by Midhun HP News | Jan 18, 2025 | Latest News, കേരളം
കോഴിക്കോട്: താമരശ്ശേരിയിൽ മാതാവിനെ മകൻ വെട്ടിക്കൊലപ്പെടുത്തി. അടിവാരം കായിക്കൽ മുപ്പതേക്ര സുബൈദ (50) ആണ് മരിച്ചത്. മകൻ ആഷിക്കിനെ (24) പൊലീസ് കസ്റ്റഡിയിലെടുത്തു. മസ്തിഷ്കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം പുതുപ്പാടി ചോയിയോടുള്ള സഹോദരി ഷക്കീലയുടെ വീട്ടിലായിരുന്നു. ഷക്കീലയുടെ വീട്ടിലെത്തിയാണ് ആഷിക് സുബൈദയെ വെട്ടിയത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം. അടുത്തുള്ള വീട്ടിൽനിന്നും കൊടുവാൾ വാങ്ങിയാണ് ഇയാൾ ആക്രമണം നടത്തിയത്. കഴുത്ത് ഏറെക്കുറെ അറ്റനിലയിൽ അയൽക്കാരാണ് സുബൈദയെ താമരശ്ശേരി ആശുപത്രിയിൽ എത്തിച്ചത്. ആഷിക് ലഹരിക്കടിമയാണെന്നാണ് വിവരം. ആക്രമണത്തിനുശേഷം വീടിനുള്ളിൽ ഒളിവിൽപ്പോയ ആഷിക്കിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
by Midhun HP News | Jan 18, 2025 | Latest News, കേരളം
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 689 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. KR 584474 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ KN 686700 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.inൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.
by Midhun HP News | Jan 18, 2025 | Latest News, കേരളം
തൃശൂര്‍: അതിരപ്പിള്ളി മേഖലയിലെ ചാലക്കുടി പുഴയില്‍ മുതലകളുടെ സാന്നിധ്യം കൂടുന്നതില്‍ നാട്ടുകാര്‍ ഭീതിയില്‍. പകല്‍ സമയങ്ങളിലും പുഴയോരങ്ങളില്‍ മുതലകളെ കാണുന്നത് പതിവായി മാറി.
പുഴയില്‍ വെള്ളം കുറഞ്ഞതോടെ മുതലകള്‍ കൂട്ടമായി കരയിലെത്തുന്നതും സ്ഥിരകാഴ്ചയാണ്. പുഴയിലെ ഗര്‍ത്തങ്ങളാണ് മുതലകളുടെ താവളം. വിനോദസഞ്ചാരികള്‍ പുഴയിലിറങ്ങുന്നത് അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കി. പുഴയില്‍പെടുന്നവരെ രക്ഷപ്പെടുത്താനെത്തുന്ന ഫയര്‍ഫോഴ്സിനും മുതലകളുടെ സാന്നിധ്യം ഭീഷണിയാണ്
by Midhun HP News | Jan 18, 2025 | Latest News, കേരളം
പാലക്കാട്: രണ്ടു ക്ഷേത്രങ്ങളില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ശ്രീകൃഷ്ണപുരം പെരുമാങ്ങോട് വിഷ്ണുക്ഷേത്രം, വടുകനാംകുറുശ്ശി ക്ഷേത്രങ്ങളിലാണ് മോഷണം. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് മോഷണം നടന്നത്.
പെരുമാങ്ങോട് ക്ഷേത്രത്തിനു മുന്‍വശത്തെ ആല്‍മരത്തിനു സമീപം വെച്ചിരുന്ന ഭണ്ഡാരവും വടുകനാംകുറുശ്ശിയില്‍ ക്ഷേത്ര മുറ്റത്തെ ഭണ്ഡാരവും കുത്തിത്തുറന്നു. ക്ഷേത്രത്തിന് സമീപത്തെ വീടുകളിലെ ഗേറ്റിന്റെ പൂട്ടും തകര്‍ത്ത് അകത്തു കടന്നെങ്കിലും ഒന്നും ലഭിച്ചില്ല.
പിന്നാലെയാണ് ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്നതെന്നാണ് പൊലീസിന്റെ നിഗമനം. ശ്രീകൃഷ്ണപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
by Midhun HP News | Jan 18, 2025 | Latest News, കേരളം
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴയ്ക്ക് സാധ്യത. ഞായറാഴ്ച രണ്ടു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയെയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കോമറിന്‍ മേഖലയ്ക്ക് മുകളിലാണ് ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.3 മുതല്‍ 0.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
by Midhun HP News | Jan 18, 2025 | Latest News, കേരളം
പാലക്കാട്: ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസില്‍ പേരമകനും ഭാര്യയ്ക്ക് ജീവപര്യന്തം. പേരമകന്‍ ബഷീര്‍ (33), ഭാര്യ കണ്ടമംഗലം സ്വദേശിനി ഫസീല (27) എന്നിവരെയാണ് പാലക്കാട് മണ്ണാര്‍ക്കാട് കോടതി ശിക്ഷിച്ചത്. പ്രതികള്‍ക്ക് രണ്ടുലക്ഷം രൂപ വീതം പിഴയും ചുമത്തിയിട്ടുണ്ട്.
ഇന്നലെ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മണ്ണാര്‍ക്കാട് കോടതി ശിക്ഷാവിധി ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. 2016 ജൂണ്‍ 24 നാണ് തോട്ടറ സ്വദേശി നബീസയുടെ മൃതദേഹം ആര്യമ്പാവ് – ഒറ്റപ്പാലം റോഡില്‍ നായാടിപ്പാറക്ക് സമീപം റോഡരികില്‍ കാണപ്പെട്ടത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നബീസയുടെ പേരക്കുട്ടി ബഷീര്‍, ഭാര്യ ഫസീല എന്നിവര്‍ അറസ്റ്റിലാകുന്നത്. കൊലപാതകത്തിന് നാല് ദിവസം മുന്‍പ് നബീസയെ ബഷീര്‍ അനുനയിപ്പിച്ച് നമ്പ്യാന്‍ കുന്നിലുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുവന്നതായി പൊലീസ് കണ്ടെത്തി.
22-ാം തീയതി രാത്രി ചീരക്കറിയില്‍ കീടനാശിനി ചേര്‍ത്ത് നബീസക്ക് കഴിക്കാന്‍ നല്‍കി. ഇതു കഴിച്ചെങ്കിലും കാര്യമായ ശാരീരിക വിഷമതകള്‍ കാണാതിരുന്നതോടെ, രാത്രി ബലം പ്രയോഗിച്ച് നബീസയുടെ വായിലേക്ക് വിഷം ഒഴിക്കുകയും ചെയ്തു. മരിച്ചെന്ന് ഉറപ്പിച്ച ശേഷം മൃതദേഹം ഒരു ദിവസം വീട്ടില്‍ സൂക്ഷിച്ചു. തുടര്‍ന്ന് 24- ന് രാത്രിയോടെ ബഷീറും ഫസീലയും തയാറാക്കിയ ആത്മഹത്യ കുറിപ്പ് സഹിതം മൃതദേഹം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.
ആത്മഹത്യാക്കുറിപ്പ് നോട്ടുബുക്കില്‍ ഫസീല പലതവണ എഴുതിയിരുന്നതായും, ഇത് മറ്റൊരു പേപ്പറിലേക്ക് പകര്‍ത്തിയെഴുതിയത് ബഷീറാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. എഴുത്തും, വായനയും അറിയാത്ത നബീസയുടെ സഞ്ചിയില്‍ നിന്നും കണ്ടെടുത്ത കത്താണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഭര്‍ത്താവിന്റെ പിതാവിന് മെത്തോമൈന്‍ എന്ന വിഷപദാര്‍ഥം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഫസീല നേരത്തെ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
Recent Comments