വൈകുണ്ഠ ഏകാദശി ഇന്ന്; വ്രതാനുഷ്ഠാനം ഇങ്ങനെ

വൈകുണ്ഠ ഏകാദശി ഇന്ന്; വ്രതാനുഷ്ഠാനം ഇങ്ങനെ

തൃശൂര്‍: ഏകാദശികളില്‍ ഏറെ പ്രധാനപ്പെട്ട വൈകുണ്ഠ ഏകാദശി ഇന്ന്. സ്വര്‍ഗവാതില്‍ ഏകാദശി എന്നും പുത്രദാ ഏകാദശി എന്നും ഇത് അറിയപ്പെടുന്നു. ധനുമാസത്തിലെ വെളുത്ത ഏകാദശിയാണ് വൈകുണ്ഠ ഏകാദശിയായി ആചരിച്ചുവരുന്നത്.

വിഷ്ണു അല്ലെങ്കില്‍ ശ്രീകൃഷ്ണ ഭക്തര്‍ക്ക് ഇത് വളരെ പ്രധാനപ്പെട്ട ദിവസമാണ്. മഹാവിഷ്ണു ഭഗവാന്‍ വൈകുണ്ഠത്തിലേയ്ക്കുള്ള വാതില്‍ അല്ലെങ്കില്‍ സ്വര്‍ഗകവാടം തുറക്കുന്ന ദിവസമാണ് ഇതെന്നാണ് വിശ്വാസം. പേര് സൂചിപ്പിക്കുന്നത് പോലെ ഈ ഏകാദശി വിധിയാവണ്ണം അനുഷ്ഠിച്ചാല്‍ സല്‍പുത്രനോ പുത്രിയോ ജനിക്കുമെന്നും, സര്‍വ്വ അനുഗ്രഹങ്ങള്‍ ഉണ്ടാകുമെന്നുമാണ് വിശ്വാസം.

കൃഷ്ണന്‍ കുചേലന്റെ അവല്‍പ്പൊതി സ്വീകരിച്ചു കൊണ്ട് അയാളെ കുബേരനാക്കിയ ദിവസമാണ് എന്നും വിശ്വാസമുണ്ട്. ശ്രീകൃഷ്ണന്‍ അര്‍ജുനന് ഭഗവദ്ഗീത ഉപദേശിച്ച ദിവസമാണെന്നാണ് മറ്റൊരു വിശ്വാസം. അതിനാല്‍ ഗീതാദിനം എന്നും ഇതറിയപ്പെടുന്നു. അതുകൊണ്ട് തന്നെ മിക്ക വൈഷ്ണവ (കൃഷ്ണ) ക്ഷേത്രങ്ങളിലും ഇത് ആഘോഷ ദിവസമാണ്.

വിഷ്ണു അഥവാ കൃഷ്ണ ക്ഷേത്രദര്‍ശനം നടത്താന്‍ വളരെ വിശേഷപ്പെട്ട ദിവസമാണ് ഇതെന്ന് സങ്കല്പം. ഇഹലോക സുഖവും പരലോക മോക്ഷവും ഫലസിദ്ധിയായി ലഭിക്കുമെന്നാണ് വിശ്വാസം. വൈഷ്ണവ ക്ഷേത്രങ്ങളില്‍ തിരക്ക് അനുഭവപ്പെടുന്ന ദിവസം കൂടിയാണ് ഇത്. ചില ക്ഷേത്രങ്ങളില്‍ ഉത്സവം നടക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.

ഇന്ന് വിഷ്ണു അഥവാ കൃഷ്ണ ക്ഷേത്രങ്ങളില്‍ മുന്‍വാതില്‍ സ്വര്‍ഗ്ഗവാതില്‍ അല്ലെങ്കില്‍ വൈകുണ്ഠ കവാടമായി സങ്കല്‍പ്പിച്ചു പ്രത്യേക പൂജ നടത്തുന്നു. അതില്‍കൂടി കടന്ന് ദര്‍ശനവും ആരാധനയും നടത്തി മറ്റൊരു വാതില്‍ വഴി (മിക്കവാറും പിന്‍വാതില്‍ വഴി) പുറത്തു വരുന്നത് സ്വര്‍ഗവാതില്‍ ഏകാദശിയുടെ പ്രധാന ചടങ്ങാണ്. അതിലൂടെ സ്വര്‍ഗമോ അതിനേക്കാള്‍ ശ്രേഷ്ഠമായ വൈകുണ്ഠത്തിലൂടെയോ കടന്നു പോകുന്നു എന്നാണ് വിശ്വാസം. മരിച്ചു പോയവരുടെ പിതൃ പ്രീതിക്കായി വഴിപാടുകള്‍ നടത്തുവാനും പാവങ്ങള്‍ക്ക് ഭക്ഷണം, വസ്ത്രം, കഴിവുപോലെ മറ്റ് സഹായങ്ങള്‍ എന്നിവ ദാനം ചെയ്യുവാനും പറ്റിയ ദിവസമാണ് ഇതെന്നാണ് മറ്റൊരു വിശ്വാസം.

സ്വര്‍ഗവാതില്‍ ഏകാദശിവ്രതം അനുഷ്ഠിച്ചാല്‍ ഐശ്വര്യലബ്ദി, രോഗശമനം, വൈകുണ്ഠ പ്രാപ്തി അല്ലെങ്കില്‍ സ്വര്‍ഗ്ഗപ്രാപ്തി, മോക്ഷപ്രാപ്തി, ദൈവാനുഗ്രഹം, ആപത്തില്‍ രക്ഷ എന്നിവ ലഭിക്കുമെന്നാണ് വിശ്വാസം. ഗുരുവായൂര്‍ ഏകാദശി നോറ്റാല്‍ സ്വര്‍ഗ്ഗവാതില്‍ ഏകാദശിയും നോല്‍ക്കണം എന്നും പറയുന്നു.

വ്രതാനുഷ്ഠാനം

ഏകാദശി വ്രതാനുഷ്ഠാനം തലേ ദിവസം ആരംഭിക്കേണ്ടതാണ്. തലേന്ന് ഒരിക്കലൂണ് മാത്രം നടത്തണമെന്നാണ് വിധി. ഏകാദശി ദിനം പൂര്‍ണമായ ഉപവാസം നടത്തണം. അതിന് സാധിക്കാത്തവര്‍ ധാന്യാഹാരം ഒഴിവാക്കി പഴങ്ങള്‍ മാത്രം ഭക്ഷിച്ചോ അരിയാഹാരം ഒഴിവാക്കിയോ വ്രതം അനുഷ്ഠിക്കാം. എണ്ണ തേച്ച് കുളിക്കുവാനും പകല്‍സമയം ഉറങ്ങുവാനും പാടില്ല. ശുദ്ധിയുള്ളതും വെള്ള നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതാണ് അനുയോജ്യം. ഏകാദശിയുടെ പിറ്റേന്ന് ദ്വാദശി ദിവസം തുളസിയിലയും മലരും ഇട്ട പ്രത്യേക തീര്‍ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം. പാരണവീടല്‍ എന്നാണ് ഇതിന് പറയുന്നത്.

മാന്ത്രിക ശബ്ദം നിലച്ചു; സംസ്‌കാരം നാളെ ചേന്ദമംഗലം തറവാട്ടുവീട്ടില്‍

മാന്ത്രിക ശബ്ദം നിലച്ചു; സംസ്‌കാരം നാളെ ചേന്ദമംഗലം തറവാട്ടുവീട്ടില്‍

തൃശൂര്‍: മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ എട്ടുമണിയോടെ ആശുപത്രിയില്‍ നിന്ന് തൃശൂര്‍ പൂങ്കുന്നത്തെ തറവാട്ടു വസതിയില്‍ എത്തിക്കും. രാവിലെ പത്തു മണി മുതല്‍ പന്ത്രണ്ട് മണി വരെ തൃശൂര്‍ സംഗീത നാടക അക്കാദമി റീജനല്‍ തിയറ്ററില്‍ പൊതുദര്‍ശനം.

ഉച്ചയ്ക്ക് ഒരു മണിയോടെ വീണ്ടും പൂങ്കുന്നത്തെ തറവാട്ടു വസതിയില്‍ കൊണ്ടുവരും. നാളെ രാവിലെ എട്ടു മണിയോടെ പറവൂര്‍ ചേന്ദമംഗലത്തെ പാലിയം തറവാട്ടു വസതിയിലേയ്ക്ക് കൊണ്ടു പോകും. ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ചേന്ദമംഗലം പാലിയം തറവാട്ടില്‍ പൊതുദര്‍ശനം. വൈകീട്ട് നാലു മണിയോടെയാണ് സംസ്‌കാരം .

വ്യാഴാഴ്ച രാത്രി ഏഴു മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 7.54 നാണ് മരണം സ്ഥിരീകരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 9 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഇന്നലെയാണ് ആശുപത്രി വിട്ടത്.

‘അനുരാഗഗാനം പോലെ…., രാജീവനയനേ നീയുറങ്ങു…’; മാന്ത്രിക ശബ്ദം നിലച്ചു. ഭാവഗായകന്‍ പി ജയചന്ദ്രന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അനുശോചിച്ചു. 6 പതിറ്റാണ്ടോളം പലതലമുറകള്‍ക്ക് ഒരുപോലെ ആനന്ദമേകിയ അദ്ദേഹത്തിന്റെ ഹൃദ്യമായ സ്വരം ജനമനസ്സുകളില്‍ എന്നും സാന്ത്വനമായി തുടരും. ആത്മാവിന് ശാന്തി നേരുന്നുവെന്നും ഗവര്‍ണര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കാലദേശാതിര്‍ത്തികള്‍ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു കാലഘട്ടം മുഴുവന്‍ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരന്റെയും ഇന്ത്യയില്‍ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രന്‍. ജയചന്ദ്രന്റെ ഗാനശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം. ചലച്ചിത്ര ഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും ജയചന്ദ്രന്‍ ആലപിച്ചതെല്ലാം അനുവാചകന്റെ ഹൃദയത്തിലേക്കാണ് വന്ന് പതിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമാനതകള്‍ ഇല്ലാത്ത ഭാവാവിഷ്‌കാരമായിരുന്നു ജയചന്ദ്രന്റെ ഗാനാലാപനത്തെ സമകാലീനരില്‍ നിന്ന് വേറിട്ട് നിര്‍ത്തിയത്. ഗാനാലാപന കലയെ സാമാന്യ ജനങ്ങളിലെത്തിക്കുന്നതില്‍ അസാമാന്യമായ സംഭാവനകള്‍ നല്‍കിയ ഗായകനായി ജയചന്ദ്രനെ ചരിത്രം രേഖപ്പെടുത്തും. മലയാള ഭാഷതന്‍ മാദക ഭംഗിയാണ് ആ കണ്ഠത്തിലൂടെ ലോകം തിരിച്ചറിഞ്ഞത്. തലമുറകളുടെ ഹൃദയം കവര്‍ന്ന നാദവിസ്മയത്തിനാണ് ഇവിടെ തിരശ്ശീല വീഴുന്നത്. മലയാള സംഗീത ലോകത്തിനും ചലചിത്ര സംഗീതലോകത്തിന് പ്രത്യേകിച്ചും നികത്താനാവാത്ത നഷ്ടമാണ് ജയചന്ദ്രന്റെ വേര്‍പാട് കൊണ്ട് ഉണ്ടായിരിക്കുന്നത്.

പാടിയ ഒരോ ഗാനവും അനശ്വരമാക്കിയ ജയചന്ദ്രന്‍ വിട പറയുമ്പോള്‍, ആ സ്മരണകള്‍ക്കും ഗാനവീചികള്‍ക്കും മരണമില്ല എന്ന് തന്നെ പറയാനാവും. ജയചന്ദ്രന്റെ സ്മരണക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. കുടുംബത്തെ ദുഖം അറിയിക്കുന്നു. ആസ്വാദക സമൂഹത്തിലൊരാളായി ഏവരുടെയും ദുഖത്തില്‍ പങ്ക് ചേരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചനക്കുറിപ്പില്‍ അറിയിച്ചു.

മലയാളികളുടെ മനസില്‍ പതിഞ്ഞ പി ജയചന്ദ്രന്റെ ഭാവഗാനങ്ങള്‍ക്ക് ഒരിക്കലും മരണമില്ലായെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. എത്ര എത്ര ഭാവഗാനങ്ങളാണ് നമ്മള്‍ ഏറ്റുപാടിയത്, ഇപ്പോഴും ഏറ്റുപാടുന്നത്. മലയാളിക്ക് എന്നും എപ്പോഴും പ്രണയത്തിനും വിരഹത്തിനും സന്തോഷത്തിനും കൂട്ടായി നിന്ന ശബ്ദമാധുര്യം. എവിടെയും എപ്പോഴും പറയാനുള്ള കാര്യങ്ങള്‍ ആരോടും വെട്ടിത്തുറന്ന് പറഞ്ഞിരുന്ന നിലപാടുള്ള ഒരു ഗായകനെയാണ് നമുക്ക് നഷ്ടമായത്. മലയാളിയുടെ ഗൃഹാതുര ശബ്ദമായിരുന്നു പി.ജയചന്ദ്രന്റേതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

അനശ്വരഗാനങ്ങളിലൂടെ സംഗീതത്തിന്റെയും സ്വരമാധുരിയുടെയും വസന്തം തീര്‍ത്ത പി ജയചന്ദ്രന്റെ വിയോഗം ഇന്ത്യന്‍ സംഗീത ലോകത്തിന് നികത്താനാവത്ത ഒന്നാണന്ന് മന്ത്രി വിഎന്‍ വാസവന്‍. മലയാളികള്‍ക്ക് പ്രണയത്തിന്റെയും വിരഹത്തിന്റെയും സന്തോഷത്തിന്റെയും വൈകാരിക വേലിയേറ്റങ്ങള്‍ സൃഷ്ടിച്ച പ്രതിഭയാണ് വിടവാങ്ങിയത്. പി ജയചന്ദ്രന്റെ വിയോഗം നികത്താനാകാത്ത നഷ്ടമാണ് മലയാളികള്‍ക്ക്. എല്ലാ സംഗീതപ്രേമികളുടെയും ദുഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പി ജയചന്ദ്രന്റെ നിര്യാണത്തില്‍ മന്ത്രി സജി ചെറിയാന്‍ അനുശോചനം രേഖപ്പെടുത്തി. മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള 2020ലെ ജെസി ഡാനിയേല്‍ പുരസ്‌കാരം അദ്ദേഹത്തിന് നല്‍കിക്കൊണ്ട് അദ്ദേഹത്തിന്റെ കലാജീവിതത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ആദരിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. കാലാതിവര്‍ത്തിയായ ആയിരക്കണക്കിന് മധുരഗാനങ്ങളിലൂടെ ഓരോ മലയാളിയുടെയും ഹൃദയത്തില്‍ സ്ഥാനം പിടിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ആറു പതിറ്റാണ്ടു കാലത്തെ സംഗീതജീവിതത്തില്‍ 5 ഭാഷകളിലായി പതിനായിരത്തില്‍ അധികം ഗാനങ്ങളാണ് പി ജയചന്ദ്രന്‍ ആസ്വാദകര്‍ക്ക് സമ്മാനിച്ചത്. ഓരോ ഗാനവും നമ്മുടെ മനസുകളില്‍ അനുഭൂതികളുടെ വസന്തം തീര്‍ക്കുന്നു. അദ്ദേഹം സ്വരമാധുര്യം കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിച്ച ഗാനങ്ങള്‍ അനശ്വരമായി നിലകൊള്ളുമെന്നും മന്ത്രി പറഞ്ഞു.

ഭാവ ഗായകന് ഓർമപ്പൂക്കളുമായി കൊല്ലൂരിൽ സംഗീതജ്ഞരുടെ പ്രാർഥനാഞ്ജലി

ഭാവ ഗായകന് ഓർമപ്പൂക്കളുമായി കൊല്ലൂരിൽ സംഗീതജ്ഞരുടെ പ്രാർഥനാഞ്ജലി

കണ്ണൂർ: ഭാവഗായകൻ പി ജയചന്ദ്രന് ഓർമപ്പൂക്കൾ അർപ്പിച്ച് കൊല്ലൂർ മൂകാംബിക ക്ഷേത്രാങ്കണത്തിൽ സംഗീതജ്ഞരുടെ പ്രാർഥനാഞ്ജലി. ഗായകൻ യേശുദാസിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് രാമചന്ദ്രൻ്റെ നേതൃത്വത്തിൽ 25 വർഷമായി നടന്നു വരുന്ന കൊല്ലൂർ സംഗീതോത്സവം വെള്ളിയാഴ്ച രാവിലെ ആറിന് മൂകാംബിക ക്ഷേത്രം വടക്കേ നടയിൽ ആരംഭിച്ചപ്പോഴാണ് പി ജയചന്ദ്രൻ്റെ നിത്യശാന്തിക്കായി പ്രാർഥനാഞ്ജലി നടത്തിയത്.

വാതാപി ഗണപതി പാടി കാഞ്ഞങ്ങാട് രാമചന്ദ്രനും കാനഡ രാഗത്തിൽ പരമുഖ സരസ്വതി കീർത്തനം ചൊല്ലി ആറ്റുവശ്ശേരി മോഹനൻ പിള്ളയും ഏകദിന സംഗീതോത്സവത്തിന് തുടക്കം കുറിച്ചു.ആനയടി പ്രസാദ്, ദേവി കൃഷ്ണൻ തൃപ്പൂണിത്തുറ, ജ്യോതി ലക്ഷ്മി ഉദയകുമാർ കൊല്ലം, ഗൗരി നാരായണൻ തൃശൂർ, ആർദ്രപ്രസാദ് ചേർത്തല, പുഷ്പ പ്രഭാകർ കാഞ്ഞങ്ങാട്, പ്രിയദർശൻ കോഴിക്കോട്, ഭാസ്കരൻ മാസ്റ്റർ കരിവെള്ളൂർ തുടങ്ങി നിരവധി സംഗീതജ്ഞർ പങ്കെടുത്തു. സംഘാടക സമിതി ചെയർമാൻ സന്തോഷ് ചൈതന്യ കമ്പല്ലൂർ, ജബ്ബാർ കാഞ്ഞങ്ങാട് എന്നിവരാണ് സംഗീതോത്സവത്തിന് നേതൃത്വം നൽകുന്നത്.

സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിലയില്‍

സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിലയില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ച് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. 200 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,280 രൂപയായി. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 7285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പത്തുദിവസം കൊണ്ട് ആയിരം രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മൂന്നിന് 58,000ന് മുകളില്‍ എത്തിയ സ്വര്‍ണവില അടുത്ത ദിവസം 58,000ല്‍ താഴെ പോയി. തുടര്‍ന്ന് ഏതാനും ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കഴിഞ്ഞ ദിവസമാണ് വീണ്ടും 58000ന് മുകളില്‍ എത്തിയത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതും വിലയെ സ്വാധീനിക്കുന്നതായും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ നാളെ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശൂര്‍ ജില്ല 26 വര്‍ഷത്തിന് ശേഷം ചാംപ്യന്‍മാരായി സ്വര്‍ണ്ണക്കപ്പ് നേടിയതിന്റെ ആഹ്ലാദ സൂചകമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.

ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധിയായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.

‘ബാര്‍ കോഡ് പതിപ്പിക്കും; റോഡില്‍ വാഹനങ്ങളെ നിരീക്ഷിക്കാന്‍ ജിയോ ഫെന്‍സിങ്’

‘ബാര്‍ കോഡ് പതിപ്പിക്കും; റോഡില്‍ വാഹനങ്ങളെ നിരീക്ഷിക്കാന്‍ ജിയോ ഫെന്‍സിങ്’

തിരുവനന്തപുരം: കേരളത്തില്‍ ജിയോ ഫെന്‍സിങ് നടപ്പാക്കി വാഹനങ്ങളുടെ വേഗത നിരീക്ഷിക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാര്‍. വാഹനങ്ങളില്‍ ബാര്‍ കോഡ് പതിപ്പിക്കും, റോഡില്‍ പലയിടങ്ങളിലായി സ്ഥാപിക്കുന്ന ജിയോ ഫെന്‍സിങ് വഴി വാഹനങ്ങളുടെ വേഗത കണക്കാക്കും. അമിതവേഗതയില്‍ കടന്നുപോകുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഓരോ ഗതാഗത നിയമലംഘനത്തിനും ലൈസന്‍സില്‍ ബ്ലാക്ക് പഞ്ചിങ് നടപ്പാക്കുന്നത് പരിഗണനയിലാണ്. നിശ്ചിത എണ്ണം ബ്ലാക്ക് പഞ്ചുകള്‍ വന്ന ലൈസന്‍സുകള്‍ റദ്ദാക്കും. ഇത് നടപ്പാക്കുന്നതോടെ തുടര്‍ച്ചയായുണ്ടാകുന്ന നിയമലംഘനങ്ങള്‍ തടയാനാകും. സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള യാത്രാ കണ്‍സെഷനു വേണ്ടി ആപ്പ് നിലവില്‍ വരും. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോഡ് കയ്യേറി നടത്തുന്ന കച്ചവടങ്ങള്‍, റോഡരികിലെ പാര്‍ക്കിങ് എന്നിവ കര്‍ശനമായി തടയും. ഇതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ അംഗീകരിച്ചു കൊടുക്കാനാവില്ല. അപകടം ഒഴിവാക്കുന്നതിനായി കൊണ്ടുവരുന്ന നടപടികളെല്ലാം പ്രതിഷേധം കൊണ്ട് തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂള്‍ ആരംഭിച്ചപ്പോഴും ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം കൊണ്ടുവന്നപ്പോഴും പ്രതിഷേധമുണ്ടായി. അപേക്ഷിക്കുന്നവരില്‍ ഭൂരിപക്ഷവും വിജയിക്കുന്ന ടെസ്റ്റില്‍നിന്ന് ഇപ്പോള്‍ വിജയം 50 ശതമാനമായി കുറഞ്ഞത് കാര്യക്ഷമമായ രീതിയില്‍ ടെസ്റ്റ് നടത്താന്‍ തുടങ്ങിയപ്പോഴാണ്. ഡ്രൈവിങ് സ്‌കൂളില്‍നിന്ന് ഇതുവരെ കെഎസ്ആര്‍ടിസിക്ക് ഫീസിനത്തില്‍ ലഭിച്ച 46 ലക്ഷം രൂപയില്‍ 11 ലക്ഷം രൂപ ലാഭമാണ്. അതുകൊണ്ടുതന്നെ കേള്‍ക്കുന്നതെല്ലാം സത്യമല്ലെന്ന് പൊതുജനങ്ങളും മാധ്യമങ്ങളും മനസിലാക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.