by Midhun HP News | Jan 11, 2025 | Latest News, കേരളം
കൊച്ചി: വ്യവസായി ബോബി ചെമ്മണൂര്‍ ലൈംഗികാധിക്ഷപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ കൂടുതല്‍ അന്വേഷണത്തിന് പൊലീസ്. സമാനമായ വിധത്തില്‍ മറ്റുള്ളവര്‍ക്കെതിരെ ബോബി അധിക്ഷേപവും ദ്വയാര്‍ഥ പ്രയോഗങ്ങളും നടത്തിയിട്ടുണ്ടെന്ന പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്.
വീണ്ടും ഹണി റോസിന്റെ മൊഴി രേഖപ്പെടുത്താനും ആലോചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബോബിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യവും പരിഗണിക്കും.
ബോബിയുടെയും അദ്ദേഹം ഉള്‍പ്പെട്ട മറ്റ് പരിപാടികളുടെയും വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളും പൊലീസ് പരിശോധിക്കും. ബോബി ചെമ്മണൂര്‍ ഹണി റോസിനു പുറമെ മറ്റു നടിമാര്‍ക്കെതിരെയും യൂട്യൂബ് ചാനല്‍ പരിപാടി നടത്തുന്നവര്‍ക്കെതിരെയും ദ്വയാര്‍ഥ പ്രയോഗങ്ങളും ലൈംഗികാധിക്ഷേപങ്ങളും നടത്തിയിട്ടുണ്ടെന്ന പരാതികള്‍ നേരത്തെ തന്നെ ഉയര്‍ന്നിട്ടുണ്ട്. വിവിധ യൂട്യൂബ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളും പരിശോധിക്കും. ഇത്തരം ഒട്ടേറെ വിഡിയോകളും മറ്റും ഇപ്പോഴും സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ലഭ്യമാണ്. അതുകൊണ്ടു തന്നെ ഇവ പരിശോധിച്ച് കൂടുതല്‍ കേസുകളെടുക്കാന്‍ സാധിക്കുമോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.
ഓഗസ്റ്റ് ഏഴിനു നടന്ന ഉദ്ഘാടന പരിപാടിക്കു ശേഷം താന്‍ പങ്കെടുക്കുന്ന മറ്റ് പരിപാടികളിലും പിന്തുടര്‍ന്നെത്തി ലൈംഗികാധിക്ഷേപങ്ങളും മറ്റും നടത്തിയെന്ന് ഹണി റോസ് പരാതിപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ ഹണി റോസില്‍ നിന്ന് കൂടുതല്‍ മൊഴി എടുക്കുന്ന കാര്യവും എറണാകുളം സെന്‍ട്രല്‍ പൊലീസ് ആലോചിക്കുന്നുണ്ട്. ഒരാളെ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നത് 3 വര്‍ഷം തടവും പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണ്.
കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളുകയും 14 ദിവസത്തെ റിമാന്‍ഡില്‍ വിടുകയുമായിരുന്നു. തുടര്‍ന്നാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.
by Midhun HP News | Jan 11, 2025 | Latest News, കേരളം
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട ഭാവഗായകന് യാത്രാമൊഴി. പറവൂര്‍ പാലിയത്തെ തറവാട്ടു ശ്മാശനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഒന്നരയോടെയായിരുന്നു സംസ്‌കാരം. മകന്‍ ദിനനാഥാനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. പാട്ടുകള്‍ കൊണ്ട് തലമുറകളുടെ ജനഹൃദയം കീഴടക്കിയ പ്രിയഗായകനെ ഒരുനോക്ക് കാണാനായി ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
ഇന്നലെ രാവിലെ പൂങ്കുന്നം തോട്ടേക്കാട് ലെയ്‌നിലെ വീട്ടിലും തുടര്‍ന്ന് ഉച്ചവരെ സംഗീതനാടക അക്കാദമി റീജനല്‍ തിയറ്ററിലുമായിരുന്നു പൊതുദര്‍ശനം. അതിനുശേഷം മൃതദേഹം തിരികെ മണ്ണത്ത് വീട്ടിലെത്തിച്ചു. ഇന്നു രാവിലെ എട്ടിന് അദ്ദേഹം പഠിച്ച ഇരിങ്ങാലക്കുട നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് ശേഷം ചേന്ദമംഗലത്തെ പാലിയത്ത് തറവാട്ട് വീട്ടില്‍ എത്തിച്ചു.
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഹൈബി ഈഡന്‍ എംപി, പ്രേംകുമാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.
അമല ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് പൂങ്കുന്നത്തെ സഹോദരിയുടെ വീട്ടിലെത്തിച്ചത്. പത്തര മുതല്‍ പകല്‍ ഒന്നുവരെ സംഗീതനാടക അക്കാദമിയില്‍ പൊതുദര്‍ശനത്തിന് വച്ചു. മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി മന്ത്രി ആര്‍ ബിന്ദുവും സംസ്ഥാന സര്‍ക്കാരിനുവേണ്ടി മന്ത്രി കെ രാജനും സാംസ്‌കാരിക മന്ത്രി സജി ചെറിയാനുവേണ്ടി സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളിയും പുഷ്പചക്രം അര്‍പ്പിച്ചു.
മന്ത്രി എ കെ ശശീന്ദ്രന്‍, ശ്രീകുമാരന്‍ തമ്പി, നടന്‍ മമ്മൂട്ടി, കലാമണ്ഡലം ഗോപി, സത്യന്‍ അന്തിക്കാട്, കമല്‍, സിബി മലയില്‍, പ്രിയനന്ദനന്‍, ഔസേപ്പച്ചന്‍, വിദ്യാധരന്‍, ഷിബു ചക്രവര്‍ത്തി, ബാലചന്ദ്ര മേനോന്‍, മനോജ് കെ ജയന്‍, എം ജി ശ്രീകുമാര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ബംഗാള്‍, കേരള, ഗോവ ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ വിയോഗത്തില്‍ അനുശോചിച്ചു
തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി 7.45 നായിരുന്നു മരണം. വ്യാഴാഴ്ച വൈകീട്ട് അപാര്‍ട്‌മെന്റില്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അര്‍ബുദരോഗബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു.
എറണാകുളം രവിപുരത്ത് ഭദ്രാലയത്തില്‍ രവിവര്‍മ കൊച്ചനിയന്‍ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും അഞ്ചുമക്കളില്‍ മൂന്നാമനായി 1944 മാര്‍ച്ച് മൂന്നിനിനായിരുന്നു പി ജയചന്ദ്രക്കുട്ടന്‍ എന്ന ജയചന്ദ്രന്റെ ജനനം.1965-ല്‍ കുഞ്ഞാലി മരക്കാര്‍ എന്ന സിനിമയിലെ ‘മുല്ലപ്പൂ മാലയുമായ്…’ എന്ന ഗാനം ആലപിച്ചാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കുള്ള വരവ്. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ കളിത്തോഴനിലെ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി…’ എന്ന പാട്ടാണ് ചലച്ചിത്ര പിന്നണിഗാന രംഗത്ത് ശ്രദ്ധ നേടാന്‍ ഇടയാക്കിയത്. ആയിരക്കണക്കിന് പാട്ടുകള്‍ പാടി. മലയാളത്തിന്റെ ഭാവഗായകനായി മനസുകളില്‍ ഇടം നേടി.
by Midhun HP News | Jan 11, 2025 | Latest News, കേരളം
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു. ഇന്ന് 120 രൂപ വർധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,288 രൂപയായി. 7286 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
പത്തുദിവസം കൊണ്ട് 1000 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മൂന്നിന് 58,000ന് മുകളില്‍ എത്തിയ സ്വര്‍ണവില അടുത്ത ദിവസം 58,000ല്‍ താഴെ പോയി. തുടര്‍ന്ന് ഏതാനും ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കഴിഞ്ഞ ദിവസമാണ് വീണ്ടും 58,000ന് മുകളില്‍ എത്തിയത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
by Midhun HP News | Jan 11, 2025 | Latest News, കേരളം
കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ പൊലിസില്‍ പരാതി നല്‍കി നടി ഹണി റോസ്. താന്‍ ബോബി ചെമ്മണൂരിനെതിരെ നല്‍കിയ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്ക് നേരെ തിരിക്കാനുമുള്ള ഉദ്ദേശ്യത്തോടെ സൈബര്‍ ഇടത്തില്‍ ഓര്‍ഗനൈസ്ഡ് ക്രൈം ആസൂത്രണം ചെയ്യുകയാണ് രാഹുല്‍ ഈശ്വര്‍ ചെയ്യുന്നതെന്ന് നടി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നത്. അതിന്റെ പ്രധാന കാരണക്കാരന്‍ രാഹുല്‍ ഈശ്വറാണ്. രാഹുലും ഈശ്വറും ബോബിയുടെ പിആര്‍ ഏജന്‍സികളും സംഘടിതമായി തന്നെ ആക്രമിക്കുന്നു. രാഹുല്‍ ഈശ്വര്‍ മാപ്പര്‍ഹിക്കുന്നില്ലെന്നും ഹണി റോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
രാഹുല്‍ ഈശ്വറിനെ പോലുള്ളവരുടെ ഇത്തരം ഓര്‍ഗനൈസ്ഡ് ക്രൈം ഓപ്പറേഷന്‍ കാരണം ഇത്തരം അവസ്ഥയില്‍പ്പെട്ട് പോകുന്ന സ്ത്രീകള്‍ പരാതിയുമായി മുന്നോട്ടുവരാന്‍ മടിക്കും. അത്തരം നടപടികള്‍ ആണ് തുടര്‍ച്ചയായി രാഹുല്‍ ഈശ്വര്‍ എല്ലാ സ്ത്രീകളായ പരാതിക്കാരോടും കാണിക്കുന്നതെന്നും ഹണി റോസിന്റെ കുറിപ്പില്‍ പറയുന്നു.
by Midhun HP News | Jan 11, 2025 | Latest News, കേരളം
കോഴിക്കോട്: ക്രൈംബ്രാഞ്ചിന്റെ തുടർച്ചയായ ചോദ്യം ചെയ്യൽ കാരണമുണ്ടായ മനോവിഷമത്തിലാണ് മാറി നിന്നതെന്നു മാമിയുടെ ഡ്രൈവർ രജിത് കുമാറും ഭാര്യ തുഷാരയും പൊലീസിനു മൊഴി നൽകി. കുറ്റവാളികളോടു പെരുമാറുന്നതു പോലെയാണ് ക്രൈംബ്രാഞ്ച് പെരുമാറിയത്. മാമിയുടെ തിരോധാനത്തിൽ പങ്കില്ലെന്നും ഇരുവരും നൽകിയ മൊഴിയിൽ പറയുന്നു.
കഴിഞ്ഞ ദിവസമാണ് രജിത്തിനെയും ഭാര്യയെയും കാണാനില്ലെന്ന് പറഞ്ഞ് ഭാര്യ സഹോദരൻ നടക്കാവ് പൊലീസിൽ പരാതി നൽകിയത്. കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ ഇവർ മുറിയെടുത്ത് താമസിച്ചിരുന്നെന്നും, പിന്നീട് ഇവരെക്കുറിച്ച് ഒരു വിവരവും ഇല്ലെന്നാണ് പരാതിയിൽ സൂചിപ്പിച്ചിരുന്നത്. എലത്തൂർ സ്വദേശി രജിത് കുമാർ, ഭാര്യ തുഷാര എന്നിവരെ ഗുരുവായൂരിൽ നിന്നാണ് കണ്ടെത്തിയത്.
ഗുരുവായൂരിൽ നിന്നു കോഴിക്കോട്ട് എത്തിച്ച ഇരുവരേയും മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി വിട്ടയച്ചു. വിശദമായി ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് വീണ്ടും വിളിപ്പിച്ചേക്കും.
ദുരൂഹ സാഹചര്യത്തിൽ കാണാതായ റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്‍റെ (മാമി) തിരോധാനവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് മാമിയുടെ ഡ്രൈവറായിരുന്ന രജിത് കുമാറിനെയും ഭാര്യയെയും ചോദ്യം ചെയ്തിരുന്നു. ഫോൺ പൊലീസ് പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു.
കോഴിക്കോട് നിന്നു ദമ്പതികൾ ഓട്ടോറിക്ഷയിൽ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഓട്ടോയിൽ പോയത് റെയിൽവേ സ്റ്റേഷനിലേക്കാണെന്നും, അവിടെ നിന്നു അവർ തെക്കോട്ടുള്ള ട്രെയിനിൽ കയറിയതായും പൊലീസ് കണ്ടെത്തി. ഇതേത്തുടർന്ന് ഇവരുടെ ചിത്രം സഹിതമുള്ള പോസ്റ്റർ പൊലീസ് പുറത്തിറക്കി. ഇതാണ് വഴിത്തിരിവായത്. ദമ്പതികൾ ഗുരുവായൂരിലെ ഒരു ലോഡ്ജിലുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു.
പൊലീസെത്തി ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അടുത്തിടെ രജിത് കുമാർ മാമി ആക്ഷൻ കൗൺസിലിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ഒരു വോയ്സ് സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിൽ നടക്കാവ് പൊലീസിന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായി. തങ്ങളെ കുടുക്കുവാൻ ശ്രമം നടക്കുകയാണെന്നായിരുന്നു ആരോപണം. 20 വർഷത്തിലേറെയായി രജിത് കുമാർ മാമിയുടെ ഡ്രൈവറായിരുന്നു. 2023 ഓഗസ്റ്റ് 21 നാണ് മുഹമ്മദ് ആട്ടൂർ എന്ന മാമിയെ കാണാതാകുന്നത്.
by Midhun HP News | Jan 11, 2025 | Latest News, കേരളം
കൊച്ചി: സാങ്കേതിക ജോലികള്‍ നടക്കുന്നതിനാല്‍ ഈ മാസം 18 മുതല്‍ ചില ദിവസങ്ങളില്‍ തിരുവനന്തപുരം ഡിവിഷനില്‍ ട്രെയിന്‍ സര്‍വീസുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. ചില സര്‍വീസുകള്‍ പൂര്‍ണമായി റദ്ദാക്കുകയും ചിലത് വെട്ടിച്ചുരുക്കുകയും ചെയ്തു.
എറണാകുളം ജംങ്ഷന്‍-ഷൊര്‍ണൂര്‍ സ്‌പെഷല്‍ സര്‍വീസ് (06018) ജനുവരി 18, 25 തീയതികളില്‍ പൂര്‍ണമായി റദ്ദാക്കി.
19ാം തിയതി റദ്ദാക്കിയ ട്രെയിനുകള്‍: ഷൊര്‍ണൂര്‍-എറണാകുളം ജംങ്ഷന്‍ സ്‌പെഷല്‍ സര്‍വീസ് (06017), ഗുരുവായൂര്‍- എറണാകുളം ജംങ്ഷന്‍ പാസഞ്ചര്‍ (06439), കോട്ടയം-എറണാകുളം ജംങ്ഷന്‍ പാസഞ്ചര്‍ (06434).
18, 25 ദിവസങ്ങളില്‍ ഭാഗികമായി റദ്ദാക്കിയത്: ചെന്നൈ എഗ്മൂര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് (16127) ചാലക്കുടിയില്‍ സര്‍വീസ് അവസാനിപ്പിക്കും. ചാലക്കുടിക്കും ഗുരുവായൂരിനും ഇടയില്‍ സര്‍വീസില്ല. ഇതേ ദിവസങ്ങളിലെ ചെന്നൈ സെന്‍ട്രല്‍- ആലപ്പുഴ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (22639) പാലക്കാട് വരെയാകും സര്‍വീസ്. തിരുവനന്തപുരം സെന്‍ട്രല്‍- ഗുരുവായൂര്‍ എക്‌സ്പ്രസ് (16342) എറണാകുളം ജംങ്ഷന്‍ വരെയാകും സര്‍വീസ്. കാരയ്ക്കല്‍- എറണാകുളം ജംങ്ഷന്‍ എക്‌സ്പ്രസ് (16187) പാലക്കാട്ട് സര്‍വീസ് അവസാനിപ്പിക്കും. മധുര- ഗുരുവായൂര്‍ എക്‌സ്പ്രസ് (16327) ആലുവ വരെയാകും സര്‍വീസ്.
19, 26 തീയതികളില്‍ ഭാഗികമായി റദ്ദാക്കിയവ: ആലപ്പുഴ-ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (22640) വൈകിട്ട് 7.50നു പാലക്കാട്ടു നിന്നാകും സര്‍വീസ് തുടങ്ങുക. എറണാകുളം-കണ്ണൂര്‍ എക്‌സ്പ്രസ് (16305) തൃശൂരില്‍ നിന്നു രാവിലെ 7.16നു സര്‍വീസ് തുടങ്ങും. എറണാകുളത്തിനും തൃശൂരിനും ഇടയില്‍ രണ്ടു ദിവസവും സര്‍വീസില്ല. ഗുരുവായൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് (16341) എറണാകുളം ജംങ്ഷനില്‍ നിന്നു രാവിലെ 5.20നാകും പുറപ്പെടുക. എറണാകുളം ജംങ്ഷന്‍-കാരയ്ക്കല്‍ എക്‌സ്പ്രസ് (16188) പാലക്കാട്ടു നിന്നു പുലര്‍ച്ചെ 1.40നാകും സര്‍വീസ് തുടങ്ങുക.
Recent Comments