അഞ്ചു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്

അഞ്ചു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്

മുംബൈ: ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ അഞ്ചെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1.85 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. എച്ച്ഡിഎഫ്‌സി ബാങ്കും ഐടിസിയും ആണ് ഏറ്റവുമധികം തിരിച്ചടി നേരിട്ടത്.

കഴിഞ്ഞയാഴ്ച ഓഹരി വിപണി കനത്ത ഇടിവാണ് നേരിട്ടത്. ബിഎസ്ഇ സെന്‍സെക്‌സ് 1844 പോയിന്റിന്റെ നഷ്ടമാണ് നേരിട്ടത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. എച്ച്ഡിഎഫ്സി ബാങ്കിനും ഐടിസിക്കും പുറമേ ഐസിഐസിഐ ബാങ്കും എസ്ബിഐയും റിലയന്‍സുമാണ് വിപണി മൂല്യത്തില്‍ നഷ്ടം നേരിട്ടത്. എച്ച്ഡിഎഫ്സി ബാങ്കിന് മാത്രം 70,479 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ഇതോടെ എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യം 12,67,440 കോടിയായി താഴ്ന്നു. ഐടിസി 46,481 കോടി, എസ്ബിഐ 44,935 കോടി, റിലയന്‍സ് 12,179 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്.

അതേസമയം ടിസിഎസ് അടക്കമുള്ള അഞ്ചു കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന ഉണ്ടായി. ടിസിഎസിന് മാത്രം 60,168 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്. 15,43,313 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം ഉയര്‍ന്നത്. എച്ച്‌സിഎല്‍, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഭാരതി എയര്‍ടെല്‍ എന്നിവയാണ് നേട്ടം ഉണ്ടാക്കിയ മറ്റു കമ്പനികള്‍.

തിരുവൈരാണിക്കുളം പാർവ്വതീദേവിയുടെ നടതുറപ്പ് മഹോത്സവം ഇന്നുമുതൽ; വിർച്വൽ ക്യൂ

തിരുവൈരാണിക്കുളം പാർവ്വതീദേവിയുടെ നടതുറപ്പ് മഹോത്സവം ഇന്നുമുതൽ; വിർച്വൽ ക്യൂ

കൊച്ചി: ആലുവ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാർവ്വതീദേവിയുടെ നടതുറപ്പ് മഹോത്സവം ഇന്നു മുതൽ ജനുവരി 23 വരെ. ഉമാമഹേശ്വരൻമാർ അനഭിമുഖമായി ഒരേ ശ്രീകോവിലിൽ വാണരുളുന്ന ഈ ക്ഷേത്രത്തിൽ മഹാദേവന്റെ തിരുനട വർഷം മുഴുവൻ തുറക്കുമെങ്കിലും പാർവ്വതീ ദേവിയുടെ തിരുനട വർഷത്തിൽ 12 ദിവസം മാത്രമേ തുറക്കുകയുള്ളൂ. സാധാരണ ക്യു സംവിധാനം കൂടാതെ ഭക്തജനങ്ങൾക്ക് സൗകര്യപ്രദമായി ദേവീ ദർശനം നടത്തുന്നതിനായി വിർച്വൽ ക്യു സംവിധാനവും ഉണ്ടായിരിക്കുന്നതാണെന്ന് തിരുവൈരാണിക്കുളം ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ജനുവരി 1 മുതലാണ് വിർച്വൽ ക്യൂ ബുക്കിങ്ങ് ആരംഭിച്ചത്. കൂടുതൽ വിവരങ്ങൾക്ക് www.thiruvairanikkulamtemple.org

ഉത്സവത്തിന് തുടക്കം കുറിച്ചുള്ള തിരുവാഭരണഘോഷയാത്ര ഞായറാഴ്ച വൈകീട്ട് 4.30ന് അകവൂർ മനയിൽ നിന്ന് ആരംഭിക്കും. ഘോഷയാത്ര രാത്രി 8ന് ക്ഷേത്രത്തിൽ പ്രവേശിച്ച് ആചാരപൂർവം നടതുറക്കും. രാത്രി 10 ന് നടയടയ്‌ക്കും. തുടർന്ന് പൂത്തിരുവാതിര ചടങ്ങുകൾ നടത്തും.തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 4 മുതൽ ഉച്ചയ്ക്ക് 1.30വരെയും വൈകീട്ട് 4 മുതൽ രാത്രി 9 വരെയുമാണ് ദർശന സമയം. ഭക്തജനങ്ങൾക്ക് ദർശനത്തിന് ക്യൂ നിൽക്കാനായി അൻപതിനായിരം ചതുരശ്ര അടി വിസ്തീർണമുള്ള പന്തലുകളാണ് ഒരുക്കിയിട്ടുള്ളത്.വഴിപാടുകൾക്ക് രസീത് ലഭിക്കുന്നതിന് ക്യൂവിൽ തന്നെ കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്. ഓൺലൈനായും വഴിപാടുകൾ ബുക്ക് ചെയ്യാം.

കെഎസ്ആർടിസി പ്രത്യേക സർവീസ്

ആലുവ , പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി ഡിപ്പോകളിൽ നിന്ന് കെഎസ്ആർടിസി ക്ഷേത്രത്തിലേക്ക് പ്രത്യേക ബസ് സർവീസ് നടത്തും. തീർത്ഥാടന പാക്കേജിൽ ഉൾപ്പെടുത്തി കെഎസ്ആർടിസി ദീർഘദൂര സർവീസുകളുമുണ്ടാകും. ആരോഗ്യ വകുപ്പ് മാറമ്പിള്ളി, ശ്രീമുലനഗരം ആരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും വില നിയന്ത്രണവും ഉറപ്പാക്കാൻ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പും ശുദ്ധജല ലഭ്യതക്കായി വാട്ടർ അതോറിട്ടിയും വൈദ്യുതി വിതരണം സാദ്ധ്യമാക്കാൻ കെ എസ് ഇബിയും നടപടികൾ സ്വീകരിക്കും. കർശനമായ ഹരിത പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഉത്സവം. ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് പൂർണമായും ഒഴിവാക്കണമെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.‌

ആറു പാർക്കിങ് ഗ്രൗണ്ടുകൾ

ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തജനങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി ആറ് പാർക്കിങ് ഗ്രൗണ്ടുകൾ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ സ്വകാര്യ പാർക്കിങ് ഗ്രൗണ്ടുകളും ഉണ്ടാകും. തെക്കൻ ജില്ലകളിൽ നിന്നെത്തുന്ന ചെറുവാഹനങ്ങൾ മാറമ്പിള്ളി ശ്രീമൂലം പാലം കടന്ന് സൗപർണിക ഗ്രൗണ്ടിൽ പാർക്ക് ചെയ്യാവുന്നതാണ്. മറമ്പിള്ളി പാലം കടന്നു വരുന്ന വലിയ വാഹനങ്ങൾ സൗപർണിക പാർക്കിങ് ഗ്രൗണ്ടിന് സമീപം ആളുകളെ ഇറക്കിയ ശേഷം മാറമ്പിള്ളി പാലത്തിന് സമീപമുള്ള പാർക്കിങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. വിർച്വൽ ക്യൂ ബുക്ക് ചെയ്തവർ പാർക്കിങ് ഗ്രൗണ്ടുകളായ കൈലാസം, സൗപർണിക എന്നിവിടങ്ങളിലെയും തിരുവൈരാണിക്കുളം ജംഗ്ഷനിലെ വേരിഫിക്കേഷൻ കൗണ്ടറിലും ബാർകോഡ് അടങ്ങിയ ബുക്കിംഗ് രസീത് കാണിച്ച് ദർശന പാസ് വാങ്ങണം. വഴിപാട് സാധനങ്ങൾ, രസീതുകൾ എന്നിവ ലഭിക്കുന്നതിനായി രണ്ട് ക്യൂ ഗ്രൗണ്ടുകളിൽ പ്രത്യേക സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

പാർവ്വതിദേവിയുടെ നട പന്ത്രണ്ടു ദിവസം തുറക്കുന്നതിന്റെ ഐതിഹ്യം

പണ്ടു കാലങ്ങളിൽ ദേവിയുടെ തിരുനട പതിവായി തുറക്കുമായിരുന്നുവെന്നും എന്നാൽ പിന്നീട് ഈ രീതിക്കുമാറ്റം വന്നു എന്നുമാണ് വിശ്വാസം. ഐതീഹ്യപ്രകാരം മഹാദേവനുള്ള നിവേദ്യ സാമഗ്രികൾ തിടപ്പള്ളിയിൽവച്ചു വാതിലടച്ചു ശാന്തിക്കാരൻ തിരികെ പോരും. ഈ സമയം പാർവ്വതിദേവിയാണ് നിവേദ്യം ഒരുക്കുന്നത്. ശ്രീകോവിലിലെ കർമങ്ങൾ കഴിഞ്ഞു തിടപ്പള്ളി തുറക്കുമ്പോൾ നിവേദ്യം തയ്യാറായിരിക്കും. ഒരിക്കൽ അകവൂർ മനയിലെ അന്നത്തെ കാരണവർ തി ടപ്പള്ളിയിലെ അത്ഭുത നിവേദ്യത്തിന്റെ രഹസ്യമറിയാനായി പൂജാസമയത്തിനു മുൻപ് തിടപ്പള്ളിയുടെ വാതിൽ തുറന്നുനോക്കി. ഭഗവാനായി നിവേദ്യം തയ്യാറാക്കുന്ന ദേവിയെ കണ്ടു ഭക്തപരവശനായ നമ്പൂതിരിപ്പാട് ‘അമ്മേ ജഗദംബികേ!’ എന്ന് ഉച്ചത്തിൽ വിളിച്ചുപോയി.

കുപിതയായ ദേവി ഇനി തന്റെ സാന്നിദ്ധ്യം ഇവിടെയുണ്ടാകില്ല എന്ന് അരുളിച്ചെയ്തു. മറ്റു ഭക്തർക്കായെങ്കിലും ഇവിടം വിട്ടു പോകരുതെന്ന് കരഞ്ഞപേക്ഷിച്ച നമ്പൂതിരിപ്പാടിനോട് അലിവ് തോന്നി ഭഗവാന്റെ തിരുനാളായ ധനുമാസത്തിലെ തിരുവാതിര മുതൽ പന്ത്രണ്ടുദിവസം ദർശനഭാഗ്യം നൽകാമെന്നും നട അടഞ്ഞുകിടന്നാലും തന്റെ സാന്നിദ്ധ്യമുണ്ടാകുമെന്നും അനുഗ്രഹിച്ചു. ഇതിൻ പ്രകാരമാണ് പതിവായി തുറന്നിരുന്ന പാർവ്വതി ദേവിയുടെ തിരുനട ധനുമാസത്തിലെ തിരുവാതിര നാൾ മുതൽ പന്ത്രണ്ടു നാൾ മാത്രം തുറക്കാൻ തുടങ്ങിയത് എന്നാണ് വിശ്വാസം.

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ചു രണ്ട് സത്രീകൾക്ക് ദാരുണാന്ത്യം

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ചു രണ്ട് സത്രീകൾക്ക് ദാരുണാന്ത്യം

തൃശൂർ: ഒല്ലൂരിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. ചീയാരം സ്വദേശികളായ പൊറാട്ടുകര വീട്ടിൽ എൽസി (72), മേരി (73) എന്നിവരാണ് മരിച്ചത്. തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ബസ്. ഇന്ന് രാവിലെ ആറ് മണിയോടെ ഇരുവരും പള്ളിയിലേക്ക് പോകുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടമുണ്ടായത്. ​

ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. മൃതദേഹങ്ങൾ തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബസ് അമിത വേ​ഗത്തിലായിരുന്നോ എന്നുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചു വരുകയാണ്.

വിദ്യാര്‍ത്ഥികളോട് ലൈംഗികാതിക്രമം; സ്‌കൂള്‍ ബസ് ഡ്രൈവറും സഹായിയും അറസ്റ്റില്‍

വിദ്യാര്‍ത്ഥികളോട് ലൈംഗികാതിക്രമം; സ്‌കൂള്‍ ബസ് ഡ്രൈവറും സഹായിയും അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് വിദ്യാര്‍ത്ഥികളോട് ലൈംഗികാതിക്രമം നടത്തിയ സ്‌കൂള്‍ ബസ് ഡ്രൈവറും സഹായിയും അറസ്റ്റില്‍. ഡ്രൈവര്‍ തൃക്കോവില്‍വട്ടം സ്വദേശി സാബു (53), മുഖത്തല സ്വദേശി സുഭാഷ് (51) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സൂള്‍ ബസില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും ശരീരത്തില്‍ സ്പര്‍ശിക്കുകയും, ലൈംഗിക ചുവയോടെ സാസാരിക്കുകയും ചെയ്യുമായിരുന്നുവെന്നാണ് എട്ടു വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടത്. കുറച്ചു മാസങ്ങളായി ശല്യം തുടരുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഇതിനു പിന്നാലെയാണ് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളുടെ പരാതി ശക്തികുളങ്ങര പൊലീസിന് കൈമാറിയത്. കുട്ടികളുടെ പക്കല്‍ നിന്നും പൊലീസ് രഹസ്യമൊഴി എടുത്തു. ഇതിനുശേഷമാണ് പ്രതികളായ സാബുവിനെയും സുഭാഷിനെയും ശക്തികുളങ്ങരെ പൊലീസ് അറസ്റ്റ് ചെയ്തത്.

തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും; ചൊവ്വാഴ്ച ശബരിമലയിൽ

തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും; ചൊവ്വാഴ്ച ശബരിമലയിൽ

പത്തനംതിട്ട: മകരസംക്രമ സന്ധ്യയില്‍ ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് ഉച്ചയോടെ പന്തളത്ത് നിന്ന് പുറപ്പെടും. കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവാഭരണങ്ങൾ ശിരസ്സിലേറ്റി ഘോഷയാത്രാ സംഘം മണികണ്ഠനാൽത്തറയിലേക്ക് നീങ്ങും.

ആദ്യ ദിവസം അയിരൂർ പുതിയകാവ് ദേവി ക്ഷേത്രത്തിൽ വിശ്രമിക്കും. രണ്ടാം ദിവസം ളാഹ സത്രത്തിലാണ് താവളം. ചൊവ്വാഴ്ച വൈകുന്നേരം ശബരിമലയിൽ എത്തിച്ചേരും. ഇത്തവണ രാജപ്രതിനിധിയായി തൃക്കേട്ടനാൾ രാമ വർമ്മരാജയാണ് ഘോഷയാത്രയെ നയിക്കുന്നത്. 26 പേരാണ് സംഘത്തില്‍ ഉള്ളത്. 14ന് വൈകിട്ട് അഞ്ചിന്‌ ശരംകുത്തിയിൽ എത്തിച്ചേരുന്ന ഘോഷയാത്രയെ ദേവസ്വം പ്രതിനിധികളും സർക്കാർ പ്രതിനിധികളും ചേർന്ന് സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും.

വൈകിട്ട്‌ 6.15ന് കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി, ദേവസ്വം ബോർഡ് പ്രസിഡന്റ്‌, അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരണം നൽകും. തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭരണം ഏറ്റുവാങ്ങി വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും. തുടർന്ന് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിക്കും. 14ന് രാവിലെ 8.45നാണ് മകരസംക്രമപൂജ.

15, 16, 17, 18 തീയതികളിൽ നെയ്യഭിഷേകത്തിന് ശേഷം തിരുവാഭരണം ചാർത്തിയ അയ്യപ്പനെ ദർശിക്കാം. പതിനെട്ടാം തീയതിവരെയാണ് നെയ്യഭിഷേകവും കളഭാഭിഷേകവും നടക്കുന്നത്. മകരവിളക്ക് ദിവസം മുതൽ മണിമണ്ഡപത്തിൽനിന്നും പതിനെട്ടാംപടിയിലേക്കുള്ള എഴുന്നള്ളത്ത് ആരംഭിക്കും. 18ന് ശരംകുത്തിയിലേക്കാണ് എഴുന്നള്ളത്ത്. 20ന് ശബരിമല നട അടക്കും. പന്തളരാജ പ്രതിനിധിക്ക് മാത്രമാണ് 20ന് ദർശനത്തിന് അവസരം.

ആലുവയില്‍ 40 പവനും എട്ടരലക്ഷവും കവര്‍ന്നത് ഗൃഹനാഥ; കവര്‍ച്ചാ നാടകം

ആലുവയില്‍ 40 പവനും എട്ടരലക്ഷവും കവര്‍ന്നത് ഗൃഹനാഥ; കവര്‍ച്ചാ നാടകം

കൊച്ചി: ആലുവയില്‍ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണവും കവര്‍ന്ന മോഷണത്തില്‍ വഴിത്തിരിവ്. ആലുവ ആയത്ത് ഇബ്രാഹിംകുട്ടിയുടെ വീട്ടില്‍ നിന്നു 40 പവന്‍ സ്വര്‍ണാഭരണവും എട്ടരലക്ഷം രൂപയും കവര്‍ന്നത് ഗൃഹനാഥയാണെന്ന് കണ്ടെത്തി. വീട്ടിലുള്ളവര്‍ക്ക് അനര്‍ഥമുണ്ടാകുമെന്ന് ഭയപ്പെടുത്തി ഗൃഹനാഥയുമായി അടുപ്പം സ്ഥാപിച്ച് തൃശൂര്‍ സ്വദേശിയായ അന്‍വര്‍ ഉസ്താദ് ലൈലയെ കൊണ്ട് മോഷണം നടത്തിക്കുയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ കവര്‍ച്ചാ നാടകം ആസൂത്രണം ചെയ്യുകയായിരുന്നു. അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തു

ഭര്‍ത്താവ് ഇബ്രാഹിം കുട്ടി അറിയാതെ ലൈല പണവും സ്വര്‍ണവും ഉസ്താദിന് കൈമാറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. നേരത്തെ ആസുത്രണം ചെയ്തതനുസരിച്ച് വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് മോഷണം നടന്നതെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി എല്ലാമുറികളിലെയും മേശകളും അലമാരകകളും തുറന്ന് സാധനങ്ങള്‍ വലിച്ചുവാരി നിലത്തിടുകയും ചെയ്തു. സ്വര്‍ണം അലമാരയിലും പണം ബെഡിന്റെ അടിയിലുമാണ് സൂക്ഷിച്ചിരുന്നതെന്നുമായിരുന്നു ലൈല പൊലീസിന് നല്‍കിയ മൊഴി.

ഇബ്രാഹിംകുട്ടിയും ഭാര്യ ലൈലയുമാണ് മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. പഴയ കെട്ടിടങ്ങള്‍ വാങ്ങി പൊളിച്ചു വില്‍ക്കുന്ന ബിസിനസുകാരനാണ് ഇബ്രാഹിംകുട്ടി. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു പുറത്തു പോയിരിക്കുകയായിരുന്നു അദ്ദേഹം. ഡിവൈഎസ്പി ടിആര്‍ രാജേഷിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘമാണ് അന്വേഷണം നടത്തിയത്.