ഹണി റോസിനെതിരെ ഫെയ്‌സ്ബുക്കില്‍ അശ്ലീല കമന്റ്; ഒരാള്‍ അറസ്റ്റില്‍

ഹണി റോസിനെതിരെ ഫെയ്‌സ്ബുക്കില്‍ അശ്ലീല കമന്റ്; ഒരാള്‍ അറസ്റ്റില്‍

കൊച്ചി: സാമൂഹിക മാധ്യമത്തില്‍ നടി ഹണി റോസിനെ അധിക്ഷേപിച്ചെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. കുമ്പളം സ്വദേശിയായ ഷാജിയെയാണ് സൈബര്‍ ആക്രമണ കേസില്‍ അറസ്റ്റ് ചെയ്തത്. ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ ഹണി റോസിനെതിരെ അശ്ലീല കമന്റിട്ട 27 പേര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്.

സ്ത്രീത്വത്തെ അപമാനിച്ചയാള്‍ക്കെതിരെയുള്ള പോസ്റ്റിന് പിന്നാലെയായിരുന്നു കമന്റുകള്‍. തന്നെ ഒരു വ്യക്തി സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്നതായിരുന്നു ഹണി റോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീല കമന്റുകളുമായി എത്തിയ 30 പേര്‍ക്കെതിരെ ഇന്നലെ രാത്രിയോടെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ ഹണി റോസ് പരാതി നല്‍കിയത്. ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്. ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ പെടുന്ന, ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തി സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുന്നവര്‍ക്കു മുന്നറിയിപ്പുമായി നടി ഹണി റോസ് രാവിലെ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവെന്നും എന്നാല്‍ ഇനി ഈ വിഷയത്തില്‍ നിയപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നുമാണ് ഹണി റോസ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീല കമന്റുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് നടി പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ഒരു വ്യക്തിയുടെ ഇടപെടലുകളെ ചൂണ്ടിക്കാണിച്ചായിരുന്നു നടിയുടെ മുന്നറിയിപ്പ്. ഒരു ഉദ്ഘാടന ചടങ്ങിന് പങ്കെടുത്തപ്പോള്‍ ദ്വയാര്‍ഥ പ്രയോഗങ്ങള്‍ കൊണ്ട് അപമാനം നേരിട്ടതിനാല്‍ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ല എന്ന് തീരുമാനിച്ചിരുന്നു. ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വിസമ്മതം പ്രകടിപ്പിക്കുന്നത് കാരണം മനഃപൂര്‍വം സാമൂഹിക മാധ്യമങ്ങളില്‍ തന്റെ പേര് വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകള്‍ പറയുകയാണ് അയാളെന്നും ഹണി റോസ് കുറിപ്പില്‍ പറഞ്ഞു

മട്ടന്നൂരില്‍ മദ്യപിക്കുന്നതിനിടെ വാക്കേറ്റം; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

മട്ടന്നൂരില്‍ മദ്യപിക്കുന്നതിനിടെ വാക്കേറ്റം; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

കണ്ണൂര്‍ : മട്ടന്നൂര്‍ നഗരസഭയിലെ നടുവനാട് മദ്യലഹരിയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. തിരുവനന്തപുരം പാറശാല സ്വദേശിയായ ജസ്റ്റിന്‍ രാജ് (34) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ സുഹൃത്ത് രാജയെ മട്ടന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും പാറശാല സ്വദേശികളാണ്.

നടുവനാട് നിടിയാഞ്ഞിരത്ത് ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. ജസ്റ്റിന്‍ രാജും രാജയും ചേര്‍ന്ന് നിടിയാഞ്ഞിരത്തെ രാജയുടെ വാടക വീട്ടില്‍ ഇരുന്ന് മദ്യപിക്കുന്നതിനിടെയാണ് കൊലപാതകം. വാക്കേറ്റത്തിനിടെ രാജ ജസ്റ്റിനെ കുത്തുകയായിരുന്നു. രാജയുടെ കുട്ടി സമീപത്തെ കടയില്‍ ചെന്ന് വിവരം പറഞ്ഞതോടെ നാട്ടുകാര്‍ സംഭവം അറിയുകയായിരുന്നു. ഉടന്‍ തന്നെ ജസ്റ്റിനെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജസ്റ്റിന്‍ ചാവശേരിയിലെ ഇന്റര്‍ ലോക്ക് സ്ഥാപനത്തിലെ ജീവനക്കാരനാണ്.രാജയുടെ കുടുംബവും ഇവിടെ തന്നെയാണ് താമസിക്കുന്നത്. മട്ടന്നൂര്‍ ടൗണ്‍ സ്റ്റേഷന്‍ സി ഐ എം അനിലിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് മരണം

ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് മരണം

തൊടുപുഴ: ഇടുക്കി ജില്ലയിലെ പുല്ലുപാറക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം. മാവേലിക്കര സ്വദേശികളായ അരുൺ ഹരി, രമ മോഹൻ, സംഗീത് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ബസിനടിയിൽപെട്ടവരാണ് മരിച്ചതെന്നാണ് വിവരം. പരിക്കേറ്റ് മറ്റുള്ളവര്‍ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്.

ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. മാവേലിക്കരയില്‍ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. ബസില്‍ 34 യാത്രക്കാര്‍ അടക്കം 36 പേരാണ് ഉണ്ടായിരുന്നത്. വിനോദയാത്രാ സംഘത്തിന്റെ മടക്കയാത്രയിലാണ് ബസ് അപകടത്തില്‍ പെട്ടത്. വളവില്‍വെച്ച് ബസ് നിയന്ത്രണം വിട്ട് 30 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. എന്നാല്‍ മരങ്ങളില്‍ തട്ടി ബസ് നിന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.

കയറുകെട്ടി നിര്‍ത്തിയ ശേഷമാണ് ബസില്‍ നിന്ന് യാത്രക്കാരെ പുറത്തെടുത്തത്. മുന്‍വശത്തെ ചില്ല് തകര്‍ത്താണ് ആദ്യം യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടന്‍ തന്നെ മുണ്ടക്കയം ആശുപത്രിയിലെത്തിച്ചു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരാണ് മരിച്ചത്.

കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയില്‍ കൊടും വളവുകള്‍ നിറഞ്ഞ റോഡില്‍ ഒരു ഭാഗം കൊക്കയാണ്. ബ്രേക്ക് പൊട്ടി വാഹനം അപകടത്തില്‍പെട്ടെന്നാണ് ലഭിക്കുന്ന വിവരം. പീരുമേടില്‍ നിന്നും മുണ്ടക്കയത്ത് നിന്നും വന്ന ഫയര്‍ ഫോഴ്സ് സംഘവും ഹൈവേ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

പി വി അന്‍വര്‍ ജയിലില്‍, 14 ദിവസത്തെ റിമാന്‍ഡ്

പി വി അന്‍വര്‍ ജയിലില്‍, 14 ദിവസത്തെ റിമാന്‍ഡ്

മലപ്പുറം: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്ത കേസില്‍ പി വി അന്‍വര്‍ എംഎല്‍എയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് പി വി അന്‍വറിനെ കൊണ്ടുപോയത്. ജാമ്യഹര്‍ജിയുമായി ഇന്ന് തന്നെ കോടതിയെ സമീപിക്കാനാണ് അന്‍വറിന്റെ തീരുമാനം.

തവനൂര്‍ ജയിലിലേക്ക് എത്തിക്കുന്നതിന് മുന്നോടിയായി അന്‍വറിനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രണ്ടാം തവണയും വൈദ്യപരിശോധന നടത്തി. നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത കേസില്‍ അന്‍വര്‍ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകള്‍ അടക്കം ചുമത്തിയ കേസില്‍ അന്‍വര്‍ അടക്കം 11 പ്രതികളാണുളളത്. കൃത്യനിര്‍വഹണം തടയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കം വകുപ്പുകളാണ് ചുമത്തിയത്. ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചാണ് വനംവകുപ്പ് ഓഫീസ് ആക്രമിക്കുന്ന തരത്തിലേക്ക് അക്രമാസക്തമായത്.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ അറസ്റ്റെന്നായിരുന്നു വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത് പുറത്തിറക്കുന്നതിന് മുമ്പ് മാധ്യമങ്ങളോട് അന്‍വര്‍ നടത്തിയ പ്രതികരണം. എംഎല്‍എ ആയതിനാല്‍ മാത്രം നിയമത്തിന് കീഴടങ്ങുകയാണെന്ന് അന്‍വര്‍ പ്രതികരിച്ചു. അറസ്റ്റുമായി സഹകരിക്കും. നിയമം അനുസരിക്കുന്നയാളുടെ ഉത്തരവാദിത്തമാണിത്. മോദിയേക്കാള്‍ വലിയ ഭരണകൂട ഭീകര പിണറായി നടപ്പാക്കുകയാണെന്നും അന്‍വര്‍ ആരോപിച്ചു

ഇന്നലെ രാവിലെ 11.45ഓടെ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിലുള്ള ഡിഎംകെയുടെ പ്രതിഷേധത്തോടെയായിരുന്നു എല്ലാത്തിന്റെയും തുടക്കം. അന്‍വറിന്റെ പ്രസംഗത്തിന് പിന്നാലെ മാര്‍ച്ച് അക്രമാസക്തമായി. പ്രവര്‍ത്തകര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുപൊളിച്ചു. വൈകീട്ട് നാല് മണിയോടെയാണ് സംഭവത്തില്‍ നിലമ്പൂര്‍ പൊലീസ് നടപടി ആരംഭിച്ചത്. ആറ് മണിയോടെ അന്‍വര്‍ ഒന്നാം പ്രതിയായി 11 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

വൈകീട്ട് 7 മണിയോടെ അന്‍വറിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങി. ഒതായിയിലെ വീടിന് മുന്നില്‍ പൊലീസ് സന്നാഹമെത്തി. രാത്രി എട്ടിന് നിലമ്പൂര്‍ ഡിവൈഎസ്പി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അന്‍വറിന്റെ വീട്ടിലേക്കെത്തി. വീടിന് പുറത്ത് അന്‍വറിന്റെ അനുയായികളും തടിച്ചുകൂടി. എട്ടരയോടെ പൊലീസ് വീടിന് അകത്തേക്ക് പ്രവേശിച്ചു. രാത്രി 9.40ഓടെ അറസ്റ്റിന് വഴങ്ങുമെന്ന് അന്‍വര്‍ പ്രഖ്യാപിച്ചു. പിന്നാലെ വാറന്റില്‍ ഒപ്പുവെച്ചു.

10.15ന് അന്‍വറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലും പുറത്തും വന്‍ പോലീസ് സന്നാഹമുണ്ടായിരുന്നു. രാത്രി 10.40ന് വൈദ്യപരിശോധന പൂര്‍ത്തിയാക്കി മജിസ്‌ട്രേറ്റിന്റെ വസതിയിലേക്കെത്തിച്ചു. പിന്നാലെ കോടതി എംഎല്‍എയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നേരത്തെ അറസ്റ്റിലായ 4 പ്രവര്‍ത്തകരും അന്‍വറിനൊപ്പമുണ്ട്. 1.50ന് കുറ്റിപ്പുറം പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം 2.15 ന് അന്‍വറിനെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു.

എറണാകുളത്ത് വന്‍ തീപിടിത്തം; ആക്രിക്കട കത്തിയമര്‍ന്നു

എറണാകുളത്ത് വന്‍ തീപിടിത്തം; ആക്രിക്കട കത്തിയമര്‍ന്നു

കൊച്ചി: എറണാകുളം ചെമ്പുമുക്കിന് സമീപം ആക്രിക്കടയില്‍ വന്‍ തീപിടിത്തം. ജനവാസമേഖലയിലുള്ള ആക്രിക്കടയിലാണ് വന്‍ തീപിടിത്തം ഉണ്ടായത്. സുരക്ഷയുടെ ഭാഗമായി സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സെത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്.

രാവിലെയാണ് തീപിടിത്തമുണ്ടായത്. ആക്രിക്കടയില്‍ നിന്ന് ഉയര്‍ന്ന തീ വലിയ രീതിയില്‍ ആളി പടരുകയായിരുന്നു. പ്രദേശത്താകെ വലിയരീതിയിലാണ് പുക ഉയര്‍ന്നത്. തീ നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും സ്ഥലത്തെത്തിയിട്ടുണ്ട്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

ആക്രി കട ഉടമ ഉള്‍പ്പെടെ സ്ഥലത്തുണ്ട്. മേരി മാതാ സ്‌കൂള്‍ ഉള്‍പ്പെടെയുള്ള സ്ഥലത്തിന് സമീപമാണ് തീപിടിത്തം ഉണ്ടായത്. ഞായറാഴ്ചയായതിനാല്‍ സ്‌കൂള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കാത്തതിനാല്‍ വലിയ ആശങ്ക ഒഴിഞ്ഞു. എന്നാല്‍ വലിയ രീതിയില്‍ തീ ആളി പടര്‍ന്നത് ജനങ്ങളെ ഭയചകിതരാക്കി. നിലവില്‍ കൂടുതല്‍ സ്ഥലത്തേക്ക് തീ വ്യാപിച്ചിട്ടില്ലെങ്കിലും എത്രയും വേഗം തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമമാണ് തുടരുന്നത്.

പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞു; യാത്രക്കാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുടുങ്ങി

പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞു; യാത്രക്കാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുടുങ്ങി

കൊച്ചി: പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതുമൂലം മലേഷ്യയിലേക്കുള്ള യാത്രക്കാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുടുങ്ങി. ശനിയാഴ്ച രാത്രി 11 ന് മലേഷ്യയിലേക്ക് മലിന്‍ഡോ വിമാനത്തില്‍ പോകേണ്ടിയിരുന്ന 140 യാത്രക്കാരാണ് കുടുങ്ങിയത്. തുടര്‍ന്ന് യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി.

മറ്റൊരു പൈലറ്റ് എത്തി ഇന്ന് വൈകിട്ട് 5 ന് മാത്രമേ യാത്രക്കാരെ മലേഷ്യയിലേക്ക് കൊണ്ടുപോകുകയുള്ളൂ. ഒരു പൈലറ്റിന് നിശ്ചിത സമയം മാത്രമാണ് വിമാനം പറത്താന്‍ അനുമതിയുള്ളത്. കാലാവസ്ഥ പ്രതികൂലമാലതിനാല്‍ പല വിമാനങ്ങളും സമയം തെറ്റിയാണ് സര്‍വീസ് നടത്തുന്നത്.

മലിന്‍ഡോ എയര്‍ലൈന്‍സ് പോലുള്ള കമ്പനികള്‍ക്ക് പ്രധാന സ്ഥലങ്ങളില്‍ അല്ലാതെ രണ്ടില്‍ കൂടുതല്‍ പൈലറ്റുമാര്‍ ക്യാംപ്‌ ചെയ്യാറില്ല. ഇതാണ് പ്രതിസന്ധിയുണ്ടാക്കിയത്. കനത്ത മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നുള്ള വിമാനങ്ങളെല്ലാം നെടുമ്പാശേരിയില്‍ വൈകിയാണെത്തുന്നത്.