by Midhun HP News | Jan 9, 2025 | Latest News, കേരളം
കൊച്ചി: ചാനല്‍ ചര്‍ച്ചയില്‍ സ്ത്രീകളുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച രാഹുല്‍ ഈശ്വറിനെതിരെ നടി ഹണി റോസ്. ചര്‍ച്ചകള്‍ക്ക് രാഹുല്‍ ഈശ്വര്‍ ഒരു മുതല്‍ കൂട്ടാണെന്നും സ്ത്രീകള്‍ എത്ര വലിയ പ്രശ്‌നം അവതരിപ്പിച്ചാലും തന്റെ അസാമാന്യ ഭാഷാജ്ഞാനവും ഭാഷാ നിയന്ത്രണം കൊണ്ടും അദ്ദേഹം സ്ത്രീകളുടെ പ്രശ്‌നങ്ങളെ നിര്‍വീര്യമാക്കുമെന്നും ഹണി റോസ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു കുറിപ്പില്‍ വിമര്‍ശിച്ചു.
തന്ത്രികുടുംബത്തില്‍പെട്ട രാഹുല്‍ ഈശ്വര്‍ പൂജാരി ആവുകയായിരുന്നുവെങ്കില്‍ അദ്ദേഹം സ്ത്രീകള്‍ക്ക് ഒരു ഡ്രസ്സ് കോഡ് ഉണ്ടാക്കിയേനെയെന്നും നടി പരിഹസിച്ചു. ഭാഷയുടെ കാര്യത്തിലുള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ലെന്നാണ് തനിക്ക് മനസിലായതെന്നും ഹണി റോസ് പറഞ്ഞു.
by Midhun HP News | Jan 9, 2025 | Latest News, കേരളം
കണ്ണൂര്‍: സിപിഎമ്മിനെതിരായ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയയായ, അന്തരിച്ച ദലിത് ഓട്ടോ ഡ്രൈവര്‍ ചിത്രലേഖയുടെ ഭര്‍ത്താവിന് നേരെ ആക്രമണം. അജ്ഞാതരുടെ ആക്രമണത്തില്‍ ഇടതുകാലിന്റെ എല്ലൊടിഞ്ഞ ശ്രീഷ്‌കാന്ത് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ചിത്രലേഖയുടെ ഭര്‍ത്താവും ഓട്ടോ ഡ്രൈവറുമായ ശ്രീഷ്‌കാന്തിനെ അക്രമി സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് കാട്ടാമ്പള്ളി കുതിരത്തടത്തിലെ വീട്ടില്‍ കയറിയായിരുന്നു ആക്രമണം. വാതിലില്‍ മുട്ടു കേട്ട് തുറന്നയുടനെ സംഘം കമ്പിപ്പാര കൊണ്ട് തലങ്ങും വിലങ്ങും അടിക്കുകയായിരുന്നുവെന്ന് ശ്രീഷ്‌കാന്ത് പറഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ശ്രീഷ്‌കാന്തിനെ ആശുപത്രിയിലെത്തിച്ചത്.
കമ്പിപ്പാര കൊണ്ട് അടിയും കുത്തുമേറ്റതിനെത്തുടര്‍ന്ന് ആഴത്തില്‍ മുറിവേറ്റ ഭാഗത്ത് ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. സിപിഎം പ്രവര്‍ത്തകന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് ശ്രീഷ്‌കാന്ത് ആരോപിച്ചു. ഏറെ നാളത്തെ പോരാട്ടത്തിനും പരിശ്രമത്തിനും ഒടുവിലാണ് ഇക്കഴിഞ്ഞ ജനുവരി ഒന്നിന് ചിത്രലേഖയുടെ ഓട്ടോക്കുണ്ടായിരുന്ന ടൗണ്‍ പെര്‍മിറ്റ് മകല്‍ മേഘയുടെ പേരിലുള്ള ഓട്ടോയ്ക്ക് ആര്‍ടിഒ അധികൃതര്‍ മാറ്റി നല്‍കിയത്.
by Midhun HP News | Jan 9, 2025 | Latest News, കേരളം
മുംബൈ: മുതിർന്ന മാധ്യമപ്രവർത്തകനും മുൻ എംപിയും ചലച്ചിത്ര നിർമാതാവുമായ പ്രിതീഷ് നന്ദി അന്തരിച്ചു. 73 വയസായിരുന്നു. മുംബൈയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ചയായിരുന്നു അന്ത്യം. മകനും ചലച്ചിത്ര നിർമാതാവുമായ കുഷൻ നന്ദിയാണ് വാർത്ത സ്ഥിരീകരിച്ചത്. അന്തിമചടങ്ങുകള്‍ ദക്ഷിണമുംബൈയില്‍ നടന്നു.
മനുഷ്യാവകാശ പ്രവർത്തകനും കവിയുമായിരുന്ന അദ്ദേഹം ഇംഗ്ലീഷില്‍ നാൽപ്പതോളം കവിതകള്‍ രചിച്ചു. ബംഗാളി, ഉറുദു, പഞ്ചാബി, എന്നിവയില്‍ നിന്ന് കവിതകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുമുണ്ട്. 1977-ല്‍ അദ്ദേഹത്തെ പദ്മശ്രീ നല്‍കി രാഷ്ട്രം ആദരിച്ചു. 1990-കളിൽ ദൂരദർശനിൽ ദ ‘പ്രിതീഷ് നന്ദി ഷോ’ എന്ന പേരിൽ ഒരു ടോക്ക് ഷോ നടത്തിയിരുന്നു. 2000 ത്തിന്റെ തുടക്കത്തിൽ നന്ദി കമ്മ്യൂണിക്കേഷൻസിൻ്റെ ബാനറിൽ നിരവധി ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്.
ജങ്കാർ ബീറ്റ്‌സ്, ചമേലി, ഹസാരോൺ ഖ്വായിഷെന്‍ ഐസി, ഏക് ഖിലാഡി ഏക് ഹസീന, അങ്കഹീ, പ്യാർ കെ സൈഡ് ഇഫക്‌ട്‌സ്, ബ്വൗ ബാരക്ക്‌സ് ഫോറെവർ തുടങ്ങി നിരവധി വിജയചിത്രങ്ങളുടെ നിർമാതാവായിരുന്നു പ്രിതീഷ് നന്ദി. 2008-ല്‍ അദ്ദേഹത്തിന് കര്‍മവീര്‍ പുരസ്‌കാരം ലഭിച്ചു. 2006-ല്‍ യുണൈറ്റഡ് നേഷന്‍സ് ഹെറിറ്റേജ് അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു. 1951 ജനുവരി 15 ന് ബീഹാറിലെ ഭഗൽപൂരിൽ ജനിച്ച പ്രിതീഷ് നന്ദി ഒരു പത്രപ്രവര്‍ത്തകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1998 മുതൽ 2004 വരെ ശിവസേനയെ പ്രതിനിധീകരിച്ച് രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്. നടൻ അനുപം ഖേർ പ്രിതീഷ് നന്ദിയെ അനുസ്മരിച്ച് കൊണ്ട് വികാരനിർഭരമായ കുറിപ്പ് സാമൂഹ്യമാധ്യങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. അടുത്ത സുഹൃത്തതായ പ്രിതീഷ് നന്ദിയുടെ വിയോഗം ഞെട്ടലും അഗാധമായ ദുഖവും ഉണ്ടാക്കുന്നതാണ്. അദ്ദേഹം ഒന്നിനെയും ഭയപ്പെടാത്ത വ്യക്തിയായിരുന്നുവെന്നും ഖേർ കുറിച്ചു.
by Midhun HP News | Jan 9, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വര്‍ധന. 280 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് വില 58,080 രൂപയായി. 7260 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
രാജ്യത്തെ കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ആയ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ വില 77816 രൂപയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട് ഗോള്‍ഡിന് ട്രോയ് ഔണ്‍സിനു 2,657.95 ഡോളര്‍ നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതും വിലയെ സ്വാധീനിക്കുന്നതായും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
by Midhun HP News | Jan 9, 2025 | Latest News, കേരളം
കൊല്ലം: ശബരിമല ദര്‍ശനം കഴിഞ്ഞുമടങ്ങിയ തമിഴ്നാട് സ്വദേശിയായ തീര്‍ഥാടകൻ ലോറി ഇടിച്ചു മരിച്ചു. ചെന്നൈ സ്വദേശി എസ് മദന്‍കുമാര്‍(28) ആണ് മരിച്ചത്. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ വാളക്കോട് പെട്രോള്‍ പമ്പിനു സമീപം ബുധനാഴ്ച ഒരു മണിയോടെയായിരുന്നു അപകടം. ലോറിയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ശബരിമല ദർശനത്തിന് ശേഷം ഇരുപതോളം പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് മദൻകുമാർ പുനലൂരിലെത്തിയത്. ഇവിടെ ദേശീയപാതയോരത്തെ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനിടെ ലോറി ഇടിച്ചു കയറുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ മദന്‍കുമാറിനെ ഉടന്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്ഥിതി ഗുരുതരമായതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലേക്കും പിന്നീട് വെന്റിലേറ്ററിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടത്തി വ്യാഴാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
by Midhun HP News | Jan 9, 2025 | Latest News, കേരളം
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയ്ക്ക് വേണ്ടി എന്തെല്ലാം നടപടിയെടുത്തെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി. ഡാം സുരക്ഷാ നിയമപ്രകാരം എന്തെല്ലാം നടപടികളെടുത്തുവെന്ന് അറിയിക്കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് കോടതി കേന്ദ്രത്തിന് നോട്ടീസ് നൽകിയത്.
അണക്കെട്ട് സുരക്ഷിതമാണെന്ന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മലയാളിയായ അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറയാണ് സുപ്രീംകോടതിയെ സമീപിച്ചത്. രണ്ടാഴ്ചയ്ക്കകം വിശദമായ സത്യവാങ്മൂലം നൽകാൻ ജസ്‌റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. സുരക്ഷയ്ക്കു വേണ്ടി കേന്ദ്രം ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും നിയമം കടലാസിൽ മാത്രമാണെന്നും കേരളം കോടതിയെ അറിയിച്ചു.
മുല്ലപ്പെരിയാർ അണക്കെട്ടില്‍ പുതിയ സുരക്ഷാ ഓഡിറ്റിന് നിർദേശം നൽകുന്നത് സജീവപരിഗണനയിലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കാനും വിലയിരുത്താനും വിദഗ്‌ധസമിതിക്ക് രൂപം കൊടുക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകാൻ ആലോചിക്കുന്നതായും കോടതി വ്യക്തമാക്കി.
ഡാം സുരക്ഷാ നിയമം അനുസരിച്ച് ഡാം സുരക്ഷയ്‌ക്കുള്ള ദേശീയ സമിതി രൂപീകരിക്കാത്തതിൽ ജസ്‌റ്റിസ് ദീപാങ്കർദത്ത, ജസ്‌റ്റിസ് ഉജ്വൽ ഭുയാൻ എന്നിവർ കൂടി അംഗങ്ങളായ ബെഞ്ച് കേന്ദ്രസർക്കാരിനെ വിമർശിച്ചു. അതൃപ്‌തി രേഖപ്പെടുത്തിയ സുപ്രീംകോടതി ഇതുൾപ്പടെയുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാർ വിശദീകരണം നൽകണമെന്നും നിർദേശിച്ചു. ഈ മാസം 22ന് ഹർജി വീണ്ടും പരിഗണിക്കും.
Recent Comments