by Midhun HP News | Jan 3, 2025 | Latest News, കേരളം
കൊച്ചി: കാസര്‍കോട് പെരിയ ഇരട്ടക്കൊല കേസില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്നു മുതല്‍ എട്ട് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. ഗൂഢാലോചനയില്‍ പങ്കെടുത്ത 10, 15 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. ഇവർക്ക് രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം നാലു പ്രതികള്‍ക്ക് അഞ്ചു വര്‍ഷം തടവും വിധിച്ചു. ഇവർക്ക് പതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി എന്‍ ശേഷാദ്രിനാഥന്‍ ആണ് വിധി പ്രസ്താവിച്ചത്. ഒന്നു മുതൽ എട്ടുവരെ പ്രതികളായ എ പീതാംബരൻ, സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ (അബു), ഗിജിൻ, ആർ ശ്രീരാഗ് (കുട്ടു), എ അശ്വിൻ (അപ്പു), സുബീഷ് (മണി), പത്താം പ്രതി ടി രഞ്ജിത്ത്(അപ്പു), 15–ാം പ്രതി എ സുരേന്ദ്രൻ (വിഷ്ണു സുര) എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചത്.
തെളിവ് നശിപ്പിക്കുകയും പ്രതികളെ സഹായിക്കുകയും ചെയ്തതിന്, 14–ാം പ്രതി സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ മണികണ്ഠൻ, 20–ാം പ്രതി മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, 21–ാം പ്രതി, സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി രാഘവൻ വെളുത്തോളി (രാഘവൻനായർ), 22–ാം പ്രതി, മുൻ ലോക്കൽ കമ്മിറ്റി അംഗം കെ വി ഭാസ്കരൻ എന്നിവർക്കാണ് അഞ്ചു വർഷം തടവുശിക്ഷ ലഭിച്ചത്.
പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയിട്ടുണ്ട്. കേസില്‍ സിപിഎം നേതാക്കള്‍ അടക്കം 14 പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയിരുന്നു. പത്ത് പ്രതികള്‍ക്കെതിരെ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.
രാവിലെ 11 ന് കോടതി ശിക്ഷയില്‍ വാദം കേട്ടിരുന്നു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് സിബിഐ ആവശ്യപ്പെട്ടു. സ്ഥിരം കുറ്റവാളികള്‍ അല്ലെന്നും, അതിനാല്‍ വധശിക്ഷ പോലെ പരമാവധി ശിക്ഷ നല്‍കരുതെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. കുറ്റകൃത്യം അപൂര്‍വങ്ങളില്‍ അപൂര്‍വമല്ല. പ്രതികള്‍ക്ക് മാനസാന്തരത്തിന് സാധ്യതയുണ്ട്. അതിനാല്‍ ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.
സിപിഎം നേതാവും ഉദുമ മുന്‍ എംഎല്‍എയുമായ കെ വി കുഞ്ഞിരാമന്‍, ഉദുമ സി പി എം മുന്‍ ഏരിയ സെക്രട്ടറി കെ മണികണ്ഠന്‍ ഉള്‍പ്പെടെ 14 പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ആറു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനും, 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ഒടുവിലാണ് കോടതിയുടെ വിധി പ്രസ്താവം.
by Midhun HP News | Jan 3, 2025 | Latest News, കേരളം
കോട്ടയം: കാർട്ടൂണിസ്റ്റ് ജോർജ് കുമ്പനാട് (എ വി ജോർജ്) അന്തരിച്ചു. 94 വയസ്സായിരുന്നു. രാവിലെ 9.30നായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവല്ല കുമ്പനാട് മാര്‍ത്തോമ ഫെല്ലോഷിപ്പ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ഉപ്പായി മാപ്ല എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തെ സ്യഷ്ടിച്ചത് ജോർജ് കുമ്പനാടാണ്. കേരള ധ്വനിയിൽ ജോർജ് വരച്ച ഈ കാർട്ടൂൺ കാരക്ടറിനെ പിന്നീട് ടോംസ്, മന്ത്രി , കെ എസ് രാജൻ തുടങ്ങിയ കാർട്ടൂണിസ്റ്റുകൾ തങ്ങളുടെ, ബോബനും മോളിയും, പാച്ചുവും കോവാലനും, ലാലു ലീല തുടങ്ങിയ കാർട്ടൂൺ പംക്തികളിൽ ഉപയോഗിച്ചിരുന്നു.
by Midhun HP News | Jan 3, 2025 | Latest News, കേരളം
തൃശൂർ പുല്ലഴിയിൽ ഫ്ലാറ്റിലേക്ക് പടക്കമേറ്. ഫ്ലാറ്റിന്റെ ഡോറുകൾക്ക് ഉൾപ്പെടെ കേടുപാട് സംഭവിച്ചു. പ്രായപൂർത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെയാണ് സംഭവം. ആക്രമണത്തിൽ രണ്ടുപേർ കസ്റ്റഡിയിലായി. കേരള ഹൗസിങ് ബോർഡിന് കീഴിൽ വരുന്ന ഫ്‌ളാറ്റിലേക്കാണ് പടക്കമെറിഞ്ഞത്. വീര്യം കൂടിയ പടക്കമാണ് വലിച്ചെറിഞ്ഞത്.
മൂന്നംഗ സംഘമാണ് പടക്കമെറിഞ്ഞതിന് പിന്നിൽ. എന്നാൽ ഫ്‌ളാറ്റ് മാറി പടക്കം എറിഞ്ഞതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. മറ്റൊരു ഫ്ലാറ്റിൽ തമാസിക്കുന്ന കുട്ടികളുമായി പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ഫ്ലാറ്റിലേക്ക് പടക്കം വലിച്ചെറിഞ്ഞത്. വലിയ ശബ്ദത്തോടുകൂടിയാണ് പൊട്ടിത്തെറിയുണ്ടായത്. രണ്ട് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ട്.
by Midhun HP News | Jan 3, 2025 | Latest News, കേരളം
ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ മേൽവസ്ത്രം പാടില്ലെന്ന ആചാരം മാറ്റണമെന്ന ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെയും പിന്തുണച്ച മുഖ്യമന്ത്രിയുടെയും പ്രസ്താവനകളിൽ വിവാദം തുടരുന്നു. മുഖ്യമന്ത്രിയുടെ സനാതന ധർമ പരാമർശം ഏറ്റെടുത്ത ബിജെപി വിഷയത്തിൽ കൂടുതൽ പ്രതിഷേധം നടത്താനും ആലോചിക്കുന്നുണ്ട്.
മുഖ്യമന്ത്രിയെ പിന്തുണക്കുന്ന സിപിഐഎം ആകട്ടെ വിഷയം ബിജെപി ആയുധം ആക്കാതിരിക്കാൻ തുടർ പ്രതികരണം വേണ്ട എന്ന നിലപാടിലാണ്. അതേസമയം എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ വിമർശനത്തിൽ സിപിഐഎം നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിജെപിയെ സഹായിക്കാനാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന എന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം.
മന്നംജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനത്തിലാണ് ക്ഷേത്രത്തിലെ വസ്ത്രധാരണയെ വിവാദത്തിൽ മുഖ്യമന്ത്രിയെയും ശിവഗിരി മഠത്തെയും ജി സുകുമാരൻ നായർ കടന്നാക്രമിച്ചത്. ഓരോ ക്ഷേത്രത്തിനും ഓരോ ആചാരമാണെന്നും അത് തിരുത്താനാകില്ലെന്ന് ജി സുകുമാരൻ നായർ പറഞ്ഞു. ഇതര മതത്തിലെ ആചാരങ്ങളിൽ ഇടപെടാൻ ധൈര്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഇതോടെ വസ്ത്രധാരണ വിവാദത്തിൽ സർക്കാർ നിലപാടിൽ ഉറച്ചുനിൽക്കുമോ എന്നതാണ് നോക്കി കാണേണ്ടത്.
by Midhun HP News | Jan 3, 2025 | Latest News, കേരളം
ആലപ്പുഴ: മകന്റെ കഞ്ചാവ് കേസില്‍ യു പ്രതിഭ എംഎല്‍എയെ പിന്തുണച്ച് മന്ത്രി സജി ചെറിയാന്‍. കുട്ടികള്‍ ആകുമ്പോള്‍ കൂട്ടുകൂടും. ഈ സംഭവത്തിലെ എഫ്‌ഐആര്‍ താന്‍ വായിച്ചതാണ്. പുകവലിച്ചു എന്നാണ് അതില്‍. അത് വലിയ തെറ്റൊന്നുമല്ല. പ്രതിഭയുടെ മകന്‍ പോളിടെക്‌നിക്കില്‍ പഠിക്കുകയാണ്. ആ കുട്ടി എന്തെങ്കിലും മോശം കാര്യം ചെയ്‌തെന്നൊന്നും ഒരു കേസിലുമില്ലെന്ന് സജി ചെറിയാന്‍ പറഞ്ഞു. കായംകുളത്ത് എസ് വാസുദേവന്‍ പിള്ള രക്തസാക്ഷി ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പുകവലിക്കുന്നത് വലിയ തെറ്റൊന്നുമല്ല. താനും പുകവലിക്കാറുണ്ട്. മുന്‍പ് ജയിലില്‍ കിടന്നപ്പോള്‍ പുകവലി പഠിച്ചതാണ്. എംടി വാസുദേവന്‍ നായര്‍ ബീഡി വലിക്കുമായിരുന്നു. പുകവലിച്ചതിന് ജാമ്യമില്ലാത്ത വകുപ്പ് എന്തിനാണ് ഇടുന്നത്. കുഞ്ഞുങ്ങള്‍ വര്‍ത്തമാനം പറഞ്ഞ് അവിടെയിരുന്നു. നമ്മളെല്ലാം കുഞ്ഞുങ്ങള്‍ ആയിട്ടല്ലേ വന്നത്. നമ്മുടെ കുഞ്ഞുങ്ങളല്ലേ. അവര്‍ കമ്പനിയടിക്കാന്‍ കൂട്ടം കൂടിയിരുന്നതില്‍ തെറ്റെന്താണെന്ന് മന്ത്രി ചോദിച്ചു.
വലിച്ചത് ശരിയാണോയെന്ന് ചോദിച്ചാല്‍ അത് ചെയ്തിട്ടുണ്ടെങ്കില്‍ തെറ്റ് തന്നെയാണ്. എന്നാല്‍ അതു വലിയ അപരാധമാണ് എന്നാണ് പറയുന്നത്. പ്രതിഭയുടെ മകന്‍ തെറ്റ് ചെയ്തതിന് പ്രതിഭ എന്തു ചെയ്തു. അവര്‍ ഒരു സ്ത്രീയല്ലേ. ആ പരിഗണന കൊടുക്കണ്ടെ. അവരുടെ മകനെ കുറിച്ച് പറഞ്ഞാല്‍ അവര്‍ പ്രതികരിക്കും. അതിന് ഉടനെ വര്‍ഗീയവാദിയാക്കുന്നു. ഒരു മഹാന്‍ പിറ്റേദിവസം ക്ഷണിക്കുകയാണ്. ഇങ്ങ് പോരു ചേട്ടത്തി. എംഎല്‍എ ആയതിനുശേഷം ഒറ്റ ദിവസം പോലും കിടത്തി ഉറക്കിയിട്ടില്ല ഈ ക്ഷണിച്ചയാള്‍ എന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
by Midhun HP News | Jan 3, 2025 | Latest News, കേരളം
കോഴിക്കോട് വടകരയിൽ കാരവനിൽ വിഷവാതകം ശ്വസിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ വാഹനത്തിൽ വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും. കാരവാനിൻ്റെ ഉള്ളിൽ എങ്ങനെ കാർബൺ മോണോക്സൈഡ് എത്തി എന്നത് പരിശോധിക്കാനാണിത്. എൻ ഐ ടി, പൊലിസ്, ഫോറൻസിക്, സയൻറിഫിക്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരാണ് ഈ സംഘത്തിലുള്ളത്. കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് യുവാക്കൾ മരിച്ചതെന്നായിരുന്നു പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്.
മലപ്പുരം സ്വദേശി മനോജ് കുമാറും കാസർകോട് സ്വദേശി ജോയലുമാണ് മരിച്ചത്. കഴിഞ്ഞ മാസം 23 നായിരുന്നു അപകടം.കുന്നംകുളത്ത് നിന്ന് വിവാഹ സംഘത്തെ കണ്ണൂരിലെത്തിച്ച ശേഷം തിരിച്ചുവരികയായിരുന്ന ഇവർ കരിമ്പനപ്പാലത്ത് റോഡരികിൽ വണ്ടി നിർത്തി വിശ്രമിച്ചപ്പോഴാണ് ദുരന്തം സംഭവിച്ചത്. ജോയലിന്റെ മൃതദേഹം കിടക്കയിലും മനോജിന്റെത് വാതിലിനരികിലുമായിരുന്നു കണ്ടെത്തിയത്.
Recent Comments