തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ 18 കാരന്‍ തലയ്ക്ക് അടിയേറ്റ് മരിച്ചു

തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ 18 കാരന്‍ തലയ്ക്ക് അടിയേറ്റ് മരിച്ചു

തൃശൂര്‍: തൃശൂരിലെ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ അന്തേവാസിയെ കൊലപ്പെടുത്തി. 18 കാരനായ ഇരിങ്ങാലക്കുട സ്വദേശി അഭിഷേക് ആണ് മരിച്ചത്. ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയായ 17 കാരനാണ് കൊലപാതകം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

രാവിലെ ആറരയോടെയാണ് കൊലപാതകം നടന്നത്. ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസികളായ ഇരുവരും തമ്മില്‍ ഇന്നലെ രാത്രി വലിയ തര്‍ക്കവും വെല്ലുവിളിയും ഉണ്ടായിരുന്നു.

ഈ പകയില്‍ ഉറങ്ങിക്കിടന്ന 18 കാരനെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സാരമായി പരിക്കേറ്റ അഭിഷേകിനെ ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിയായി ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. രാവിലെ 10.30 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യവാചകം ചൊല്ലിക്കൊടുക്കും. എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ സ്വദേശിയാണ്.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ സുപ്രീം കോടതിയിലേക്ക് ശുപാര്‍ശ ചെയ്തത്. രാജ്യത്തെ ഹൈക്കോടതി ജഡ്ജിമാരിലെ സീനിയോറിറ്റി പട്ടികയിൽ പതിമൂന്നാം സ്ഥാനത്താണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ. ജസ്റ്റിസ് സി ടി രവികുമാര്‍ വിരമിച്ചതോടെ കേരളത്തിൽ നിന്നും സുപ്രീംകോടതിയിലേക്ക് പ്രാതിനിധ്യം ഇല്ലെന്നതും കൊളീജിയം പരി​ഗണിച്ചു.

2011 നവംബറില്‍ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ 2023 മാര്‍ച്ചിലാണ് പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്. 11 വര്‍ഷത്തിലേറെയായി അദ്ദേഹം ഹൈക്കോടതി ജഡ്ജിയായും ഒരു വര്‍ഷത്തിലേറെയായി ഹൈക്കോടതി ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1990ലാണ് കെ വിനോദ് ചന്ദ്രൻ അഭിഭാഷകനായി എൻ‌റോൾ ചെയ്തത്. 2011 നവംബർ എട്ടിന് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായി. 2013 ജൂൺ 24ന് സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടു. ചന്ദ്രബോസ് വധക്കേസിൽ വ്യവസായി മുഹമ്മദ് നിഷാമിന്റെ ജീവപര്യന്തം കഠിനതടവ് ശരിവച്ചത് അടക്കം ഒട്ടേറെ ശ്രദ്ധേയ വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്.

മഹാകവി കുമാരനാശാന്റെ 101-ാം ചരമവാർഷികം ഓഫീസ് അങ്കണത്തിൽ പുഷ്പാർച്ചന നടത്തി ആചരിച്ചു

മഹാകവി കുമാരനാശാന്റെ 101-ാം ചരമവാർഷികം ഓഫീസ് അങ്കണത്തിൽ പുഷ്പാർച്ചന നടത്തി ആചരിച്ചു

ചിറയിൻകീഴ്.”മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ”, ഇന്ന് (16/01/2025) മഹാകവി കുമാരനാശാന്റെ 101 -ാം ചരമവാർഷിക ദിനമാണ്.
ജീവിതത്തിന്റെ ആത്യന്തികമായ സാരം സ്നേഹമാണെന്ന് ആശാൻ തന്റെ കൃതികളിലൂടെ പറഞ്ഞുവച്ചിട്ടുണ്ട്…ജാതീയതയ്ക്കും സാമൂഹ്യ അനാചാരങ്ങൾക്കുമെതിരായ ചെറുത്തുനിൽപ്പിന് കേരളത്തെ പാകപ്പെടുത്തിയ മഹാകവി കുമാരനാശാന്റെ 101-ാം ചരമ വാർഷികമാണ്. ആശാന്റെ അനശ്വര കവിതകൾ ആ കാലത്തെ അന്ന് നിലനിന്നിരുന്ന അനാചാരങ്ങൾക്കും വിവേചനങ്ങൾക്കുമെതിരെ ശബ്ദമുയർത്താൻ സജ്ജമാക്കുന്നതായിരുന്നു. കവിയെന്നതിലുപരി വിപ്ലവകാരിയും സാമൂഹ്യപരിഷ്കർത്താവും പ്രഭാഷകനും നിയമസഭാസാമാജികനും മികച്ച പത്രപ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരു പകർന്ന ആദർശങ്ങളെ തന്റെ കവിതകളിലൂടെ മലയാളിക്ക് പകർന്ന സ്നേഹഗായകന്റെ വരികൾ കാലാതീതമായാണ് നവോത്ഥാന കേരളം ഹൃദയത്തിലേറ്റുന്നത്.1873 ൽ തിരുവനന്തപുരം ജില്ലയിലെ കായിക്കര എന്ന കടലോരഗ്രാമത്തിലാണ് കുമാരനാശാൻ ജനിച്ചത്. ചെറുപ്രായത്തിൽ തന്നെ അദ്ദേഹം ശൃംഗാരശ്ലോകങ്ങൾ രചിക്കാറുണ്ടായിരുന്നു. 1891-ൽ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയതാണ് കുമാരനാശാന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവായി മാറിയത്. ഇംഗ്ലീഷ്,സംസ്‌കൃത ഭാഷകൾ അദ്ദേഹം പഠിക്കുന്നത് ശ്രീനാരായണ ഗുരുവിന് കീഴിലാണ്. 1907 ഡിസംബറിൽ രചിച്ച ‘വീണപൂവ്’ ആണ് കുമാരനാശാനെ മഹാകവിയാക്കുന്നത്. അദ്ദേഹം ശ്രീനാരായണ ഗുരുവിനോടൊത്ത് പാലക്കാട്ടെ ജൈനമേട്ടിൽ താമസിച്ചിരുന്നപ്പോഴാണ് ഈ കൃതി രചിക്കുന്നത്.നളിനി, ലീല, ചണ്ഡാല ഭിക്ഷുകി, കരുണ, ദുരവസ്ഥ തുടങ്ങിയാണ് അദ്ദേഹത്തിന്റെ പ്രസിദ്ധമായ കൃതികൾ. ആശാന്റെ കവിതകളിൽ അടിസ്ഥാനമായി മുഴച്ചുനിൽക്കുന്നത് സ്നേഹമാണ്
“ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര ശോഭിച്ചിരുന്നു എ എം എഎസ് സി പ്രസിഡന്റ് ഭാഗി അശോകന്റെ അധ്യക്ഷതയിൽ സെക്രട്ടറി ദിനേഷ്. കെ. ട്രഷറർ ചന്ദ്രസേനൻ ആർട്സ് ക്ലബ്‌ സെക്രട്ടറി ജോയ്ലാൽ മുൻ പ്രസിഡന്റ്‌ ജി. വ്യാസൻ തുടങ്ങി എക്സിക്യൂട്ടീവ് ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു.

മുല്ലപ്പെരിയാര്‍ സുരക്ഷാചുമതല ദേശീയ ഡാം സേഫ്റ്റി അതോറിട്ടിക്ക്; പുതിയ മേല്‍നോട്ട സമിതി രൂപീകരിച്ചു

മുല്ലപ്പെരിയാര്‍ സുരക്ഷാചുമതല ദേശീയ ഡാം സേഫ്റ്റി അതോറിട്ടിക്ക്; പുതിയ മേല്‍നോട്ട സമിതി രൂപീകരിച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിട്ടിക്ക് കൈമാറി. ഉത്തരവ് കേന്ദ്ര ജലശക്തി മന്ത്രാലയം പുറത്തിറക്കി. ഇതുവരെ തമിഴ്‌നാടിനായിരുന്നു സുരക്ഷാ കാര്യങ്ങളില്‍ മേല്‍ക്കൈ ഉണ്ടായിരുന്നത്. അണക്കെട്ടിന്റെ സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറുമെന്ന് നേരത്തെ കേന്ദ്ര ജല കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

അണക്കെട്ട് വിഷയങ്ങള്‍ പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ മേല്‍നോട്ട സമിതിയും രൂപീകരിച്ചിട്ടുണ്ട്. നിലവിലെ സമിതി പിരിച്ചു വിട്ടാണ് പുതിയ സമിതി രൂപീകരിച്ചിട്ടുള്ളത്. ദേശീയ ഡാം സുരക്ഷ അതോറിട്ടി ചെയര്‍മാനാണ് മേല്‍നോട്ട സമിതിയുടെ പുതിയ അധ്യക്ഷന്‍. നേരത്തെ ജല കമ്മിഷന്‍ ചെയര്‍മാനായിരുന്നു മേല്‍നോട്ട സമിതി അധ്യക്ഷനായിരുന്നത്.

മേല്‍നോട്ട സമിതിയില്‍ ഏഴ് അംഗങ്ങളാണ് ഉണ്ടാകുക. കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍നിന്നുമുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, തമിഴ്നാട്ടിലെ കാവേരി സെല്ലിന്റെ ചെയര്‍മാന്‍, കേരളത്തിന്റെ ഇറിഗേഷന്‍ വകുപ്പു ചെയര്‍മാന്‍ എന്നിവര്‍ അംഗങ്ങളാകും. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ സെന്റര്‍ ഫോര്‍ എക്സലന്‍സിലെ ഒരു അംഗത്തിനെയും മേല്‍നോട്ടസമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഗുരുവായൂര്‍ ക്ഷേത്ര നട ഇന്ന് നേരത്തെ അടയ്ക്കും

ഗുരുവായൂര്‍ ക്ഷേത്ര നട ഇന്ന് നേരത്തെ അടയ്ക്കും

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര നട ഇന്ന് നേരത്തെ അടയ്ക്കും. ക്ഷേത്രത്തില്‍ അഷ്ടബന്ധം ഉറപ്പിക്കുന്ന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഗുരുവായൂര്‍ ക്ഷേത്ര നട ഇന്ന് ഉച്ചയ്ക്ക് പതിവിലും നേരത്തേ 1.30 ന് അടയ്ക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു. 11 മുതല്‍ ദര്‍ശന നിയന്ത്രണം ഉണ്ടാകും. ഉച്ചതിരിഞ്ഞ് 3.30ന് ക്ഷേത്രം നട തുറന്ന് ശീവേലിക്കു ശേഷം ഭക്തര്‍ക്ക് പതിവ് ദര്‍ശന സൗകര്യം തുടരുമെന്നും ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.

ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട തര്‍ക്കം; യുവാക്കളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം

ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട തര്‍ക്കം; യുവാക്കളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം

പാലക്കാട്: പെരിങ്ങോട് ബൈക്ക് യാത്രികരെ കാറിടിച്ച് വീഴ്ത്തിയ ശേഷം മാരകായുധങ്ങള്‍ കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം. ഇന്നലെ രാത്രി എട്ട് മണിയോടെ കറുകപുത്തൂർ – പെരിങ്ങോട് പാതയിൽ പെട്രോൾ പമ്പിന് സമീപത്ത് വെച്ചാണ് സംഭവം. ആക്രമിച്ച ശേഷം അക്രമികൾ കടന്നു കളഞ്ഞു.

ആക്രമണത്തിൽ മതുപ്പുള്ളി സ്വദേശിയായ താനിയിൽ രഞ്ജിത്, ഇപി രഞ്ജിത് എന്നിവർക്ക് തലക്കും കൈക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ചാലിശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുചക്ര വാഹനത്തിൽ വരികയായിരുന്ന യുവാക്കളെ കാറിൽ പിന്തുടർന്നെത്തിയ ഒരു സംഘം അക്രമികൾ ഇടിച്ചു വീഴ്ത്തി. അതിനു ശേഷം മാരാകായുധങ്ങൾ ഉപയോഗിച്ച് യാതൊരു പ്രകോപനവും കൂടാതെ ആക്രമിക്കുകയായിരുന്നു.

അഞ്ച് പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ഇതിൽ ചിലരെ യുവാക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. നേരത്തെ ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ പ്രദേശത്ത് ഉണ്ടായിരുന്നു. ഈ സംഘത്തിൽ പെട്ടവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് പ്രതികൾക്കായി അന്വേഷണം തുടങ്ങി.