സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ കൂടി

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ കൂടി

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ കൂടി. ഇന്ന് 400 രൂപ വര്‍ധിച്ചതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 59000 കടന്നു. 59,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 7390 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവില.

യുഎസ് ഫെഡ് പലിശ കുറച്ചാല്‍ അത് യുഎസ് സര്‍ക്കാരിന്റെ കടപ്പത്രങ്ങളെ ബാധിക്കും. പലിശ കുറയുന്നതിന് ആനുപാതികമായി ബോണ്ടില്‍ നിന്നുള്ള ആദായനിരക്കും കുറയും. ഡോളറും ദുര്‍ബലമാകും.ഇത് ഫലത്തില്‍, സ്വര്‍ണ നിക്ഷേപ പദ്ധതികളിലേക്ക് പണമൊഴുകാന്‍ വഴിവയ്ക്കും. സ്വര്‍ണ വിലയും വര്‍ധിക്കും. മാത്രമല്ല നമ്മുടെ റിസര്‍വ് ബാങ്കുള്‍പ്പെടെയുള്ള നിരവധി കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങി കൂട്ടി കരുതല്‍ ശേഖരം ഉയര്‍ത്തുന്നതും വില വര്‍ധനയ്ക്ക് കാരണമാകും.

വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.

ഇ പി ജയരാജന്റെ ആത്മകഥാ വിവാദം: ഡിസി ബുക്‌സ് പബ്ലിക്കേഷന്‍സ് മുന്‍ മേധാവി അറസ്റ്റില്‍

ഇ പി ജയരാജന്റെ ആത്മകഥാ വിവാദം: ഡിസി ബുക്‌സ് പബ്ലിക്കേഷന്‍സ് മുന്‍ മേധാവി അറസ്റ്റില്‍

കോട്ടയം : ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ ഡിസി ബുക്‌സ് പബ്ലിക്കേഷന്‍ വിഭാഗം മുന്‍ ഡയറക്ടര്‍ എ വി ശ്രീകുമാറിനെ കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കേസില്‍ ശ്രീകുമാര്‍ നേരത്തെ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.

ആത്മകഥാഭാഗങ്ങള്‍ ശ്രീകുമാറില്‍ നിന്നാണ് ചോര്‍ന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശ്രീകുമാറിനെ രാവിലെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.

കേസില്‍ ഡിസി ബുക്‌സ് ഉടമ രവി ഡിസി അടക്കമുള്ളവരുടെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ആവശ്യമെങ്കില്‍ ശ്രീകുമാര്‍, രവി ഡിസി തുടങ്ങിയവരെ വീണ്ടും വിളിച്ചു വരുത്തി മൊഴിയെടുക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു. ആത്മകഥാ ഭാഗം ചോര്‍ന്നത് ഏത് സാഹചര്യത്തില്‍, ഇതിനു പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടോ തുടങ്ങിയവ പൊലീസ് അന്വേഷിച്ചു വരികയാണ്.

ഇപി ജയരാജന്റെ കട്ടന്‍ചായയും പരിപ്പുവടയും എന്ന പേരിലുള്ള ആത്മകഥാഭാഗങ്ങള്‍ പുറത്തുവന്നതാണ് വിവാദമായത്. പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേളയിലാണ് ആത്മകഥാഭാഗങ്ങള്‍ പുറത്തു വരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍, പാലക്കാട്ടെ ഇടതു സ്ഥാനാര്‍ത്ഥി പി സരിന്‍ തുടങ്ങിയവരെ വിമര്‍ശിക്കുന്ന ഭാഗം വിവാദമായിരുന്നു. തുടര്‍ന്ന് ഇ പി ജയരാജന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇന്ത്യ എലൈറ്റ് പട്ടികയില്‍, ലോകത്തെ നാലാമത്തെ രാജ്യം; അഭിമാനമായി സ്‌പെഡെക്‌സ് ദൗത്യം, കൂടുതല്‍ പരീക്ഷണങ്ങളിലേക്ക്

ഇന്ത്യ എലൈറ്റ് പട്ടികയില്‍, ലോകത്തെ നാലാമത്തെ രാജ്യം; അഭിമാനമായി സ്‌പെഡെക്‌സ് ദൗത്യം, കൂടുതല്‍ പരീക്ഷണങ്ങളിലേക്ക്

ബംഗളൂരു: ബഹിരാകാശത്ത് വച്ച് പേടകങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സങ്കീര്‍ണമായ ദൗത്യം ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ, അമേരിക്ക, റഷ്യ, ചൈന എന്നി രാജ്യങ്ങള്‍ക്ക് പിന്നില്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. സങ്കീര്‍ണമായ ഈ സാങ്കേതികവിദ്യയില്‍ പൂര്‍ണമായി കഴിവു തെളിയിക്കണമെങ്കില്‍ ഐഎസ്ആര്‍ഒ ഇനിയും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ട്. ചന്ദ്രയാന്‍ 4, ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ദൗത്യം, സ്വന്തം ബഹിരാകാശ നിലയം എന്നി ഭാവി ലക്ഷ്യങ്ങള്‍ക്ക് സ്‌പേസ് ഡോക്കിങ് പരീക്ഷണം ആത്മവിശ്വാസം പകരും. രണ്ടുതവണ മാറ്റിവെച്ച ദൗത്യമാണ് ഇന്ന് വിജയകരമായി പൂര്‍ത്തിയാക്കിയത്.

ഇന്ന് രാവിലെയാണ് സ്‌പെഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായി ചേസര്‍, ടാര്‍ഗെറ്റ് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേര്‍ത്തത്. ബംഗലൂരുവിലെ ഇസ്ട്രാക്കില്‍ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്. ഡിസംബര്‍ 30നാണ് സ്പേസ് ഡോക്കിംഗ് എക്സ്പെരിമെന്റ് വിക്ഷേപിച്ചത്. സ്‌പെഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായി പിഎസ്എല്‍വി സി 60 റോക്കറ്റ് ഇരട്ട ഉപഗ്രങ്ങളെ വഹിച്ചാണ് ബഹിരാകാശത്തേയ്ക്ക് കുതിച്ചത്. വെവ്വേറെ വിക്ഷേപിച്ച രണ്ട് ഉപഗ്രഹങ്ങള്‍ ഭൂമിയില്‍ നിന്ന് ഏകദേശം 475 കിലോമീറ്റര്‍ ഉയരത്തില്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ വെച്ചാണ് ഒന്നിച്ചത്.

വിക്ഷേപണത്തിനുശേഷം അഞ്ച് മുതല്‍ ആറ് വരെ ഘട്ടങ്ങളുണ്ടായിരുന്നു. ഓരോ ഘട്ടവും സൂക്ഷ്മമായി നിരീക്ഷിച്ചാണ് അടുത്ത ഘട്ടത്തിലേക്ക് കടന്നത്. ഇന്ത്യന്‍ ഡോക്കിംഗ് സിസ്റ്റം സ്റ്റാന്‍ഡേര്‍ഡ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു പെറ്റല്‍ അധിഷ്ഠിത ഡോക്കിങ് സിസ്റ്റമാണ് ഐഎസ്ആര്‍ഒ ഉപയോഗിച്ചത്. ദൗത്യത്തിന്റെ ഓരോ ഘട്ടത്തിലും ഐഎസ്ആര്‍ഒ ജാഗ്രതയോടെയുള്ള സമീപനമാണ് സ്വീകരിച്ചത്. ജനുവരി 11 ആയപ്പോഴേക്കും രണ്ട് ഉപഗ്രഹങ്ങളും 1.5 കിലോമീറ്റര്‍ ദൂരത്തില്‍ നിന്ന് 230 മീറ്റര്‍ ദൂരത്തിലേക്ക് അടുത്തു. എല്ലാ സെന്‍സറുകളും വിലയിരുത്തിയാണ് അടുത്ത ഘട്ടത്തിലേക്ക് കടന്നതെന്ന് യുആര്‍എസ്സി ഡയറക്ടര്‍ എം ശങ്കരന്‍ പറഞ്ഞു.

കൂട്ടിയോജിപ്പിച്ച ഉപഗ്രഹങ്ങളുടെ പേര് എസ്ഡിഎക്‌സ് 01- ചേസര്‍, എസ്ഡിഎക്‌സ് 02- ടാര്‍ഗറ്റ് എന്നിങ്ങനെയാണ്. വിക്ഷേപണത്തിന് ശേഷമുള്ള നാലാം പരിശ്രമത്തിലാണ് ദൗത്യം വിജയം കൈവരിച്ചത്.കഴിഞ്ഞ 11ന് മൂന്നാം പരിശ്രമത്തില്‍ 500 മീറ്ററില്‍ നിന്ന് 230 മീറ്ററിലേക്കും 105 മീറ്ററിലേക്കും 15 മീറ്ററിലേക്കും മൂന്ന് മീറ്ററിലേക്കും ഇസ്രോ അനായാസം ഉപഗ്രഹങ്ങളെ കൊണ്ടു വന്നു. എന്നാല്‍ ഇതൊരു ട്രയല്‍ മാത്രമായിരുന്നു എന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഉപഗ്രഹങ്ങളെ വീണ്ടും സുരക്ഷിതമായ അകലത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കാത്തിരിപ്പിനൊടുവില്‍ ഇന്ന് രാവിലെ സ്‌പേഡെക്‌സ് സ്‌പേസ് ഡോക്കിങ് പരീക്ഷണം വിജയത്തിലെത്തുകയായിരുന്നു.

റെക്കോര്‍ഡുകളുടെ പെരുമഴ തീർത്ത് വിജയം, പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍

റെക്കോര്‍ഡുകളുടെ പെരുമഴ തീർത്ത് വിജയം, പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍

രാജ്കോട്ട്: ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ എക്കാലത്തെയും ഉയര്‍ന്ന സ്‌കോര്‍ കുറിച്ച് വനിതാ ടീം ചരിത്രം കുറിച്ചു. പുരുഷ ടീമിനെയും മറികടന്ന പ്രകടനമാണ് ഇന്ത്യന്‍ വനിതകള്‍ കുറിച്ചത്. അയര്‍ലന്‍ഡ് വനിതകള്‍ക്കെതിരായ മൂന്നാം ഏകദിനത്തില്‍ 304 റണ്‍സിന്റെ വമ്പന്‍ വിജയവും ഇന്ത്യ സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 435 റൺസെടുത്തു.

ക്യാപ്റ്റന്‍ സ്മൃതി മന്ധാനയുടെയും ഓപ്പണർ പ്രതിക റാവലിന്റെയും സെഞ്ച്വറികളുടെ പിൻബലത്തിലാണ് ഇന്ത്യൻ വനിതകൾ കൂറ്റൻ സ്കോർ നേടിയത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ പുരുഷ, വനിതാ ടീമുകളിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണിത്. 2011ൽ വെസ്റ്റിൻഡീസിനെതിരെ പുരുഷ ടീം നേടിയ അഞ്ചിന് 418 റൺസെന്ന റെക്കോർഡ് സ്കോറാണ് ഇന്ത്യൻ വനിതകൾ തകർത്തത്.

ക്യാപ്റ്റൻ സ്മൃതി മന്ധാന 70 പന്തുകളിൽ നിന്നാണ് അന്താരാഷ്ട്ര ഏകദിനത്തിലെ 10–ാം സെഞ്ച്വറി സ്വന്തമാക്കിയത്. ഏഴു സിക്സുകളും 12 ഫോറുകളും സഹിതമാണ് ഇന്ത്യൻ ക്യാപ്റ്റൻ 135 റൺസെടുത്തത്. 80 പന്തുകളിൽ 135 റൺസെടുത്ത് സ്മൃതി പുറത്തായി. ഇന്ത്യൻ വനിതകളിലെ വേഗമേറിയ ഏകദിന സെഞ്ച്വറിയെന്ന റെക്കോർഡും സ്മൃതി മന്ധാന സ്വന്തമാക്കി. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയ്‌‍ക്കെതിരെ 87 പന്തിൽ സെഞ്ച്വറി നേടിയ ഹർമൻപ്രീത് കൗറിന്റെ റെക്കോർഡാണ് പഴങ്കഥയാക്കിയത്.

129 പന്തുകൾ നേരിട്ട പ്രതിക റാവൽ 154 റൺസെടുത്തു. പ്രതികയുടെ കന്നി സെഞ്ച്വറിയാണിത്. 20 ഫോറും ഒരു സിക്സും സഹിതമാണ് പ്രതിക 154 റൺസെടുത്തത്. ഓപ്പണിങ് വിക്കറ്റിൽ സ്മൃതി – പ്രതിക സഖ്യം ഇരട്ടസെഞ്ചറി കൂട്ടുകെട്ടു തീർത്തു. 26.4 ഓവർ ക്രീസിൽ നിന്ന ഇരുവരും 233 റൺസാണ് അടിച്ചുകൂട്ടിയത്. വനിതാ ഏകദിനത്തിൽ ഒരു മത്സരത്തിൽ ഇന്ത്യൻ ഓപ്പണർമാർ സെഞ്ചറി നേടുന്നത് ഇത് മൂന്നാം തവണ മാത്രമാണ്. തുടർന്നെത്തിയ റിച്ച ഘോഷ് അര്‍ധസെഞ്ച്വറി (59 റൺസ്) നേടി.തേജൽ ഹസാബ്‌നിസ് (25 പന്തിൽ 28), ഹർലീൻ ഡിയോൾ (10 പന്തിൽ 15) എന്നിവരാണ് പുറത്തായ മറ്റുള്ളവർ.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡിന് 131 റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ. അയര്‍ലന്‍ഡ് ബാറ്റിങ് നിരയില്‍ സാറോ ഫോബ്സിനും (41) ഒര്‍ല പ്രെന്‍ഡര്‍ഗാസ്റ്റ്(36) നും മാത്രമേ ഇന്ത്യയെ അല്പമെങ്കിലും ചെറുക്കാൻ സാധിച്ചത്. ദീപ്തി ശര്‍മ മൂന്നും തനൂജ കന്‍വാര്‍ രണ്ടും ടിറ്റാസ് സദ്ധു, സയാലി സത്ഘരെ മിന്നുമണി എന്നിവര്‍ ഓരോ വീതം വിക്കറ്റും വീഴ്ത്തി. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾ വിജയിച്ച ഇന്ത്യ നേരത്തേ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു

തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ 18 കാരന്‍ തലയ്ക്ക് അടിയേറ്റ് മരിച്ചു

തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ 18 കാരന്‍ തലയ്ക്ക് അടിയേറ്റ് മരിച്ചു

തൃശൂര്‍: തൃശൂരിലെ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ അന്തേവാസിയെ കൊലപ്പെടുത്തി. 18 കാരനായ ഇരിങ്ങാലക്കുട സ്വദേശി അഭിഷേക് ആണ് മരിച്ചത്. ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയായ 17 കാരനാണ് കൊലപാതകം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

രാവിലെ ആറരയോടെയാണ് കൊലപാതകം നടന്നത്. ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസികളായ ഇരുവരും തമ്മില്‍ ഇന്നലെ രാത്രി വലിയ തര്‍ക്കവും വെല്ലുവിളിയും ഉണ്ടായിരുന്നു.

ഈ പകയില്‍ ഉറങ്ങിക്കിടന്ന 18 കാരനെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സാരമായി പരിക്കേറ്റ അഭിഷേകിനെ ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിയായി ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. രാവിലെ 10.30 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യവാചകം ചൊല്ലിക്കൊടുക്കും. എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ സ്വദേശിയാണ്.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ സുപ്രീം കോടതിയിലേക്ക് ശുപാര്‍ശ ചെയ്തത്. രാജ്യത്തെ ഹൈക്കോടതി ജഡ്ജിമാരിലെ സീനിയോറിറ്റി പട്ടികയിൽ പതിമൂന്നാം സ്ഥാനത്താണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ. ജസ്റ്റിസ് സി ടി രവികുമാര്‍ വിരമിച്ചതോടെ കേരളത്തിൽ നിന്നും സുപ്രീംകോടതിയിലേക്ക് പ്രാതിനിധ്യം ഇല്ലെന്നതും കൊളീജിയം പരി​ഗണിച്ചു.

2011 നവംബറില്‍ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ 2023 മാര്‍ച്ചിലാണ് പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്. 11 വര്‍ഷത്തിലേറെയായി അദ്ദേഹം ഹൈക്കോടതി ജഡ്ജിയായും ഒരു വര്‍ഷത്തിലേറെയായി ഹൈക്കോടതി ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1990ലാണ് കെ വിനോദ് ചന്ദ്രൻ അഭിഭാഷകനായി എൻ‌റോൾ ചെയ്തത്. 2011 നവംബർ എട്ടിന് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായി. 2013 ജൂൺ 24ന് സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടു. ചന്ദ്രബോസ് വധക്കേസിൽ വ്യവസായി മുഹമ്മദ് നിഷാമിന്റെ ജീവപര്യന്തം കഠിനതടവ് ശരിവച്ചത് അടക്കം ഒട്ടേറെ ശ്രദ്ധേയ വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്.