by Midhun HP News | Jan 25, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഉയരത്തില്‍ നില്‍ക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 60,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 7555 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പണിക്കൂലിയും നികുതിയും കൂടി കണക്കാക്കുമ്പോള്‍ വില ഇനിയും ഉയരും.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപ എന്ന റെക്കോര്‍ഡ് തിരുത്തി കഴിഞ്ഞ ദിവസമാണ് ആദ്യമായി സ്വര്‍ണവില 60,000 കടന്നത്. ബുധനാഴ്ച ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 60,000 കടന്നത്. ഇന്നലെ വീണ്ടും വില വര്‍ധിച്ചതോടെ സ്വര്‍ണവിലയുടെ കുതിപ്പ് തുടരുമെന്ന സൂചനയാണ് നല്‍കിയത്. ഇന്നലെ പവന് 240 രൂപയാണ് വര്‍ധിച്ചത്. എന്നാല്‍ ഇന്ന് വിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന്‍ വില.
ഇതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. മൂന്നാഴ്ച കൊണ്ട് 3200 രൂപയാണ് സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന. ആഗോള വിപണിയിലെ ചലനങ്ങളും ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
by Midhun HP News | Jan 25, 2025 | Latest News, കേരളം
മാനന്തവാടി: വയനാട്ടിലെ ആളെക്കൊല്ലി കടുവയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞതായി ചീഫ് കണ്‍സർവേറ്റർ. കടുവയുടെ കാൽപ്പാടുകളും കണ്ടെത്തി. കടുവയുടെ സാന്നിധ്യം കൂട് സ്ഥാപിച്ച പഞ്ചാരക്കൊല്ലി പ്രദേശത്തുണ്ടെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ രഞ്ജിത്ത് കുമാർ പറഞ്ഞു. രാവിലെ നടത്തിയ പരിശോധനയിൽ ഇക്കാര്യം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
കടുവയെ കൂട്ടിൽ അകപ്പെടുത്തുന്നതിനാണ് പ്രഥമ പരിഗണന. കൂടുതൽ ആളുകൾ തെരച്ചിലിനു ഇറങ്ങിയാൽ കടുവ പ്രദേശത്തു നിന്നും നീങ്ങാൻ സാധ്യതയുണ്ട്. അതിനാൽ വ്യാപക തെരച്ചിൽ ഇന്നുണ്ടാവില്ല. തെർമൽ ഡ്രോൺ പരിശോധനയും ഇന്ന് നടത്തില്ലെന്ന് റേഞ്ച് ഓഫീസർ അറിയിച്ചു.
അതിനിടെ അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള വെറ്റിനറി സംഘം ഉച്ചയ്ക്കുശേഷം സ്ഥലത്ത് പരിശോധന നടത്തും. കുങ്കി ആനകളെ പിന്നീട് എത്തിക്കും. കുങ്കി ആനകളെ ഉപയോഗിച്ചു തെരയാൻ പറ്റുന്ന ഭൂപ്രദേശമല്ലിത്. മുളങ്കാടുകൾ നിറഞ്ഞ പ്രദേശമാണ് ഇവിടമെന്നും റേഞ്ച് ഓഫീസർ പറഞ്ഞു. അതിനിടെ നാളെ വയനാട്ടിൽ പ്രത്യേക യോഗം ചേരും. മുഖ്യ വനപാലകരും യോഗത്തിൽ പങ്കെടുക്കും. വനം മന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം.
കൂട് വച്ചോ മയക്കുവെടി വച്ചോ പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ കടുവയെ വെടിവച്ചു കൊല്ലാനാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണന്‍റെ ഉത്തരവ്. ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ എസ്ഒപി കർശനമായി പാലിച്ചാകണം നടപടികളെന്നും ഉത്തരവിൽ പറയുന്നു.
കടുവയുടെ ആക്രമണത്തിൽ രാധയെന്ന 45കാരി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ മാനന്തവാടിയിൽ തുടരുകയാണ്. രാവിലെ ആറു മുതൽ വൈകിട്ട് 6 വരെ മാനന്തവാടി മുൻസിപ്പാലിറ്റി മേഖലയിലാണ് ഹർത്താൽ. എസ്ഡിപിഐയും പ്രദേശത്ത് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മാനന്തവാടിക്ക് പിന്നാലെ വൈത്തിരിയിലും കടുവയെ കണ്ടെന്ന് നാട്ടുകാർ പറയുന്നു. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തുന്നുണ്ട്.
by Midhun HP News | Jan 25, 2025 | Latest News, കേരളം
കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ ഷാഫിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. വെന്‍റിലേറ്റർ സഹായത്തോടെ തീവ്ര പരിചരണ വിഭാഗത്തിലാണ് ഷാഫിയെ പ്രവേശിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ 16നാണ് കടുത്ത തലവേദനയെ തുടർന്ന് ചികിത്സ തേടിയ ഷാഫിക്ക് ആന്തരിക രക്തസ്രാവം കണ്ടെത്തുകയും അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തത്. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു ഷാഫി. മമ്മൂട്ടി, എംവി ഗോവിന്ദൻ അടക്കമുള്ള പ്രമുഖർ ആശുപത്രിയിലെത്തി ഷാഫിയെ കണ്ട് മടങ്ങി.
ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും ആശുപത്രിയിലുണ്ട്. സംവിധായകന് സാധ്യമായ ചികിത്സയെല്ലാം നൽകുമെന്നാണ് ഇന്നലെ ബി ഉണ്ണികൃഷ്‌ണൻ മാധ്യമങ്ങളോട് പറഞ്ഞത്. കല്യാണരാമൻ, തൊമ്മനും മക്കളും, ചട്ടമ്പിനാട്, മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ഷാഫി.
by Midhun HP News | Jan 25, 2025 | Latest News, കേരളം
കല്‍പ്പറ്റ: വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ ഇന്നലെ സ്ത്രീയെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയ്ക്കായി ഇന്ന് വനം വകുപ്പ് തിരച്ചില്‍ ഊര്‍ജിതമാക്കും. കൂടുതല്‍ ആര്‍ആര്‍ടി സംഘം ഇന്ന് വനത്തില്‍ തിരച്ചില്‍ നടത്തും. മുത്തങ്ങയില്‍ നിന്നുള്ള കുങ്കിയാനകളെയും തിരച്ചിലിനായി സ്ഥലത്ത് എത്തിക്കും. തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ചും തിരച്ചില്‍ തുടരും. ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോക്ടര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യ സംഘവും ഉടന്‍ സ്ഥലത്തെത്തും. പ്രദേശത്ത് കടുവയ്ക്കായി ഇന്നലെ തന്നെ കൂട് സ്ഥാപിച്ചിരുന്നു.
കടുവയുടെ ആക്രമണത്തില്‍ മരിച്ച രാധയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ 11 മണിക്കായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. വന്യജീവി ആക്രമണം തടയാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചു യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ മാനന്തവാടി മുന്‍സിപ്പാലിറ്റി മേഖലയിലാണ് ഹര്‍ത്താല്‍. എസ്ഡിപിഐയും പ്രദേശത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മാനന്തവാടിക്ക് പിന്നാലെ വൈത്തിരിയിലും കടുവയെ കണ്ടെന്ന് നാട്ടുകാര്‍ അവകാശപ്പെട്ടത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുന്നുണ്ട്.
by Midhun HP News | Jan 25, 2025 | Latest News, കേരളം
കൊച്ചി: മിമിക്രി താരം സന്തോഷ് ജോണ്‍ (അവ്വൈ സന്തോഷ് – 43) വാഹനാപകടത്തില്‍ മരിച്ചു. അങ്കമാലിക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തിലാണ് സന്തോഷ് മരിച്ചത്. പട്ടാമ്പിയിൽ നിന്ന് പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. കേരളത്തിലെ അറിയപ്പെടുന്ന സ്റ്റേജ് പെര്‍ഫോമറായിരുന്നു സന്തോഷ്. കമല്‍ ഹാസന്റെ അവ്വൈ ഷണ്‍മുഖി, അപൂര്‍വ സഹോദരങ്ങള്‍ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ സ്റ്റേജുകളിൽ അവതരിപ്പിച്ച് ശ്രദ്ധേയനായ കലാകാരനാണ് സന്തോഷ്.
മികച്ച രീതിയിൽ നൃത്തം ചെയ്തതിന് കമൽ ഹാസൻ സന്തോഷിനെ നേരിൽ കണ്ട് അഭിനന്ദിച്ചിരുന്നു. ഇതോടെ സന്തോഷ് അവ്വൈ സന്തോഷ് എന്ന പേരിൽ അറിയപ്പെടുകയായിരുന്നു. 20ലധികം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മൈ ഡിയർ കുട്ടിച്ചാത്തൻ, സത്യം ശിവം സുന്ദരം, സകലകലാ വല്ലഭൻ, സ്പാനിഷ് മസാല, അപരൻമാർ നഗരത്തിൽ തുടങ്ങി നിരവധി സിനിമകളിൽ സന്തോഷ് അഭിനയിച്ചു.
ജയറാം, നാദിർഷ, കലാഭവൻ മണി എന്നിവരോടൊപ്പം വിദേശ രാജ്യങ്ങളിലും സ്റ്റേജ് പരിപാടികളിൽ സന്തോഷ് ജോണ്‍ തിളങ്ങി. സന്തോഷും അമ്മ ലീലാമ്മ ജോണും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഡാന്‍സ് പരിപാടികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എറണാകുളം പള്ളിക്കരയാണ് സന്തോഷിന്റെ സ്വദേശം. ഭാര്യ: ഷീന. മക്കൾ: അലീന, ജോണൽ. സംസ്കാരം ശനിയാഴ്ച രണ്ടിന് കിഴക്കമ്പലം സെന്റ് ആന്റണീസ് ഫെറോന പള്ളി സെമിത്തേരിയിൽ.
by Midhun HP News | Jan 25, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം തുടങ്ങി. ജനുവരിയിലെ പെൻഷനും ഒരു മാസത്തെ കുടിശികയും ചേർത്ത് രണ്ട് മാസത്തെ പെൻഷൻ തുക 3200 രൂപയാണ് നൽകുന്നത്. അടുത്ത മാസം മൂന്നിന് മുൻപ് വിതരണം പൂർത്തിയാക്കണമെന്ന് ധനവകുപ്പ് നിർദേശം നൽകി. 1640 കോടി രൂപയാണ് ആകെ വിതരണം ചെയ്യുന്നത്. ഒരു മാസത്തെ കുടിശിക കൂടി നൽകുന്നതോടെ ഇനി കുടിശിക മൂന്ന് മാസമായി കുറയും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലും പെൻഷനെത്തും.
Recent Comments