by Midhun HP News | Jan 10, 2025 | Latest News, കേരളം
തിരുവനന്തപുരം: വിരമിച്ച ഓഫീസർ ഉൾപ്പെടെ വിവരം നിഷേധിച്ച രണ്ട് ഉദ്യോഗസ്ഥർക്ക് അയ്യായിരം രൂപ വീതം പിഴ വിധിച്ച് സംസ്ഥാന വിവരാവകാശ കമ്മിഷൻ. വിരമിച്ച ഉദ്യോഗസ്ഥൻ നേരിട്ടെത്തി ഫൈൻ ഒടുക്കിയില്ലെങ്കിൽ സ്വത്തുക്കളിൽ സ്ഥാപിച്ച് ജപ്തി നടപടികളിലൂടെ പണം ഈടാക്കാനും സംസ്ഥാന വിവരവാകാശ കമ്മിഷണർ ഡോ.എ. അബ്ദുൽ ഹക്കിം ഉത്തരവായി.
തിരുവനന്തപുരം ജില്ലയിൽ മുള്ളുവിള പോങ്ങിൽ പി.സി.പ്രദീജയുടെ പരാതിയിലാണ് അതിയന്നൂർ ഗ്രാമപഞ്ചായത്തിൽ നിന്ന് വിരമിച്ച മുൻ വിവരാധികാരിയെ ശിക്ഷിച്ചത്. കോഴിക്കോട് നൊച്ചാട് ഇമ്പിച്ച്യാലിയുടെ പരാതിയിൽ നൊച്ചാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് ശിക്ഷിക്കപ്പെട്ടത്. ഇരുവരും ജനുവരി 20 നകം പിഴയടക്കണം. സർവ്വീസിലുള്ള ഉദ്യോഗസ്ഥർ നിശ്ചിത സമയത്തിനകം പിഴ ഒടുക്കിയില്ലെങ്കിൽ ശമ്പളത്തിൽ നിന്ന് പിടിക്കുകയും അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്യും.
by Midhun HP News | Jan 10, 2025 | Latest News, കേരളം
തൃശൂർ: അന്തരിച്ച ഭാവ ഗായകൻ പി ജയചന്ദ്രനെ അനുസ്മരിച്ച് മമ്മൂട്ടിയും മോഹൻലാലും. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഇരുവരും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചത്.
പ്രിയ ഭാവഗായകന് ആദരാഞ്ജലികൾ- എന്നായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്.
മോഹൻലാലിന്റെ കുറിപ്പ്
പ്രിയപ്പെട്ട ജയേട്ടൻ വിടവാങ്ങി. എന്നും യുവത്വം തുളുമ്പുന്ന ഗാനങ്ങളിലൂടെ തലമുറകളുടെ ഭാവഗായകൻ ആയി മാറിയ ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ തന്നെ ആയിരുന്നു. മഞ്ഞലയിൽ മുങ്ങിത്തോർത്തി വരുന്ന ഈ ശബ്ദം എല്ലാ മലയാളികളെയും പോലെ ഞാനും നെഞ്ചോടു ചേർത്തുപിടിച്ചു എല്ലാ കാലത്തും. ജയേട്ടൻ മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നു. അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കും. അനിയനെപ്പോലെ എന്നെ ചേർത്തുപിടിക്കും. വളരെ കുറച്ചു ഗാനങ്ങൾ മാത്രമേ എനിക്കുവേണ്ടി ജയേട്ടൻ സിനിമയിൽ പാടിയിട്ടുള്ളൂ എങ്കിലും അവയെല്ലാം ജനമനസ്സുകൾ ഏറ്റെടുത്തത് എൻ്റെ സൗഭാഗ്യമായി കരുതുന്നു.
ശബ്ദത്തിൽ എന്നും യുവത്വം കാത്തുസൂക്ഷിച്ച, കാലാതീതമായ കാല്പനിക ഗാനങ്ങൾ ഭാരതത്തിന് സമ്മാനിച്ച പ്രിയപ്പെട്ട ജയേട്ടന് പ്രണാമം.
by Midhun HP News | Jan 10, 2025 | Latest News, കേരളം
ന്യൂഡല്‍ഹി: മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജയചന്ദ്രന്റെ ഗാനങ്ങള്‍ തലമുറകളോളം ഹൃദയങ്ങളെ സ്പര്‍ശിക്കുമെന്ന് മോദി പറഞ്ഞു. ഐതിഹാസിക ശബ്ദത്താല്‍ അനുഗ്രഹീതനായ ഗായകനായിരുന്നു ജയചന്ദ്രന്‍. വിവിധ ഭാഷകളിലായി അദ്ദേഹം പാടിയ പാട്ടുകള്‍ വരും തലമുറകളുടെ ഹൃദയത്തെ തൊടുന്നവയണെന്നും മോദി എക്‌സില്‍ കുറിച്ചു.
അദ്ദേഹത്തിന്റെ വിയോഗത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നതായും ഈ സമയം ആദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പവും ആരാധകര്‍ക്കൊപ്പമാണെന്നും മോദി എക്‌സില്‍ കുറിച്ചു.
തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി 7.54നായിരുന്നു മലയാളികളുടെ പ്രിയ ഗായകന്റെ അന്ത്യം. വ്യാഴാഴ്ച വൈകീട്ട് വീട്ടില്‍ വച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. അര്‍ബുദരോഗബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു.മൃതദേഹവും വഹിച്ചുള്ള ആംബുലന്‍സ് പൂങ്കുന്നത്തെ വീട്ടിലെത്തി. ഇതിനുശേഷം സംഗീതനാടക അക്കാദമി ഹാളില്‍ പൊതുദര്‍ശനം നടത്തും. തുടര്‍ന്ന് വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരും. ശനിയാഴ്ച വൈകീട്ട് 3.30ന് പറവൂര്‍ ചേന്ദമംഗലം പാലിയം തറവാട് ശ്മശാനത്തിലാകും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
ഗവര്‍ണര്‍, മുഖ്യമന്ത്രിയും മന്ത്രിമാരും, പ്രതിപക്ഷ നേതാവ്, സിനിമാ രംഗത്തെ പ്രമുഖര്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ജയചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഒരു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അഞ്ചു തവണയും അദ്ദേഹത്തെ തേടിയെത്തി. കേരള സര്‍ക്കാരിന്റെ ജെസി ഡാനിയല്‍ പുരസ്‌കാരവും ലഭിച്ചു.
by Midhun HP News | Jan 10, 2025 | Latest News, കേരളം
ബൈക്ക് മോഷണം പോയെന്ന് പൊലീസിൽ പരാതി നൽകാനെത്തിയ മോഷ്ടാവ് അറസ്റ്റിൽ. മലപ്പുറം എടപ്പാളിൽ ആണ് സംഭവം. എടപ്പാളിൽ ക്ഷേത്ര മോഷണത്തിനെത്തിയ മോഷ്ടാവ് ബൈക്ക് മറന്നുവെച്ചു. ഗുരുവായൂർ കണ്ടാണശെരി സ്വദേശി പൂത്തറ അരുൺ ആണ് അറസ്റ്റിലായത്. ബൈക്ക് കളവ് പോയെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകാനെത്തിയപ്പോൾ ക്ഷേത്ര മോഷണക്കേസിൽ അരുൺ അറസ്റ്റിലായി.
ക്ഷേത്രത്തിൽ മോഷണത്തിന് എത്തിയ പ്രതി ബൈക്ക് മറന്നു വെച്ചു. മോഷണം നടത്തിയശേഷം ബൈക്ക് പാർക്ക് ചെയ്ത സ്ഥലം അരുൺ മറന്നുപോയി. സ്വന്തം ബൈക്കിൽ ആയിരുന്നു അരുൺ ക്ഷേത്രത്തിൽ മോഷണത്തിന് പോയത്. മോഷണം നടത്തി മോഷ്ടാവ് പോവുകയും ചെയ്തു. പിന്നീട് ബൈക്ക് മോഷണം പോയെന്ന് ചൂണ്ടിക്കാട്ടി പ്രതി പൊലീസ് സ്റ്റേഷനിൽ എത്തിയതോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.ജനുവരി അഞ്ചിനാണ് കാന്തല്ലൂർ ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്രത്തിന്റെ ഓട് പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് 8,000 രൂപ മോഷ്ടിച്ച് കടന്നുകളഞ്ഞത്. പിന്നാലെ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
ഇതിനിടെയാണ് ക്ഷേത്രത്തിന് സമീപം ബൈക്ക് ഉപേക്ഷിച്ച നിലയിൽ നാട്ടുകാർ കാണുന്നത്. പിന്നീട് ബൈക്ക് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.കഴിഞ്ഞദിവസമാണ് അരുൺ ബൈക്ക് മോഷണം പോയെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകാനെത്തിയത്. ഉടൻ തന്നെ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് മോഷ്ടാവ് കുടുങ്ങിയത്. മോഷണം നടത്തിയത് താനല്ലെന്ന് പല ആവർത്തി പറഞ്ഞെങ്കിലും വിശദമായി ചോദ്യം ചെയ്യലിൽ സമ്മതിക്കുകയായിരുന്നു.
by Midhun HP News | Jan 10, 2025 | Latest News, കേരളം
മലയാളികൾക്ക് യേശുദാസ് എന്നാൽ സംഗീതത്തിന്റെ മറ്റൊരു പര്യായമാണ്. ഇന്ന് ഗാനഗന്ധർവന്റെ 85-ാം പിറന്നാൾ കൂടിയാണ്. എന്നാൽ ഈ വർഷത്തെ അദ്ദേഹത്തിന്റെ പിറന്നാൾ ദിനം ഏറെ ദുഃഖപൂർണമാണ്. തന്റെ സഹോദരതുല്യനായ ഗായകൻ പി ജയചന്ദ്രന്റെ വേർപാടിന്റെ വേദനയിലാണ് അദ്ദേഹം. സ്കൂൾ കാലഘട്ടം മുതൽ ഒന്നിച്ച് സഞ്ചരിക്കുകയും മലയാളികളെ പാട്ടിന്റെ വഴിയെ നടത്തിക്കുകയും ചെയ്ത മഹാപ്രതിഭകളാണ് ഇരുവരും.
1958 ൽ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവ വേദിയിൽവച്ചാണ് ഇരുവരുടെയും സൗഹൃദം തുടങ്ങുന്നതു തന്നെ. അതേ തിരുവനന്തപുരത്ത് മറ്റൊരു സംസ്ഥാന സ്കൂൾ കലോത്സവം കൊടിയിറങ്ങിയതിന് പിന്നാലെ, യേശുദാസിന്റെ പിറന്നാൾ ദിനത്തിന് തലേന്ന് ജയചന്ദ്രൻ വിട പറഞ്ഞതും ഒരു യാദൃച്ഛികതയാകാം. അഗസ്റ്റിൻ ജോസഫ് ഭാഗവതരുടെയുടെയും എലിസബത്തിന്റെയും ഏഴ് മക്കളിൽ രണ്ടാമനായി ഫോർട്ട് കൊച്ചിയിൽ ജനിച്ച യേശുദാസിനെ സംഗീതത്തിന്റെ വഴിയേ കൈപിടിച്ച് നടത്തിയത് അച്ഛൻ തന്നെയായിരുന്നു.
അച്ഛൻ പാടിക്കൊടുത്ത പാഠങ്ങൾ മനസിൽ ധ്യാനിച്ച യേശുദാസ് 1949 ൽ ഒമ്പതാം വയസിൽ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. പിന്നീട് തിരുവനന്തപുരത്തെ സ്വാതിതിരുനാൾ കോളജ് ഓഫ് മ്യൂസിക്, തൃപ്പൂണിത്തുറ ആർഎൽവി സംഗീത കോളജ് എന്നിവിടങ്ങളിൽ നിന്നായി സംഗീത പഠനം. എന്നാൽ ഗാനഭൂഷണം പാസായ ശേഷം ആകാശവാണി നടത്തിയ ശബ്ദ പരിശോധനയിൽ പങ്കെടുത്ത യേശുദാസ് അവിടെ പരാജയപ്പെട്ട ചരിത്രവുമുണ്ട്.
ഇതിനോടകം തന്നെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും യേശുദാസ് തന്റെ സ്വര മാധുര്യമറിയിച്ചു. സിനിമയിൽ പിന്നണി ഗായകനായി യേശുദാസ് തുടക്കമിടുന്നത് കെ എസ് ആന്റണി സംവിധാനം ചെയ്ത് 1961ൽ പുറത്തിറങ്ങിയ ‘കാൽപ്പാടുകൾ’ എന്ന സിനിമയിൽ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം ആലപിച്ചുകൊണ്ടാണ്.
പിന്നീട് അദ്ദേഹത്തിന് ഒരു തിരിഞ്ഞുനോട്ടമുണ്ടായിട്ടില്ല. ഗാനഗന്ധർവൻ എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന മലയാളത്തിന്റെ സ്വന്തം ദാസേട്ടൻ ഇന്ത്യൻ പിന്നണി ഗാന രംഗത്തെ തന്നെ അതുല്യനായി ഇന്നും തുടരുന്നു. 2017- ൽ രാജ്യം പത്മവിഭൂഷണും, 2002-ൽ പത്മഭൂഷണും, 1973-ൽ പത്മശ്രീ നൽകിയും ആദരിച്ചു.
by Midhun HP News | Jan 10, 2025 | Latest News, കേരളം
കൊച്ചി: ആലുവ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാര്‍വ്വതീദേവിയുടെ നടതുറപ്പ് മഹോത്സവം ജനുവരി 12 മുതല്‍ ജനുവരി 23 വരെ. ഉമാമഹേശ്വരന്‍മാര്‍ അനഭിമുഖമായി ഒരേ ശ്രീകോവിലില്‍ വാണരുളുന്ന ഈ ക്ഷേത്രത്തില്‍ മഹാദേവന്റെ തിരുനട വര്‍ഷം മുഴുവന്‍ തുറക്കുമെങ്കിലും പാര്‍വ്വതീ ദേവിയുടെ തിരുനട വര്‍ഷത്തില്‍ 12 ദിവസം മാത്രമേ തുറക്കുകയുള്ളൂ. സാധാരണ ക്യു സംവിധാനം കൂടാതെ ഭക്തജനങ്ങള്‍ക്ക് സൗകര്യപ്രദമായി ദേവീ ദര്‍ശനം നടത്തുന്നതിനായി വെര്‍ച്വല്‍ ക്യു സംവിധാനവും ഉണ്ടായിരിക്കുന്നതാണെന്ന് തിരുവൈരാണിക്കുളം ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ജനുവരി 1 മുതലാണ് വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് ആരംഭിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.thiruvairanikkulamtemple.org
പാര്‍വ്വതിദേവിയുടെ നട പന്ത്രണ്ടു ദിവസം തുറക്കുന്നതിന്റെ ഐതിഹ്യം
പണ്ടു കാലങ്ങളില്‍ ദേവിയുടെ തിരുനട പതിവായി തുറക്കുമായിരുന്നുവെന്നും എന്നാല്‍ പിന്നീട് ഈ രീതിക്കുമാറ്റം വന്നു എന്നുമാണ് വിശ്വാസം. ഐതീഹ്യപ്രകാരം മഹാദേവനുള്ള നിവേദ്യ സാമഗ്രികള്‍ തിടപ്പള്ളിയില്‍വച്ചു വാതിലടച്ചു ശാന്തിക്കാരന്‍ തിരികെ പോരും. ഈ സമയം പാര്‍വ്വതിദേവിയാണ് നിവേദ്യം ഒരുക്കുന്നത്. ശ്രീകോവിലിലെ കര്‍മങ്ങള്‍ കഴിഞ്ഞു തിടപ്പള്ളി തുറക്കുമ്പോള്‍ നിവേദ്യം തയ്യാറായിരിക്കും. ഒരിക്കല്‍ അകവൂര്‍ മനയിലെ അന്നത്തെ കാരണവര്‍ തി ടപ്പള്ളിയിലെ അത്ഭുത നിവേദ്യത്തിന്റെ രഹസ്യമറിയാനായി പൂജാസമയത്തിനു മുന്‍പ് തിടപ്പള്ളിയുടെ വാതില്‍ തുറന്നുനോക്കി. ഭഗവാനായി നിവേദ്യം തയ്യാറാക്കുന്ന ദേവിയെ കണ്ടു ഭക്തപരവശനായ നമ്പൂതിരിപ്പാട് ‘അമ്മേ ജഗദംബികേ!’ എന്ന് ഉച്ചത്തില്‍ വിളിച്ചുപോയി.
വൈകുണ്ഠ ഏകാദശി ഇന്ന്; വ്രതാനുഷ്ഠാനം ഇങ്ങനെ
കുപിതയായ ദേവി ഇനി തന്റെ സാന്നിദ്ധ്യം ഇവിടെയുണ്ടാകില്ല എന്ന് അരുളിച്ചെയ്തു. മറ്റു ഭക്തര്‍ക്കായെങ്കിലും ഇവിടം വിട്ടു പോകരുതെന്ന് കരഞ്ഞപേക്ഷിച്ച നമ്പൂതിരിപ്പാടിനോട് അലിവ് തോന്നി ഭഗവാന്റെ തിരുനാളായ ധനുമാസത്തിലെ തിരുവാതിര മുതല്‍ പന്ത്രണ്ടുദിവസം ദര്‍ശനഭാഗ്യം നല്‍കാമെന്നും നട അടഞ്ഞുകിടന്നാലും തന്റെ സാന്നിദ്ധ്യമുണ്ടാകുമെന്നും അനുഗ്രഹിച്ചു. ഇതിന്‍ പ്രകാരമാണ് പതിവായി തുറന്നിരുന്ന പാര്‍വ്വതി ദേവിയുടെ തിരുനട ധനുമാസത്തിലെ തിരുവാതിര നാള്‍ മുതല്‍ പന്ത്രണ്ടു നാള്‍ മാത്രം തുറക്കാന്‍ തുടങ്ങിയത് എന്നാണ് വിശ്വാസം.
Recent Comments