മരിച്ചെന്ന് വിധിയെഴുതിയ പവിത്രന്‍ ആശുപത്രി വിട്ടു

മരിച്ചെന്ന് വിധിയെഴുതിയ പവിത്രന്‍ ആശുപത്രി വിട്ടു

കണ്ണൂര്‍: മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിടെ ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കൂത്തുപറമ്പ് സ്വദേശി ആശുപത്രി വിട്ടു. പാച്ചപ്പൊയ്ക സ്വദേശി പവിത്രനെയാണ് കണ്ണൂര്‍ എകെജി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. മംഗലാപുരം ഹെഗ്‌ഡെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പവിത്രനെ മരിച്ചെന്ന് കരുതി കണ്ണൂര്‍ എകെജി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടയിലായിരുന്നു ജീവനുണ്ടെന്ന് കണ്ടെത്തിയത്.

മംഗലാപുരം ഹെഗ്ഡെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പവിത്രനെ നാട്ടിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനിടെയായിരുന്നു മരിച്ചെന്ന് തെറ്റിദ്ധരിച്ച് ബന്ധുക്കള്‍ മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ ശ്രമിച്ചത്. പവിത്രന്‍ മരിച്ചെന്ന് പത്രവാര്‍ത്ത നല്‍കുകയും സംസ്‌കാരചടങ്ങുകള്‍ നിശ്ചയിക്കുകയും ചെയ്തിരുന്നു. ജനുവരി 13 ന് രാത്രി പതിനൊന്നരയോടെയാണ് ബന്ധുക്കള്‍ പവിത്രനുമായി എകെജി ആശുപത്രിയില്‍ എത്തിയത്. മോര്‍ച്ചറിയുടെ വാതില്‍ തുറക്കാന്‍ തുടങ്ങുകയായിരുന്ന അറ്റന്‍ഡര്‍ ജയന്‍ പവിത്രന് ജീവനുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് എകെജി ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.

ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതോടെയാണ് ഡിസ്ചാര്‍ജ് ചെയ്തതെന്ന് ചികില്‍സിച്ച ഡോക്ടര്‍ പൂര്‍ണിമ റാവു പറഞ്ഞു.മംഗലാപുരത്തെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ആയിരുന്ന പവിത്രന്‍ അഞ്ചു ദിവസത്തില്‍ കൂടുതല്‍ ജീവിക്കില്ലെന്ന് മംഗലാപുരത്തെ ഡോക്ടര്‍മാര്‍ കുടുംബത്തോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഓക്‌സിജന്‍ സൗകര്യം മാത്രമുള്ള ആംബുലന്‍സില്‍ കുടുംബം കണ്ണൂരിലേക്ക് കൊണ്ടുവരികയായിരുന്നു. വഴിയില്‍ വെച്ചാണ് മരിച്ചെന്ന് കരുതി എകെജി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചത്.

റബര്‍ തോട്ടത്തില്‍ കാര്‍ കത്തി ഒരാള്‍ മരിച്ചു

റബര്‍ തോട്ടത്തില്‍ കാര്‍ കത്തി ഒരാള്‍ മരിച്ചു

തൊടുപുഴ: ഇടുക്കി തൊടുപുഴയില്‍ കാര്‍ കത്തി ഒരു മരണം. തൊടുപുഴ പെരുമാങ്കണ്ടത്താണ് കാര്‍ കത്തിയത്. റിട്ട.ബാങ്ക് ഉദ്യോഗസ്ഥനായ സിബി എന്നയാളാണ് മരിച്ചതെന്ന് സംശയിക്കുന്നു. മകന്‍ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം മാത്രമേ സ്ഥിരീകരണമുണ്ടാകൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. റബ്ബര്‍ തോട്ടത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറാണ് കത്തി നശിച്ചിരിക്കുന്നത്

മാരുതി 800 ആണ് കത്തി നശിച്ചത്. ആളൊഴിഞ്ഞ പറമ്പില്‍ ആണ് കാര്‍ കത്തി നശിച്ച് കിടക്കുന്നത്. കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം ഉള്ളത്.11 മണിക്ക് സിബി എന്നയാള്‍ കാര്‍ ഓടിച്ച് വരുന്നത് കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. സിബി ബാങ്കില്‍ നിന്ന് വിരമിച്ചയാളാണ്. ബന്ധുക്കള്‍ കാര്‍ സിബിയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.

വീട്ടില്‍ നിന്നു സാധനങ്ങള്‍ വാങ്ങിക്കാന്‍ വേണ്ടി പോയതാണ് സിബിയെന്നാണ് മകന്‍ പറയുന്നത്. മൃതദേഹം സിബിയുടേത് തന്നെയാണെന്ന് മകന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരൂ എന്ന് പൊലീസ് പറഞ്ഞു. സംശയാസ്പദമായ കാര്യങ്ങള്‍ ഉണ്ടോയെന്ന് ഫൊറന്‍സിക് പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തത വരുത്താന്‍ കഴിയൂ.

വെൽഡിംഗിനിടെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം

വെൽഡിംഗിനിടെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം

കൊച്ചി: വെൽഡിംഗിനിടെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം. ഏലൂർ വടകുംഭാഗം മണലിപ്പറമ്പിൽ മകൻ എംയു നിഖിൽ (31) ആണ് മരിച്ചത്. ആലുവ എടയാറിലാണ് സംഭവം. വ്യവസായ മേഖലയിൽ സ്വകാര്യ കമ്പനിയിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിനായി വെൽഡിംഗ് നടത്തുന്നതിനിടെ താഴേക്ക് വീണാണ് മരണം സംഭവിച്ചത്.

എടയാർ എക്സ് ഇന്ത്യ കമ്പനിയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

‘കടുവയെ കൊല്ലാനാകില്ലെങ്കില്‍ ഞങ്ങളെ വെടിവെച്ചോളൂ’; പഞ്ചാരക്കൊല്ലിയില്‍ വീണ്ടും തര്‍ക്കം, സംഘര്‍ഷാവസ്ഥ

‘കടുവയെ കൊല്ലാനാകില്ലെങ്കില്‍ ഞങ്ങളെ വെടിവെച്ചോളൂ’; പഞ്ചാരക്കൊല്ലിയില്‍ വീണ്ടും തര്‍ക്കം, സംഘര്‍ഷാവസ്ഥ

മാനന്തവാടി: വയനാട്ടില്‍ രാധ എന്ന സ്ത്രീയെ കടിച്ചുകൊന്ന നരഭോജി കടുവയെ കൊല്ലുന്നതിനെ ചൊല്ലി നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം. കടുവയെ വെടിവെച്ചു കൊല്ലാതെ ദൗത്യസംഘത്തിന്റെ ബേസ് ക്യാമ്പില്‍ നിന്ന് പുറത്തുവിടാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കടുവയെ വെടിവെച്ചു കൊല്ലാനുള്ള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവില്‍ അവ്യക്തത ഉണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു. പിടികൂടാന്‍ സ്ഥാപിച്ച കൂട്, മയക്കുവെടി എന്നിവ കൊണ്ട് കാര്യമില്ലെങ്കില്‍ അവസാന പടിയെന്ന നിലയില്‍ മാത്രമേ വെടിവെച്ചു കൊല്ലുകയുള്ളൂ എന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മറുപടിയാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. കടുവയെ കൊല്ലാനാകില്ലെങ്കില്‍ ഞങ്ങളെ വെടിവെച്ചോളൂ എന്ന് നാട്ടുകാര്‍ വനംവകുപ്പിനോട് ആവശ്യപ്പെട്ടു.

കടുവയെ കൂടുവച്ചോ മയക്കുവെടിവച്ചോ പിടികൂടാന്‍ സാധിച്ചില്ലെങ്കില്‍ വെടിവച്ചുകൊല്ലാനാണ് ഉത്തരവ്. വനം മന്ത്രി എ കെ ശശീന്ദ്രന്റെ നിര്‍ദേശപ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഉത്തരവിറക്കിയത്. കേന്ദ്ര വന്യജീവി സംരക്ഷണ നിയമമനുസരിച്ചായിരിക്കും നടപടി. കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തിയശേഷം ആദ്യഘട്ടത്തില്‍ മയക്കുവെടിവച്ചോ കൂടുവച്ചോ പിടികൂടാന്‍ ശ്രമിക്കും.

കഴിഞ്ഞില്ലെങ്കിലാണ് വെടിവച്ചുകൊല്ലാന്‍ നടപടിയെടുക്കുക. ഇത്തരത്തില്‍ കൂട്, മയക്കുവെടി എന്നിവ കൊണ്ട് കാര്യമില്ലെങ്കില്‍ അവസാന പടിയെന്ന നിലയില്‍ മാത്രമേ വെടിവെച്ചു കൊല്ലുകയുള്ളൂ എന്ന ഉത്തരവിനെ ചൊല്ലിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നത്. കടുവയെ വെടിവെച്ചു കൊല്ലുന്നതില്‍ കുറഞ്ഞ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

യന്ത്ര ഊഞ്ഞാലിന്റെ വാതിൽ അടർന്ന് തലയിൽ വീണു; 17 കാരന് ​ഗുരുതര പരിക്ക്

യന്ത്ര ഊഞ്ഞാലിന്റെ വാതിൽ അടർന്ന് തലയിൽ വീണു; 17 കാരന് ​ഗുരുതര പരിക്ക്

കോട്ടയം: പള്ളി പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതില്‍ അടര്‍ന്നു വീണുണ്ടായ അപകടത്തില്‍ 17 കാരന് ​ഗുരുതര പരിക്ക്. ചങ്ങനാശ്ശേരി സ്വദേശി അലന്‍ ബിജുവിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അപകടം. ബന്ധുവിനൊപ്പം യന്ത്ര ഊഞ്ഞാലിന്റെ താഴെ നില്‍ക്കുകയായിരുന്നു അലന്‍.

യന്ത്ര ഊഞ്ഞാലിന്റെ വാതിൽ ഇളകി അലന്റെ തലയിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ അലനെ തെള്ളകത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. അലൻ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. അപകടത്തെത്തുടർന്ന് യന്ത്ര ഊഞ്ഞാലിന്റെ പ്രവർത്തനം പൊലീസ് താല്ക്കാലികമായി നിർത്തിവപ്പിച്ചു. ചങ്ങനാശ്ശേരി മെട്രോപൊളിറ്റൻ പള്ളിയിലെ പെരുന്നാളിന്റെ ഭാ​ഗമായാണ് യന്ത്ര ഊഞ്ഞാൽ ഒരുക്കിയത്. സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് യന്ത്ര ഊഞ്ഞാൽ ഓപ്പറേറ്ററെ പൊലീസ് കസ്റ്റഡിയിലെടുത്തു.

21 കാരന്റെ അന്നനാളത്തില്‍ ബ്ലേഡ്

21 കാരന്റെ അന്നനാളത്തില്‍ ബ്ലേഡ്

കോട്ടയം: അവിചാരിതമായി ആമാശയത്തില്‍ ബ്ലേഡ് കുടുങ്ങിയ ഇരുപത്തിയൊന്നുകാരനെ അത്യപൂര്‍വ എന്‍ഡോസ്‌കോപ്പിയിലൂടെ കാരിത്താസ് ആശുപത്രിയിലെ വിദഗ്ധ സംഘം രക്ഷപ്പെടുത്തി.

കലശലായ പുറം വേദനയെ തുടര്‍ന്നാണ് ഇരുപത്തിയൊന്നുകാരന്‍ കാരിത്താസിലെത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലും സിടി സ്‌കാനിലുമായി അന്നനാളത്തില്‍ മുറിവുള്ളതായും ശരീരത്തില്‍ അന്യ വസ്തുവിന്റെ സാന്നിധ്യമുള്ളതായും സ്ഥിരീകരിക്കുകയായിരുന്നു. അയോര്‍ട്ടയ്ക്ക് വളരെ അരികിലായി അപകടമുണ്ടാക്കും വിധം കിടന്നിരുന്ന ബ്ലേഡിന്റെ മറ്റുഭാഗങ്ങള്‍ വന്‍ കുടലിലും ചെറുകുടലിലും ഉണ്ടായിരുന്നു.കൃത്യവും സൂക്ഷ്മവുമായ ഇടപെടലിലൂടെ ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു എന്ന് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ആന്‍ഡ് സിഇഒ ഡോ. ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു.