by Midhun HP News | Jan 10, 2025 | Latest News, കേരളം
കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി അംഗീകരിച്ചതാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതുവഴി സംസ്ഥാന സര്‍ക്കാരിന് വിവിധതരം ധനസഹായത്തിന് അര്‍ഹത ലഭിക്കുമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. വയനാടിനായി സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ തുക മാനദണ്ഡങ്ങള്‍ കണക്കാക്കാതെ കേരളത്തിന് വിനിയോഗിക്കാമെന്നും കേന്ദ്രത്തിനു വേണ്ടി അഡീഷനല്‍ സോളിസ്റ്റര്‍ ജനറല്‍ സുന്ദരേശന്‍ അറിയിച്ചു.
എസ്ഡിആര്‍എഫിലെ 120 കോടി രൂപ ഉടന്‍ ചെലവഴിക്കുന്നതിനു കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ടെന്ന് ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി. കേന്ദ്ര മാനദണ്ധങ്ങള്‍ പ്രകാരമല്ലാതെ തന്നെ വയനാട്ടില്‍ സര്‍ക്കാരിനു തുക ചെലവഴിക്കാം. എസ്ഡിആര്‍എഫിലെ കൂടുതല്‍ പണം ചെലവഴിക്കുന്നതിനും സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഇതു സംബന്ധിച്ച കത്ത് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. വയനാട് പുനരധിവാസത്തിന് എസ്ഡിആര്‍എഫിലെ ബാക്കി തുക ചെലവഴിക്കാന്‍ അനുവദിക്കുമോയെന്ന് കഴിഞ്ഞതവണ കേന്ദ്രത്തോട് ഹൈക്കോടതി ചോദിച്ചിരുന്നു.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഇതിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. രണ്ടു ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കിയതായും സര്‍ക്കാര്‍ അറിയിച്ചു. ഹര്‍ജികള്‍ അടുത്ത വ്യാഴാഴ്ച പരിഗണിക്കാനായി ഹൈക്കോടതി മാറ്റി.
by Midhun HP News | Jan 10, 2025 | Latest News, കേരളം
കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെയും ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്റെയും അറസ്റ്റ് തടഞ്ഞ് കോടതി. ഈ മാസം പതിനഞ്ച് വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വാക്കാല്‍ നിര്‍ദേശം നല്‍കി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച വയനാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പൊലീസിന് നിര്‍ദേശം നല്‍കിയത്.
കേസ് ഡയറി ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടതായും 15ന് വിശദമായ വാദം കേള്‍ക്കുമെന്നും പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ ഒളിവില്‍ അല്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. ഇരുവര്‍ക്കും ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഐസി ബാലകൃഷ്ണന്‍ എംഎല്‍എയും ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചനുമടക്കം 4 കോണ്‍ഗ്രസ് നേതാക്കളെക്കെയാണ് ആത്മഹത്യപ്രേരണാ കേസില്‍ പ്രതി ചേര്‍ത്തത്. ഡിസിസി മുന്‍ ട്രഷറര്‍ കെകെ ഗോപിനാഥന്‍, ഡിസിസി മുന്‍ പ്രസിഡന്റ് അന്തരിച്ച പിവി ബാലചന്ദ്രന്‍ എന്നിവരാണു മറ്റു പ്രതികള്‍. പ്രതി ചേര്‍ത്തതോടെ ഒന്നാം പ്രതി ഐസി ബാലകൃഷ്ണനും രണ്ടാം പ്രതി എന്‍.ഡി.അപ്പച്ചനും പിന്നീട് രഹസ്യ കേന്ദ്രങ്ങളിലേക്കു മാറിയതായാണു വിവരം.
by Midhun HP News | Jan 10, 2025 | Latest News, കേരളം
മലപ്പുറം: മലപ്പുറം തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. തിരൂര്‍ ഏഴൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടി (58) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെയാണ് പുതിയങ്ങാടി പള്ളിയില്‍ നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞത്. ചടങ്ങുകള്‍ നടക്കുമ്പോള്‍ കൃഷ്ണന്‍കുട്ടി ആനയുടെ തൊട്ടടുത്തുണ്ടായിരുന്നു. ഇടഞ്ഞ ആന കൃഷ്ണന്‍കുട്ടിയെ തുമ്പിക്കൈയില്‍ ചുറ്റി ചുഴറ്റി എറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് ജാറം മൈതാനിയില്‍ ഇടഞ്ഞത്.
കഴിഞ്ഞ മൂന്നു ദിവസമായി കോട്ടയ്ക്കല്‍ മിംസ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. കൃഷ്ണന്‍കുട്ടിയെ കൂടാതെ മറ്റൊരാളെയും ആന തൂക്കിയെടുക്കാന്‍ ശ്രമിച്ചെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. പിന്നീട് പാപ്പാന്‍മാര്‍ ആനയെ തളച്ചതോടെയാണ് കൂടുതല്‍ അപകടം ഒഴിവായത്. ആളുകള്‍ ചിതറിയോടിയതിനെത്തുടര്‍ന്ന് നിരവധി പേര്‍ക്ക് ചെറിയ പരിക്കേറ്റിരുന്നു.
by Midhun HP News | Jan 10, 2025 | Latest News, കേരളം
കൊച്ചി: നടിയെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസില്‍ റിമാന്‍ഡിലായി കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന ബോബി ചെമ്മണൂര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. പന്ത്രണ്ടരയോടെ ഓണ്‍ലൈനായാണ് അഭിഭാഷകന്‍ അപേക്ഷ നല്‍കിയത്. കേസില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയായതാണെന്നും റിമാന്‍ഡ് ചെയ്യേണ്ട ആവശ്യമില്ലെന്നും ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു.
കേസില്‍ 30 മണിക്കൂര്‍ ചോദ്യം ചെയ്തതാണ്. പൊലീസ് കസ്റ്റഡി അപേക്ഷ പോലും സമര്‍പ്പിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ റിമാന്‍ഡ് ചെയ്യേണ്ട ആവശ്യമില്ല. പ്രതി സംസ്ഥാനത്തെ പ്രമുഖ വ്യവസായിയാണ്. ഇവിടെനിന്ന് ഓടിപ്പോകന്ന ആളല്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അപേക്ഷയില്‍ പറയുന്നു. പ്രതിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണം.
ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം ഹര്‍ജി പരിഗണിക്കും. ജാമ്യാപേക്ഷയുമായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിക്കുമെന്നായിരുന്നു ഇന്നലെ അഭിഭാഷകന്‍ അറിയിച്ചത്. അങ്ങനെ പോയാല്‍ തീരുമാനം വരാന്‍ ഒരാഴ്ചയെങ്കിലും എടുക്കുമെന്ന് നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് അതിവേഗം ഹൈക്കോടതിയെ സമീപിച്ചത്.
നടി ഹണി റോസിന്റെ പരാതിയില്‍ ബുധനാഴ്ച അറസ്റ്റിലായ ബോബി ചെമ്മണൂരിനെ ഇന്നലെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. തെറ്റുചെയ്തിട്ടില്ലെന്നും വ്യാജ ആരോപണമാണ് തനിക്കെതിരേ ഉയര്‍ന്നതെന്നുമുള്ള ബോബിയുടെ വാദം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എ അഭിരാമി തള്ളി.വിധി കേട്ട ബോബിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. പരിശോധനയ്ക്കുശേഷം വൈകീട്ട് 7.10-ഓടെ കാക്കനാട് ജില്ലാ ജയിലിലെത്തിച്ചു.
by Midhun HP News | Jan 10, 2025 | Latest News, കേരളം
ഇതാ കൈ കിട്ടാ ക്ലബ്ബിലേക്ക് പുതിയ എൻട്രി, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയ്ക്കാണ് ‘ബേസിൽ ശാപം’ ഏൽക്കേണ്ടിവന്നത്. സംസ്ഥാന കലോത്സവത്തിന്റെ സമാപന വേദിയിലായിരുന്നു സംഭവം. നടൻ ആസിഫ് അലിക്ക് കൈ കൊടുക്കാനായി കൈ നീട്ടിയെങ്കിലും താരം അത് കാണാതെ പോവുകയായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ആസിഫ് അലിയും ടൊവിനോ തോമസുമാണ് ചടങ്ങിൽ മുഖ്യാതിഥികളായി എത്തിയത്. ടൊവിനോയ്ക്ക് സമീപമാണ് മന്ത്രി ഇരുന്നിരുന്നത്. വേദിയിലേക്ക് എത്തിയ ആസിഫ് അലിക്ക് മന്ത്രി കൈ കൊടുക്കാൻ ശ്രമിച്ചു. എന്നാൽ ഇത് ശ്രദ്ധിക്കാതെ ആസിഫ് ടൊവിനോയ്ക്ക് അടുത്തുള്ള സീറ്റിൽ ഇരുന്നു. തുടർന്ന് ടൊവിനോ ആണ് ഹസ്തദാനത്തിനായി മന്ത്രി കൈ നീട്ടി നിൽക്കുന്നത് ആസിഫിന്റെ ശ്രദ്ധയിൽ എത്തിച്ചത്. തുടർന്ന് നടൻ മന്ത്രിക്ക് കൈകൊടുക്കുകയായിരുന്നു. വിഡിയോ വൈറലായതിനു പിന്നാലെ മന്ത്രി തന്നെ ഈ വിഡിയോ പോസ്റ്റ് ചെയ്തു.
‘ഞാനും പെട്ടു’ എന്ന കുറിപ്പോടെയാണ് അദ്ദേഹം പോസ്റ്റിട്ടത്. പിന്നാലെ രസകരമായ കമന്റുകളുമായി ബേസിൽ ജോസഫും ടൊവിനോയും ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരിക്കുകയാണ്. ‘വെൽക്കം സർ വെൽക്കം! ഞങ്ങളുടെ മനയിലേക്ക് സ്വാഗതം’- എന്നാണ് ബേസിൽ കുറിച്ചത്. ‘പക്ഷെ തക്ക സമയത്ത് ഞാൻ ഇടപെട്ടതുകൊണ്ട് രക്ഷപ്പെട്ട്’- എന്നായിരുന്നു ടൊവിനോയുടെ കമന്റ്.
by Midhun HP News | Jan 10, 2025 | Latest News, കേരളം
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസ് പുന:ക്രമീകരിക്കും. റൺവേ നവീകരിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് നടപടി. ഈ മാസം 14 മുതലാണ് നവീകരണ ജോലികൾ ആരംഭിക്കുന്നത്. റൺവേയുടെ റീ കാർപെറ്റിങ് അടക്കം നിരവധി പദ്ധതികളാണ് നടത്തുന്നത്.
ഇതേ തുടർന്ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് വരെ റൺവേ അടച്ചിടും. ഈ സമയത്തെ സർവീസുകളാണ് പുന:ക്രമീകരിക്കുന്നത്. മാർച്ച് 29 വരെയാണു റൺവേ നവീകരണം. അതിലാണ് അതുവരെയും സമയത്തിൽ മാറ്റം വരും. പുതുക്കിയ സമയം വിമാനക്കമ്പനികൾ യാത്രക്കാരെ അറിയിക്കും. യാത്രക്കാർക്ക് അസൗകര്യം പരമാവധി കുറയ്ക്കുന്ന രീതിയിലാണു സർവീസുകളുടെ പുനക്രമീകരണം. പ്രതിദിനം 96 സർവീസുകൾ ഈ കാലയളവിൽ ഓപ്പറേറ്റ് ചെയ്യും.
Recent Comments