സ്വര്‍ണവില വീണ്ടും 58,000ന് മുകളില്‍

സ്വര്‍ണവില വീണ്ടും 58,000ന് മുകളില്‍

കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന. പവന് ഇന്ന് ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 58,000 കടന്നു. 58,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഗ്രാമിന് 80 രൂപയാണ് വര്‍ധിച്ചത്. 7260 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കനത്ത ഇടിവിന് ശേഷം കഴിഞ്ഞദിവസമാണ് സ്വര്‍ണവില വീണ്ടും 57,000 കടന്നത്. തുടര്‍ന്ന് മൂന്ന് ദിവസത്തിനകമാണ് 58,000 കടന്നും സ്വര്‍ണത്തിന്റെ കുതിപ്പ്.

ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതും വിലയെ സ്വാധീനിക്കുന്നതായും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിന് കോഴിക്കോട് എമര്‍ജന്‍സി ലാന്‍ഡിങ്

ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിന് കോഴിക്കോട് എമര്‍ജന്‍സി ലാന്‍ഡിങ്

കോഴിക്കോട്: ദുബായില്‍ നിന്ന് കരിപ്പൂരിലേക്ക് വന്ന വിമാനം എമര്‍ജന്‍സി അലര്‍ട്ട് നല്‍കി കോഴിക്കോട് വിമാനത്താവളത്തില്‍ ഇറക്കി. വിമാനത്തിന്റെ ഹൈഡ്രോളിക് തകരാര്‍ മൂലമാണ് എമര്‍ജന്‍സി അലര്‍ട്ട് പുറപ്പെടുവിച്ചത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ പറഞ്ഞു.

ദുബായിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന ഐ എക്‌സ് 344 എയര്‍ ഇന്ത്യ വിമാനമാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. ഹൈഡ്രോളിക് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വിമാനത്തില്‍ നിന്നും എയര്‍പോര്‍ട്ടിലേക്ക് വിവരം കൈമാറി. തുടര്‍ന്ന് എമര്‍ജന്‍സി അലര്‍ട്ട് പുറപ്പെടുവിച്ചു.

ഇതിനിടെ വിമാനത്താവളത്തില്‍ എല്ലാ സജ്ജികരണങ്ങളും ഒരുക്കിയിരുന്നു. സമീപത്തെ മുഴുവന്‍ ആംബുലന്‍സുകളും ഫയര്‍ഫോഴ്‌സ് സംവിധാനങ്ങളും റണ്‍വേയിലെത്തിച്ചിരുന്നു. പിന്നാലെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയുമായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരായി പുറത്തിറങ്ങി.

കൊല്ലത്ത് കത്തിക്കരിഞ്ഞ കാറിലെ മൃതദേഹം ഐടി കമ്പനി ഉദ്യോഗസ്ഥന്റേത്

കൊല്ലത്ത് കത്തിക്കരിഞ്ഞ കാറിലെ മൃതദേഹം ഐടി കമ്പനി ഉദ്യോഗസ്ഥന്റേത്

കൊല്ലം: അഞ്ചല്‍ ഒഴുകുപാറയ്ക്കലില്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ കാറിലുണ്ടായിരുന്ന മൃതദേഹം ആയൂര്‍ ഒഴുകുപാറയ്ക്കല്‍ പടിഞ്ഞാറ്റിന്‍കര പുത്തന്‍വീട്ടില്‍ (മറ്റപ്പള്ളില്‍) റോബിന്‍ മാത്യുവിന്റെ മകന്‍ ലനേഷ് റോബിന്റേതാണെന്ന് തിരിച്ചറിഞ്ഞു. കൊച്ചിയിലെ ഐടി കമ്പനി ഉദ്യോഗസ്ഥനാണ്. അവധി കഴിഞ്ഞ് നാളെ ജോലിസ്ഥലത്തേക്ക് പോകാന്‍ ഇരിക്കുകയായിരുന്നു.

സിനിമ കാണാനെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും പോയതെന്ന് വീട്ടുകാര്‍ പറഞ്ഞു. രാത്രി 10.30 വരെ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ക്ക് മറുപടി ലഭിച്ചതായി സുഹൃത്തുക്കള്‍ അറിയിച്ചു. രാവിലെയും വീട്ടില്‍ എത്തിതിരുന്നതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അഞ്ചല്‍ പൊലീസില്‍ പരാതി നല്‍കി. ഇതിനു ശേഷമാണ് ബന്ധുക്കള്‍ അപകട വിവരം അറിയുന്നത്.

ലനേഷ് ധരിച്ചിരുന്ന മാലയും വാഹനത്തിന്റെ പഞ്ചിങ് നമ്പർ പ്ലേറ്റുമാണ് ആളെ തിരിച്ചറിയാൻ സഹായിച്ചത്. പൂർണമായും കത്തിയ കാറിൽ പിൻവശത്തെ ചില്ലു തകർത്ത് പകുതി പുറത്തു വന്ന നിലയിലായിരുന്നു മൃതദേഹം. വയയ്ക്കലിൽ റോഡിന്റെ വശത്ത് 50 അടിയോളം താഴ്ചയിൽ ചെങ്കുത്തായ ഭാഗത്തെ റബർ തോട്ടത്തിലേക്കാണ് കാർ മറിഞ്ഞത്. അപകടം നടന്ന ഭാഗം വിജനമാണ്. രാവിലെ സമീപത്തെ റബർ തോട്ടത്തിൽ ടാപ്പിങ് നടത്താൻ എത്തിയ തൊഴിലാളിയാണ് അപകട വിവരം മറ്റുള്ളവരെയും പൊലീസിനെയും അറിയിച്ചത്.

കൊച്ചിയിലെ ഐടി കമ്പനിയിൽ എച്ച്ആർ മാനേജരായി ജോലി ചെയ്യുന്ന ലനേഷ് ക്രിസ്മസ് ആഘോഷിക്കാൻ ഡിസംബർ രണ്ടിനാണ് കുടുംബത്തോടൊപ്പം നാട്ടിലെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർ‌ട്ടിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്കു ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കി.

ഭാര്യയെ വെട്ടിക്കൊന്ന് സ്വർണവുമായി കടന്നു; 14 വർഷത്തിനു ശേഷം പ്രതി പിടിയിൽ

ഭാര്യയെ വെട്ടിക്കൊന്ന് സ്വർണവുമായി കടന്നു; 14 വർഷത്തിനു ശേഷം പ്രതി പിടിയിൽ

തൃശൂര്‍: ഭാര്യയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയശേഷം ഒളിവിൽ പോയ ഭര്‍ത്താവിനെ 14 വര്‍ഷത്തിനുശേഷം പൊലീസ് പിടികൂടി. ആലപ്പുഴ സ്വദേശി ബാബു (74) ആണ് അറസ്റ്റിലായത്. പല സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതി തന്‍റെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക കൈപ്പറ്റുന്നതായി രഹസ്യ അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് പിടിയിലായത്.

2001ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. തിരുമുടിക്കുന്ന് പനങ്ങാട്ടു പറമ്പില്‍ ദേവകിയെ (35) യാണ് ബാബു വെട്ടി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ദേവകിയുടെ ദേഹത്ത് ഉണ്ടായിരുന്ന ആറ് പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും എടുത്ത ശേഷം ഒളിവില്‍ പോവുകയായിരുന്നു. എട്ടു വർഷം ഒളിവിൽ ആയിരുന്ന പ്രതിയെ മാരാരിക്കുളം പൊലീസ് 2008 ൽ പിടികൂടി. എന്നാൽ രണ്ട് വർഷം ജയിലിൽ കിടന്ന ശേഷം പുറത്തിറങ്ങിയ പ്രതി വീണ്ടും ഒളിവിൽ പോയി.

അപകടത്തിൽ കൈ വിരൽ മുറിഞ്ഞതിന് കേന്ദ്രസര്‍ക്കാരിന്‍റെ ഇന്‍ഷുറന്‍സ് തുക ഇയാള്‍ക്ക് സ്ഥിരമായി ലഭിച്ചിരുന്നു. മധുര, കോട്ടയം എന്നിവിടങ്ങളിൽ പല പേരുകളിൽ കഴിഞ്ഞ പ്രതി തന്‍റെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക കൃത്യമായി കൈപ്പറ്റി വരുന്നതായി പൊലിസീന് ലഭിച്ച രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടർന്നാണ് കൊരട്ടി എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.

മുൻ ​ഗവർണറുടെ വിശ്വസ്തരെ നീക്കിയതിൽ സംശയം; ആദ്യ ദിവസം തന്നെ സർക്കാർ തീരുമാനം തിരുത്തിച്ച് ആർലേക്കർ

മുൻ ​ഗവർണറുടെ വിശ്വസ്തരെ നീക്കിയതിൽ സംശയം; ആദ്യ ദിവസം തന്നെ സർക്കാർ തീരുമാനം തിരുത്തിച്ച് ആർലേക്കർ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ​ഗവർണറായി ചുമതലയേറ്റതിനു ദിവസം തന്നെ സർക്കാരിന്റെ നടപടിയ്ക്ക് തടയിട്ട് ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഗവർണറുടെ സുരക്ഷാസേനയിലുള്ള പൊലീസ് ഉദ്യോ​ഗസ്ഥരെ മാറ്റിയ നടപടിയാണ് ​ആർലേക്കർ തടഞ്ഞത്.

മുൻ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിശ്വസ്തരായിരുന്ന ഉദ്യോ​ഗസ്ഥരെയാണ് സർക്കാർ നീക്കിയത്. പകരം സർക്കാരിനും ആഭ്യന്തരവകുപ്പിനും വേണ്ടപ്പെട്ടവരെ രാജ്ഭവനിലേക്ക് നിയോഗിച്ചു. ഒഴിവാക്കപ്പെട്ടവർ തന്നെയാണ് പരാതിയുമായി ഗവർണറെ സമീപിച്ചത് എന്നാണ് വിവരം.

സർക്കാർ നീക്കത്തിൽ സംശയം തോന്നിയ ​ഗവർണർ എഡിജിപി മനോജ് ഏബ്രഹാമിനെ രാജ്ഭവനിലേക്കു വിളിച്ചു വരുത്തി. തുടർന്ന് ഉദ്യോ​ഗസ്ഥരെ നീക്കിയതിനെ കുറിച്ച് ചോദിക്കുകയായിരുന്നു. ​ഗവർണർ ആവശ്യപ്പെട്ടതിനെ തുടർന്ന് ഒഴിവാക്കിയവരെ സുരക്ഷാസേനയിൽ ഉൾപ്പെടുത്തുകയായിരുന്നു.

പെരിയ ഇരട്ടക്കൊല കേസിൽ ഇന്ന് വിധി; ശിക്ഷ 14 പ്രതികൾക്ക്

പെരിയ ഇരട്ടക്കൊല കേസിൽ ഇന്ന് വിധി; ശിക്ഷ 14 പ്രതികൾക്ക്

കൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊല കേസിൽ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. കേസിൽ 14 പ്രതികൾ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. പത്ത് പ്രതികൾക്കെതിരെ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമൻ, ഉദുമ സി പി എം മുൻ ഏരിയ സെക്രട്ടറി കെ മണികണ്‌ഠൻ ഉൾപ്പെടെ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ആറു വർഷം നീണ്ട നിയമപോരാട്ടത്തിനും, 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ഒടുവിലാണ് കോടതിയുടെ വിധി പ്രസ്താവം വരുന്നത്.

ഒന്നാം പ്രതി എ പീതാംബരൻ ഉൾപ്പെടെ 10 പ്രതികൾക്കെതിരെയാണ് കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങൾ കണ്ടെത്തിയത്. ജീവപര്യന്തം മുതൽ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. പത്താം പ്രതി ടി രഞ്ജിത്ത് പതിനഞ്ചാം പ്രതി എ സുരേന്ദ്രൻ എന്നിവർ ഈ കുറ്റങ്ങൾക്കു പുറമെ തെളിവു നശിപ്പിച്ചതായും കോടതി കണ്ടെത്തി. 10 പ്രതികളെ കുറ്റവിമുക്തരാക്കി. 2019 ഫെബ്രുവരി 17 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും രാഷ്ട്രീയ വൈരാഗ്യം മൂലം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.