ജപ്തി ചെയ്യാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ തീ കൊളുത്തി ആത്മഹത്യാ ശ്രമം

ജപ്തി ചെയ്യാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ തീ കൊളുത്തി ആത്മഹത്യാ ശ്രമം

പാലക്കാട്: പട്ടാമ്പിയിൽ വീട് ജപ്തി ചെയ്യാന്‍ എത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വീട്ടമ്മയുടെ ആത്മഹത്യാ ശ്രമം. പട്ടാമ്പി കീഴായൂർ സ്വദേശി ജയ(48)യാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഷൊര്‍ണൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ആണ് ജപ്തി നടപടി സ്വീകരിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ ജയയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പട്ടാമ്പി പൊലീസും തഹസിൽദാറും സ്ഥലത്തെത്തി ജപ്തി നടപടികൾ നിർത്തിവെപ്പിച്ചു. 2015 മുതൽ 2 ലക്ഷം രൂപയുടെ വായ്പ എടുക്കുകയും തിരിച്ചടവ് മുടങ്ങുകയുമായിരുന്നു. മുന്നറിയിപ്പ് നൽകിയിരുന്നതായും കൃത്യമായ നടപടി ക്രമങ്ങൾ പാലിച്ചാണ് ജപ്തി നടപടികൾ ചെയ്തതെന്നും ബാങ്ക് ഉദ്യോ​ഗസ്ഥർ പറയുന്നു.

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ്

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ്

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ്. മകരവിളക്കിന്റെ പ്രധാന ദിവസമായ 11 മുതല്‍ 14 വരെ കാനനപാത വഴിയുള്ള യാത്രാ നിയന്ത്രണങ്ങളില്‍ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവര്‍ക്ക് ഇളവ് അനുവദിക്കും.

എരുമേലി മുക്കുഴി കാനനപാതയിലൂടെ വെര്‍ച്വല്‍ ക്യൂ വഴി ഇതിനകം ബുക്ക് ചെയ്ത തീര്‍ഥാടകരെ കടത്തിവിടും. വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാത്ത ഭക്തര്‍ക്ക് ഇളവ് അനുവദിക്കില്ല. സ്‌പോട്ട് ബുക്കിങ് ഇനിയുള്ള ദിവസങ്ങളില്‍ നിലയ്ക്കലില്‍ മാത്രമായിരിക്കും ലഭ്യമാകുക.

പ്രേംനസീര്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ജഗതി ശ്രീകുമാറിന്

പ്രേംനസീര്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ജഗതി ശ്രീകുമാറിന്

പ്രേംനസീറിന്റെ 34-ാം ചരമവാര്‍ഷികം ജനുവരി 16 ന് പ്രേംനസീര്‍ സുഹൃത് സമിതി അരീക്കല്‍ ആയൂര്‍വേദാശുപത്രിയുടെ സഹകരണത്തോടെ ഹരിതം നിത്യഹരിതം എന്ന പേരില്‍ സംഘടിപ്പിക്കുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷ അറിയിച്ചു.

ഇതോടനുബന്ധിച്ച് 2025ലെ പ്രേംനസീര്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌ക്കാരം നടന്‍ ജഗതി ശ്രീകുമാറിന് സമര്‍പ്പിക്കുമെന്ന് ജൂറി ചെയര്‍മാന്‍ ബാലു കിരിയത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 6 മണിക്ക് തൈക്കാട് ഭാരത് ഭവന്‍ മണ്ണരങ്ങില്‍ നടക്കുന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അനുസ്മരണം ഉല്‍ഘാടനം ചെയ്ത് പുരസ്‌ക്കാരം ജഗതിക്ക് സമര്‍പ്പിക്കും.

സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ചെയര്‍മാന്‍ മധുപാല്‍ അദ്ധ്യക്ഷത വഹിക്കും. ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, സംവിധായകരായ രാജസേനന്‍, സുരേഷ് ഉണ്ണിത്താന്‍, തുളസിദാസ്, താരങ്ങളായ ദിനേഷ് പണിക്കര്‍, ശ്രീലത നമ്പൂതിരി, എം.ആര്‍. ഗോപകുമാര്‍, ഉദയ സമുദ്ര ചെയര്‍മാന്‍ രാജശേഖരന്‍ നായര്‍, അരീക്കല്‍ ആയൂര്‍ വേദാശുപത്രി ചെയര്‍മാന്‍ ഡോ. സ്മിത്ത്കുമാര്‍, നിംസ് മെഡിസിറ്റി എം.ഡി. ഫൈസല്‍ ഖാന്‍ എന്നിവര്‍ പങ്കെടുക്കും.

75 വര്‍ഷം പിന്നിട്ട അണ്ടൂര്‍ക്കോണംറിപ്പബ്‌ളിക് ലൈബ്രറിക്ക് മികച്ച ഗ്രന്ഥശാലക്കുള്ള പ്രേംനസീര്‍ പുരസ്‌ക്കാരം സമര്‍പ്പിക്കും. ആലപ്പുഴ ഒ.ജി. സുരേഷ് നയിക്കുന്ന ഹൃദയ ഗീതങ്ങള്‍ എന്ന പ്രേംനസീര്‍ ഗാനങ്ങള്‍ ഉള്‍പ്പെട്ട വിഷ്വല്‍ ഗാനമേളയും ഒരുക്കിയിട്ടുണ്ട്.

ഇലക്ട്രിക് സ്കൂട്ടറിനു പിന്നില്‍ ലോറി ഇടിച്ചു; ചാലക്കുടിയില്‍ വയോധികന്‍ മരിച്ചു

ഇലക്ട്രിക് സ്കൂട്ടറിനു പിന്നില്‍ ലോറി ഇടിച്ചു; ചാലക്കുടിയില്‍ വയോധികന്‍ മരിച്ചു

തൃശൂര്‍: ചാലക്കുടിയില്‍ ഇലക്ട്രിക് സ്‌കൂട്ടറിന് പുറകില്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വയോധികന്‍ മരിച്ചു. പഴൂക്കര മാതിരപ്പിള്ളി ജോര്‍ജ്(73) മരിച്ചത്. വെള്ളി പകല്‍ 10.30 ഓടെ റെയില്‍വേ സ്റ്റേഷന് മുന്നിലായിരുന്നു സംഭവം.

ചാലക്കുടിയിലേക്ക് വരികയായിരുന്ന ജോര്‍ജിന്റെ സ്‌കൂട്ടറിന് പുറകില്‍ ലോറി ഇടിക്കുകയായിരുന്നു. കമ്പി കയറ്റി പാലക്കാട്ടേയ്ക്ക് പോവുകയായിരുന്നു ലോറി. 20 മീറ്ററോളം സ്‌കൂട്ടര്‍ വലിച്ചിഴച്ച് കൊണ്ടുപോയി. സംഭവ സ്ഥലത്ത് വച്ച് തന്നെ വയോധികന്റെ മരണം സംഭവിച്ചു.

മകര വിളക്ക്: സുരക്ഷ ശബരിമല തീർഥാടകരുടെ ഗ്യാസ് സിലിണ്ടറും പാത്രങ്ങളും പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി

മകര വിളക്ക്: സുരക്ഷ ശബരിമല തീർഥാടകരുടെ ഗ്യാസ് സിലിണ്ടറും പാത്രങ്ങളും പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പാചകവാതക സിലിണ്ടറുകളുമായി ശബരിമല സന്നിധാനത്തേക്ക് തീർഥാടകർ പോകുന്നത് തടയണമെന്ന് ഹൈക്കോടതി. ഭക്ഷണം തയാറാക്കാനുള്ള ഉദ്ദേശ്യത്തോടെ കൊണ്ടുപോകുന്ന സിലിണ്ടറും പാത്രങ്ങളും പൊലീസ് പിടിച്ചെടുക്കണം.

മാളികപ്പുറത്തെ അന്നദാനം കോംപ്ലക്‌സിൽ 24 മണിക്കൂറും ഭക്ഷണ വിതരണമുണ്ടെന്നിരിക്കെ, തീർഥാടകർക്ക് പാചകം ചെയ്യേണ്ട ആവശ്യമില്ല. മകരവിളക്ക് പ്രമാണിച്ച് 13, 14 തീയതികളിൽ പാണ്ടിത്താവളത്തും ഭക്ഷണ വിതരണമുണ്ട്. സന്നിധാനത്തും പരിസരങ്ങളിലും പാചകം ചെയ്യുന്നത് സുരക്ഷക്ക് ഭീഷണിയാണെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. സുരക്ഷ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹർജികളാണ് കോടതി പരിഗണിച്ചത്.

പരമ്പരാഗത പാതയായ എരുമേലി, മുക്കുഴി വഴിയുള്ള തീർഥാടക പ്രവാഹം നിയന്ത്രിക്കണമെന്ന് കോടതി നിർദേശിച്ചപ്പോൾ, ഈ പാതയിലൂടെയുള്ള തീർഥാടനം ആചാരത്തിന്റെ ഭാഗമാണെന്നും പൂർണനിരോധനം പ്രായോഗികമല്ലെന്നും ദേവസ്വംബോർഡ് അഭിഭാഷകൻ അറിയിച്ചു. ഇതുസംബന്ധിച്ച് ദേവസ്വം ബോർഡ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി. മകരവിളക്ക് പ്രമാണിച്ചുള്ള ക്രമീകരണങ്ങളെക്കുറിച്ച് ശബരിമല സ്‌പെഷൽ കമീഷണർ റിപ്പോർട്ട് നൽകി. 12ന് രാവിലെ എട്ടുമുതൽ 15ന് ഉച്ചക്ക് രണ്ടുവരെ പമ്പയിൽ വാഹനപാർക്കിങ്ങും 11 മുതൽ 14 വരെ മുക്കുഴി വഴിയുള്ള തീർഥാടനവും അനുവദിക്കില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ബോബി ജയിലില്‍ തുടരും; ജാമ്യഹര്‍ജി ചൊവ്വാഴ്ചയിലേക്കു മാറ്റി

ബോബി ജയിലില്‍ തുടരും; ജാമ്യഹര്‍ജി ചൊവ്വാഴ്ചയിലേക്കു മാറ്റി

കൊച്ചി: നടിയെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസില്‍ കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. സർക്കാരിനു മറുപടി പറയാൻ സമയം നൽകണമെന്നു പറഞ്ഞാണ് കോടതി കേസ് മാറ്റിയത്. ഇതോടെ ചൊവ്വാഴ്ച വരെ ബോബി ചെമ്മണൂര്‍ കാക്കനാട് ജില്ലാ ജയിലില്‍ തുടരേണ്ടിവരും. പൊതുഇടങ്ങളില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടെയെന്ന് ഓര്‍മപ്പെടുത്തിയ കോടതി എന്താണ് ഇത്ര ധൃതിയെന്നും അടിയന്തര പ്രാധാന്യം എന്താണെന്നും ചോദിച്ചു.

പരാതിക്കാരി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം വേട്ടയാടുകയാണെന്നും താന്‍ നിരപരാധിയാണെന്നും ബോബി ചെമ്മണൂര്‍ ഹര്‍ജിയില്‍ പറയുന്നു. 2024 ഓഗസ്റ്റിലാണ്‌ സംഭവം നടന്നത്. സംഭവത്തില്‍ പരാതിയുമായി എത്തുന്നത് ഇപ്പോഴാണ്. അതുവരെ നടിക്ക് പരാതികള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും നല്ല സൗഹൃദത്തിലായിരുന്നെന്നും അത്തരം വീഡിയോകള്‍ നടി തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതായും ജാമ്യഹര്‍ജിയില്‍ പറയുന്നു.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ തന്നെ വേട്ടയാടുക ലക്ഷ്യമിട്ടാണ് പരാതി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്. അറസ്റ്റ് ചെയ്ത രീതിക്കെതിരെയും ബോബി രംഗത്തുവന്നു. 7 വര്‍ഷത്തില്‍ താഴെമാത്രം ശിക്ഷ ലഭിക്കുന്ന കേസുകളില്‍ അറസ്റ്റ് നിര്‍ബന്ധമല്ലെന്ന സുപ്രീം കോടതിയുടെ മാര്‍ഗരേഖപോലും പാലിക്കാതെയാണ് പുലര്‍ച്ചെയെത്തി തന്റെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും ഹര്‍ജിയില്‍ പറയുന്നു.

കേസില്‍ 30 മണിക്കൂര്‍ ചോദ്യം ചെയ്തതാണ്. കോടതിയില്‍ പൊലീസ് കസ്റ്റഡി അപേക്ഷ പോലും സമര്‍പ്പിച്ചിട്ടില്ല. ഈ ഒരു സാഹചര്യത്തില്‍ റിമാന്‍ഡ് ചെയ്യേണ്ട ആവശ്യമില്ല. പ്രതി സംസ്ഥാനത്തെ പ്രമുഖ വ്യവസായിയാണ്. ഇവിടെനിന്ന് ഓടിപ്പോകന്ന ആളല്ലെന്നും അന്വേഷണവുമായി സഹകരിക്കുണ്ടെന്നും അപേക്ഷയില്‍ പറയുന്നു. പ്രതിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നുമായിരുന്ന ഹര്‍ജിയിലെ ആവശ്യം.

നടി ഹണി റോസിന്റെ പരാതിയില്‍ ബുധനാഴ്ച അറസ്റ്റിലായ ബോബി ചെമ്മണൂരിനെ ഇന്നലെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. തെറ്റുചെയ്തിട്ടില്ലെന്നും വ്യാജ ആരോപണമാണ് തനിക്കെതിരേ ഉയര്‍ന്നതെന്നുമുള്ള ബോബിയുടെ വാദം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എ അഭിരാമി തള്ളി.വിധി കേട്ട ബോബിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. പരിശോധനയ്ക്കുശേഷം വൈകീട്ട് 7.10-ഓടെ കാക്കനാട് ജില്ലാ ജയിലിലെത്തിച്ചു.