by Midhun HP News | Jan 1, 2025 | Latest News, കേരളം
കണ്ണൂര്‍: കണ്ണൂര്‍ വളക്കൈയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു കുട്ടി മരിച്ചു. നേദ്യ എസ് രാജു(11) ആണ് മരിച്ചത്. അപകടത്തില്‍ 14 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെയെല്ലാം സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുറുമാത്തൂര്‍ ചിന്മയ വിദ്യാലയത്തിലെ സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂള്‍ വിട്ടശേഷം കുട്ടികളുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
by Midhun HP News | Jan 1, 2025 | Latest News, കേരളം
ശബരിമല: അയ്യപ്പ സന്നിധിയില്‍ നാദ വിസ്മയം തീര്‍ത്ത് പ്രമുഖ ചെണ്ട കലാകാരനും സംഗീത നാടക അക്കാദമി ചെയര്‍മാനുമായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും സംഘവും. നാദോപാസന അര്‍പ്പിക്കാന്‍ ചൊവ്വാഴ്ച രാത്രി മല കയറിയെത്തിയ സംഘം ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് അയ്യപ്പ സന്നിധിയില്‍ കൊട്ടിക്കയറിയത്.
മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും മക്കളായ ശ്രീകാന്ത്, ശ്രീരാജ് എന്നിവരുമാണ് തായമ്പക നയിച്ചത്. കലാമണ്ഡലം ഉണ്ണികൃഷ്ണനും വെള്ളിനേഴി ആനന്ദും ഇടം തലയിലും വെള്ളിനേഴി രാംകുമാര്‍, കീനൂര്‍ സുബീഷ്, തൃശൂര്‍ ശബരി, ഇരിങ്ങാലക്കുട ഹരി എന്നിവര്‍ വലം തലയിലും മട്ടന്നൂരിനെ അനുഗമിച്ചു.
മട്ടന്നൂര്‍ അജിത്ത് മാരാര്‍, വെള്ളിനേഴി വിജയന്‍, കല്ലുവഴി ശ്രീജിത്, പുറ്റേക്കാട് മേഘനാദന്‍, തൃക്കടീരി ശങ്കരന്‍കുട്ടി, മട്ടന്നൂര്‍ ശ്രീശങ്കര്‍ മാരാര്‍ എന്നിവര്‍ ചേര്‍ന്ന് താളമൊരുക്കി. എഡിജിപി എസ് ശ്രീജിത്ത്, ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. എ അജികുമാര്‍ എന്നിവര്‍ ചേര്‍ന്ന് മട്ടന്നൂരിനെ സ്വീകരിച്ചു. തായമ്പകയ്ക്കുശേഷം അയ്യപ്പനെ ദര്‍ശിച്ചാണ് സംഘം മടങ്ങിയത്.
by Midhun HP News | Jan 1, 2025 | Latest News, കേരളം
കോഴിക്കോട്: പുതുവര്‍ഷത്തില്‍ ഫുള്‍ ബുക്കിങ്ങുമായി നവകേരള ബസിന്റെ സര്‍വീസ്. കോഴിക്കോടുനിന്നും ബംഗളൂരുവിലേക്കാണ് ഗരുഡ പ്രീമിയം സര്‍വീസ് ഇന്നുരാവിലെ നിറയെ ആളുകളുമായാണ് സര്‍വീസ് ആരംഭിച്ചത്. യാത്രക്കാര്‍ കുറഞ്ഞതോടെ വിണ്ടും പുതുക്കി പണിതശേഷം നടത്തിയ സര്‍വീസിലാണ് ബുക്കിങ് നിറഞ്ഞത്.
പുതിയ സമയക്രമ പ്രകാരം നവകേരള ബസ് രാവിലെ 8.25നാണ് കോഴിക്കോടുനിന്നു സര്‍വീസ് ആരംഭിക്കുന്നത്. രാത്രി 10.25ന് ബെംഗളൂരുവില്‍നിന്നു കോഴിക്കോട്ടേക്കു തിരിക്കും. ബത്തേരി, മൈസൂരു വഴിയാണ് യാത്ര. ബെംഗളൂരുവില്‍നിന്ന് കോഴിക്കോട് വരെ 900 രൂപയാണ് അടിസ്ഥാന ടിക്കറ്റ് നിരക്ക്. ജിഎസ്ടിയും റിസര്‍വേഷനും ഉള്‍പ്പെടെ 968 രൂപ നല്‍കണം.
മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് ഏറെക്കാലം വെറുതെ ഇട്ടശേഷം മേയ് അഞ്ചിന് സര്‍വീസ് ആരംഭിച്ചിരുന്നു. എന്നാല്‍ യാത്രക്കാര്‍ ഇല്ലാതെ വന്നതോടെ സര്‍വീസ് നിര്‍ത്തി. പിന്നീട് ബസ് പുതുക്കി പണിത് സീറ്റുകള്‍ 37 ആക്കി. ശുചിമുറി നിലനിര്‍ത്തി. ഹൈഡ്രോളിക് ലിഫ്റ്റ് അടങ്ങുന്ന മുന്‍ഭാഗത്തുള്ള വാതില്‍ ഒഴിവാക്കി സാധാരണ വാതിലാക്കി. പിന്‍വാതിലും ഒഴിവാക്കി. സര്‍വീസ് തുടങ്ങിയ ആദ്യ ദിവസങ്ങളില്‍ നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് യാത്രക്കാര്‍ കുറഞ്ഞു. സൗകര്യപ്രദമല്ലാത്ത സമയക്രമവും ഉയര്‍ന്ന ടിക്കറ്റ് നിരക്കുമാണു യാത്രക്കാരെ പിന്നോട്ടടിച്ചത്. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചാണു വീണ്ടും ബസ് യാത്ര തുടങ്ങിയത്.
by Midhun HP News | Jan 1, 2025 | Latest News, കേരളം
കൊല്ലം: കൊല്ലം ശ്രീ നാരായണ കോളജിലെ ഗണിത ശാസ്ത്ര ബിരുദ വിഭാഗം 75ന്റെ നിറവില്‍. കഴിഞ്ഞ 75 വര്‍ഷ കാലയളവില്‍ ഗണിത ശാസ്ത്ര ബിരുദ വിഭാഗത്തില്‍ നിന്ന് പഠിച്ച് പോയ വിദ്യാര്‍ഥികളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി മഹാസംഗമം സംഘടിപ്പിച്ച് 75-ാം വാര്‍ഷികം ആഘോഷമാക്കാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ കഴിഞ്ഞ കാല ഗണിത അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പ്രതിനിധികള്‍ പങ്കെടുത്തു.
ജനുവരി 12ന് രാവിലെ പത്തുമണിക്ക് കോളജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന മഹാസംഗമത്തില്‍ ഏറ്റവും മുതിര്‍ന്ന അധ്യാപകനെ ആദരിക്കും. 75 വര്‍ഷങ്ങളിലായി ഗണിതശാസ്ത്ര ബിരുദ ബിരുദാനന്തര വിഭാഗത്തില്‍ പഠനം നടത്തിയ മുഴുവന്‍ വിദ്യാര്‍ഥികളും അധ്യാപകരും സംഗമത്തില്‍ പങ്കെടുത്ത് വന്‍ വിജയമാക്കണമെന്ന് കമ്മിറ്റി കണ്‍വീനര്‍ ബൈജു എസ് കുറുപ്പ് അറിയിച്ചു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജയദേവന്‍: 9349401606, ബൈജു എസ് കുറുപ്പ്: 9446321380, പി ആര്‍ ഹരിഹരന്‍: 9188466984 എന്നി നമ്പറുകളില്‍ ഏതെങ്കിലും ഒന്നില്‍ ബന്ധപ്പെടുക.
by Midhun HP News | Jan 1, 2025 | Latest News, കേരളം
തിരുവനന്തപുരം: കരമന കുഞ്ചാലമൂട് അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒഡിഷ സ്വദേശി സമീർ നായിക്കാണ് മരിച്ചത്. അട്ടക്കുളങ്ങര രാമചന്ദ്രനിൽ തൊഴിലാളിയാണ് സമീർ. കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെടുത്തത്. മൃതദേഹത്തിന് ചുറ്റും രക്തം തളം കെട്ടിയിട്ടുണ്ടായിരുന്നു. പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തി വരികയാണ്. ആത്മഹത്യയാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
by Midhun HP News | Jan 1, 2025 | Latest News, കേരളം
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. സമയബന്ധിതമായി പദ്ധതികൾ നടപ്പാക്കും. മുപ്പത് സുപ്രധാന തീരുമാനങ്ങൾ മന്ത്രിസഭാ യോഗം കൈക്കൊണ്ടു. മൂന്നരയ്ക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.അതേസമയം, ടൗൺഷിപ്പ് നിർമാണവുമായി ബന്ധപ്പെട്ട് എസ്റ്റേറ്റുകളിൽ സർവേ തുടങ്ങി. കൃഷി, വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധനയാണ് നടക്കുന്നത്.
അതേസമയം പുനരധിവാസത്തിന് സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച തുടങ്ങി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ടി സിദ്ദിഖ് MLA , DYFI സംസ്ഥാന പ്രസിഡന്റ് വി. വസീഫ് തുടങ്ങിയവരുമായാണ് മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച നടത്തുന്നത്. ടൗൺഷിപ്പിൻറേയും വീടുകളുടെയും പ്ലാൻ എന്നിവ യോഗത്തെ അറിയിക്കും. ഈ മാസം നാലാം തീയതിയാണ് രണ്ടാംഘട്ട കൂടിക്കാഴ്ച നടക്കുക.
അതി തീവ്ര ദുരന്തമായി അംഗീകരിച്ച സാഹചര്യത്തിൽ കൂടുതൽ സഹായം ലഭിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തും. വിവിധ കേന്ദ്ര മന്ത്രാലയങ്ങളിൽ നിന്ന് പ്രത്യേക ധനസഹായവും കേരളം ആവശ്യപ്പെടും. എം പി മാരുടെ സഹായവും തേടും. UN അടക്കമുള്ള വിദേശ സംഘടനകളിൽ നിന്ന് സഹായം ലഭിക്കാനുള്ള ശ്രമവും നടത്തും. പുനരധിവാസ പ്രവർത്തനങ്ങൾക്കായി 2219 കോടിയുടെ സഹായമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
Recent Comments