by Midhun HP News | Jan 20, 2025 | Latest News, കേരളം
ആലപ്പുഴ: അര്‍ത്തുങ്കല്‍ ആന്‍ഡ്രൂസ് ബസലിക്ക തിരുനാള്‍ പ്രമാണിച്ച് ഇന്ന് (തിങ്കളാഴ്ച) ആലപ്പുഴയിലെ രണ്ട് താലൂക്കുകളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും.
മദ്യ നിരോധനം ഏര്‍പ്പെടുത്തി
അര്‍ത്തുങ്കല്‍ പെരുന്നാള്‍ പ്രമാണിച്ച് മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. പെരുന്നാളിന്റെ പ്രധാന ദിവസങ്ങളായ ജനുവരി 20, 27 തീയതികളിലാണ് മദ്യനിരോധനം. ചേര്‍ത്തല എക്സൈസ് പരിധിയിലും പള്ളിയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുമുള്ള എല്ലാ കള്ളുഷാപ്പുകളിലും ബിയര്‍ പാര്‍ലറുകളിലും ബാറുകളിലുമാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയത്.
അര്‍ത്തുങ്കല്‍ പള്ളിപ്പെരുന്നാള്‍
പ്രസിദ്ധമായ അര്‍ത്തുങ്കല്‍ പള്ളിപ്പെരുന്നാള്‍ ജനുവരി 10 മുതല്‍ 27 വരെയാണ് നടക്കുന്നത്. ഇന്നാണ് തിരുനാള്‍ മഹോത്സവം. 20ന് രാവിലെ 11ന് തിരുനാള്‍ പൊന്തിഫിക്കല്‍ ദിവ്യബലി നടക്കും. ആലപ്പുഴ രൂപത മെത്രാന്‍ ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പിലിന്റെ മുഖ്യ കാര്‍മികത്വം നല്‍കും. വൈകിട്ട് മൂന്നിന് കണ്ണൂര്‍ രൂപത വികാരി ജനറല്‍ ഡോ. ക്ലാരന്‍സ് പാലിയത്ത് മുഖ്യ കാര്‍മികത്വം വഹിക്കുന്ന തിരുനാള്‍ ദിവ്യബലി നടക്കും. 4:30ന് തിരുനാള്‍ പ്രദക്ഷിണം നടക്കും. ഫാ. സെബാസ്റ്റ്യന്‍ ഷാജി ചുള്ളിക്കല്‍, ഫാ. സെബാസ്റ്റ്യന്‍ സന്തോഷ് പുളിക്കല്‍, ഫാ. സെബാസ്റ്റ്യന്‍ ജൂഡോ മൂപ്പശേരില്‍ എന്നിവര്‍ കാര്‍മികരാകും. രാത്രി 10ന് ആഘോഷമായ ദിവ്യബലിക്ക് ഫാ. ജോസ് പ്രമോദ് ശാസ്താപറമ്പില്‍ മുഖ്യകാര്‍മികനാകും. 27ന് നടക്കുന്ന എട്ടാമിടത്തോടെ 17 ദിവസം നീണ്ട പെരുന്നാളിന് കൊടിയിറങ്ങും.
by Midhun HP News | Jan 20, 2025 | Latest News, കേരളം
വാഷിങ്ടണ്‍: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയാണ്. ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ വ്യവസായി മുകേഷ് അംബാനിയും നിതാ അംബാനിയും അമേരിക്കയിലെത്തി. ഇരുവരും ട്രംപിന്റെ വിരുന്നില്‍ പങ്കെടുത്ത് അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു.
ശനിയാഴ്ച യുഎസ് തലസ്ഥാനമായ വാഷിങ്ടണിലെത്തിയ ഇരുവരും ട്രംപിന്റെ കാന്‍ഡില്‍ ലൈറ്റ് ഡിന്നറില്‍ പങ്കെടുത്തു. ട്രംപുമായി വളരെ അടുപ്പമുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 100 പ്രമുഖരാണ് അത്താഴം വിരുന്നിലേക്ക് ക്ഷണിക്കപ്പെട്ടത്. നിയുക്ത വൈസ് പ്രസിഡന്റ് ജെഡി വാന്‍സുമായും ഭാര്യ ഉഷ വാന്‍സുമായും ഇരുവരും കൂടിക്കാഴ്ച നടത്തി.
ട്രംപ് കുടുംബവുമായി വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന കുടുംബമാണ് മുകേഷ് അംബാനിയുടേത്. കഴിഞ്ഞ വര്‍ഷം ഗുജറാത്തില്‍ നടന്ന അനന്ദ് അംബാനിയുടെ ആഡംബര വിവാഹചടങ്ങില്‍ ട്രംപിന്റെ മകള്‍ ഇവാന്‍കയും ഭര്‍ത്താവ് ജറേഡ് കുഷ്‌നറും മകള്‍ അരബെല്ല റോസും പങ്കെടുത്തിരുന്നു.
by Midhun HP News | Jan 20, 2025 | Latest News, കേരളം
തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ഡോ. മന്‍മോഹന്‍സിങ് അല്ലാതെ, ഇന്ത്യയുടെ സാമ്പത്തിക നയ രൂപീകരണത്തില്‍ കാതലായ പങ്കുവഹിക്കുന്ന എല്ലാ പദവിയും വഹിച്ച മറ്റൊരു വ്യക്തി ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അനുസ്മരിച്ചു. സാധാരണ ഗ്രാമീണ കുടുംബത്തില്‍ ജനിച്ച മന്‍മോഹന്‍സിങ് സ്വന്തം ധിഷണയുടെ ബലത്തിലാണ് കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്നും ഗവേഷണ ബിരുദം പൂര്‍ത്തിയാക്കിയത്. കയറ്റുമതിക്ക് ഊന്നല്‍ നല്‍കുന്ന സാമ്പത്തിക നയം വേണമെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രബന്ധത്തിലെ പ്രമേയം. സ്വാതന്ത്ര്യം നേടിയശേഷം രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രിയായ നെഹ്‌റുവിന്റെ കീഴില്‍ അടിസ്ഥാന ഘന വ്യവസായങ്ങളില്‍ സ്വയംപര്യാപ്തത കൈവരിക്കാനാണ് ഇന്ത്യയിലെ ആസൂത്രണപ്രക്രിയ പ്രാമുഖ്യം നല്‍കിയത്.
അതേസമയം, ഡോ. മന്‍മോഹന്‍ സിങ് തന്റെ ഗവേഷണ പ്രബന്ധത്തില്‍ സൂചിപ്പിക്കുന്നതുപോലെ, തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളെപ്പോലെ ഇന്ത്യയും കയറ്റുമതിയില്‍ അധിഷ്ഠിത സാമ്പത്തിക നയം സ്വീകരിക്കണമെന്ന നിലപാടുകാരനായിരുന്നു. പഠനം പൂര്‍ത്തിയാക്കിയ മന്‍മോഹന്‍ സിങ് പഞ്ചാബ് സര്‍വകലാശാലയിലും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലും അധ്യാപകനായി. അക്കാദമിക മേഖലയില്‍ ശോഭിക്കുമ്പോഴാണ് അദ്ദേഹം അന്താരാഷ്ട്ര സംഘടനകളിലും പിന്നീട് ഇന്ത്യന്‍ സര്‍ക്കാരിലും സാമ്പത്തിക നയ രൂപീകരണമേഖലയുമായി ബന്ധപ്പെട്ട ഉദ്യോഗം സ്വീകരിച്ചത്.
1991 ല്‍ കേന്ദ്ര ധനകാര്യമന്ത്രിയാകുന്നതിന് തൊട്ടുമുമ്പ് കുറച്ചു കാലം ഡോ. മന്‍മോഹന്‍ സിങ് യുജിസി ചെയര്‍മാന്‍ എന്ന പദവിയും വഹിച്ചിട്ടുണ്ട്. 2004 ലെ പൊതു തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ജനങ്ങള്‍ അന്നത്തെ ഭരണമുന്നണിയെ തള്ളിയപ്പോള്‍, ഇടതുപക്ഷത്തിന്റെ കൂടി പിന്തുണയോടുകൂടി അധികാരത്തില്‍ വന്ന ഒന്നാം യുപിഎ സര്‍ക്കാരിന്റെ ചുമതല ഏറ്റെടുക്കാന്‍ നിയുക്തനായത് മന്‍മോഹന്‍ സിങാണ്. ഇടതുപക്ഷം മുന്നോട്ടുവെച്ച പൊതു മിനിമം പരിപാടികളുടെ ഭാഗമായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം തുടങ്ങിയ നിരവധി ശ്രദ്ധേയ കാല്‍വെപ്പുകള്‍ ആ സര്‍ക്കാര്‍ നടത്തി.
അന്നത്തെ യുപിഎ സര്‍ക്കാരിന്റെ നയങ്ങളില്‍ ഇടതുപക്ഷത്തിന് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നെങ്കിലും, ഭരണഘടനാ മൂല്യങ്ങളെയും ജനാധിപത്യ സംവിധാനത്തെയും സംരക്ഷിക്കുന്നതിന് മന്‍മോഹന്‍സിങ് എടുത്ത നിലപാടുകള്‍ പ്രശംസനീയമാണ്. മതേതരത്വ മൂല്യങ്ങളില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന പ്രതിഭാശാലിയായ സാമ്പത്തിക ശാസ്ത്രജ്ഞന്‍, സൗമ്യനും നിശ്ചയദാര്‍ഢ്യനുമായ ദേശസ്‌നേഹി, പൊതുമണ്ഡലത്തില്‍ ശോഭിച്ച അനിതരസാധാരണനായ വ്യക്തിയെയാണ് ഡോ. മന്‍മോഹന്‍ സിങിന്റെ നിര്യാണത്തിലൂടെ ഇന്ത്യയ്ക്ക് നഷ്ടമായത്. മുഖ്യമന്ത്രി അനുസ്മരിച്ചു.
രാജ്യത്തെ എല്ലാവരെയും വിസ്മയിപ്പിച്ച പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍ സിങെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ലോകം മുഴുവന്‍ ആദരിച്ച സാമ്പത്തിക ശാസ്ത്രജ്ഞനാണ്. കേന്ദ്ര ധനകാര്യമന്ത്രിയായും, പിന്നീട് പത്തു വര്‍ഷം പ്രധാനമന്ത്രിയുമായിരുന്നപ്പോഴാണ്, രാജ്യത്ത് അതുവരെ നിലനിന്നിരുന്ന സാമ്പത്തിക രീതികള്‍ക്ക് മാറ്റമുണ്ടാക്കി, പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നത്. അതുവരെ സഞ്ചരിച്ചിരുന്ന പാതയില്‍ നിന്നും വ്യത്യസ്തമായ പാതയിലേക്കുള്ള മാറ്റത്തില്‍ നിരവധി വിമര്‍ശനങ്ങളുണ്ടായി. എല്ലാ വെല്ലുവിളികളേയും നേരിട്ടുകൊണ്ടാണ് അദ്ദേഹം പരിഷ്‌കാരം നടപ്പിലാക്കിയത്. പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വന്നതോടെ രാജ്യത്തിന്റെ ഖജനാവ് നിറഞ്ഞു, എക്‌സൈസ് ഡ്യൂട്ടി 150 ശതമാനം വര്‍ധിച്ചു. കസ്റ്റംസ് ഡ്യൂട്ടിയും കൂടി. രാജ്യത്ത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഖജനാവ് നിറഞ്ഞപ്പോള്‍ സമ്പത്തിന്റെ നീതിപൂര്‍വകമായ പുനര്‍വിതരണം ഡോ. മന്‍മോഹന്‍സിങ് മുന്‍കൈയെടുത്ത് നടപ്പിലാക്കിയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
by Midhun HP News | Jan 20, 2025 | Latest News, കേരളം
കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഋതുവിന്റെ വീട് നാട്ടുകാര്‍ അടിച്ചുതകര്‍ത്തു. സംഘര്‍ഷാവസ്ഥ ഉടലെടുത്തതിനെത്തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്തെത്തിയാണ് വീടിന് മുന്നില്‍ നിന്നും നാട്ടുകാരെ മാറ്റിയത്. പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ചേന്ദമംഗലത്ത് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
ഇവരുടെ അയല്‍വാസിയാണ് ഋതു. ഇയാളുടെ ആക്രമണത്തില്‍ ജിതിന് തലയ്ക്ക് സാരമായി പരിക്കേറ്റു. ജിതിന്‍ നിലവില്‍ ചേന്ദമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
by Midhun HP News | Jan 20, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വെള്ളിയാഴ്ചത്തെ നില വീണ്ടെടുത്തു. വെള്ളിയാഴ്ചത്തെ 59,600 എന്ന നിലയിലേക്കാണ് സ്വര്‍ണവില വീണ്ടും എത്തിയത്. ഇന്ന് 120 വര്‍ധിച്ചതോടെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് മടങ്ങിയെത്തിയത്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7450 രൂപയായി.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. ഇത് കടന്നും കുതിക്കുമെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന്‍ വില.
ഇതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. 19 ദിവസം കൊണ്ട് 2400 രൂപയാണ് വര്‍ധിച്ചത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ആഗോള വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
by Midhun HP News | Jan 19, 2025 | Latest News, കേരളം
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ജോലി നേടാന്‍ അവസരം. കസ്റ്റമര്‍ സര്‍വീസ് അസോസിയേറ്റ്, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലാണ് ജോലിക്കാരെ നിയമിക്കുന്നത്. സ്‌പോര്‍ട്‌സ് ക്വാട്ടയ്ക്ക് കീഴിലാണ് നിയമനം. ജനുവരി 24 വരെ അപേക്ഷിക്കാം.
തസ്തിക & ഒഴിവ്
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ കസ്റ്റമര്‍ സര്‍വീസ് അസോസിയേറ്റ്, ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ റിക്രൂട്ട്‌മെന്റ്. ആകെ 9 ഒഴിവുകള്‍.
പ്രായപരിധി
ഓഫീസ് അസിസ്റ്റന്റ്
18 വയസ് മുതല്‍ 24 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
കസ്റ്റമര്‍ സര്‍വീസ് അസോസിയേറ്റ്
20 വയസിനും 28 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
കസ്റ്റമര്‍ സര്‍വീസ് അസോസിയേറ്റ്
ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദം.
ഓഫീസ് അസിസ്റ്റന്റ്
പ്ലസ് ടു വിജയം.
ശമ്പളം
കസ്റ്റമര്‍ സര്‍വീസ് അസോസിയേറ്റ് തസ്തികയില്‍ 24,050 മുതല്‍ 64,480 രൂപ വരെയാണ് ശമ്പളം
ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ 19,500 രൂപ മുതല്‍ 37,815 രൂപ വരെ ശമ്പളം കിട്ടും.
അപേക്ഷ
താല്‍പര്യമുള്ളവര്‍ https://www.pnbindia.in/hi/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യുക. ശേഷം പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സഹിതം താഴെ പറയുന്ന വിലാസത്തില്‍ അയക്കുക. അപേക്ഷ ഫീസ് നല്‍കേണ്ടതില്ല.
Recent Comments