടും സജീവമാകുന്നുവെന്ന് കാലാവസ്ഥ വകുപ്പ്

കനത്ത ചൂടിന് ആശ്വാസം, മഴ വീണ്ടും സജീവമാകുന്നുവെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി വ്യാഴാഴ്ചയോടെ മഴ സജീവമാകുമെന്ന് കാലാവസ്ഥ വകുപ്പ്. വ്യാഴാഴ്ച രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് 30 ന് മഞ്ഞ ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യരേഖാ ഇന്ത്യൻ മഹാസമുദ്രം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യരേഖാ ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.