റേഷൻ കിട്ടാൻ ഇനി പാടുപെടും! മന്ത്രിയുടെ ‘ലൈസൻസ്’ ഭീഷണി തള്ളി റേഷൻ വ്യാപാരികൾ; ഇന്നുമുതൽ അനിശ്ചിതകാല സമരം

റേഷൻ കിട്ടാൻ ഇനി പാടുപെടും! മന്ത്രിയുടെ ‘ലൈസൻസ്’ ഭീഷണി തള്ളി റേഷൻ വ്യാപാരികൾ; ഇന്നുമുതൽ അനിശ്ചിതകാല സമരം

തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ അനിശ്ചിത കാല സമരം ഇന്ന് മുതൽ. സമരത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് മുതൽ റേഷൻ വിതരണം സ്തംഭനത്തിലേക്ക് നീങ്ങും. സമരം പിൻവലിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് ഭക്ഷ്യമന്ത്രി ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സർക്കാരിന്‍റെ ഭീഷണി മറികടന്നാണ് ഇന്ന് വ്യാപാരികൾ സമരത്തിന് ഒരുങ്ങുന്നത്. ശമ്പളപരിഷ്കരണം അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം. രണ്ട് തവണ വ്യാപാരികളുമായി സർക്കാർ ചർച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. മറ്റെല്ലാ ആവശ്യങ്ങളും അംഗീകരിക്കാം പക്ഷെ ശമ്പളം വർധിപ്പിക്കാനാവില്ലെന്നാണ് ചർച്ചകളിൽ സർക്കാർ സ്വീകരിച്ച നിലപാട്. ശമ്പളം വർധിപ്പിക്കലാണ് പ്രധാന ആവശ്യമെന്ന് വ്യക്തമാക്കിയ റേഷൻ വ്യാപാരികൾ സർക്കാർ കടുത്ത പ്രതിസന്ധിയിലാണെന്ന ധനമന്ത്രിയുടെ നീതികരണം തള്ളിക്കളഞ്ഞു. ശമ്പള പരിഷ്കരണം നടപ്പാക്കാനാകില്ലെന്ന് തീർത്തുപറഞ്ഞ സർക്കാരിനെ ശക്തമായ സമരത്തിലൂടെ സമ്മർദ്ദത്തിലാക്കാനാണ് റേഷൻ വ്യാപാരികളുടെ നീക്കം.

റേഷൻ വ്യാപരികൾ ഉയർത്തിയ ആവശ്യങ്ങളോട് സംസ്ഥാന സർക്കാരിന് നിഷേധാത്മക നിലപാട് ആണെന്ന് റേഷൻ വ്യാപാരി സമരസമിതി കോർഡിനേഷൻ ജനറൽ കൺവീണർ ജോണി നെല്ലൂർ പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ സമരം ചെയ്യണം എന്ന് വ്യാപാരികൾ ആഗ്രഹിച്ചിട്ടില്ല. നിലവിലെ വേതനം കൊണ്ട് ജീവിക്കാൻ കഴിയാതെ വന്നതോടെയാണ് റേഷൻ വ്യാപാരികൾ കട അടച്ചു സമരം ചെയ്യുന്നതൊന്നും ജോണി നെല്ലൂർ പറഞ്ഞു.റേഷൻ വിതരണക്കാരുടെ സമരം മൂലം ഈ മാസം റേഷൻ വിതരണം നേരത്തെ തന്നെ തടസ്സപ്പെട്ടിരുന്നു. ജനുവരിയിൽ ഇതുവരെ 62.67% കാർഡ് ഉടമകൾ റേഷൻ വാങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. കടയടപ്പ് സമരത്തോടെ റേഷൻ വിതരണം സ്തംഭിക്കും. സമരത്തെ മറികടക്കാനുള്ള വഴികൾ സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ട്.

വയനാട്ടിലെ നരഭോജി കടുവ ചത്തനിലയിൽ, പഞ്ചാരക്കൊല്ലിയില്‍ ആശ്വാസം

വയനാട്ടിലെ നരഭോജി കടുവ ചത്തനിലയിൽ, പഞ്ചാരക്കൊല്ലിയില്‍ ആശ്വാസം

മാനന്തവാടി:പഞ്ചാരക്കൊല്ലിയിൽ കടുവയെ ചത്തനിലയില്‍ കണ്ടെത്തി. രാധയെ കൊലപ്പെടുത്തിയ നരഭോജി കടുവ തന്നെയാണിതെന്ന് വനംമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. ശരീരത്തിൽ ഉണ്ടായ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പഴകിയതും പുതിയതുമായ മുറിവുകൾ ശരീരത്തിൽ ഉണ്ടായിരുന്നു. കടുവയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. മരണകാരണം കണ്ടെത്താൻ വിശദമായ പോസ്റ്റ് മോർട്ടം നടത്തും. പെണ്‍കടുവയാണ് ചത്തത്.

കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ട്. മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിൽ ചത്തതാണോയെന്നും സംശയമുണ്ട്. പ്രിയദർശിനി എസ്റ്റേറ്റിന് സമീപത്തെ വനമേഖലയിലാണ് പുലർച്ചെ 2.30 ഓടെ ജഡം കണ്ടെത്തിയത്. കടുവയുടെ കഴിഞ്ഞ ദിവസത്തെ ഫോട്ടോയും കിട്ടിയ ജഡത്തിലെയും ഐഡൻറിഫിക്കേഷൻ മാർക്കുകൾ ഒത്തു നോക്കിയാണ് ചത്തത് ആളെ കൊല്ലി കടുവ തന്നെയാണ് എന്ന് സ്ഥിരീകരിച്ചത്

വയനാട് പഞ്ചാരകൊല്ലിയില്‍ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ നരഭോജി കടുവയെ വെടിവച്ചു കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം കടുവയ്ക്കായി കാടുകയറിയുള്ള പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.

വനംവകുപ്പ് താല്‍ക്കാലിക വാച്ചറായ അച്ചപ്പന്റെ ഭാര്യയാണ് മരിച്ച രാധ. കാപ്പി പറിക്കാന്‍ സ്വകാര്യ തോട്ടത്തിലേക്കു പോകുന്നതിനിടെയാണു രാധയെ കടുവ കൊന്നതെന്നാണു വിവരം. നൂറ് മീറ്ററോളം രാധയുടെ മൃതദേഹം കടുവ വലിച്ചുകൊണ്ടു പോയി. പകുതി ഭക്ഷിച്ച നിലയിലാണ് വനത്തോടു ചേര്‍ന്നു തണ്ടര്‍ബോള്‍ട്ട് സംഘം മൃതദേഹം കണ്ടെത്തുന്നത്.

സ്വര്‍ണവില കുറഞ്ഞു, 60,000ന് മുകളില്‍ തന്നെ

സ്വര്‍ണവില കുറഞ്ഞു, 60,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഉയരത്തില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. 60,320 രൂപയായാണ് സ്വര്‍ണവില താഴ്ന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7540 രൂപയായി.

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപ എന്ന റെക്കോര്‍ഡ് തിരുത്തി കഴിഞ്ഞയാഴ്ചയാണ് ആദ്യമായി സ്വര്‍ണവില 60,000 കടന്നത്. കഴിഞ്ഞ ബുധനാഴ്ച ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 60,000 കടന്നത്. അടുത്തദിവസവും വില വര്‍ധിച്ചതോടെ സ്വര്‍ണവിലയുടെ കുതിപ്പ് തുടരുമെന്ന സൂചനയാണ് നല്‍കിയത്. എന്നാല്‍ രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് കുറയുകയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന്‍ വില.

ഇതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. മൂന്നാഴ്ച കൊണ്ട് 3200 രൂപ വര്‍ധിച്ച ശേഷമാണ് സ്വര്‍ണവില ഇന്ന് താഴ്ന്നത്. ആഗോള വിപണിയിലെ ചലനങ്ങളും ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

വയനാട്ടിലെ കടുവ ചത്തനിലയില്‍; ജഡം കണ്ടെത്തിയത് പിലാക്കാവില്‍

വയനാട്ടിലെ കടുവ ചത്തനിലയില്‍; ജഡം കണ്ടെത്തിയത് പിലാക്കാവില്‍

കല്‍പ്പറ്റ: വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. പിലാക്കാവിന് സമീപത്തെ വനമേഖലയില്‍ നിന്നാണ് ദൗത്യസംഘം കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. കടുവയുടെ ജഡവുമായി ദൗത്യസംഘം ബേസ് ക്യാമ്പിലേക്ക് പോയി. നരഭോജി കടുവ തന്നെയാണിതെന്നാണ് വനംവകുപ്പിന്റെ നിഗമനം. പുലർച്ചെ രണ്ടരയോടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കടുവയുടെ ശരീരത്തില്‍ പരിക്കുകളുണ്ട്. ദൗത്യസംഘത്തിന്റെ വെടിയേറ്റിട്ടാണോ കടുവ ചത്തതെന്നത് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂ. ഇന്നലെ ആര്‍ആര്‍ടി സംഘത്തിലെ ജയസൂര്യയെ മേല്‍ കടുവ ആക്രമിച്ചിരുന്നു. അപ്പോള്‍ മറ്റു സംഘാംഗങ്ങള്‍ വെടിവെച്ചിരുന്നു. എന്നാല്‍ വെടി കൊണ്ടില്ലെന്നായിരുന്നു സംഘത്തിന്റെ നിഗമനം. കടുവയുടെ ആക്രമണത്തിൽ പഞ്ചാരക്കൊല്ലി സ്വദേശി രാധ കൊല്ലപ്പെട്ടിരുന്നു.

കടുവയെ പിടികൂടാനുള്ള സ്പെഷൻ ഓപ്പറേഷൻ കണക്കിലെടുത്ത് പ്രദേശത്ത് 48 മണിക്കൂർ കർഫ്യൂ എർപ്പെടുത്തിയിരുന്നു. പഞ്ചാരക്കൊല്ലി , മേലേചിറക്കര, പിലാക്കാവ് മൂന്നു റോഡ് ഭാഗം, മണിയംകുന്ന് ഭാഗങ്ങളിലാണ് നിയന്ത്രണം. ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും കടകള്‍ അടച്ചിടണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചിരുന്നു.

കടലില്‍ കുളിക്കുമ്പോള്‍ തിരയില്‍പ്പെട്ടു; നാലുപേര്‍ക്ക് ദാരുണാന്ത്യം

കടലില്‍ കുളിക്കുമ്പോള്‍ തിരയില്‍പ്പെട്ടു; നാലുപേര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: പയ്യോളിയില്‍ തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ നാലുപേര്‍ തിരയില്‍പ്പെട്ട് മരിച്ചു. വയനാട്ടില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ സംഘത്തിലെ നാലുപേരാണ് മരിച്ചത്. കല്‍പ്പറ്റ സ്വദേശികളായ അനീസ, വിനീഷ്, വാണി, ഫൈസല്‍ എന്നിവരാണ് മരിച്ചത്. ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. കല്‍പ്പറ്റയില്‍ നിന്നെത്തിയ 26 അംഗ സംഘത്തിലെ നാലുപേരാണ് മരിച്ചത്. അഞ്ചുപേരാണ് കടലില്‍ ഇറങ്ങിയത്. തിരയില്‍ അകപ്പെട്ട മൂന്ന് പേരെ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

കടലില്‍ തിരച്ചിലിനിടെ ഫൈസലിനെയാണ് അവസാനം കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ജിമ്മില്‍ ഒരുമിച്ച് വര്‍ക്ക്ഔട്ട് ചെയ്യുന്നവരാണ് അപകടത്തില്‍പ്പെട്ടത്.

‘ജനങ്ങള്‍ പുറത്തിറങ്ങരുത്, കടകള്‍ അടച്ചിടണം’; പഞ്ചാരക്കൊല്ലി പ്രദേശത്ത് പ്രഖ്യാപിച്ച കര്‍ഫ്യൂ നീട്ടി

‘ജനങ്ങള്‍ പുറത്തിറങ്ങരുത്, കടകള്‍ അടച്ചിടണം’; പഞ്ചാരക്കൊല്ലി പ്രദേശത്ത് പ്രഖ്യാപിച്ച കര്‍ഫ്യൂ നീട്ടി

കല്‍പ്പറ്റ: വയനാട്ടിലെ മാനന്തവാടിയില്‍ നരഭോജി കടുവ സാന്നിധ്യപ്രദേശങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യൂ നീട്ടി. നാളെ രാവിലെ ആറുമണി മുതല്‍ രണ്ടു ദിവസത്തേയ്ക്കാണ് കര്‍ഫ്യൂ. നരഭോജി കടുവയെ പിടികൂടുന്നതിന്റെ ഭാഗമായാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്.

നരഭോജി കടുവ രാധയെ കൊലപ്പെടുത്തിയ പഞ്ചാരക്കൊല്ലി, മേലെ ചിറക്കര, പിലാക്കാവ് മൂന്ന് റോഡ് ഭാഗം, മണിയംകുന്ന് എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ. ജാഗ്രതയുടെ ഭാഗമായി ഈ പ്രദേശങ്ങളിലുള്ള ജനങ്ങള്‍ പുറത്തിറങ്ങരുത്. കടകള്‍ അടച്ചിടണം. സഞ്ചാരികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷയ്ക്ക് പോകേണ്ട വിദ്യാര്‍ഥികള്‍ക്കായി വാഹന സൗകര്യം ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.

മന്ത്രി എ കെ ശശീന്ദ്രനെതിരെ പഞ്ചാരക്കൊല്ലിയില്‍ പ്രതിഷേധം

കടുവാ ഭീതി നിലനില്‍ക്കുന്നതിനിടെ, വനം മന്ത്രി എ കെ ശശീന്ദ്രനെതിരെ വയനാട്ടിലെ പഞ്ചാരക്കൊല്ലിയില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലി സ്വദേശി രാധയുടെ വീട്ടില്‍ എത്തിയപ്പോഴാണ് വനംമന്ത്രിക്കു നേരെ പ്രതിഷേധം ഉയര്‍ന്നത്. മന്ത്രി ഗോ ബാക്ക് എന്ന പ്രതിഷേധവും കൂക്കിവിളികളും ഉയര്‍ന്നു. പ്രതിഷേധക്കാരെ മറികടന്ന് മന്ത്രി രാധയുടെ വീട്ടിലെത്തി.

പൊലീസുകാര്‍ വലയം തീര്‍ത്ത് മന്ത്രിയെ രാധയുടെ വീട്ടിലെത്തിക്കുകയായിരുന്നു. രാധയുടെ വീട്ടിലേക്കുള്ള വഴിയിലുടനീളം നാട്ടുകാര്‍ മന്ത്രിക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. പ്രദേശവാസികള്‍ കുത്തിയിരുന്നും റോഡില്‍ കിടന്നും പ്രതിഷേധിച്ചു. രാഷ്ട്രീയപ്രേരിതമാണ് ജനരോഷമെന്നും രാധ കാട്ടില്‍ കയറിയപ്പോഴാണ് കടുവ ആക്രമിച്ചതെന്നുമുള്ള മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് ജനങ്ങള്‍ റോഡ് ഉപരോധിച്ചത്.

പ്രസ്താവന പിന്‍വലിച്ച് കുടുംബത്തോടും പ്രദേശവാസികളോടും മന്ത്രി മാപ്പു പറയണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പ്രതിഷേധത്തെത്തുടര്‍ന്ന് മന്ത്രിയുടെ യാത്ര തടസ്സപ്പെട്ടിരുന്നു. പിലാക്കാവില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാണിച്ചു. പ്രതിഷേധക്കാരെ മറികടന്ന് രാധയുടെ വീട്ടിലെത്തിയ മന്ത്രി ആശ്രിത നിയമനത്തിനുള്ള ഉത്തരവ് മകന് കൈമാറി. വനംവകുപ്പിലാണ് താല്‍ക്കാലിക ജോലി. ഉത്തരവ് രാധയുടെ മകന് കൈമാറി. അഞ്ചുലക്ഷം രൂപയും മന്ത്രി നല്‍കിയതായി രാധയുടെ ഭര്‍ത്താവ് അച്ചപ്പന്‍ പറഞ്ഞു. കുടുബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം വനംമന്ത്രി മടങ്ങുകയും ചെയ്തു. വന്യജീവി ആക്രമണത്തില്‍ ശാശ്വതമായ പരിഹാരം വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

അതിനിടെ, പഞ്ചാരക്കൊല്ലിയിലെ രാധ എന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഉത്തരവ് പുറത്തിറങ്ങിയതോടെ കടുവയെ വെടിവെച്ച് കൊല്ലാനാകുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.