ബി.ജെ.പി പ്രവർത്തകൻ ആനന്ദരാജിന്റെ വീടിനും കടയ്ക്കും നേരെ ആക്രമണം

ബി.ജെ.പി പ്രവർത്തകൻ ആനന്ദരാജിന്റെ വീടിനും കടയ്ക്കും നേരെ ആക്രമണം

ആറ്റിങ്ങലിൽ ബി.ജെ. പി – ഡി . വൈ. എഫ് .ഐ സംഘർഷം. ബി.ജെ.പി പ്രവർത്തകൻ ആനന്ദരാജിൻ്റെ രാമച്ചം വിളയിലെ വീടിനും കടയ്ക്കും നേരെയാണ്‌ ആക്രമണം നടന്നത്. 31 ന് പുലർച്ച രണ്ടരയോടെ ആർ.എസ്.എസ് താലൂക്ക് കാര്യവാഹും,
ബി.ജെ.പി നേതാവുമായ രാമച്ചംവിള കാട്ടിൻപുറത്ത് എസ് പി ഭവനിൽ ആനന്ദ് രാജി (42) ൻ്റെ വീടിന് നേരെ അക്രമികൾ കല്ലെറിയുകയായിരുന്നു.

ഈ സമയം വീടിൻ്റെ മുൻവശത്തെ കതക് തുറന്ന് പുറത്ത് വന്ന അനന്ദരാജിനെ ആറോളം പേർ വരുന്ന അക്രമി സംഘം ആക്രമിക്കുകയായിരുന്നു. വീട്ടിനുള്ളിൽ കയറിയപ്പോൾ അക്രമി സംഘവും പിന്നാലെ കയറി ചുടുകട്ട കൊണ്ട് മുഖത്തും തലയ്ക്കും ഇടിച്ചു. ഈ സമയം വീടിന് പുറത്തും സംഘത്തിൽപെട്ടവർ ഉണ്ടായിരുന്നു. വീടാക്രമിച്ച ശേഷം രാമച്ചം വിളയിലെ ആനന്ദരാജിൻ്റെ കടയും അടിച്ച് തകർത്തു.

തലയ്ക്ക് ഗുരുതരമായി പരിക്കറ്റ ആനന്ദരാജിനെ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നഗരസഭയിലെ സി.പി.എം കൗൺസിലർ സുഖിൽ, ഡി.വൈ.എഫ്.ഐ വെസ്റ്റ് മണ്ഡലം സെക്രട്ടറി അജീഷ് അടക്കം രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇതിനെ തുടർന്നായിരുന്നു മേലാറ്റിങ്ങൽ ശിവ ക്ഷേത്രത്തിന് സമീപം ആറ്റിങ്ങൽ ഡി.വൈ.എഫ്.ഐ മുൻ മേഖല പ്രസിഡന്റ് ശ്രീജിത്തിന്റെ വീടിനു മുന്നിൽ പാർക്ക്‌ ചെയ്തിരുന്ന ടൂറിസ്റ്റ് ബസ് കഴിഞ്ഞ ദിവസം രാത്രി ഒരു സംഘം ആക്രമികൾ അടിച്ചു തകർത്തത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് ആറ്റിങ്ങൽ ഐ.ടി.ഐയിൽ നടന്ന സംഘർഷവുമായി ബന്ധപെട്ടു ഇരു പാർട്ടികളും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കേ ആയിരുന്നു ഇന്നലെ ആക്രമണം നടന്നത്. സംഘർഷം നില നിൽക്കുന്ന ഈ മേഖലയിൽ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തിട്ടുണ്ട്.

സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ പ്രതിഷേധം; രണ്ട് സ്‌കൂളുകള്‍ക്ക് വിലക്കുമായി സര്‍ക്കാര്‍

സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ പ്രതിഷേധം; രണ്ട് സ്‌കൂളുകള്‍ക്ക് വിലക്കുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന വേദിയില്‍ പ്രതിഷേധിച്ച രണ്ടു സ്‌കൂളുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. തിരുന്നാവായ നാവ മുകുന്ദ സ്‌കൂളിനും കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിനുമാണ് അടുത്ത വര്‍ഷത്തെ കായികമേളയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. എറണാകുളത്തു നടന്ന കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ തിരുവനന്തപുരം ജിവിരാജ സ്‌പോര്‍ട്‌സ് സ്‌കൂളിനു രണ്ടാം സ്ഥാനം നല്‍കിയതിനെതിരെ രണ്ട് സ്‌കൂളുകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

കായികമേളയില്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ എന്നും ജനറല്‍ സ്‌കൂള്‍ എന്നും വേര്‍തിരിവില്ലെന്ന ഔദ്യോഗിക വിശദീകരണം അംഗീകരിക്കാനാകില്ലെന്നായിരുന്നു രണ്ട് സ്‌കുളുകളുടെയും നിലപാട്. രണ്ട് സ്‌കൂളുകളും ചേര്‍ന്നു സര്‍ക്കാരിനു നല്‍കിയ പരാതിയില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അടുത്ത വര്‍ഷത്തെ കായികമേളയില്‍നിന്ന് വിലക്കിയ സര്‍ക്കാരിന്റെ നടപടി.

യുവാവ് പഞ്ചായത്ത് കുളത്തിൽ മുങ്ങി മരിച്ചു

യുവാവ് പഞ്ചായത്ത് കുളത്തിൽ മുങ്ങി മരിച്ചു

തൃശൂർ‌: അന്തിക്കാട് പഞ്ചായത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കർണാടക സ്വദേശിയായ ആ​ദർശ് (27) ആണ് മരിച്ചത്. സുഹൃത്തിന്റെ വീട്ടിൽ പള്ളി തിരുനാൾ ആഘോഷത്തിനു എത്തിയതായിരുന്നു.

അ​ഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം കണ്ടെടുത്തത്. ഇന്ന് വൈകീട്ടോടെയാണ് അപകടം. സുഹൃത്തിന്റെ വീടിനു സമീപമാണ് പഞ്ചായത്ത് കുളം. മറ്റുള്ളവർക്കൊപ്പമാണ് യുവാവും കുളിക്കാനിറങ്ങിയത്. അതിനിടെ വെള്ളത്തിൽ മുങ്ങി പോകുകയായിരുന്നു.

ഒപ്പമുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നാലെ അ​ഗ്നിശമന സേന എത്തിയാണ് മൃതദേഹം കണ്ടെത്തിയത്.

പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകട കേസ് ഫെബ്രുവരി 17-ലേക്ക് മാറ്റി

പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകട കേസ് ഫെബ്രുവരി 17-ലേക്ക് മാറ്റി

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകട കേസ് ഫെബ്രുവരി 17-ലേക്ക് മാറ്റി. ഇന്നലെ പ്രത്യേക കോടതി ജഡ്ജിയുടെ ചുമതലയുള്ള നാലാം അഡീഷണല്‍ സെഷന്‍സ് ആന്‍ഡ് ഡിസ്ട്രിക് കേടതി ജഡ്ജി എസ്. സുഭാഷ് മുന്‍പാകെയാണ് കേസ് പരിഗണിച്ചത്.
കേസില്‍ 50 പ്രതികളാണ് ഉണ്ടായിരുന്നത്. അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്ന മുപ്പതാം പ്രതി അനുരാജിനെ കോടതിയില്‍ ഹാജരാക്കുന്നതിന് പ്രതിഭാഗം കോടതിയോട് സാവകാശം ആവശ്യപ്പെട്ടു. കൂടാതെ 13 പ്രതികള്‍ അവധി അപേക്ഷ നല്‍കി. ഒരു പ്രതി കൂടി മരിച്ചതായി ബന്ധപ്പെട്ട അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 43-ാമത്തെ പ്രതി വര്‍ക്കല മുട്ടത്തലം ചരുവിള വീട്ടില്‍ വിനോദ് ആണ് മരിച്ചത്. മരണ സര്‍ട്ടിഫിക്കറ്റ് അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു.

ഇതോടെ മരിച്ച പ്രതികളുടെ സംഖ്യ എട്ടായി. കേസ് വീണ്ടും ഫെബ്രുവരി 17ന് പരിഗണിക്കും. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ.പി. ജബ്ബാര്‍, അമ്പിളി ജബ്ബാര്‍ എന്നിവര്‍ ഹാജരായി.

ചെന്നിത്തല എന്‍എസ്എസിന്റെ സന്തതിയെന്ന് സുകുമാരന്‍ നായര്‍

ചെന്നിത്തല എന്‍എസ്എസിന്റെ സന്തതിയെന്ന് സുകുമാരന്‍ നായര്‍

കോട്ടയം: മന്നം ജയന്തി ഉദ്ഘാടന വേദിയില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പുകഴ്ത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മന്നം ജയന്തി ആഘോഷം ഉദ്ഘാടകനായി നേരത്തെ തീരുമാനിച്ചത് അറ്റോര്‍ണി ജനറലിനെയാണ്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അദ്ദേഹത്തിനു വരാന്‍ കഴിഞ്ഞില്ല. എന്നാല്‍ അതിലും അര്‍ഹനായ ആളെയാണ് ഉദ്ഘാടനത്തിനായി കിട്ടിയതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.

പരിപാടിക്കായി രമേശിനെ വിളിച്ചപ്പോള്‍ കൃതജ്ഞത പറയാനായാലും താന്‍ എത്തുമെന്നാണ് രമേശ് പറഞ്ഞതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. രമേശിന്റെ വരവിനെ വിവാദമാക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചു. നായര്‍ സര്‍വീസ് സൊസൈറ്റിയില്‍ ഒരുനായര്‍ വന്നാലേ അവര്‍ക്ക് കുഴപ്പമുള്ളു. മറ്റ് ആരു വന്നാലും മാധ്യമങ്ങള്‍ തിരിഞ്ഞുനോക്കാറില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

കോണ്‍ഗ്രസ് എന്ന മുദ്രയില്‍ അല്ല രമേശ് ചെന്നിത്തലയെ ഉദ്ഘാടകനായി ക്ഷണിച്ചത്. അദ്ദേഹത്തിന്റെ രാഷ്ട്രീയം ഉപയോഗിച്ച് നായന്‍മാര്‍ക്ക് നേട്ടം ഉണ്ടാക്കാനല്ല. കളിച്ചുനടന്ന കാലം മുതല്‍ ഈ മണ്ണിന്റെ സന്തതിയാണ് രമേശ് ചെന്നിത്തല. എന്‍എസ്എസിന്റെ സന്തതിയാണ് രമേശ് എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

എന്‍എസ്എസില്‍ വിവിധ രാഷ്ട്രീയക്കാരുണ്ട്. ഇടതുപക്ഷത്ത് നില്‍ക്കുന്നവനാണ് ഗണേഷ് കുമാര്‍. ഗണേഷിന്റെ രാഷ്ട്രീയത്തില്‍ ജാതിയുടെ പേര് പറഞ്ഞ് എന്‍എസ്എസ് ഇടപെടുന്നില്ല. അവര്‍ക്ക് അവരവരുടെ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദം കൊടുത്തിട്ടുണ്ട്. അവര്‍ക്ക് അത് ഉപയോഗിക്കാം. അവരുടെ കുടുംബം മറക്കരുത് എന്നുമാത്രമാണ് പറയാനുള്ളത്. അവര്‍ കുടുംബം മറക്കാത്തതുകൊണ്ടാണ് അവരെ ഉള്‍ക്കൊള്ളുന്നതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.

വളക്കൈ സ്‌കൂള്‍ ബസ് അപകടം: ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്

വളക്കൈ സ്‌കൂള്‍ ബസ് അപകടം: ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്

കണ്ണൂര്‍ വളക്കൈയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധമായി മനുഷ്യജീവന് അപകടം വരത്തക്ക രീതിയില്‍ വാഹനമോടിച്ചുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്.

അതേസമയം, ബസിന് തകരാറുണ്ടായിരുന്നുവെന്ന ഡ്രൈവറുടെവാദം തള്ളി ചിന്‍മയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രംഗത്തെത്തി. സ്‌കൂള്‍ ബസിന് യാതൊരു തകരാറും ഉണ്ടായിരുന്നില്ലെന്ന് ചിന്മയ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ കെ.എന്‍ ശശി പറഞ്ഞു. ബസിന് 2027 വരെ പെര്‍മിറ്റ് ഉണ്ടെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

അതേസമയം, വാഹനത്തിന്റെ ബ്രേക്ക് പൊട്ടിയതാണെന്ന ഡ്രൈവറുടെ വാദം തള്ളി മോട്ടോര്‍ വാഹന വകുപ്പും രംഗത്തെത്തിയിട്ടുണ്ട്. അപകടത്തിന് കാരണമാകുന്ന മെക്കാനിക്കല്‍ തകരാറുകള്‍ വാഹനത്തിനില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ കണ്ടെത്തല്‍. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പ്രാഥമിക റിപ്പോര്‍ട്ട് ആര്‍ടിഒയ്ക്ക് നല്‍കി. ഡ്രൈവറുടെ മെഡിക്കല്‍ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് പൊലീസിന് കത്ത് നല്‍കി. ബസിന്റെ ബ്രേക്ക് പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായി എന്നായിരുന്നു ഡ്രൈവറുടെ മൊഴി.

മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി നേദ്യ രാജേഷിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ നടക്കും. തുടര്‍ന്ന് മൃതദേഹം കുറുമാത്തൂര്‍ ചിന്മയ വിദ്യാലയത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. വൈകിട്ടായിരിക്കും സംസ്‌കാര ചടങ്ങുകള്‍. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മറ്റൊരു കുട്ടി പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്. എന്നാല്‍ കുട്ടി അപകടനില തരണം ചെയ്തുവെന്നാണ് വിവരം. പരുക്കേറ്റ മറ്റ് വിദ്യാര്‍ത്ഥികളെല്ലാം ആശുപത്രി വിട്ടു.