by Midhun HP News | Jan 7, 2025 | Latest News, കേരളം
കൊച്ചി : സൈബര്‍ ആക്രമണ പരാതിയില്‍ നടി ഹണി റോസിന്റെ മൊഴി എടുത്തു. ഇന്നലെ സെന്‍ട്രല്‍ സ്റ്റേഷനില്‍ നേരിട്ട് എത്തിയാണ് ഹണി റോസ് മൊഴി നല്‍കിയത്. ഹണി റോസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് പൊലീസ് നിരീക്ഷണത്തിലാണ്. മോശം കമന്റ് ഇടുന്നവര്‍ക്കെതിരെ ഉടനടി കേസെടുക്കാനാണ് തീരുമാനം. കൂടുതല്‍ അറസ്റ്റുകളും ഉണ്ടാകും.
നടിയുടെ പരാതിയില്‍ 30 പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട എറണാകുളം കുമ്പളം സ്വദേശിയെ ഇന്നലെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തില്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. സൈബര്‍ പൊലീസിന്റെ സഹായത്തോടെ നടപടികള്‍ ഊര്‍ജ്ജിതമാക്കി. വ്യാജ ഐഡിയാണെങ്കിലും ലൊക്കേഷന്‍ കണ്ടെത്തി പ്രതികളെ പിടികൂടാനാണ് പൊലീസ് തീരുമാനം.
നടിയുടെ പോസ്റ്റിന് താഴെ പുതിയ അധിക്ഷേപ കമന്റ് കണ്ടെത്തിയാല്‍ സ്വമേധയാ കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. നടിക്ക് അമ്മ സംഘടന പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി ഹണി റോസ് രംഗത്തെത്തി. ഇന്ത്യയിലെ നിയമ സംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് താന്‍ പൊതുവേദിയില്‍ എത്തിയിട്ടില്ലെന്ന് നടി ഹണി റോസ് അവകാശപ്പെട്ടു. തന്റെ വസ്ത്ര ധാരണത്തെക്കുറിച്ചോ, തന്നെക്കുറിച്ചോ ക്രിയാത്മകമായോ, സര്‍ഗാത്മകമായോ വിമര്‍ശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും വിരോധം ഇല്ല. തന്റെ നേരെ അശ്ലീലപരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ ഭാരതീയ ന്യായ സംഹിത അനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാ സംരക്ഷണസാധ്യതകളും പഠിച്ച് താന്‍ രംഗത്തെത്തുമെന്ന് ഹണി റോസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
‘ഓരോരുത്തരും അവരവരുടെ ചിന്തകള്‍ അനുസരിച്ച് നിയമസംഹിതകള്‍ സൃഷ്ടിക്കുന്നതില്‍ താന്‍ ഉത്തരവാദി അല്ല. ഒരു അഭിനേത്രി എന്ന നിലയില്‍ തന്നെ വിളിക്കുന്ന ചടങ്ങുകള്‍ക്ക് പോകുന്നത് തന്റെ ജോലിയുടെ ഭാഗമാണ്. ഒരിക്കല്‍ കൂടി പറയുന്നു. സാമൂഹിക മാധ്യമങ്ങളിലെ അസഭ്യ അശ്ലീല ഭാഷാ പണ്ഡിതമാന്യന്‍മാരേ നിങ്ങളോട് ഇതേ അവസ്ഥയില്‍ കടന്നുപോകുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഹണിറോസ് എന്ന ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു’- ഹണി റോസ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
by Midhun HP News | Jan 7, 2025 | Latest News, കേരളം
മലപ്പുറം: യുഡിഎഫ് പ്രവേശന ചര്‍ച്ചകള്‍ സജീവമാക്കി പി വി അന്‍വര്‍ എംഎല്‍എ. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പാണക്കാട്ടെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തും. പി കെ കുഞ്ഞാലിക്കുട്ടിയുമായും ചര്‍ച്ച നടത്തും. പിണറായിസത്തെ തകര്‍ക്കാന്‍ യുഡിഎഫിനൊപ്പം ചേരുമെന്ന് പി വി അൻവർ പറഞ്ഞു. താന്‍ യുഡിഎഫിന്റെ ഔദ്യോഗിക ഭാഗമാകണോ എന്നു യുഡിഎഫ് നേതൃത്വമാണ് തീരുമാനിക്കേണ്ടത്. യുഡിഎഫ് സ്വീകരിച്ചില്ലെങ്കില്‍ അനുയായി ആയി തുടരുമെന്നും പി വി അന്‍വര്‍ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പിണറായിസത്തിനെതിരായ പോരാട്ടം തുടരും. ഡിഎംകെ ഉണ്ടാക്കിയതും താന്‍ ഈ കോലത്തിലായതും പിണറായിസത്തെ എതിര്‍ത്തതിനാലാണ്. ഡിഎംകെ പാര്‍ട്ടിയായി നില്‍ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് യുഡിഎഫ് ആണ്. പിണറായി സര്‍ക്കാരിനെ തകര്‍ത്ത് യുഡിഎഫിനെ അധികാരത്തിലെത്തിക്കണം. യുഡിഎഫുമായി കൈകോര്‍ക്കുന്നത് പിണറായി സര്‍ക്കാരിനെ താഴെയിറക്കാനാണ്. അറസ്റ്റ് ചെയ്ത സംഭവത്തില്‍ യുഡിഎഫ് നേതാക്കള്‍ തനിക്ക് നല്‍കിയ പിന്തുണയില്‍ നന്ദി അറിയിക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു.
രാഷ്ട്രീയത്തില്‍ അഭിപ്രായങ്ങളും നിലപാടുകളും ഇരുമ്പുലയ്ക്ക പോലെ നില്‍ക്കില്ല. സാഹചര്യത്തിന് അനുസരിച്ചു മാറ്റേണ്ടി വരും. പൊതുസമൂഹം ഒന്നടങ്കം പ്രതിസന്ധിയെ നേരിടുമ്പോള്‍ ‘ഞാന്‍ പണ്ട് അതു പറഞ്ഞല്ലോ’ എന്ന വടിയും പിടിച്ചല്ല നില്‍ക്കേണ്ടത്. സാമൂഹ്യ തിന്മയ്‌ക്കെതിരെ പോരാടുക എന്നതാണ് പൊതുപ്രവര്‍ത്തകന്റെ ഉത്തരവാദിത്തം.
ആരുടെ കൂടെയാണെങ്കിലും ആത്മാര്‍ഥമായി, ജനങ്ങളോടൊപ്പം, മരിച്ചുനില്‍ക്കും. ഈ വിഷയങ്ങളെല്ലാം ഏറ്റെടുത്തതു ജനങ്ങള്‍ക്കു വേണ്ടിയാണ്. യുഡിഎഫിന്റെ പിന്നില്‍ ഞാനുണ്ടാകും. യുഡിഎഫ് അധികാരത്തില്‍ വരണം. ജനങ്ങളെ ബാധിക്കുന്ന ഈ വിഷയം യുഡിഎഫ് ഏറ്റെടുക്കണം. എംഎല്‍എ സ്ഥാനവും മറ്റു പദവികളും തരേണ്ട എന്നും അന്‍വര്‍ അഭിപ്രായപ്പെട്ടു.
‘എനിക്കുശേഷം പ്രളയം എന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിന്ത. അതാണ് പിണറായിയുടെയും സിപിഎമ്മിന്റെയും സമീപകാല നയങ്ങള്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ തൊഴിലാളി നേതാക്കളുണ്ടോ? എവിടെപ്പോയി സിഐടിയു?. എല്ലാ നേതാക്കളെയും ആര്‍എസ്എസിന്റെ ചരടില്‍ കെട്ടിയിരിക്കുകയാണ്. ആര്‍ക്കും മിണ്ടാന്‍ അധികാരമില്ല. അതാണ് പിണറായിസം. പിണറായിയുടെ കയ്യും കാലും നാവുമെല്ലാം ബന്ധിതമാണ്. ഈ ചരടുകളെയെല്ലാം അറ്റം ആര്‍എസ്എസിന്റെ കൈകളിലാണ്’.
വന്യമൃഗശല്യത്തിനെതിരായ വിപ്ലവം കേരളത്തില്‍ തുടങ്ങണം. ഇതിന്റെ നേതൃത്വം യുഡിഎഫ് ഏറ്റെടുക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു. യുഡിഎഫിന് അധികാരത്തില്‍ തിരിച്ചെത്താന്‍ ഈ വിഷയം മാത്രംമതി. 63 മണ്ഡലങ്ങളിലെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയമാണിത്. മുന്നണിയെന്നാല്‍ ജനങ്ങളാണ്. ജനങ്ങളുടെ വിഷയം യുഡിഎഫ് ഏറ്റെടുക്കണം. മലയോര മേഖലയിലെ മുഴുവന്‍ ക്രൈസ്തവ സഭകളുമായും തിരുമേനിമാരുമായും സംസാരിക്കണം. ഇവരെയെല്ലാം കൂട്ടിയോജിപ്പിച്ച് വലിയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കണം. പി വി അന്‍വര്‍ ആവശ്യപ്പെട്ടു.
ആനയും പന്നിയും പെറ്റുപെരുകിയതുകൊണ്ട് ആവാസ വ്യവസ്ഥയ്ക്ക് എന്തുഗുണം?. വന നിയമം പാസായാല്‍ വനം ഉദ്യോഗസ്ഥര്‍ ഗുണ്ടകളായി മാറും. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്നതാണ് ബില്‍. വന നിയമഭേദഗതിയുടെ ഭീകരത അറിയാന്‍ ഇരിക്കുന്നതേയുള്ളൂ. തോമസ് കെ തോമസിനെ വനം മന്ത്രിയാക്കിയാല്‍ വനം ഭേദഗതി ബില്ലില്‍ ഒപ്പിടില്ല. അതുകൊണ്ടാണ് എകെ ശശീന്ദ്രനെ മാറ്റാൻ പിണറായി വിജയൻ തയ്യാറാകാത്തത്. ഫോറസ്റ്റ് ഗസ്റ്റ് ഹൗസുകള്‍ തെമ്മാടിത്ത കേന്ദ്രങ്ങളായെന്നും പി വി അന്‍വര്‍ ആരോപിച്ചു.
by Midhun HP News | Jan 7, 2025 | Latest News, കേരളം
കൊച്ചി: നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎല്‍എയ്ക്ക് അപകടത്തില്‍ പരിക്കേറ്റ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഓസ്‌കര്‍ ഈവന്റ്‌സ് ഉടമ പി എസ് ജനീഷ് ആണ് പിടിയിലായത്. തൃശൂരില്‍ നിന്നാണ് ജനീഷിനെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ അഞ്ചുപേര്‍ നേരത്തെ പിടിയിലായിരുന്നു.
കേസില്‍ കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും ജനീഷ് പൊലീസിന് മുന്നില്‍ കീഴടങ്ങാന്‍ കൂട്ടാക്കിയിരുന്നില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ആശുപത്രിയിലാണെന്നായിരുന്നു വിശദീകരണം. ഉമ തോമസിന് പരിക്കേറ്റതിനെത്തുടര്‍ന്നാണ് അപകടത്തില്‍ സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ഇതേത്തുടര്‍ന്ന് സംഘാടകരായ മൃദംഗവിഷന്‍ എംഡി നിഗോഷും, ഓസ്‌കര്‍ ഈവന്റ്‌സ് ഉടമ ജനീഷും ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ കീഴടങ്ങാന്‍ കോടതി നിര്‍ദേശിച്ചു. ഇതുപ്രകാരം നിഗോഷ് കീഴടങ്ങിയെങ്കിലും, ജനീഷ് കീഴടങ്ങാതെ ആശുപത്രിയില്‍ അഡ്മിറ്റ് ആകുകയായിരുന്നു. ചികിത്സ കഴിഞ്ഞ് ആശുപത്രി വിടാനിരിക്കെയാണ് ജനീഷിനെ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തത്.
by Midhun HP News | Jan 7, 2025 | Latest News, കേരളം
ആലപ്പുഴ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പുരുഷൻമാർക്ക് മേൽവസ്ത്രം ധരിച്ചു കയറാം. മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വസ്ത്രധാരണം സ്വകാര്യതയാണ്. മാന്യത പുലർത്തണമെന്നേയുള്ളു. അദ്ദേഹം പറഞ്ഞു.ഹൈന്ദവർ എന്നും അനാചാരങ്ങൾക്ക് എതിരാണ്. കാലോചിത മാറ്റം എല്ലാ മേഖലയിലും വേണമെന്നും ക്ഷേത്ര ദർശനത്തിനു പ്രത്യേക വസ്ത്രധാരണ രീതി രേഖപ്പെടുത്തിയിട്ടുള്ളതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
by Midhun HP News | Jan 6, 2025 | Latest News, കേരളം
കൊച്ചി: സാമൂഹിക മാധ്യമത്തില്‍ നടി ഹണി റോസിനെ അധിക്ഷേപിച്ചെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. കുമ്പളം സ്വദേശിയായ ഷാജിയെയാണ് സൈബര്‍ ആക്രമണ കേസില്‍ അറസ്റ്റ് ചെയ്തത്. ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ ഹണി റോസിനെതിരെ അശ്ലീല കമന്റിട്ട 27 പേര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്.
സ്ത്രീത്വത്തെ അപമാനിച്ചയാള്‍ക്കെതിരെയുള്ള പോസ്റ്റിന് പിന്നാലെയായിരുന്നു കമന്റുകള്‍. തന്നെ ഒരു വ്യക്തി സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്നതായിരുന്നു ഹണി റോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീല കമന്റുകളുമായി എത്തിയ 30 പേര്‍ക്കെതിരെ ഇന്നലെ രാത്രിയോടെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ ഹണി റോസ് പരാതി നല്‍കിയത്. ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്. ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ പെടുന്ന, ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തി സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുന്നവര്‍ക്കു മുന്നറിയിപ്പുമായി നടി ഹണി റോസ് രാവിലെ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവെന്നും എന്നാല്‍ ഇനി ഈ വിഷയത്തില്‍ നിയപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നുമാണ് ഹണി റോസ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീല കമന്റുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് നടി പരാതിയുമായി പൊലീസിനെ സമീപിച്ചത്.
ഒരു വ്യക്തിയുടെ ഇടപെടലുകളെ ചൂണ്ടിക്കാണിച്ചായിരുന്നു നടിയുടെ മുന്നറിയിപ്പ്. ഒരു ഉദ്ഘാടന ചടങ്ങിന് പങ്കെടുത്തപ്പോള്‍ ദ്വയാര്‍ഥ പ്രയോഗങ്ങള്‍ കൊണ്ട് അപമാനം നേരിട്ടതിനാല്‍ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ല എന്ന് തീരുമാനിച്ചിരുന്നു. ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വിസമ്മതം പ്രകടിപ്പിക്കുന്നത് കാരണം മനഃപൂര്‍വം സാമൂഹിക മാധ്യമങ്ങളില്‍ തന്റെ പേര് വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകള്‍ പറയുകയാണ് അയാളെന്നും ഹണി റോസ് കുറിപ്പില്‍ പറഞ്ഞു
by Midhun HP News | Jan 6, 2025 | Latest News, കേരളം
കണ്ണൂര്‍ : മട്ടന്നൂര്‍ നഗരസഭയിലെ നടുവനാട് മദ്യലഹരിയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. തിരുവനന്തപുരം പാറശാല സ്വദേശിയായ ജസ്റ്റിന്‍ രാജ് (34) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ സുഹൃത്ത് രാജയെ മട്ടന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും പാറശാല സ്വദേശികളാണ്.
നടുവനാട് നിടിയാഞ്ഞിരത്ത് ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. ജസ്റ്റിന്‍ രാജും രാജയും ചേര്‍ന്ന് നിടിയാഞ്ഞിരത്തെ രാജയുടെ വാടക വീട്ടില്‍ ഇരുന്ന് മദ്യപിക്കുന്നതിനിടെയാണ് കൊലപാതകം. വാക്കേറ്റത്തിനിടെ രാജ ജസ്റ്റിനെ കുത്തുകയായിരുന്നു. രാജയുടെ കുട്ടി സമീപത്തെ കടയില്‍ ചെന്ന് വിവരം പറഞ്ഞതോടെ നാട്ടുകാര്‍ സംഭവം അറിയുകയായിരുന്നു. ഉടന്‍ തന്നെ ജസ്റ്റിനെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജസ്റ്റിന്‍ ചാവശേരിയിലെ ഇന്റര്‍ ലോക്ക് സ്ഥാപനത്തിലെ ജീവനക്കാരനാണ്.രാജയുടെ കുടുംബവും ഇവിടെ തന്നെയാണ് താമസിക്കുന്നത്. മട്ടന്നൂര്‍ ടൗണ്‍ സ്റ്റേഷന്‍ സി ഐ എം അനിലിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
Recent Comments