പിസ്തയുടെ തൊലി തൊണ്ടയില്‍ കുടുങ്ങി; രണ്ടു വയസ്സുകാരന്‍ മരിച്ചു

പിസ്തയുടെ തൊലി തൊണ്ടയില്‍ കുടുങ്ങി; രണ്ടു വയസ്സുകാരന്‍ മരിച്ചു

കാസര്‍കോട്: പിസ്തയുടെ തൊലി തൊണ്ടയില്‍ കുടുങ്ങി രണ്ടു വയസ്സുകാരന്‍ മരിച്ചു. കാസര്‍കോട് കുമ്പള ഭാസ്‌കര നഗറിലെ അന്‍വറിന്റെയും മെഹറൂഫയുടെയും മകന്‍ മുഹമ്മദ് റിഫായി അനസാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് വീട്ടില്‍ വെച്ചാണ് കുട്ടി പിസ്തയുടെ തൊലി കഴിച്ചത്.

തൊണ്ടയില്‍ കുടുങ്ങിയതോടെ വീട്ടുകാര്‍ കൈകൊണ്ട് ഒരു കഷണം വായില്‍നിന്ന് എടുത്തുമാറ്റി. പിന്നീട് കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് വീട്ടിലേക്ക് തിരിച്ചയച്ചു.

എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചെ കുട്ടിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

തൈപ്പൊങ്കല്‍: ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി

തൈപ്പൊങ്കല്‍: ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി

തിരുവനന്തപുരം: തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് നാളെ (2025 ജനുവരി 14) പ്രാദേശിക അവധിയായിരിക്കും.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് പ്രാദേശിക അവധി.

സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക കലണ്ടര്‍ പ്രകാരമുള്ള അവധിയാണിത്. നേരത്തെ തന്നെ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത് ഔദ്യോഗിക കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അവധിയാണ് ഈ ദിവസത്തേത്.

തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി. ശബരിമലയിലെ മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവയും നാളെയാണ്.

പിവി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചു

പിവി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചു

തിരുവന്തപുരം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ രാജിവച്ചു. സ്പീക്കറെ കണ്ട് രാജിക്കത്ത് കൈമാറി. കാലാവധി തീരാന്‍ ഒന്നേകാല്‍ വര്‍ഷം ബാക്കിനില്‍ക്കെയാണ് അന്‍വര്‍ നിയമസഭാംഗത്വം രാജിവച്ചത്.

കഴിഞ്ഞ ദിവസമാണ് അന്‍വര്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായത്. തൃണമൂല്‍ കേരളഘടകത്തിന്റെ കോ-ഓര്‍ഡിനേറ്ററായി ചുമതലയേറ്റ അന്‍വര്‍ നിലമ്പൂര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചേക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു.

സ്വതന്ത്ര സ്ഥാനാര്‍ഥിയായി നിലമ്പൂരില്‍ വിജയിച്ച അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്താല്‍ അയോഗ്യത നേരിടേണ്ടിവരും. ഈ സാഹചര്യത്തിലാണ് രാജി. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയാണ് പിവി അന്‍വറിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.

പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ നാലു പെണ്‍കുട്ടികള്‍ വീണു; 3 പേര്‍ ഗുരുതരാവസ്ഥയില്‍

പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ നാലു പെണ്‍കുട്ടികള്‍ വീണു; 3 പേര്‍ ഗുരുതരാവസ്ഥയില്‍

തൃശൂര്‍: തൃശൂര്‍ പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ നാലു പെണ്‍കുട്ടികള്‍ വീണു. നാല് പേരേയും നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. പള്ളിക്കുന്ന് അംഗന്‍വാടിക്ക് താഴെയുള്ള ഭാഗത്താണ് അപകടമുണ്ടായത്.

റിസര്‍വോയര്‍ കാണാനെത്തിയപ്പോള്‍ പാറയില്‍ കാല്‍വഴുതി അപകടം ഉണ്ടായതെന്നാണ് വിവരം. പട്ടിക്കാട് സ്വദേശികളായ ആന്‍ഗ്രെയ്‌സ് (16), അലീന (16), ഐറിന്‍ (16) പീച്ചി സ്വദേശി നിമ (16) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

സുഹൃത്ത് നിമയുടെ വീട്ടില്‍ പള്ളി പെരുന്നാള്‍ ആഘോഷത്തിന് വന്നതായിരുന്നു മറ്റു പെണ്‍കുട്ടികള്‍. ഒരു കുട്ടി കാല്‍വഴുതി വീണപ്പോള്‍, രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് മറ്റുള്ളവരും വെള്ളത്തില്‍ വീണത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ കരയ്‌ക്കെത്തിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ശബരിമലയില്‍ സര്‍ക്കാര്‍ വൈദ്യസഹായം നല്‍കിയത് 2.89 ലക്ഷം പേര്‍ക്ക്

ശബരിമലയില്‍ സര്‍ക്കാര്‍ വൈദ്യസഹായം നല്‍കിയത് 2.89 ലക്ഷം പേര്‍ക്ക്

പത്തനംതിട്ട: ശബരിമലയില്‍ മണ്ഡലമകരവിളക്ക് തീര്‍ഥാടന കാലത്ത് സര്‍ക്കാരിന്റെ ആരോഗ്യസൗകര്യങ്ങള്‍ വഴി ഇതുവരെ വൈദ്യസഹായം നല്‍കിയത് 2.89 ലക്ഷത്തിലേറെ പേര്‍ക്ക്. ജനുവരി 10 വരെയുള്ള കണക്കനുസരിച്ച് 2,16,969 രോഗികള്‍ ആശുപത്രികളിലും 72,654 രോഗികള്‍ അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളിലുമായി ചികിത്സ തേടി. 649 എമര്‍ജന്‍സി കേസുകള്‍ക്ക് അടിയന്തര വൈദ്യസഹായകേന്ദ്രങ്ങളില്‍ സേവനം നല്‍കി. 168 പേര്‍ക്ക് ഹൃദയാഘാതം റിപ്പോര്‍ട്ട് ചെയ്തതില്‍ 115 രോഗികളെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനായി. ജന്നി വന്ന 103 പേര്‍ക്ക് സേവനം നല്‍കിയതില്‍ 101 പേരെയും രക്ഷപെടുത്താന്‍ സാധിച്ചു.

മകരവിളക്കിനോടനുബന്ധിച്ചും വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയിരിക്കുന്നത്. ജനുവരി ഒന്നു മുതല്‍ 14 വരെ കരിമല ഗവ: ഡിസ്‌പെന്‍സറി തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. മകരവിളക്ക് കാലയളവില്‍ അടിയന്തരഘട്ടങ്ങള്‍ നേരിടാനായി മെഡിക്കല്‍ ഓഫീസര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും റിസര്‍വ് ലിസ്റ്റ് തയാറാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് നോഡല്‍ ഓഫീസര്‍ ഡോ. ശ്യാംകുമാര്‍ കെ കെ അറിയിച്ചു.

മകരവിളക്ക് പ്രമാണിച്ച് ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജനുവരി 13 മുതല്‍ പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 72 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. 0468 2222642, 0468 2228220 എന്നിവയാണ് ജില്ലാ മെഡിക്കല്‍ ഓഫീസിലെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍. മകരവിളക്ക് കാലയളവിലേക്കാവശ്യമായ മരുന്നുകള്‍, ബ്ലീച്ചിങ് പൗഡര്‍ ഉള്‍പ്പടെയുള്ളവ പമ്പയില്‍ എത്തിച്ചിട്ടുണ്ട്. ആംബുലന്‍സ് ഉള്‍പ്പടെയുള്ള മെഡിക്കല്‍ ടീമിന്റെ സേവനം ഹില്‍ ടോപ്, ഹില്‍ ഡൌണ്‍, ത്രിവേണി പെട്രോള്‍ പമ്പ്, ത്രിവേണി പാലം, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, ചക്കുപാലം, ചാലക്കയം, അട്ടത്തോട്, നെല്ലിമല, പഞ്ഞിപ്പാറ, ഇലവുങ്കല്‍, ആങ്ങമൂഴി എന്നിവിടങ്ങളില്‍ ലഭ്യമാക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; സ്വര്‍ണം കവര്‍ന്നു

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; സ്വര്‍ണം കവര്‍ന്നു

മലപ്പുറം: അരീക്കോട്ട് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയാണ് ക്രൂരതയ്ക്ക് ഇരയായത്. നാട്ടുകാരും അകന്ന ബന്ധുക്കളുമടക്കം എട്ടോളം പേര്‍ ചേര്‍ന്ന് ചൂഷണം ചെയ്‌തെന്നും യുവതിയുടെ 15 പവന്‍ സ്വര്‍ണം കവര്‍ന്നതായും എഫ്‌ഐആറില്‍ പറയുന്നു.

2022,23 വര്‍ഷങ്ങളിലാണ് യുവതി പീഡനത്തിന് ഇരയായത്. അയല്‍വാസിയായ യുവാവാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് തുടര്‍ച്ചയായി യുവതിയെ പലര്‍ക്കും ഇയാള്‍ കാഴ്ചവെച്ചതായും പരാതിയില്‍ പറയുന്നു. യുവതി മാനസിക വെല്ലുവിളി നേരിടുന്നതായി തിരിച്ചറിഞ്ഞാണ് പ്രതികള്‍ ചൂഷണം ചെയ്തതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

അയല്‍വാസിയായ യുവാവില്‍ നിന്ന് യുവതി കടംവാങ്ങിയിരുന്നു. ഇത് തിരികെ കൊടുക്കാതെ വന്നപ്പോള്‍ യുവതിയെ പലയിടങ്ങളിലേക്ക് പ്രതി വിളിച്ചുവരുത്തി എന്നും പരാതിയില്‍ പറയുന്നു. മുഖ്യപ്രതി അയല്‍വാസിയോട് പീഡിപ്പിച്ച കാര്യം അബദ്ധത്തില്‍ പറഞ്ഞപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് ബന്ധുക്കള്‍ യുവതിയോട് കാര്യങ്ങള്‍ ചോദിച്ച് അറിയുകയായിരുന്നു.

ഇതിന് പിന്നാലെയാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് മൂന്ന് എഫ്‌ഐആര്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്വര്‍ണ കവര്‍ച്ച, ലൈംഗികാതിക്രമം, കൂട്ടബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.