കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയില്‍; വാഹനത്തിനകത്ത് കത്തിക്കരിഞ്ഞ മൃതദേഹം

കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയില്‍; വാഹനത്തിനകത്ത് കത്തിക്കരിഞ്ഞ മൃതദേഹം

കൊല്ലം: കൊല്ലം അഞ്ചല്‍ ഒഴുകുപാറയ്ക്കലില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയില്‍. കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ഒഴുകുപാറയ്ക്കൽ സ്വദേശി ലെനീഷ് റോബിൻസ് ആണ് മരിച്ചത്. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

ഇന്നലെ രാത്രിയാണ് സംഭവം. റബറുകള്‍ മുറിച്ച പറമ്പില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിക്കരിഞ്ഞ നിലയില്‍ രാവിലെയാണ് നാട്ടുകാര്‍ കണ്ടെത്തുന്നത്. അബദ്ധത്തില്‍ കാര്‍ മറിഞ്ഞ് കത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.അതേസമയം സംഭവത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവസ്ഥലത്തിന് സമീപത്ത് വീടുകളൊന്നുമില്ല. രാവിലെ, കത്തിയ കാര്‍ കണ്ട പ്രദേശവാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തൃശൂര്‍ പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി?; പശുക്കുട്ടിയെ കൊന്ന നിലയില്‍

തൃശൂര്‍ പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി?; പശുക്കുട്ടിയെ കൊന്ന നിലയില്‍

തൃശൂര്‍: തൃശൂര്‍ പാലപ്പിള്ളിയില്‍ വീണ്ടും പുലി ഇറങ്ങിയതായി സംശയം. പാലപ്പിള്ളി പിള്ളത്തോട് പാലത്തിന് സമീപം പുതുക്കാട് എസ്റ്റേറ്റില്‍ പശുക്കുട്ടിയെ പുലി കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തി.

പശുക്കുട്ടി ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പുലി ഇറങ്ങിയ വിവരം അറിഞ്ഞതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്. പാലപ്പിള്ളി തോട്ടം മേഖലയില്‍ നിരന്തരം പുലി ശല്യം ഉള്ളതിനാല്‍ പിടികൂടാന്‍ കൂട് സ്ഥാപിക്കാന്‍ അടിയന്തര നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

സ്വര്‍ണവില ഇന്നും കൂടി; 57,500ലേക്ക്

സ്വര്‍ണവില ഇന്നും കൂടി; 57,500ലേക്ക്

പുതുവര്‍ഷത്തിന്റെ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന. പവന് 240 രൂപയാണ് വര്‍ധിച്ചത്. 57,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെയാണ് സ്വര്‍ണവില വീണ്ടും 57,000 കടന്നത്.

ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 7180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.

കണ്ണൂര്‍ അപകടം: അപകടകാരണം അശാസ്ത്രീയ റോഡും ഡ്രൈവറുടെ അശ്രദ്ധയുമെന്ന് എംവിഡി റിപ്പോര്‍ട്ട്

കണ്ണൂര്‍ അപകടം: അപകടകാരണം അശാസ്ത്രീയ റോഡും ഡ്രൈവറുടെ അശ്രദ്ധയുമെന്ന് എംവിഡി റിപ്പോര്‍ട്ട്

കണ്ണൂര്‍: കണ്ണൂരില്‍ അപകടത്തില്‍പ്പെട്ട സ്‌കൂള്‍ ബസിന് യന്ത്രത്തകരാറില്ലെന്ന് എംവിഡി പ്രാഥമിക റിപ്പോര്‍ട്ട്. ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക കണ്ടെത്തല്‍. അപകടകാരണം. അശാസ്ത്രീയമായി നിര്‍മിച്ച റോഡും ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് പ്രഥമിക നിഗമനം.

ഡ്രൈവര്‍ ഫോണ്‍ ഉപയോഗിച്ചതിനാല്‍ ശ്രദ്ധ പാളിയതാകാന്‍ സാധ്യതയുടെന്നും എംവിഐ ഉദ്യോഗസ്ഥന്‍ റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. സിസിടിവിയില്‍ കാണുന്ന അപകടത്തിന്റെ ദൃശ്യത്തിലെ സമയമായ 4.03-ന് ഡ്രൈവര്‍ നിസാം വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടതായി തെളിവുകള്‍ പുറത്തുവന്നിരുന്നു. അതേസമയം, വാഹനം ഓടിക്കുന്നതിനിടെ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് സ്‌കൂള്‍ ബസ് ഡ്രൈവര്‍ നിസാമുദ്ദീന്‍ പറഞ്ഞു. വാട്സ് ആപ്പ് സ്റ്റാറ്റസ് നേരത്തെ ഇട്ടതാണ്. അപ് ലോഡാകാന്‍ സമയമെടുത്തതാകാമെന്ന് നിസാമുദ്ദീന്‍ പറഞ്ഞു.

അപകടത്തില്‍ മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി നേദ്യയുടെ സംസ്‌കാരം ഇന്ന് നടക്കും. പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നേദ്യ പഠിച്ച കുറുമാത്തൂര്‍ ചിന്മയ യുപി സ്‌കൂളില്‍ പൊതുദര്‍ശനമുണ്ടാകും. അപകടത്തില്‍ പരിക്കേറ്റ പതിനെട്ട് കുട്ടികളില്‍ ഭൂരിഭാഗം പേരും ആശുപത്രി വിട്ടു. ഡ്രൈവര്‍ നിസാമും ആയ സുലോചനയും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇറക്കത്തില്‍ ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് മറിയാന്‍ കാരണമെന്നാണ് ഡ്രൈവറുടെ മൊഴി.

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം മുൻ തന്ത്രി മഞ്ജുനാഥ അഡിഗ അന്തരിച്ചു

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം മുൻ തന്ത്രി മഞ്ജുനാഥ അഡിഗ അന്തരിച്ചു

മം​ഗലൂരു: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം മുൻ തന്ത്രി മഞ്ജുനാഥ അഡിഗ അന്തരിച്ചു. 64 വയസ്സായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് കുളിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

കൊല്ലൂർ ക്ഷേത്രത്തിൽ 20 വര്‍ഷം തന്ത്രിയും മുഖ്യ അര്‍ച്ചകനുമായിരുന്നു. സംസ്‌കാരം ഇന്നലെ രാത്രിയോടെ സൗപര്‍ണിക നദീതീരത്തെ ശ്മശാനത്തില്‍ നടന്നു. ഇപ്പോഴത്തെ തന്ത്രിയും മുഖ്യ അര്‍ച്ചകനുമായ നിത്യാനന്ദ അഡിഗ മകനാണ്.

പുതുവര്‍ഷ ആശംസ നേര്‍ന്നില്ല; യുവാവിന്റെ ദേഹം മുഴുവന്‍ ബ്ലേഡ് കൊണ്ട് വരഞ്ഞു

പുതുവര്‍ഷ ആശംസ നേര്‍ന്നില്ല; യുവാവിന്റെ ദേഹം മുഴുവന്‍ ബ്ലേഡ് കൊണ്ട് വരഞ്ഞു

തൃശൂര്‍: പുതുവര്‍ഷാശംസ നേരാതിരുന്നതിന് യുവാവിനെ ബ്ലേഡ് കൊണ്ട് മേലാസകലം കോറിപ്പരിക്കേല്‍പ്പിച്ചു. മുള്ളൂര്‍ക്കരയിലാണ് സംഭവം. ആറ്റൂര്‍ സ്വദേശി സുഹൈബിനാണ് പരിക്കേറ്റത്. കാപ്പ കേസ് പ്രതിയായ ഷാഫിയാണ് 22കാരനായ സുഹൈബിനെ ആക്രമിച്ചത്. സുഹൈബ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. ഷാഫി സഹൃത്തുക്കള്‍ക്കൊപ്പം ബസ് വെയ്റ്റിങ് ഷെഡില്‍ ഇരിക്കുകയായിരുന്നു. ആ സമയത്ത് അതുവഴി വന്ന സുഹൈബ് അവിടെയുള്ള സുഹൃത്തുക്കളോടെല്ലാം പുതുവര്‍ഷാശംസകള്‍ പറഞ്ഞു. എന്നാല്‍ ഷാഫിയോട് മാത്രം ആശംസ പറഞ്ഞിരുന്നില്ല. തന്നോട് മാത്രം ആശംസ പറഞ്ഞില്ലെന്ന കാരണത്താല്‍ ഷാഫി സുഹൈബിനെ ആക്രമിക്കുകയായിരുന്നു.

അക്രമത്തിന് പിന്നാലെ പ്രതി ഒളിവില്‍ പോയി. നിരവധി തവണ കുത്തേറ്റ സുഹൈബിനെ അവിടെയുള്ളവര്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.