by Midhun HP News | Jan 7, 2025 | Latest News, കേരളം
ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഫെബ്രുവരി 5ന് വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി എട്ടിന് വോട്ടെണ്ണുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. എല്ലാ നടപടികളും ഫെബ്രുവരി 10 ഓടെ പൂർത്തിയാക്കും. 13,033 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്ത് ഉണ്ടാവുക. മദ്യനയ അഴിമതി കേസടക്കം സജീവ ചര്‍ച്ചയാകുന്ന പ്രതികൂല സാഹചര്യത്തില്‍ ആംആദ്മി പാര്‍ട്ടി മൂന്നാമതും അധികാരം പിടിക്കുമോ എന്നതിലാണ് ആകാംക്ഷ. 70 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റിലും യുപിയിലെ മിൽക്കിപൂരിലും ഫെബ്രുവരി അഞ്ചിന് വോട്ടെടുപ്പ് നടക്കും. ദില്ലിയിലെ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കിയെന്ന ആക്ഷേപം അടിസ്ഥാന രഹിതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു. മരണ സർട്ടിഫിക്കറ്റ്, ബൂത്ത് ലെവൽ ഓഫീസറുടെ സാക്ഷ്യപത്രം അടക്കം രേഖകൾ പരിശോധിച്ചാണ് അന്തിമ തീരുമാനം എടുക്കുകയെന്നും ഹിയറിംഗ് പ്രക്രിയയും വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയുടെ കാലാവധി ഫെബ്രുവരി 23 ന് അവസാനിക്കും. ഇന്നലെ പുറത്തുവന്ന കണക്ക് പ്രകാരം ദില്ലിയിൽ 1.55 കോടി വോട്ടർമാരാണ് ഉള്ളത്. 84,49,645 പുരുഷ വോട്ടര്‍മാരും, 71,73,952 സ്ത്രീ വോട്ടര്‍മാരും. കഴിഞ്ഞ തവണ ഫെബ്രുവരി 8നായിരുന്നു തെരഞ്ഞെടുപ്പ്. 11 ന് വോട്ടെണ്ണല്‍ നടന്നു. 16ന് രണ്ടാം കെജ്രിവാള്‍ സര്‍ക്കാര്‍ അധികാരമേറ്റു. 62.82 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 70ല്‍ 63 സീറ്റുകള്‍ ആംആദ്മി പാര്‍ട്ടിയും ഏഴ് സീറ്റ് ബിജെപിയും നേടി. അഴിമതി കേസിന്‍റെ നിഴലില്‍ നില്‍ക്കുമ്പോള്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ആംആദ്മി പാര്‍ട്ടിക്ക് നിര്‍ണ്ണായകമാണ്. 100 കോടിയുടെ ദില്ലി മദ്യനയ അഴിമതിയും, 46 കോടിയുടെ വസതി മോടിപിടിപ്പിക്കലും അരവിന്ദ് കെജ്രിവാളിനും, ആംആദ്മി പാര്‍ട്ടിക്കുമെതിരെ ബിജെപി ശക്തമായി ഉന്നയിക്കുന്നു. ആരോപണം കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷായടക്കമുള്ള നേതാക്കള്‍ കളം നിറഞ്ഞു കഴിഞ്ഞു.
അഴിമതി ആരോപണത്തെ മറികടക്കാന്‍ പതിവ് പോലെ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ച് പിടിച്ചു നില്‍ക്കാനാണ് ആംആദ്മി പാര്‍ട്ടിയുടെ ശ്രമം. നിലവിലെ ക്ഷേമ പദ്ധതികള്‍ തുടരുന്നതിനൊപ്പം എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 2100 രൂപ വാഗ്ദാനം ചെയ്യുന്ന മഹിള സമ്മാന്‍ യോജന, 60 വയസിന് മുകളിലുള്ളവര്‍ക്കായി സൗജന്യ ആരോഗ്യ പദ്ധതിയായ സഞ്ജീവനി യോജന തുടങ്ങിയ പദ്ധതികളാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നേരിട്ട് 12,200 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചത് വോട്ട് ചോദിക്കാൻ ബിജെപിക്കും ശക്തിയായി. കര്‍ണ്ണാടക, ഹിമാചല്‍ മോഡലില്‍ പ്യാരി ദീദി യോജന പ്രഖ്യാപിച്ച് 2500 രൂപ സ്ത്രീകള്‍ക്കായി കോണ്‍ഗ്രസും വാഗ്ദാനം ചെയ്യുന്നു. കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കുന്നതോടെ ത്രികോണ മത്സരത്തിന്‍റെ ചൂടിലേക്ക് ഈ മഞ്ഞു കാലത്തിൽ ദില്ലി നീങ്ങുകയാണ്.
by Midhun HP News | Jan 7, 2025 | Latest News, കേരളം
ഈ വര്‍ഷത്തെ അഗസ്ത്യാര്‍കൂടം സീസണ്‍ ട്രക്കിങ് ജനുവരി 20 ന് ആരംഭിച്ച് ഫെബ്രുവരി 22 ന് അവസാനിക്കും. വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റില്‍ serviceonline.gov.in/trekking എന്ന ലിങ്കില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാം. അക്ഷയകേന്ദ്രങ്ങള്‍ മുഖേനയും പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ട്രക്കിങില്‍ പങ്കെടുക്കുന്ന ഓരോരുത്തരുടെയും തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. സന്ദര്‍ശകരുടെ സൗകര്യാര്‍ഥം ഈ വര്‍ഷത്തെ ബുക്കിങ് മൂന്ന് ഘട്ടങ്ങളായി ക്രമീകരിച്ചിട്ടുണ്ട്. വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സന്ദര്‍ശകര്‍ കര്‍ശനമായും പാലിക്കേണ്ടതാണ്. ജനുവരി 20 മുതല്‍ 31 വരെയുള്ള ട്രക്കിങിന് ജനുവരി എട്ടിനും ഫെബ്രുവരി ഒന്നു മുതല്‍ 10 വരെയുള്ള ട്രക്കിങിന് ജനുവരി 21 നും ഫെബ്രുവരി 11 മുതല്‍ 22 വരെയുള്ള ട്രക്കിംങിന് ഫെബ്രുവരി മൂന്നിനുമാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. രാവിലെ 11 മണിക്ക് ഓണ്‍ലൈന്‍ ബുക്കിംങ് ആരംഭിക്കും.
by Midhun HP News | Jan 7, 2025 | Latest News, കേരളം
ആലപ്പുഴ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പുരുഷൻമാർക്ക് മേൽവസ്ത്രം ധരിച്ചു കയറാം. മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.വസ്ത്രധാരണം സ്വകാര്യതയാണ്. മാന്യത പുലർത്തണമെന്നേയുള്ളു എന്നും അദ്ദേഹം പറഞ്ഞു.ഹൈന്ദവർ എന്നും അനാചാരങ്ങൾക്ക് എതിരാണ്. കാലോചിത മാറ്റം എല്ലാ മേഖലയിലും വേണമെന്നും ക്ഷേത്ര ദർശനത്തിനു പ്രത്യേക വസ്ത്രധാരണ രീതി രേഖപ്പെടുത്തിയിട്ടുള്ളതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
by Midhun HP News | Jan 7, 2025 | Latest News, കേരളം
തിരുവനന്തപുരം: 63ാമത് സ്കൂൾ കലോത്സവത്തിന്റെ സമാപന ദിനമായ നാളെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. തിരുവനന്തപുരം ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന എല്ലാ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചതായി കളക്ടർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി
by Midhun HP News | Jan 7, 2025 | Latest News, കേരളം
കൽപ്പറ്റ: വയനാട്ടിൽ പഴയ വൈത്തിരിയില്‍ സ്വകാര്യ റിസോര്‍ട്ടിന് മുന്നിൽ പുരുഷനെയും സ്ത്രീയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി നടേരി ഓർക്കിഡ് ഹൗസിൽ പ്രമോദ് (54), ഉള്ള്യേരി നാറാത്ത് ബിൻസി (34) എന്നിവരാണ് മരിച്ചത്. സ്വകാര്യ റിസോർട്ടിനു സമീപത്തെ അത്തിമരത്തിലാണ് ഇവരെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇന്നലെ ഉച്ചയോടെയാണ് ഇവർ റിസോർട്ടിൽ മുറിയെടുത്തതെന്ന് ജീവനക്കാർ പറഞ്ഞു. ഇന്നു രാവിലെയാണ് റിസോർട്ടിലെ ജീവനക്കാർ മൃതദേഹങ്ങൾ കണ്ടത്. പൊലീസെത്തി അന്വേഷണം ആരംഭിച്ചു. മരണകാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് സൂചിപ്പിച്ചു.
by Midhun HP News | Jan 7, 2025 | Latest News, കേരളം
തൃശൂര്‍: ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) സംബന്ധിച്ച് കേരളത്തില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവില്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇന്ത്യയില്‍ ആദ്യമായി എച്ച്എംപിവി റിപ്പോര്‍ട്ട് ചെയ്തു എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ ഏതാണ്ടെല്ലാ മിക്ക സംസ്ഥാനങ്ങളിലും നേരത്തെ തന്നെ കണ്ടെത്തിയ വൈറസ് ആണിതെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
2001ലാണ് ലോകത്ത് ആദ്യമായി ഈ വൈറസ് കണ്ടെത്തുന്നത്. അതിനും 50 വര്‍ഷം മുമ്പ് തന്നെ ഈ വൈറസും അത് മൂലമുള്ള ജലദോഷവും പനിയുമെല്ലാമുണ്ട് എന്നാണ് ശാസ്ത്രലോകം പറയുന്നത്. കേരളത്തില്‍ പരിശോധനാ സംവിധാനങ്ങളുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി (ഐഎവി) 2023-34 വര്‍ഷം പ്രവര്‍ത്തനം ആരംഭിച്ചശേഷം സാമ്പിളുകള്‍ പരിശോധിച്ചതില്‍ 11 കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ തന്നെ കണ്ടെത്തിയിട്ടുള്ള വൈറസ് ആണിത്. ഒരുതരത്തിലും ആശങ്കപ്പെടേണ്ടതില്ല. പുതിയ വൈറസ് അല്ലെന്ന് ഐസിഎംആറും വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ എച്ച്എംപിവിയുമായി ബന്ധപ്പെട്ട് ജലദോഷം അടക്കമുള്ള ലക്ഷണങ്ങളാണുള്ളത്. ഇതിന് വാക്‌സിനല്ല, സപ്പോര്‍ട്ടീവ് ചികിത്സയാണ് നല്‍കുന്നത്. രോഗലക്ഷണം എന്താണോ അതിനാണ് ചികിത്സ നല്‍കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
കേരളീയര്‍ ആഭ്യന്തരമായിട്ടും വെളിയിലും കൂടുതലായി യാത്ര ചെയ്യുന്നവരാണ്. അതുകൊണ്ടു തന്നെ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനായി മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. പ്രത്യേകിച്ചും ഗര്‍ഭിണികള്‍, പ്രായമുള്ളവര്‍, ഗുരുതര രോഗമുള്ളവര്‍ തുടങ്ങിവര്‍ പ്രത്യേകിച്ചും. ഏതു പകര്‍ച്ചപ്പനിയെയും പ്രതിരോധിക്കാന്‍ ഇത് നല്ലതാണ്. നിലവിലെ സ്ഥിതിഗതികള്‍ കേരളം നിരീക്ഷിക്കുന്നുണ്ട്. എച്ച്എംപിവിയില്‍ ജനിതകമാറ്റങ്ങള്‍ ഉണ്ടെന്ന് ലോകാരോഗ്യ സംഘടന ഇതുവരെയും വ്യക്തമാക്കിയിട്ടില്ലെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
Recent Comments