കേരളം പൊള്ളുന്നു; ഞായറാഴ്ച മൂന്ന് ഡിഗ്രിവരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്

കേരളം പൊള്ളുന്നു; ഞായറാഴ്ച മൂന്ന് ഡിഗ്രിവരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത് കണ്ണൂരും കോട്ടയത്തുമാണ്.

ജാഗ്രതാ നിര്‍ദേശങ്ങള്‍:

ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഛഞട ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ളാസ്മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും ആവശ്യമെങ്കില്‍ യാത്രയ്ക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.

മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയാന്‍ സഹായിക്കുക.

പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.

യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യില്‍ വെള്ളം കരുതുക.

നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പാക്കുക.

കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.

ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.

അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. കെ എം ചെറിയാൻ അന്തരിച്ചുപ്രണാമം

പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. കെ എം ചെറിയാൻ അന്തരിച്ചുപ്രണാമം

ബെംഗ്ലൂരു: പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. കെ എം ചെറിയാൻ അന്തരിച്ചു. ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 11.50-ഓടെ ആയിരുന്നു അന്ത്യം. ഒരു സുഹൃത്തിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഇന്നലെ ബംഗളുരുവിൽ എത്തിയതായിരുന്നു. ഇന്ത്യയിൽ ആദ്യമായി കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തിയത് മലയാളിയായ ഡോ. കെ എം ചെറിയാൻ ആണ്.

ഡോ. കെ.എം ചെറിയാൻ വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ സർജറിയിൽ ലക്ചററായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.1975-ൽ അദ്ദേഹം ഇന്ത്യയിലെ ആദ്യത്തെ വിജയകരമായ കൊറോണറി ആർട്ടറി ബൈപാസ് സർജറി നടത്തി. ഹൃദയം- ശ്വാസകോശം മാറ്റിവയ്ക്കൽ, ആദ്യത്തെ പീഡിയാട്രിക് ട്രാൻസ്പ്ലാൻറ്, ആദ്യത്തെ ടിഎംആർ (ലേസർ ഹാർട്ട് സർജറി) എന്നിവ നടത്തിയത് അദ്ദേഹമാണ്. ലഖ്‌നൗവിലെ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റി, ഡോ.എംജിആർ മെഡിക്കൽ യൂണിവേഴ്‌സിറ്റി, പോണ്ടിച്ചേരി മെഡിക്കൽ യൂണിവേഴ്‌സിറ്റി എന്നിവയിൽ നിന്ന് ഓണററി ഡോക്ടർ ഓഫ് സയൻസ് ലഭിച്ചിട്ടുണ്ട്. 1991-ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു.

1990 മുതൽ 1993 വരെ രാഷ്ട്രപതിയുടെ ഓണററി സർജനായിരുന്നു. ഹാർവാർഡ് മെഡിക്കൽ സ്കൂൾ സംഘടിപ്പിച്ച ഒരു പാനലിലൂടെ 2005-ൽ അദ്ദേഹത്തിന് ഹാർവാർഡ് മെഡിക്കൽ എക്സലൻസ് അവാർഡ് ലഭിച്ചു. വേൾഡ് കോൺഗ്രസ് ഓഫ് തൊറാസിക് കാർഡിയാക് സർജൻ പ്രസിഡൻ്റാകുന്ന ആദ്യ ഇന്ത്യക്കാരനും ഇന്ത്യയിൽ നിന്നുള്ള അമേരിക്കൻ അസോസിയേഷൻ ഓഫ് തൊറാസിക് സർജറിയിലെ ആദ്യ അംഗവുമാണ്.

സംസ്ഥാനത്ത് മദ്യത്തിന് നാളെ മുതൽ വില കൂടും

സംസ്ഥാനത്ത് മദ്യത്തിന് നാളെ മുതൽ വില കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മദ്യത്തിന് വില കൂടും. സ്പിരിറ്റ് വില വർദ്ധിച്ചതിനാൽ മദ്യവില കൂട്ടണമെന്ന മദ്യ വിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ബെവ്കോയാണ് തീരുമാനമെടുത്തത്. ചില ബ്രാൻ്റ് മദ്യത്തിന് മാത്രമാണ് വില വർധന. 10 രൂപ മുതൽ 50 രൂപ വരെയാണ് വില വർധിക്കുക. പുതുക്കിയ മദ്യ വില വിവരപ്പട്ടിക ബെവ്കോ പുറത്തിറക്കി.

ഭീതിയൊഴിയാതെ ജനങ്ങള്‍; വനം മന്ത്രിയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ഇന്ന്

ഭീതിയൊഴിയാതെ ജനങ്ങള്‍; വനം മന്ത്രിയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ഇന്ന്

കൽപ്പറ്റ: വയനാട്ടിലെ പഞ്ചാരക്കൊല്ലിയിൽ കടുവാ ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവത്തില്‍ ഇന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ യോഗം ചേരും. രാവിലെ 11 മണിക്ക് വയനാട് കലക്ടറേറ്റില്‍ നടക്കുന്ന യോഗത്തില്‍ ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ, എഡിഎം കെ ദേവകി, ജില്ലാ പൊലീസ് മേധാവി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ, വൈൽഡ് ലൈഫ് വാർഡൻ, ഡിഫ്ഒ മാർ, തഹസീൽദാർമാർ എന്നിവർ പങ്കെടുക്കും.

മാനന്തവാടിയിൽ കടുവ സാന്നിധ്യ പ്രദേശങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി ഐപിഎസ് അറിയിച്ചിട്ടുണ്ട്. കടുവയുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ ജനങ്ങൾ ഒത്തുകൂടുന്നത് കൂടുതൽ അപകടകരമാണ്. നാരഭോജിയായ കടുവയെ പിടികൂടുന്നത് വരെ ഈ പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പുലർത്തണം. ഈ പ്രദേശങ്ങളിൽ ആളുകൾ ഒത്തുകൂടുന്നതും അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നതും ഒഴിവാക്കണം. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ പുറത്തിറങ്ങരുതെന്നും ഇത് മനുഷ്യ ജീവന് അപകടമുണ്ടാക്കുമെന്നും അടിയന്തിര ഘട്ടങ്ങളിൽ ആവശ്യങ്ങൾക്കായി പൊലീസിനെ വിളിക്കാവുന്നതാണെന്നും വയനാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

പഞ്ചാര കൊല്ലിയിൽ നരഭോജിയായ കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി മാനന്തവാടി നഗരസഭയ്ക്ക് കീഴിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പൊലീസിന്‍റെ ഭാഗത്ത് നിന്നുള്ള നിർദേശം.

സംവിധായകൻ ഷാഫി അന്തരിച്ചു

സംവിധായകൻ ഷാഫി അന്തരിച്ചു

കൊച്ചി: ജനപ്രിയ സിനിമകളിലൂടെ മലയാളിയെ ചിരിപ്പിച്ച സംവിധായകൻ ഷാഫി (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാത്രി 12.25 ഓടെ ആയിരുന്നു അന്ത്യം. മൃതദേഹം രാവിലെ 10 മുതൽ കലൂർ മണപ്പാട്ടി പറമ്പിലെ ബാങ്ക് ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം വൈകിട്ട് നാലിന് കലൂർ കറുകപ്പള്ളി ജുമമസ്ജിദ് ഖബരിസ്ഥാനിൽ. തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം കഴിഞ്ഞ ഒരാഴ്ചയായി ഗുരുതരാവസ്ഥയിലായിരുന്നു. ഉദരരോഗങ്ങളും അലട്ടിയിരുന്നു. സംവിധായകൻ റാഫിയുടെ സഹോദരനാണ്.

കല്യാണരാമൻ, ചട്ടമ്പിനാട്, മായാവി, തൊമ്മനും മക്കളും, പുലിവാൽ കല്യാണം, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ടു കൺട്രീസ് തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ്. വൺമാൻഷോ ആണ് ആദ്യ ചിത്രം. ദശമൂലം ദാമു, മണവാളൻ, സ്രാങ്ക് തുടങ്ങി മലയാളികൾ എന്നും ഓര്‍മിക്കുന്ന ഹാസ്യ കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു.

എംടിക്ക് പത്മ വിഭൂഷണ്‍; പിആര്‍ ശ്രീജേഷിനും ജോസ് ചാക്കോയ്ക്കും ശോഭനയ്ക്കും പത്മ ഭൂഷണ്‍; ഐഎം വിജയന് പത്മശ്രീ

എംടിക്ക് പത്മ വിഭൂഷണ്‍; പിആര്‍ ശ്രീജേഷിനും ജോസ് ചാക്കോയ്ക്കും ശോഭനയ്ക്കും പത്മ ഭൂഷണ്‍; ഐഎം വിജയന് പത്മശ്രീ

ന്യൂഡല്‍ഹി:2025ലെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. അന്തരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരന്‍ എംടിവാസുദേവന്‍ നായര്‍ക്ക് മരണാന്തര ബഹുമതിയായി പത്മവിഭൂഷണ്‍. ഹോക്കി താരം പിആര്‍ ശ്രീജേഷിനും ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനും പത്മവിഭൂഷണ്‍. നടി ശോഭനയ്ക്ക് പത്മഭൂഷണ്‍. കേരളത്തിന്റെ സ്വന്തം ഫുട്‌ബോള്‍ താരം ഐഎം വിജയനും ഡോ. കെ ഓമനക്കുട്ടിക്കും പത്മശ്രീ പുരസ്‌കാരവും ലഭിച്ചു.

ദുവ്വൂര്‍ നാഗേശ്വര്‍ റെഡ്ഡി, റിട്ട. ജസ്റ്റിസ് ശ്രി ജഗദീഷ് സിങ് ഖെഹാര്‍, കുമുദിനി രജനീകാന്ത് ലഖിയ, ലക്ഷ്മി നാരായണ സുബ്രഹ്മണ്യം, മരണാനന്തബഹുമതിയായി ഒസാമു സുസുക്കി, ശാരദാ സിന്‍ഹ എന്നിവര്‍ക്കാണ് പത്മ വിഭൂഷണ്‍ ലഭിച്ചത്.

ബീഹാര്‍ മുന്‍ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിക്കും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി മുരളി മനോഹറിനും മരണാന്തര ബഹുമതിയായി പത്മഭൂഷണ്‍ നല്‍കും. നടന്‍ നന്ദമൂരി ബാലകൃഷ്ണ, നടന്‍ അജിത്, പങ്കജ് പട്ടേല്‍, പങ്കജ് ഉദാസ് ഉള്‍പ്പടെ 19 പേര്‍ക്കാണ് പത്മ ഭൂഷണ്‍ പുരസ്‌കാരം.

തമിഴ്നാട്ടില്‍ നിന്നുള്ള വാദ്യ സംഗീതഞ്ജന്‍ വേലു ആശാന്‍, പാരാ അത്ലറ്റ് ഹര്‍വീന്ദ്രര്‍ സിങ്ങ്, നടോടി ഗായിക ബാട്ടുല്‍ ബീഗം, സ്വാതന്ത്രസമര സേനാനി ലീബാ ലോ ബോ സര്‍ദേശായി എന്നിവര്‍ ഉള്‍പ്പെടെ 113 പേരാണ് പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായത്. പത്മ പുരസ്‌കാര ജേതാക്കളുടെ മുഴുവന്‍ പട്ടികയും ഇന്നുതന്നെ പുറത്തുവിടുമെന്നാണ് സൂചന.

ഗോവയുടെ സ്വാതന്ത്ര്യസമരത്തിലെ നിര്‍ണായക പോരാളിയായിരുന്നു ലീബാ ലോ ബോ സര്‍ദേശായി. പോര്‍ച്ചുഗീസ് ഭരണത്തിനെതിരെ ആളുകളെ അണിനിരത്തനായി ഭൂഗര്‍ഭ റേഡിയോ സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിലും വലിയ പങ്കുവഹിച്ചു. സെര്‍വിക്കല്‍ കാന്‍സറുമായി ബന്ധപ്പെട്ട പഠനത്തിന് ഡല്‍ഹിയില്‍ നിന്നുള്ള ഗൈനക്കോളജിസ്റ്റായ ഡോ.നീര്‍ജ ഭട്ലയും പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹയായി.

2025ലെ പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായവര്‍.

ഹര്‍വീന്ദര്‍ സിങ് (ഹരിയാന)

ഗോകുല്‍ ചന്ദ്ര ദാസ് (പശ്ചിമ ബംഗാള്‍)

വേലു ആശാന്‍ (തമിഴ്‌നാട്)

ബാട്ടൂല്‍ ബീഗം

ജോനാസ് മസെത്തി (ബ്രസീല്‍)

ജഗ്ദീഷ് ജോഷില (മധ്യപ്രദേശ്)

പി ദച്ചനാമൂര്‍ത്തി (പുതുച്ചേരി)

ഡോ. നീരജ ഭാട്ല

ഷെയ്ഖ എ.ജെ അല്‍ സഭ

നരേന്‍ ഗുരുങ്

ഡോ. നീരജ ഭാട്ല (ഡല്‍ഹി)

ഭേരു സിങ് ചൗഹാന്‍ (മധ്യപ്രദേശ്)

എല്‍ ഹാങ് തിങ്

വിലാസ് ഡാങ്ക്റെ

ബീന്‍ സിങ് ബവേഷ്

മാരുതി ബുജഗ്രാവോ ചിതംബള്ളി (മഹാരാഷ്ട്ര)

ഭീമവ്വ ദൊഡ്ഡബലപ്പ

സാലി ഹോള്‍ക്കര്‍ (മധ്യപ്രദേശ്)

വിജയലക്ഷ്മി ദേശമാനെ

ചൈത്രം ദേവ്ചന്ദ് പവാര്‍

ലിബിയ ലോബോ സര്‍ദേശായി (ഗോവ)

പരാമര്‍ ലബ്ജിഭായി നഗ്ജിഭായ്

ഹ്യൂ ആന്റ് കോളിന്‍ ഗന്റ്സര്‍ (ഉത്തരാഖണ്ഡ്)

ഹരിമാന്‍ ശര്‍മ

ജുംഗെ യോംഗാം ഗ്യമ്ളി