നെയ്യാറ്റിൻകര ഗോപന്റെ മരണം; കാലുകളിൽ മുറിവ്,പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്’

നെയ്യാറ്റിൻകര ഗോപന്റെ മരണം; കാലുകളിൽ മുറിവ്,പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്’

നെയ്യാറ്റിൻകര ഗോപന്റെ മരണത്തിൽ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്.പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ ശരീരത്തിൽ അസ്വാഭാവികമായി മുറിവുകളോ, ക്ഷതമോ കണ്ടെത്തിയില്ല. കാലുകളിൽ പഴക്കം ചെന്ന മുറിവുണ്ട്. ഇത് പ്രമേഹത്തെ തുടർന്ന് ഉണ്ടായതാണ്. ഹൃദയ വാൽവിൽ രണ്ട് ബ്ലോക്ക് കണ്ടെത്തി. ഇത് മരണകാരണമായോ എന്ന് പറയാൻ കഴിയില്ല.

ദീർഘനാളായി കിടപ്പിലായിരുന്നു ഗോപൻ. ഇതിൻ്റെ ഭാഗമായ ചെറിയ മുറിവുകളും, കരിവാളിപ്പും ശരീരത്തിലുണ്ടായിരുന്നു. അസ്വാഭാവിക മരണത്തിന് പ്രാഥമിക റിപ്പോർട്ടിൽ തെളിവ് കണ്ടെത്തിയിട്ടില്ല. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം കിട്ടിയാലെ മരണകാരണത്തിൽ വ്യക്തത ഉണ്ടാകു. ആന്തരികാവയവങ്ങളുടെ സാമ്പിൾ പരിശോധന ഫലം വരാൻ ഇനിയും സമയമെടുത്തേക്കും. അന്തിമ പോസ്റ്റുമോർട്ടം റിപ്പാർട്ട് അതിന് ശേഷമാത്രമായിരിക്കും. ഗോപൻ്റെ ബന്ധുക്കളെ അടുത്ത ദിവസം അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യംചെയ്യും.

കഴിഞ്ഞ ദിവസമായിരുന്നു ഗോപന്റെ മൃതദേഹം വീണ്ടും കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനയച്ചത്. കുടുംബത്തിൻ്റെ എതിർപ്പ് അവഗണിച്ചായിരുന്നു മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്‍മോർട്ടത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടിൽ അസ്വഭാവികതയില്ലെന്ന് വ്യക്തമായതോടെ മകൻ സനന്ദൻ പ്രതികരണവുമായി രം​ഗത്തെത്തിയിരുന്നു. പിന്നീട് വിപുലമായ ചടങ്ങുകളോട് കൂടിയായിരുന്നു ഗോപന്റെ മൃതദേഹം വീണ്ടും ഹൈന്ദവാചാരപ്രകാരം സമാധി ചടങ്ങുകൾ നടത്തി സംസ്കരിച്ചത്. മൃതദേഹം നാമജപയാത്രയായിട്ടാണ് വീടിന് സമീപത്തെ കല്ലറയിൽ എത്തിച്ചത്.ചെങ്കൽ ക്ഷേത്രത്തിലെ സന്യാസിമാർ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. VSDP, ഹിന്ദു ഐക്യവേദി ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടന പ്രവർത്തകരാണ് രണ്ടാമത്തെ സംസ്കാരം വിപുലമാക്കിയത്.

ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു; വിദ്യാർഥിക്ക് ദാരുണാന്ത്യം

ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു; വിദ്യാർഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: വിവാഹ ചടങ്ങിൽ പങ്കെടുത്തു തിരികെ വരികയായിരുന്നു വി​ദ്യാർഥി ബൈക്ക് അപകടത്തിൽ മരിച്ചു. പുത്തൻ പീടിക പാറമ്മൽ കുടുക്കേങ്ങിൽ ഡ്രൈവർ മുഹമ്മദ് മുസ്തഫയുടെ മകൻ മഹമ്മദ് മുഷ്ഫിഖാണ് (19) മരിച്ചത്. പരപ്പനങ്ങാടിക്കു സമീപമാണ് അപകടം.

അരിയല്ലൂർ മാധവാനന്ദ ഹൈസ്കൂളിനു സമീപം കല്യാണത്തിൽ പങ്കെടുത്തു തിരികെ വീട്ടിലേക്ക് വരികയായിരുന്നു. സ്കൂളിനു അടുത്തു തന്നെ ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം. രാത്രി 8.25 ഓടെയാണ് അപകടം. തത്ക്ഷണം തന്നെ മരണം സംഭവിച്ചു. കുറ്റിപ്പുറം കെഎംസിടി കോളജ് ഓട്ടോ മൊബൈൽ വിഭാ​ഗം വിദ്യാർഥിയാണ്.
മൃതദേഹം തിരൂരങ്ങാടി ​ഗവ. താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്ന യുവാവിനും പരിക്കേറ്റു. മാതാവ്: ഷെരീഫ. സഹോദരൻ: മുഷറഫ്.

‘ഒരു ഇളവും നൽകാനാവില്ല’; ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ

‘ഒരു ഇളവും നൽകാനാവില്ല’; ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ

തിരുവനന്തപുരം: കഷായത്തില്‍ കീടനാശിനി കലര്‍ത്തി കാമുകനായ പാറശാല മുര്യങ്കര ജെപി ഹൗസില്‍ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. തട്ടിക്കൊണ്ടുപോകലിന് 10 വര്‍ഷം തടവ്ു ശിക്ഷയും വിധിച്ചു. കേസന്വേഷണത്തില്‍ പൊലീസിനെ കോടതി അഭിനന്ദിച്ചു. പ്രതിക്ക് പ്രായം കുറവാണെന്ന കാര്യം പരിഗണിക്കാനാവില്ല. ഗ്രീഷ്മയ്‌ക്കെതിരെ 48 സാഹചര്യ തെളിവുകള്‍ തെളിഞ്ഞെന്നും കോടതി അഭിപ്രായപ്പെട്ടു. പൊലീസ് സമര്‍ത്ഥമായി കേസ് അന്വേഷിച്ചെന്നും, ശാസ്ത്രീയ തെളിവുകള്‍ നന്നായി ഉപയോഗിച്ചുവെന്നും കോടതി വിലയിരുത്തി.

ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ മരണക്കിടക്കയില്‍ കിടക്കുമ്പോഴും ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് കോടതി വിലയിരുത്തി. ഷാരോണ്‍ പ്രണയത്തിന് അടിമയായിരുന്നു. ഷാരോണിന് പരാതിയുണ്ടോ ഇല്ലയോ എന്നത് കോടതിക്ക് വിഷയമല്ല. വിവാഹം ഉറപ്പിച്ചശേഷവും ഗ്രീഷ്മ മറ്റു ബന്ധങ്ങള്‍ തുടര്‍ന്നു. ഷാരോണുമായി ലൈംഗിക ബന്ധം നടത്തിയെന്ന് തെളിഞ്ഞു. ഗ്രീഷ്മ നടത്തിയ ജ്യൂസ് ചലഞ്ച് വധശ്രമമാണെന്ന് കോടതി വിലയിരുത്തി. സ്‌നേഹബന്ധം തുടരുമ്പോഴും കൊലപ്പെടുത്താന്‍ ശ്രമം തുടരുകയായിരുന്നു. ഗ്രീഷ്മയെ ഷാരോണ്‍ മര്‍ദ്ദിച്ചുവെന്നതിന് തെളിവില്ല. ഷാരോണിനെ പ്രലോഭിപ്പിച്ച് വിളിച്ചുവരുത്തുകയായിരുന്നു. ഗ്രീഷ്മയുടേത് വിശ്വാസ വഞ്ചനയാണ്.കുറ്റകൃത്യം മറച്ചുപിടിക്കാനുള്ള പ്രതിയുടെ കൗശലം വിജയിച്ചില്ല. തെളിവുകള്‍ ഒപ്പമുണ്ടെന്ന് പ്രതി മനസ്സിലാക്കിയില്ല. ഗ്രീഷ്മയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല എന്ന വാദം അംഗീകരിക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. വിധിന്യായത്തില്‍ 586 പേജുകളാണുള്ളത്.

കൊല്ലപ്പെട്ട ഷാരോണിന്റെ മാതാപിതാക്കളെയും കുടുംബത്തെയും കോടതി അടുത്തേക്ക് വിളിച്ചു വരുത്തിയശേഷമായിരുന്നു കോടതി വിധി പ്രസ്താവം ആരംഭിച്ചത്. അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും രാവിലെ പ്രതി ഗ്രീഷ്മയെ പൊലീസ് പുറത്തിറക്കി. തുടര്‍ന്ന് ഫോര്‍ട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തി. ഇതിനുശേഷമാണ് പ്രതി ഗ്രീഷ്മയെ നെയ്യാറ്റിന്‍കര കോടതിയില്‍ എത്തിച്ചത്. കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചതോടെ ഗ്രീഷ്മയെ അട്ടക്കുളങ്ങര ജയിലില്‍ അടച്ചിരുന്നു. ശിക്ഷാ വിധി കേള്‍ക്കാന്‍ മരിച്ച ഷാരോണ്‍ രാജിന്റെ സഹോദരനും ബന്ധുക്കളും കോടതിയില്‍ എത്തിയിരുന്നു.

ഷാരോണ്‍ വധക്കേസില്‍ കാമുകിയായ ഒന്നാം പ്രതി പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മ ( 24), അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. ശനിയാഴ്ച ശിക്ഷയിന്‍മേല്‍ കോടതി വാദം കേട്ടു. ചെകുത്താന്റെ മനസ്സുള്ള സ്ത്രീയാണ് പ്രതിയെന്നും, അതിനാല്‍ ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ 24 വയസ് മാത്രമേയുള്ളൂവെന്നും കൂടുതല്‍ പഠിക്കാന്‍ ആഗ്രഹമുണ്ടെന്നും, അതിനാല്‍ പരമാവധി ശിക്ഷയിളവ് നല്‍കണമെന്നുമാണ് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടത്.

കണ്ണൂരിൽ കുഞ്ഞിന്റെ തുടയിൽ നിന്ന് സൂചി കണ്ടെത്തിയ സംഭവം; പൊലീസിൽ പരാതി നൽകി കുടുംബം

കണ്ണൂരിൽ കുഞ്ഞിന്റെ തുടയിൽ നിന്ന് സൂചി കണ്ടെത്തിയ സംഭവം; പൊലീസിൽ പരാതി നൽകി കുടുംബം

കണ്ണൂരിൽ നവജാത ശിശുവിന്റെ കാലിന്റെ തുട ഭാഗത്ത് നിന്ന് ഇഞ്ചക്ഷൻ ചെയ്യാൻ ഉപയോഗിച്ച സൂചി കണ്ടെത്തിയ സംഭവത്തിൽ കുട്ടിയുടെ പിതാവ് ശ്രീജു പരിയാരം പൊലീസിൽ പരാതി നൽകി. പരിയാരം ഗവ മെഡിക്കൽ കോളജിൽ നിന്നായിരുന്നു കുഞ്ഞ് ജനിച്ച് രണ്ടാം ദിവസം കുത്തിവെപ്പ് എടുത്തത്. ശേഷം കുഞ്ഞ് നിർത്താതെ കരയുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തതായി മാതാപിതാക്കൾ പറയുന്നു. കുഞ്ഞിന് വാക്സിനേഷൻ എടുത്ത ഭാഗത്ത് കുരുപോലെ വന്ന് പഴുക്കാൻ തുടങ്ങിയിരുന്നു. പരിയാരം മെഡിക്കൽ കോളജിൽ വീണ്ടും കുഞ്ഞുമായി കുടുംബം എത്തിയെങ്കിലും കുറയാതിരുന്നതോടെയാണ് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്നത്. അപ്പോഴായിരുന്നു കുഞ്ഞിന്റെ തുടയിൽ നിന്ന് മൂന്ന് സെന്‍റീമീറ്റർ നീളമുളള സൂചിക്കഷ്ണം കണ്ടെത്തിയത്.

കുഞ്ഞിന്റെ തുടയിൽ പഴുപ്പ് കണ്ട് തുടങ്ങിയിരുന്നു. പരിയാരം ഗവ.മെഡിക്കൽ കോളജിൽ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തപ്പോൾ വന്ന പിഴവാണെന്ന് കാട്ടി പെരിങ്ങോം സ്വദേശിയായ പിതാവ് ശ്രീജു മുഖ്യമന്ത്രിക്ക് പരാതി നൽകി. വിഷയത്തിൽ അന്വേഷണം ആരംഭിച്ച ആരോഗ്യവകുപ്പ് ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ മാസം 24 നായിരുന്നു രേവതിയുടെ പ്രസവം പരിയാരം മെഡിക്കൽ കോളജിൽ നടന്നത്. പിന്നീട് 22 മണിക്കൂറിനുള്ളിൽ എടുക്കേണ്ട രണ്ട് വാക്‌സിൻ എടുത്തതിന് ശേഷം അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയായിരുന്നു.

കണ്ണന്റെ മുന്നിൽ മകരമാസ മാം​ഗല്യ തിരക്ക്; ​ഗുരുവായൂരിൽ ഇന്നലെ 229 വിവാഹങ്ങൾ

കണ്ണന്റെ മുന്നിൽ മകരമാസ മാം​ഗല്യ തിരക്ക്; ​ഗുരുവായൂരിൽ ഇന്നലെ 229 വിവാഹങ്ങൾ

തൃശൂർ: മകര മാസ മാം​ഗല്യത്തിന്റെ തിരക്കിൽ അമർന്ന് ​ഗുരുവായൂർ അമ്പല നട. ഇന്നലെ മാത്രം കണ്ണന്റെ സന്നിധിയിൽ 229 വിവാഹങ്ങളാണ് നടന്നത്. മൊത്തം 248 വിവാഹങ്ങൾ ശീട്ടാക്കിയിരുന്നു. ഇതിൽ 19 എണ്ണം റദ്ദായി.

ഇക്കഴിഞ്ഞ സെപ്റ്റംബറിൽ 334 വിവാഹങ്ങൾ നടന്ന ശേഷം ഇതാദ്യമായാണ് ഇത്രയും വിവാഹങ്ങൾ ഒരു ദിവസം നടക്കുന്നത്. 5 കല്യാണ മണ്ഡപങ്ങളാണ് ഇന്നലെ ഒരുക്കിയത്. വധു, വരൻമാർക്കും ബന്ധുക്കൾക്കും ഇരിക്കാൻ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിനു തെക്കു ഭാ​ഗത്ത് താത്കാലിക പന്തലും സജ്ജമാക്കി. അവിടെയായിരുന്നു വധു, വരൻമാരുടെ രേഖകൾ പരിശോധിച്ചത്.

വലിയ തിരക്കനുഭവപ്പെട്ടതോടെ വധു, വരൻ അടുത്ത ബന്ധുക്കൾ, ഫോട്ടോ​ഗ്രാഫർമാർ എന്നിവരുൾപ്പെടെ ഒരു സംഘത്തിൽ 24 പേരായി നിജപ്പെടുത്തിയാണ് മണ്ഡപത്തിനു സമീപത്തേക്ക് പോകാൻ അനുവദിച്ചത്. ദർശനത്തിനുള്ള വരി വടക്കേ നടയിലേക്ക് മാറ്റി.

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ മലദൈവങ്ങളുടെ പ്രീതിക്കായി ഗുരുതി പൂജ; ഇന്ന് ശബരിമല നട അടയ്ക്കും

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ മലദൈവങ്ങളുടെ പ്രീതിക്കായി ഗുരുതി പൂജ; ഇന്ന് ശബരിമല നട അടയ്ക്കും

പത്തനംതിട്ട: മണ്ഡല-മകരവിളക്കു തീര്‍ഥാടനകാലത്ത് ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശനസായൂജ്യം നല്‍കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കും. തീര്‍ഥാടനത്തിനു സമാപനം കുറിച്ചു മാളികപ്പുറത്തെ മണിമണ്ഡപത്തിനു മുന്‍പില്‍ ഇന്നലെ ഗുരുതി നടന്നു. ഇന്നലെ രാത്രി അത്താഴ പൂജയോടെയാണ് ഭക്തര്‍ക്കുള്ള ദര്‍ശനം പൂര്‍ത്തിയായത്.

തുടര്‍ന്നു മകരവിളക്ക് ഉത്സവംമൂലം ദേവന്റെ ചൈതന്യത്തിനു സംഭവിച്ച കുറവിനു പരിഹാരമായും മലദൈവങ്ങളുടെ പ്രീതിക്കുമായി ഗുരുതി പൂജയും ഗുരുതിയും നടന്നു. അത്താഴപൂജ കഴിഞ്ഞു ഹരിവരാസനം ചൊല്ലി നട അടച്ചശേഷം പന്തളം രാജപ്രതിനിധി തൃക്കേട്ടനാള്‍ രാജരാജ വര്‍മയും പരിവാരങ്ങളുമെത്തി. പിന്നാലെ ദേവസ്വം അധികൃതരും മണിമണ്ഡപത്തിനു മുന്‍പിലെത്തിയതോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്.

കുമ്പളങ്ങ മുറിച്ചു ഗുരുതി നടത്തി. മലദൈവങ്ങളെയും ഭൂതഗണങ്ങളെയും പ്രതീപ്പെടുത്താനായി മഞ്ഞള്‍പ്പൊടിയും ചുണ്ണാമ്പും ചേര്‍ത്തുണ്ടാക്കിയ ‘നിണം’ തൂകി. റാന്നി കുന്നയ്ക്കാട്ട് ദേവീവിലാസത്തില്‍ ജെ അജിത്കുമാര്‍, ജെ ജയകുമാര്‍, രതീഷ് കുമാര്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ഗുരുതി നടത്തിയ കര്‍മികള്‍ക്കു രാജപ്രതിനിധി ദക്ഷിണ നല്‍കി. ഇന്നു രാവിലെ തന്ത്രി കണ്ഠര് രാജീവര് അഷ്ടദ്രവ്യ മഹാഗണപതിഹോമം നടത്തും. തുടര്‍ന്ന് തിരുവാഭരണവാഹകര്‍ തിരുവാഭരണപ്പെട്ടികള്‍ ശിരസ്സിലേറ്റി പതിനെട്ടാംപടി ഇറങ്ങും.

തുടര്‍ന്ന് രാജപ്രതിനിധിയുടെ ദര്‍ശനം. അയ്യപ്പ വിഗ്രഹത്തില്‍ മേല്‍ശാന്തി എസ് അരുണ്‍കുമാര്‍ നമ്പൂതിരി ഭസ്മാഭിഷേകം നടത്തി അയ്യപ്പനെ ധ്യാനത്തിലാക്കി നട അടയ്ക്കും. ശ്രീകോവിലിന്റെ താക്കോല്‍ കൈമാറ്റവും നടക്കും.