പ്രൗഢി കുറയാതെ പാറമേക്കാവ് വേല; വെടിക്കെട്ടു കാണാന്‍ തിങ്ങിനിറഞ്ഞ് ജനം

പ്രൗഢി കുറയാതെ പാറമേക്കാവ് വേല; വെടിക്കെട്ടു കാണാന്‍ തിങ്ങിനിറഞ്ഞ് ജനം

തൃശൂര്‍: ആന എഴുന്നള്ളിപ്പിന്റെയും വെടിക്കെട്ട് നിയന്ത്രണത്തിന്റെയും നിയന്ത്രണങള്‍ തീര്‍ത്ത അനിശ്ചിതത്തിനൊടുവില്‍ പാറമേക്കാവ് വേല ആചാര നിറവില്‍ ആഘോഷിച്ചു. പുലര്‍ച്ചെ ഒരു മണിയോടെ നടന്ന വെടിക്കെട്ട് ആസ്വദിക്കാനും മൊബൈലില്‍ പകര്‍ത്താനും നഗരത്തില്‍ ജനം തിങ്ങി നിറഞ്ഞു.

കൊമ്പന്‍ പുതുപ്പള്ളി കേശവന്‍ പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റി. രാവിലെ ചതുശ്ശത നിവേദ്യത്തിനും പ്രസാദ വിതരണത്തിനും ശേഷം ശീവേലി, കളഭാട്ടം, വൈകിട്ട് ചോ റ്റാനിക്കര നന്ദപ്പന്‍ മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം, തുടര്‍ന്ന് ഭഗവതിയുടെ കളമെഴുത്തുപാട്ട്, തായമ്പക എന്നിവ നടന്നു. മേല്‍ക്കാവില്‍ ഗുരുതി തര്‍പ്പണത്തിനു ശേഷം കൂര്‍ക്കഞ്ചേരി കളരിയിലേക്കു കോമരം പുറപ്പെട്ടു.

വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് ഒന്‍പത് ആനപ്പുറത്ത് പഞ്ചവാദ്യം അകമ്പടിയോടെ ഭഗവതി എഴുന്ന ള്ളി മണികണ്ഠനാല്‍ തറക്കല്‍ നിന്ന് ശ്രീമൂലസ്ഥഥാനം വരെ കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേത്യത്വത്തില്‍ പാണ്ടിമേളം അകമ്പടിയായി.മേളം കലാശിച്ച ശേഷം ക്ഷേത്രത്തിലേക്കു ഭഗവതി തിരിച്ചെഴുന്നള്ളി അരിയേറ്, കൂറവലിക്കല്‍, വടക്കും വാതില്‍ ഗുരുതി എന്നിവയോടെ വേല സമാപിച്ചു.

നാളെയാണ് തിരുവമ്പാടി വേല. തിരുവമ്പാടിക്കും വെടിക്കെട്ടിന് തൃശൂര്‍ എഡിഎം അനുമതി നല്‍കിയിട്ടുണ്ട്.

ചിറയിൻകീഴിന്റെ സ്വന്തം സ്വർണ കപ്പ് ഇത്തവണ ഇനി ആര് നേടും?

ചിറയിൻകീഴിന്റെ സ്വന്തം സ്വർണ കപ്പ് ഇത്തവണ ഇനി ആര് നേടും?

സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു. കലോത്സവ വാർത്തകളിൽ എന്നും നിറം മങ്ങാത്ത വാർത്തയാണ് കലോൽസവത്തിലെ വിജയികൾക്ക് സമ്മാനിക്കുന്ന സ്വർണ്ണക്കപ്പ്. സ്വർണ്ണകപ്പ് കേരളത്തിലെ ഏത് ജില്ലക്കാർ നേടിയാലും അതിൽ ആത്മാഭിമാനം ചിറയിൻകീഴ് എന്ന നാടിനാണ്. സ്വർണ്ണക്കപ്പ് രൂപകല്പ്പനചെയ്ത ചിറയിൻകീഴ് ശ്രീകണ്ഠൻ നായർ എന്ന ശില്പിയുടെ നാട്ടുകാരനാണെന്നതിൽ സന്തോഷം,അഭിമാനവുമാണ് ഈ നാടിനുള്ളത്.

നൂറ്റിപതിനേഴ് പവൻ സ്വർണ്ണക്കപ്പിന് രൂപകൽപ്പന നൽകിയ ചിറയിൻകീഴ് ശ്രീകണഠൻ നായർ ചിത്രകാരനും ചിത്രകലാധ്യാപകനുമെന്നതിലുമുപരി ജി. ശങ്കരക്കുറുപ്പിൻ്റെ “ഓടക്കുഴൽ” തകഴിയുടെ ‘കയർ ‘ജി. എസ്.കെ.പൊറ്റക്കാടിൻ്റെ “ഒരുദേശത്തിൻ്റെ കഥ ” എന്നീ മൂന്ന് ജ്ഞാനപീഠകൃതികളുടെ മുഖചിത്രം വരച്ച കലാകാരനാണ്. മലയാള സാഹിത്യത്തിലെ മറ്റ് പ്രശസ്തമായ കൃതികൾക്കും പ്രമുഖ പ്രസിദ്ധീകരണങ്ങക്കും ഇദ്ദേഹം ചിത്രങ്ങൾ വരച്ചു.

ശബരിമല; തീർഥാടകർ നാല് ലക്ഷം വർധിച്ചു

ശബരിമല; തീർഥാടകർ നാല് ലക്ഷം വർധിച്ചു

ശബരിമല: മണ്ഡലകാലത്ത് ശബരിമല ദർശനത്തിന് എത്തിയ തീർഥാടകരുടെ എണ്ണത്തിൽ‌ വർധന. 32.49 ലക്ഷം തീർഥാടകരാണ് ഈ വർഷം അയ്യപ്പ ദർശനത്തിന് എത്തിയത്. കഴിഞ്ഞ വർഷം ഇത് 28.42 ലക്ഷമായിരുന്നു. 4.07 ലക്ഷത്തിന്റെ വർധനവാണ് ഇത്തവണയുണ്ടായത്. വരുമാനത്തിൽ 82.23 കോടി രൂപയുടെയും വർധനവും ഉണ്ടായി.

സ്പോട് ബുക്കിങ് വഴി എത്തിയത് 5.66 ലക്ഷം തീർഥാടകരാണ്. കഴിഞ്ഞ വർഷം ഇത് 4.02 ലക്ഷം പേരായിരുന്നു. പുല്ലുമേട് കാനന പാതയിലൂടെ ഇത്തവണ 74,774 പേരെത്തി. ഈ വർഷത്തെ ആകെ വരുമാനം 297.06 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 214.82 കോടിയായിരുന്നു. അരവണ വിൽപനയിലൂടെ 124.02 കോടി രൂപ ലഭിച്ചു.. കാണിക്ക ഇനത്തിൽ 80.25 കോടി രൂപ ലഭിച്ചു.

ജനുവരി 14 നാണ് മകരവിളക്ക്. എരുമേലി പേട്ട 11 ന് നടക്കും. പന്തളത്തു നിന്നുള്ള തിരുവാഭരണ ഘോഷയാത്ര 12 ന് പുറപ്പെടും. 13 ന് പമ്പ വിളക്കും സദ്യയും നടക്കും. 14 ന് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തും. തിരുവാഭരണം അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടക്കുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. തീര്‍ഥാടനം പൂര്‍ത്തിയാക്കി 20 ന് ക്ഷേത്രനട അടയ്ക്കും. തീര്‍ഥാടകരുടെ തിരക്ക് പരിഗണിച്ച് കരിമല വഴിയുള്ള കാനനപാത തുറന്നിട്ടുണ്ട്.

ബസ് ചക്രം കാലിലൂടെ കയറി ഇറങ്ങി; പരിക്കേറ്റ യാത്രക്കാരി മരിച്ചു

ബസ് ചക്രം കാലിലൂടെ കയറി ഇറങ്ങി; പരിക്കേറ്റ യാത്രക്കാരി മരിച്ചു

തൃശൂര്‍: വടക്കാഞ്ചേരി ഒന്നാംകല്ലില്‍ സ്വകാര്യബസ് കാലിലൂടെ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ഒന്നാം കല്ല് സ്വദേശി പുതുവീട്ടില്‍ നബീസ ആണ് മരിച്ചത്. 70 വയസായിരുന്നു. ഇന്നലെ രാവിലെ എട്ടുമണിയോടെ ഒന്നാംകല്ല് സെന്ററിലായിരുന്നു അപകടം.

വടക്കാഞ്ചേരി ഭാഗത്തുനിന്ന് പട്ടാമ്പി കറവപുത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് വയോധികയുടെ കാലിനു മുകളില്‍ കയറിയിറങ്ങിയത്. കുന്നംകുളത്തേക്ക് പോകാന്‍ ഇറങ്ങിയതായിരുന്നു യാത്രക്കാരി. ബസ് മാറി കയറിയ വയോധിക, ബസില്‍ നിന്നിറങ്ങുന്നതിനിടെ വീഴുകയായിരുന്നു. വീണ വയോധികയുടെ കാലിനു മുകളിലൂടെ ബസിന്റെ പുറകുവശത്തെ ചക്രം കയറിയിറങ്ങി.

ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു. സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

ദിവ്യ ഉണ്ണിക്ക് നല്‍കിയത് അഞ്ച് ലക്ഷം; നൃത്ത പരിപാടിയുടെ സംഘാടകരുടെ അക്കൗണ്ട് പരിശോധിച്ച് പൊലീസ്

ദിവ്യ ഉണ്ണിക്ക് നല്‍കിയത് അഞ്ച് ലക്ഷം; നൃത്ത പരിപാടിയുടെ സംഘാടകരുടെ അക്കൗണ്ട് പരിശോധിച്ച് പൊലീസ്

കൊച്ചി: കലൂർ സ്റ്റേഡിയത്തില്‍ ഗിന്നസ് വേൾഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്ത പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് സംഘാടകര്‍ അഞ്ച് ലക്ഷം രൂപ നൽകിയെന്ന് പൊലീസ്. പരിപാടിയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സംഘാടകരുടെ അക്കൗണ്ട് പൊലീസ് പരിശോധിച്ചു. ദിവ്യ ഉണ്ണിക്കു കൂടുതല്‍ തുക നല്‍കിയോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

ഇതിനിടെ അപകടവുമായി ബന്ധപ്പെട്ട് പൊലീസ് ജിസിഡിഎക്ക് ചോദ്യാവലി നൽകി. സ്റ്റേഡിയത്തിൽ അപകടമുണ്ടായതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് പൊലീസ് നൽകിയത്. അതേസമയം സ്റ്റേഡിയത്തിൽ പരിപാടി നടത്തിയതിനെ തുടർന്ന് ​ഗ്രൗണ്ടിന് കേടുപാട് സംഭവിച്ചെന്ന് ആരോപിച്ച് ബ്ലാസ്റ്റേഴ്സ് രം​ഗത്തെത്തി. കലൂർ സ്റ്റേഡിയത്തിന്റെ ഉടമസ്ഥത ജിസിഡിഎയ്ക്ക് ആണെങ്കിലും പരിപാലനം ബ്ലാസ്റ്റേഴ്സ് ആണ് നോക്കുന്നത്.

പരിപാടിക്കിടെ ഉമാ തോമസ് എംഎല്‍എയ്ക്ക് അപകടമുണ്ടായതുമായി ബന്ധപ്പെട്ട് ദിവ്യ ഉണ്ണിയുടെ മൊഴി പൊലീസ് ഓണ്‍ലൈനായി രേഖപ്പെടുത്തിയേക്കും. സംഘാടകരെ പൂർണമായും ചോദ്യം ചെയ്ത ശേഷം മറ്റുള്ളവർക്ക് നോട്ടീസ് നൽകി മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

‘വധശിക്ഷ ലഭിക്കണമായിരുന്നു, ഇതു കുറഞ്ഞുപോയി’; പൊട്ടിക്കരഞ്ഞ് മാതാപിതാക്കള്‍

‘വധശിക്ഷ ലഭിക്കണമായിരുന്നു, ഇതു കുറഞ്ഞുപോയി’; പൊട്ടിക്കരഞ്ഞ് മാതാപിതാക്കള്‍

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കൃഷ്ണനും ശരത്‌ലാലിന്റെ സഹോദരി അമൃതയും മാധ്യമങ്ങളോട് പറഞ്ഞു. വിധിയില്‍ പൂര്‍ണ തൃപ്തരല്ല. ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുമെന്നായിരുന്നു കരുതിയത്. അതുണ്ടായില്ല. നാല് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം മാത്രമാണ് ശിക്ഷ ലഭിച്ചത്. ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ പ്രതികള്‍ക്കും വധശിക്ഷ ലഭിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തമായതില്‍ സന്തോഷം ഉണ്ട്. മുന്‍ എംഎല്‍എ ഉള്‍പ്പടെയുള്ള നാല് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം മാത്രമാണ് ശിക്ഷ ലഭിച്ചത്. ഇവര്‍ക്ക് കൂടി ജീവപര്യന്തം ലഭിക്കണം. പാര്‍ട്ടിയുമായി ആലോചിച്ച് ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കൃപേഷിന്റെ അച്ഛന്‍ പറഞ്ഞു.

വിധിയില്‍ പൂര്‍ണ പൂര്‍ണ തൃപ്തരല്ലെന്ന് ശരത്‌ലാലിന്റെ സഹോദരി പറഞ്ഞു. പ്രതീക്ഷിച്ച പരാമവധി ശിക്ഷ ലഭിച്ചില്ല. ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുമെന്നായിരുന്നു കരുതിയത്. ശിക്ഷ കുറഞ്ഞുപോയി. അവര്‍ തിരിച്ച് നാട്ടിലെത്തിയാല്‍ ഇത് ആവര്‍ത്തിക്കും. ഇനി ആര്‍ക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകരുതെന്നും അമൃത പറഞ്ഞു.

പെരിയ ഇരട്ടക്കൊല കേസില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്നു മുതല്‍ എട്ട് പ്രതികള്‍ക്ക് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. ഗൂഢാലോചനയില്‍ പങ്കെടുത്ത 10, 15 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. ഇവര്‍ക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം നാലു പ്രതികള്‍ക്ക് അഞ്ചു വര്‍ഷം തടവും വിധിച്ചു. ജസ്റ്റിസ് എന്‍ ശേഷാദ്രിനാഥന്‍ ആണ് വിധി പ്രസ്താവിച്ചത്.

ഒന്നു മുതല്‍ എട്ടുവരെ പ്രതികളായ എ പീതാംബരന്‍, സജി സി ജോര്‍ജ്, കെ എം സുരേഷ്, കെ അനില്‍കുമാര്‍ (അബു), ഗിജിന്‍, ആര്‍ ശ്രീരാഗ് (കുട്ടു), എ അശ്വിന്‍ (അപ്പു), സുബീഷ് (മണി), പത്താം പ്രതി ടി രഞ്ജിത്ത്(അപ്പു), 15ാം പ്രതി എ സുരേന്ദ്രന്‍ (വിഷ്ണു സുര) എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചത്.

തെളിവ് നശിപ്പിക്കുകയും പ്രതികളെ സഹായിക്കുകയും ചെയ്തതിന്, 14ാം പ്രതി സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ മണികണ്ഠന്‍, 20ാം പ്രതി മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, 21ാം പ്രതി, സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രാഘവന്‍ വെളുത്തോളി (രാഘവന്‍നായര്‍), 22ാം പ്രതി, മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം കെ വി ഭാസ്‌കരന്‍ എന്നിവര്‍ക്കാണ് അഞ്ചു വര്‍ഷം തടവുശിക്ഷ ലഭിച്ചത്.കേസില്‍ സിപിഎം നേതാക്കള്‍ അടക്കം 14 പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയിരുന്നു. പത്ത് പ്രതികള്‍ക്കെതിരെ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.