പത്തനംതിട്ട പീഡനം; പിടിയിലായവരുടെ എണ്ണം 39 ആയി

പത്തനംതിട്ട പീഡനം; പിടിയിലായവരുടെ എണ്ണം 39 ആയി

പത്തനംതിട്ട: പത്തനംതിട്ടയില്‍ പതിനെട്ടുകാരിയായ കായികതാരത്തെ പീഡിപ്പിച്ച കേസില്‍ ജില്ലയിലെ നാല് സ്റ്റേഷനുകളിലായി അറസ്റ്റിലായവരുടെ എണ്ണം 39 ആയി. വൈകീട്ടോടെ കൂടുതല്‍ പേരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഇന്ന് പതിനൊന്ന് പേരാണ് അറസ്റ്റിലായത്. ഇതുവരെ അറസ്റ്റിലായവരില്‍ നാലുപേര്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്. പ്രതികളില്‍ ചിലര്‍ വിദേശത്തേക്ക് കടന്നിട്ടുണ്ട്. ഇവരെ തിരികെ നാട്ടിലെത്തിക്കാന്‍ പൊലീസ് ശ്രമം തുടങ്ങി. ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും.

ഇലവുംതിട്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 39 പേരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയതായി പൊലിസ് പറഞ്ഞു. പത്തനംതിട്ട, പന്തളം, മലയാലപ്പുഴ പൊലീസ് സ്റ്റേഷനുകളിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടി പലതവണ കൂട്ടബലാത്സംഗത്തിന് ഇരയായതായി പൊലീസ് കണ്ടെത്തി. റാന്നി മന്ദിരംപടി, പത്തനംതിട്ട ജനറല്‍ ആശുപത്രി, തോട്ടും പുറം എന്നീ പ്രദേശങ്ങളിലെത്തിച്ചും പെണ്‍കുട്ടിയെ പലരും പീഡിപ്പിച്ചു.

പ്രദേശവാസിയായ പി ദീപുവാണ് മന്ദിരംപടിയിലെ പീഡനത്തിന് നേതൃത്വം നല്‍കിയത്. കഴിഞ്ഞ ജനുവരി മാസത്തിലാണ് ദീപു ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്.നേരില്‍ കാണണമെന്ന ആഗ്രഹപ്രകാരം പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ദീപു പെണ്‍കുട്ടിയെ കാണുന്നു. കാറില്‍ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ ദീപു, പെണ്‍കുട്ടിയെ മന്ദിരംപടിയിലെ ആളൊഴിഞ്ഞ റബര്‍ തോട്ടത്തിന് സമീപം എത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

ഇതിനു പിന്നാലെ ഓട്ടോറിക്ഷയിലെത്തിയ രണ്ടുപേര്‍ക്ക് പെണ്‍കുട്ടിയെ കൈമാറിയശേഷം ഇവര്‍ കടന്നുകളഞ്ഞു.പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ചും പെണ്‍കുട്ടി പീഡനത്തിനിരയായി. ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപത്തുവെച്ചാണ് അതിക്രമത്തിന് ഇരയായത്. പത്തനംതിട്ട ചെന്നീര്‍ക്കര പ്രക്കാനത്തിന് സമീപം തോട്ടുപുറത്തുവെച്ചും പെണ്‍കുട്ടിയെ വാഹനത്തില്‍ വെച്ച് പീഡിപ്പിച്ചു. രണ്ടുപേരാണ് പീഡിപ്പിച്ചത്. തോട്ടുപുറത്തെ അടച്ചിട്ടിരുന്ന കെട്ടിടത്തിന് സമീപം വാഹനം പാര്‍ക്കു ചെയ്താണ്, കാറിനുള്ളില്‍ വെച്ച് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. ഇതിനുശേഷം കാറില്‍ തന്നെ വീടിനു സമീപം കൊണ്ടു വന്ന് ഇറക്കി വിടുകയായിരുന്നു.

സ്റ്റാന്‍ഡിനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിനുള്ളിലും കുട്ടിക്കെതിരെ അതിക്രമം നടന്നുവെന്നാണ് വിവരം. പെണ്‍കുട്ടിയുടെ പിതാവിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഭൂരിഭാഗം പ്രതികളേയും കണ്ടെത്തിയത്. ഈ സ്മാര്‍ട്ട്‌ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.ഫോണിലേക്ക് വന്നതും പോയതുമായ കോളുകളുടെ വിവരങ്ങളും സൈബര്‍ സെല്‍ പൊലീസിന് നല്‍കിയിട്ടുണ്ട്. ഡിഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

തിരുവാതിര വിളക്ക് മഹോത്സവം

തിരുവാതിര വിളക്ക് മഹോത്സവം

ആറ്റിങ്ങൽ: അവനവഞ്ചേരി കൈപ്പറ്റിമുക്ക് കോട്ടറ മാടൻനടയിലെ തിരുവാതിര വിളക്ക് മഹോത്സവം ഇന്ന് നടന്നു. രാവിലെ 5.30 ന് ഗണപതിഹോമം, 9 ന് പൊങ്കാല, 11ന് സമൂഹസദ്യയും സംഘടിപ്പിച്ചു. വൈകുന്നേരം 6.30ന് ദീപാരാധന, രാത്രി 7ന് ഭഗവതിസേവ, 7.30 ന് ചെണ്ടമേളം, 8.30 ന് വിളക്ക് തുടർന്ന് ആകാശദീപകാഴ്ചയോടെ സമാപിക്കും.

രൂപ റെക്കോര്‍ഡ് താഴ്ചയില്‍

രൂപ റെക്കോര്‍ഡ് താഴ്ചയില്‍

ന്യൂഡല്‍ഹി: രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 23 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. നിലവില്‍ 86.27 എന്ന നിലയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്.

ഓഹരി വിപണിയും കനത്ത ഇടിവ് നേരിട്ടു. ബിഎസ്ഇ സെന്‍സെക്‌സ് 800ലധികം പോയിന്റ് ഇടിഞ്ഞു. നിലവില്‍ സെന്‍സെക്‌സ് 77,000ല്‍ താഴെയാണ്. നിഫ്റ്റി 23,250 പോയിന്റ് എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോയി. ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് ഓഹരി വിപണിയെ സ്വാധീനിച്ചത്.

എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. ഒഎന്‍ജിസി, ആക്‌സിസ് ബാങ്ക്, ടിസിഎസ് ഓഹരികള്‍ നേട്ടം ഉണ്ടാക്കി

സ്വര്‍ണവില വീണ്ടും കൂടി; രണ്ടാഴ്ച കൊണ്ട് വര്‍ധിച്ചത് 1500 രൂപ

സ്വര്‍ണവില വീണ്ടും കൂടി; രണ്ടാഴ്ച കൊണ്ട് വര്‍ധിച്ചത് 1500 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വില കൂടുന്നത്. പവന് 200 രൂപ ഉയര്‍ന്ന് 58,720 രൂപ ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവില. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 7340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ച കൊണ്ട് 1500 രൂപയിലേറെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മൂന്നിന് 58,000ന് മുകളില്‍ എത്തിയ സ്വര്‍ണവില അടുത്ത ദിവസം 58,000ല്‍ താഴെ പോയി. തുടര്‍ന്ന് ഏതാനും ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ദിവസങ്ങള്‍ക്ക് മുന്‍പാണ് വീണ്ടും 58,000ന് മുകളില്‍ എത്തിയത്.

മുൻ ഡിജിപി അബ്ദുൾ സത്താർകുഞ്ഞ് അന്തരിച്ചു

മുൻ ഡിജിപി അബ്ദുൾ സത്താർകുഞ്ഞ് അന്തരിച്ചു

തിരുവനന്തപുരം: മുൻ ഡിജിപി തിരുവനന്തപുരം ഹീരയിൽ അബ്ദുൾ സത്താർകുഞ്ഞ് അന്തരിച്ചു. 85 വയസ്സായിരുന്നു. 1997 ജൂൺ 5 മുതൽ ജൂൺ 30 വരെ സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ജയിൽ ഡിജിപിയായും അബ്ദുൾ സത്താർകുഞ്ഞ് പ്രവർത്തിച്ചിട്ടുണ്ട്. 1963ലാണ് അബ്ദുൽ സത്താർ കുഞ്ഞ് പൊലീസ് സർവീസിൽ ചേരുന്നത്. ഖബറടക്കം ഇന്ന് വൈകീട്ട് ഇശാഅ് നമസ്കാരാനന്തരം പൂന്തുറ പുത്തൻ പള്ളി ഖബർസ്ഥാനിൽ നടക്കും.

പീച്ചി ഡാമില്‍ വീണ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു; മൂന്ന് പേരുടെ നില ഗുരുതരം

പീച്ചി ഡാമില്‍ വീണ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു; മൂന്ന് പേരുടെ നില ഗുരുതരം

തൃശ്ശൂര്‍: പീച്ചി ഡാം റിസര്‍വോയറിന്റെ തെക്കേക്കുളം ഭാഗത്തു വീണ നാല് വിദ്യാര്‍ഥിനികളില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണ്. പട്ടിക്കാട് ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീന ഷാജനാണ് (16) മരിച്ചത്. തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. പുലര്‍ച്ചെ 12.30 ഓടെയായിരുന്നു മരണം.

ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. പട്ടിക്കാട് ചാണോത്ത് സ്വദേശിനികളായ പാറശ്ശേരി വീട്ടില്‍ സജിയുടെയും സെറീനയുടെയും മകള്‍ ആന്‍ ഗ്രേസ് (16), ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീനാ ഷാജന്‍ (16), മുരിങ്ങത്തുപറമ്പില്‍ ബിനോജിന്റെയും ജൂലിയുടെയും മകള്‍ എറിന്‍ (16), പീച്ചി സ്വദേശിനി പുളിയമ്മാക്കല്‍ ജോണിയുടെയും ഷാലുവിന്റെയും മകള്‍ നിമ (12) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അലീന. സഹോദരി: ക്രിസ്റ്റീന. വെള്ളത്തില്‍ വീണ മറ്റു മൂന്നു പേരും ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്.

നാലുപേരും തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്സ് സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ്. നിമയുടെ സഹോദരി ഹിമയുടെ സഹപാഠികളാണ് അപകടത്തില്‍പ്പെട്ട മൂന്നുപേര്‍. പള്ളിപ്പെരുന്നാള്‍ ആഘോഷത്തിന് ഹിമയുടെ വീട്ടില്‍ എത്തിയ ഇവര്‍ റിസര്‍വോയര്‍ കാണാന്‍ പോയതായിരുന്നു. ചെരിഞ്ഞുനില്‍ക്കുന്ന പാറയില്‍ നിന്ന് കാല്‍വഴുതി ആദ്യം രണ്ടുപേര്‍ വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റു രണ്ടുപേരും വീണത്. കരയിലുണ്ടായിരുന്ന ഹിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നാലുപേരെയും പുറത്തെടുത്ത് ഉടന്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.