ചുങ്കത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ സിപി പോള്‍ അന്തരിച്ചു

ചുങ്കത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ സിപി പോള്‍ അന്തരിച്ചു

തൃശൂര്‍: ചുങ്കത്ത് ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ സി പി പോള്‍ (83) അന്തരിച്ചു. ചാലക്കുടിയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് ചാലക്കുടി ഫോറോന പള്ളി സെമിത്തേരിയില്‍ നടക്കും.

ചാലക്കുടി, കൊല്ലം, കരുനാഗപ്പള്ളി, തൃശൂര്‍, കൊച്ചി, അങ്കമാലി, ഇരിങ്ങാലക്കുട ഉള്‍പ്പെടെ പത്തു ജ്വല്ലറികളുടെ ഉടമയാണ്. കുന്ദംകുളം സ്വദേശിയായിരുന്ന ചുങ്കത്ത് പോള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചാലക്കുടിയില്‍ സ്ഥിരതാമസം ആരംഭിക്കുകയും ചാലക്കുടിയില്‍ ഹാര്‍ഡ് വെയര്‍ വ്യാപാരം ആരംഭിക്കുകയുമായിരുന്നു. പിന്നീട് ആണ് അദ്ദേഹം സ്വര്‍ണ വ്യാപാര രംഗത്തേയ്ക്ക് കടക്കുന്നത്. നന്മ നിറഞ്ഞ ചാലക്കുടി എന്ന പുസ്തകം എഴുതിയിട്ടുണ്ട്.

ശബരിമല മകരവിളക്ക് തീർഥാടനത്തിന് ഇന്ന് സമാപനം

ശബരിമല മകരവിളക്ക് തീർഥാടനത്തിന് ഇന്ന് സമാപനം

ശബരിമല: മകരവിളക്ക് തീർഥാടനത്തിന് ഇന്ന് സമാപനം. ഹരിവരാസനം പാടി രാത്രി 11 മണിക്ക് നട അടച്ചതിന് ശേഷം മാളികപ്പുറത്ത് മണിമണ്ഡപത്തിന് മുൻപിൽ നടക്കുന്ന ഗുരുതിയോടെ തീർഥാടനത്തിന് സമാപനമാകും. നാളെ പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം. രാവിലെ 5:30ന് ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പുറപ്പെടും.

തുടർന്ന് രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം മേൽശാന്തി അയ്യപ്പവിഗ്രഹത്തിൽ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും. മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം അയ്യപ്പന്റെ അനുഗ്രഹത്തോടെയും ഭക്തരുടെ നിറഞ്ഞ സംതൃപ്തിയോടെയുമാണ് സമാപിക്കുന്നതെന്ന് ശബരിമല മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി പറഞ്ഞു.

വളരെ ഭംഗിയായി തന്നെ മണ്ഡല-മകരവിളക്ക് ഉത്സവങ്ങൾ നടന്നു. ഭക്തജനങ്ങളുടെ ഗംഗാപ്രവാഹമായിരുന്നു ഈ തീർത്ഥാടനകാലത്ത് ഉണ്ടായത്. അയ്യപ്പസ്വാമിയുടെ അനുഗ്രഹത്തോടെ എല്ലാ ഭക്തർക്കും സംതൃപ്തമായ ദർശനം നടത്താൻ കഴിഞ്ഞു. സർക്കാരും ദേവസ്വം ബോർഡും വിവിധ വകുപ്പുകളും ജീവനക്കാരും പരിപൂർണ പിന്തുണ നൽകിയതിന്റെ ഫലമായാണ് മണ്ഡലകാലം മികച്ചരീതിയിൽ പൂർത്തിയാക്കാൻ സാധിച്ചതെന്നും മേൽശാന്തി പറഞ്ഞു.

സ്വർണവിലയിൽ ആശ്വാസം

സ്വർണവിലയിൽ ആശ്വാസം

മൂന്ന് ദിവസം തുടര്‍ച്ചയായി മുന്നേറിയ സ്വര്‍ണ വിലയ്ക്ക് ഇന്നലെ സഡന്‍ ബ്രേക്ക് വീണിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 7,435 രൂപയും. പവന് 59,480 രൂപയുമാണ് ഇന്നത്തെ വില.

ജനുവരി 17ന് സ്വർണം ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു പവന് 59,600 രൂപയായിരുന്നു, ഗ്രാമിന് 7450 രൂപയും. കഴിഞ്ഞ ദിവസം വരെ പവന് 60,000 രൂപയാകുമെന്ന ആശങ്ക ശക്തമായിരുന്നു. ഇന്നലെ വില കുറഞ്ഞതോടെ സ്വര്‍ണം തിരിച്ചിറങ്ങുന്ന പ്രവണത കാണിക്കുമെന്ന പ്രതീക്ഷയാണുള്ളത്.വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നുമുണ്ട്.

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; വൈദികന് 1.41 കോടി രൂപ നഷ്ടം, പരാതി

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; വൈദികന് 1.41 കോടി രൂപ നഷ്ടം, പരാതി

കോട്ടയം: ഓൺലൈൻ മൊബൈൽ ട്രേഡിങ് ആപ്ലിക്കേഷനിലൂടെ അമിത ലാഭം വാ​ഗ്ദാനം ചെയ്തു വൈദികനിൽ നിന്നു പല തവണയായി 1.41 കോടി രൂപ തട്ടിയെടുത്തതായി പരാതി. വലിയ ലാഭം വാ​ഗ്ദാനം ചെയ്താണു സംഘം വൈദികനുമായി ഇടപാടു സ്ഥാപിച്ചതെന്നു പൊലീസ് വ്യക്തമാക്കി.

ആദ്യം 50 ലക്ഷവും പിന്നീട് 17 ലക്ഷവും ഇടപാടുകാർക്കു നൽകി. വാ​ഗ്ദാനം ചെയ്ത രീതിയിൽ പണം തിരികെ നൽകിയതോടെ പലരിൽ നിന്നായി 1.41 കോടി രൂപ സ്വരൂപിച്ച് വൈദികൻ വീണ്ടും നിക്ഷേപിച്ചു.

എന്നാൽ പിന്നീട് വൈദികനു സംഘത്തെ ബന്ധപ്പെടാൻ സാധിച്ചില്ല. ഇതോടെയാണ് പരാതി നൽകിയത്. കടുത്തുരുത്തി പൊലീസിലാണ് വൈദികൻ പരാതി നൽകിയത്. പ്രശസ്ത കമ്പനിയുടെ മൊബൈൽ ആപ്ലിക്കേഷന്റെ വ്യജ പതിപ്പിലൂടെയാണ് പണം തട്ടിയതെന്നു പൊലീസ് പറയുന്നു. പരാതിയിൽ കേസെടുത്തു അന്വേഷണം ആരംഭിച്ചു.

ഇന്ന് ശക്തമായ മഴ; 2 ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ന് ശക്തമായ മഴ; 2 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഓപ്പറേഷന്‍ സജാഗ്; നിയമവിരുദ്ധമായി കടലില്‍ ഉല്ലാസയാത്ര നടത്തി, സ്പീഡ് ബോട്ട് പിടിച്ചെടുത്തു

ഓപ്പറേഷന്‍ സജാഗ്; നിയമവിരുദ്ധമായി കടലില്‍ ഉല്ലാസയാത്ര നടത്തി, സ്പീഡ് ബോട്ട് പിടിച്ചെടുത്തു

തൃശൂര്‍: നിയമവിരുദ്ധമായി കടലില്‍ ഉല്ലാസയാത്ര നടത്തിയ സ്പീഡ് ബോട്ട് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് സംഘം പിടിച്ചെടുത്തു. മുനമ്പത്ത് നിന്ന് കടലില്‍ ഉല്ലാസയാത്ര നടത്തിയ എറണാകുളം ചേന്ദമംഗലം കരിപ്പായി കടവ് സ്വദേശി മേഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള മനാമി എന്ന പേരുള്ള സ്പീഡ് ബോട്ട് ആണ് പിടിച്ചെടുത്തത്. യാതൊരു വിധ അനുമതിപത്രമോ രേഖകളോ ഇല്ലാതെയാണ് സ്പീഡ് ബോട്ട് കടലില്‍ ഉല്ലാസയാത്ര നടത്തിയത് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്പീഡ് ബോട്ട് കൊടുങ്ങല്ലൂര്‍ പോര്‍ട്ട് ഓഫീസര്‍ക്ക് കൈമാറി.

അഴീക്കോട് അഴിമുഖത്തിന് വടക്ക് പടിഞ്ഞാറ് ഭാഗത്തു വെച്ച് സുരക്ഷാ സംവിധാനങ്ങളില്ലാതെ അമിത വേഗതയിലും ആശ്രദ്ധമായും കടലിലൂടെ ഉല്ലാസ ബോട്ട് ഓടിക്കുന്നത് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് പട്രോള്‍ ബോട്ട് സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ബോട്ട് തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ അഴീക്കോട് പോര്‍ട്ട് കണ്‍സര്‍വേറ്ററുടെ അനുമതിയോ, അഴീക്കോട് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്റെ അറിവോ സമ്മതപത്രമോ ഇല്ലാതെയാണ് യാത്ര നടത്തിയതെന്ന് കണ്ടെത്തി.